29.6 C
Kollam
Wednesday 16th September, 2026 | 12:28:11 PM
Home News Breaking News സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലുമായി ഉരുൾപൊട്ടൽ, നാല് മരണം

സംസ്ഥാനത്ത് കനത്ത മഴ; കോട്ടയത്തും ഇടുക്കിയിലുമായി ഉരുൾപൊട്ടൽ, നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പെയ്യുന്ന കനത്ത മഴ വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കി. അതിശക്തമായ മഴയെ തുടർന്ന് കോട്ടയത്തും ഇടുക്കിയിലുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ നാല് പേർ മരിച്ചു. നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും വീടുകളും കടകളും വെള്ളത്തിനടിയിലാകുകയും ചെയ്തു.
ഇടുക്കി വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് പ്രഭാകരൻ നായർ (72) മരിച്ചു. വൈക്കം സ്വദേശിയായ അദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി കുടയത്തൂർ അടൂർമലയിലെ ഉരുൾപൊട്ടലിൽ ഏഴാം വാർഡിലെ മഷിക്കല്ലേൽ സുമതി മരിച്ചു. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്നാണ് അപകടമുണ്ടായത്.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തും ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. വീട് തകർന്നുവീണതിനെ തുടർന്ന് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി (24) മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ജോണിയുടെ ഭാര്യ റെജീനയും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ ജീവനക്കാരിയായിരുന്നു റെജീന.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. നൂറോളം സ്ഥലങ്ങളിൽ റോഡുകളിലേക്ക് മരങ്ങളും മണ്ണും വീണതായും ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.