കൊച്ചി. കെഎസ്ആർടിസി സൗജന്യ യാത്ര പശ്ചാത്തലത്തിൽ ശക്തമായ സമരത്തിന് ഒരുങ്ങി സ്വകാര്യ ബസ്സുടമകൾ. സർക്കാരിനു മുന്നിൽ മൂന്ന് ഉപാധികൾ വച്ചു. ഉപാധികൾ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ.
ഒരു കിലോമീറ്റർ ഓടാൻ സ്വകാര്യ ബസ്സുകൾക്ക് 50 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ വാദം. 55 രൂപ ബസ് ഉടമകൾക്ക് നൽകി സ്വകാര്യ ബസ് സർവീസ് ഭാഗികമായി സർക്കാർ ഏറ്റെടുക്കണമെന്നാണ് ഉപാധി. ദിവസ കലക്ഷൻ സർക്കാരിന് നൽകാം. അല്ലെങ്കിൽ കെഎസ്ആർടിസി മോഡൽ സീറോ ടിക്കറ്റ് സ്ത്രീകൾക്കുവേണ്ടി സ്വകാര്യബസ്സിലും നടപ്പാക്കണം. സ്ത്രീകൾക്ക് നൽകുന്ന സൗജന്യത്തിന് പകരം ടിക്കറ്റ് തുക സർക്കാർ തരണം. ഇത് സ്വീകാര്യമല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകാനും റോഡ് ടാക്സ് ഒഴിവാക്കാനും തയ്യാറാക്കണം.
സർക്കാരിന്റെ സഹായമില്ലാതെ മുന്നോട്ടുപോകാൻ ആവില്ലെന്നും സഹായം ഇല്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്നും ബസ്സുടമകൾ മുന്നറിയിപ്പ് നൽകുന്നു.






























