ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടായ ഭീകരാക്രമണ പരമ്പരയിൽ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാറ കൊല്ലപ്പെട്ടു. ചാവേർ ബോംബാക്രമണത്തിൽ സദിയോ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാലിയുടെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് സദിയൊ കാമറയെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സർക്കാർ വക്താവ് ഈസ ഉസ്മാൻ കൗലിബാലി അറിയിച്ചു. ആക്രമണത്തിൽ മന്ത്രിയുടെ കുടംബാംഗങ്ങളായ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
സദിയോ കമാറയുടെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് സദിയൊ കാമറയ്ക്ക് നേരെയും നടന്ന ആക്രമണം. ആക്രമണകാരികൾക്ക് നേരെ മന്ത്രി വെടിയുതിർക്കുകയും ചിലരെ വധിക്കുകയും ചെയ്തുവെങ്കിലും, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സദിയോ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചാവേറാക്രമണത്തിൽ മന്ത്രിയുടെ വസതി പൂർണ്ണമായും തകരുകയും സമീപത്തെ പള്ളി നശിക്കുകയും ചെയ്തു. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നിരവധി പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ശനിയാഴ്ച പുലർച്ചയോടെ ആക്രമണങ്ങൾ നടന്നത്. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള
സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചിട്ടുണ്ട്.




































