ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.
യുവതിയുടെ പിതാവായ പുണ്യമൂര്‍ത്തിയും (53) സുഹൃത്തുക്കളായ എം ലോകേഷ്, ഡി രാമലിംഗം, എ കറുപ്പയ്യ എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന അജിത് കുമാറിനെ സംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പുണ്യമൂര്‍ത്തിയും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പെയ്ന്റിങ് തൊഴിലാളിയായിരുന്നു അജിത് കുമാര്‍. ഇയാളും പുണ്യമൂര്‍ത്തിയുടെ മകള്‍ കാവ്യയും പ്രണയത്തിലായിരുന്നു. അധ്യാപികയായിരുന്നു കാവ്യ. അജിത്തുമായുള്ള കാവ്യയുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടർന്ന്, ബന്ധുവായ യുവാവുമായി കാവ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെ പ്രണയബന്ധം തകര്‍ന്നു.
2025 നവംബര്‍ 23 ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ അജിത് തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ അകത്തായ അജിത് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങുന്നത്. വിവരമറിഞ്ഞ പുണ്യമൂര്‍ത്തി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പകരം വീട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അജിത് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. കൊലപാതകത്തിന് ശേഷം ആയുധങ്ങളോടെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.




































