Home News Breaking News വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡിൽ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ നടത്തി

വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡിൽ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ നടത്തി

Advertisement

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡിൽ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രയൽ റൺ നടത്തി. തുറമുഖത്തുനിന്ന് 1.7 കിലോമീറ്റർ ദൂരത്തിലുള്ള റോഡിലൂടെ കണ്ടെയ്നറുമായെത്തിയ ട്രക്ക് മേൽപ്പാലങ്ങളിലൂടെ ദേശീയപാതയിലേക്ക് പ്രവേശിച്ചു. ദേശീയപാതയില്‍ ചേരുന്നിടത്ത് സര്‍വീസ് റോഡുകളോട് ചേര്‍ന്നാണ് പുതിയ പാതകള്‍ നിര്‍മിച്ചത്. അനുമതി ലഭിച്ച് ഗതാഗതം ആരംഭിച്ചാലുടൻ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

തുറമുഖത്ത് നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മിച്ച റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ‌ ട്രയല്‍ റണ്‍ നടത്തിയത്. വിഴിഞ്ഞത്ത് നിന്നും എത്തിച്ച ഒഴിഞ്ഞ കണ്ടെയ്‌നറാണ് ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഉപയോഗിച്ചത്. കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് തുറമുഖത്തു നിന്ന് സര്‍വീസ് റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് വെള്ളാര്‍ ജംഗ്ഷനിലെത്തി തിരികെ കാഞ്ഞിരംകുളം ഭാഗത്തേക്ക് പോകുകയുമായിരുന്നു. അവിടെ നിന്ന് യു ടേണ്‍ എടുത്ത് തലയ്ക്കോട് ഭാഗത്ത് എത്തി സര്‍വീസ് റോഡുവഴി തിരികെ തുറമുഖത്തേക്ക് മടങ്ങി. ഈ പാതയിലായിരിക്കും ചരക്ക് നീക്കം നടത്തുക.

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് ദേശീയ പാതയിലൂടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ട്രക്കുകളെത്തുമ്പോൾ ദേശീയപാതയിലെ ഗതാഗതത്തിലടക്കം മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കും. ട്രയല്‍ റൺ വിവരങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here