തലശേരി. വയോധികനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനു പിന്നാലെയാണ് കൊലപാതകശ്രമം നടന്നത്
ഉച്ചക്ക് 1.45, സ്ഥലം തലശേരി പുതിയ ബസ് സ്റ്റാൻഡ്. കഴുത്തിൽ ചോരയുമായി അലറി വിളിച്ച് ഒരു വയോധികന്‍ ഓടി വന്നപ്പോഴാണ് നാട്ടുകാർ മദ്യപാനത്തിൻ്റെയും വഴക്കിൻ്റെയും കൊലപാതക ശ്രമത്തിൻ്റെയുമൊക്കെ കാര്യം അറിയുന്നത്.നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹെത്ത പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണ്.സംഭവ സ്ഥലം പതിവായി സാമൂഹ്യ വിരുദ്ധരുടേയും മദ്യപാനികളുടേയും താവളമാണെന്ന് സമീപത്തെ കച്ചവടക്കാർ പരാതിപ്പെട്ടു. പട്ടാപ്പകലു പോലും ഇത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്.ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് പരിശോധന കർശനമാക്കണമെന്നും നടപടി എടുക്കണമെന്നും കച്ചവടക്കാർ ആവശ്യപെട്ടു.



































