27.8 C
Kollam
Sunday 20th September, 2026 | 08:37:49 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബര്‍ 20 | ഞായര്‍ 1202 | കന്നി 4...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബര്‍ 20 | ഞായര്‍ 1202 | കന്നി 4 | പൂരാടം


കേരളത്തിന്റെ റേഷൻ വിതരണം കേന്ദ്രം ഏറ്റെടുക്കുന്നു

കേരളത്തിന്റെ നിയന്ത്രണത്തിലുള്ള റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് പബ്ളിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം നടപ്പാക്കിയാണ് കേന്ദ്രത്തിന്റെ ഏറ്റെടുക്കല്‍. ഇതിനുള്ള ധാരണാപത്രത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2024 ല്‍ ഒപ്പിട്ടിരുന്നു. കാര്‍ഡ് വിതരണം, മുന്‍ഗണന നിശ്ചയിക്കല്‍ എന്നിവയ്‌ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനര്‍ഹര്‍ ഒഴിവാകുമെന്നും വിതരണം കാര്യക്ഷമമാകുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം.

പ്രതിപക്ഷ നേതാവിനും കുടുംബത്തിനുമെതിരായ കേസ്: സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ തീരുമാനമെടുക്കും. എന്‍ഫോഴ്സ്മെന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാകും പ്രാഥമിക അന്വേഷണം. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ തിരിച്ചെത്തിയാല്‍ അദ്ദേഹവുമായി കൂടിയാലോചിച്ചു തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കോഴിക്കോട് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം

കോഴിക്കോട് മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം. കരാര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡില്‍ ഇപ്പോഴും പണികള്‍ പൂര്‍ത്തിയായിട്ടില്ല.

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെ എസ് ഇ ബി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ തല്‍സമയ വിപണിയല്‍നിന്ന് ഉയര്‍ന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിനടുത്തായിരുന്നു ഉപയോഗം.

കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരേ വിമർശനം

കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനം. പിണറായി സര്‍ക്കാര്‍ കര്‍ഷകരെ തഴഞ്ഞെന്നും കര്‍ഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ഗ്രൂപ്പ് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. നെല്‍കര്‍ഷകരെ സഹായിച്ചില്ല. സര്‍ക്കാര്‍ വന്‍കിട പദ്ധതികളില്‍ അഭിരമിച്ചു. അടിസ്ഥാനവിഭാഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നല്‍കിയത്. ഇനിയെങ്കിലും പഠിക്കണമെന്നും ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ (നാലാം എഡിഷൻ) സെപ്റ്റംബർ 24 മുതൽ 26 വരെ

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ (നാലാം എഡിഷന്‍) സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടക്കും. പ്രവേശനം സൗജന്യമാണ്.

  • സെപ്റ്റംബര്‍ 24: രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വെച്ച് മികച്ച സ്‌കൂള്‍ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാര്‍ഡ് നല്‍കും. കോളേജ് മാഗസിന്‍-അവസാന പതിപ്പ്, ഡിജിറ്റല്‍ മാഗസിന്‍ 4.O ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇന്ത്യ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും.
  • സെപ്റ്റംബര്‍ 25: രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരന്‍ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ. 11.15 ന് ദര്‍ശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ ജോസഫും ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാന്‍ മറന്ന പാട്ടുകള്‍ എന്ന വിഷയത്തില്‍ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്. വൈകീട്ട് 4.45 ന് നിഴല്‍ ബാന്‍ഡിന്റെ തത്സമയ സംഗീത പ്രകടനം.
  • സെപ്റ്റംബര്‍ 26: രാവിലെ 10 ന് ജെന്‍സിയും എഴുത്തും എന്ന വിഷയത്തില്‍ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിന്‍ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷന്‍. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തില്‍ ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠന്‍ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യന്‍ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷന്‍. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ കമല്‍, ബ്ലെസി, സുന്ദര്‍ ദാസ്, ഹേമന്ത്കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

കേരള സര്‍വകലാശാല സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ പിന്‍വലിച്ചു

പരീക്ഷാ ഫലങ്ങളിലെ ഗുരുതരമായ അപാകതകള്‍മൂലം കേരള സര്‍വകലാശാല ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ പിന്‍വലിച്ചു. സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. ഇതിനുപുറമെ, പരീക്ഷാ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന ‘കെ-റീപ്പ്’ സോഫ്‌റ്റ്വെയര്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ തിരുവനന്തപുരം ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി 23 ന് പരിഗണിക്കും. ആന്റോ അഗസ്റ്റിനെതിരെ സൈബര്‍ പൊലീസാണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

കൂടുതല്‍ മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു

അനുവദനീയമായതിലും കൂടുതല്‍ മദ്യം കൈവശം വച്ച കേസില്‍ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ വീട്ടില്‍ തെളിവെടുപ്പു നടത്തി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി സമയം. വീട് തന്റെ പേരിലല്ലെന്ന് ആന്റോ അഗസ്റ്റിന്‍.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യര്‍. തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളും പ്രചാരണങ്ങളും നടത്തുന്നുവെന്ന് ആരോപിച്ച് എറണാകുളം മുന്‍സിഫ് കോടതിയിലാണ് മഞ്ജു വാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തു

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെന്‍ഡ് ചെയ്തത്.

വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂരില്‍

ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷന്‍ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍. ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഇതിലുണ്ട്. എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ് എക്സിബിഷന്‍.

രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ വിജിലന്‍സിന്റെ പിടിയില്‍

വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ കോലിയക്കോട് കാപ്പിച്ചിറ സ്വദേശി ജി ബി ബിജുവിനെയാണ് (53) വിജിലന്‍സ് സംഘം പിടികൂടിയത്. പരിക്കേറ്റയാളെ ബിജു ഫോണില്‍ പല തവണ വിളിച്ച് താന്‍ പറയുന്ന വക്കീലിന് കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പരാതി: നാല് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എന്‍ ബാലഗോപാലിന്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയില്‍ ഇടത് അനുകൂലികളായ നാല് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ ജില്ലയിലെ ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലാണ് നടപടി.

വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുന്‍ സര്‍ക്കാരുകള്‍ക്കെല്ലാം വൈദ്യുതി പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കെ സി ജോസഫ്

ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള മര്യാദ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണമെന്നാണ് വിമര്‍ശം.

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ധന്യ ഹര്‍ഷിദ് അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ തൃശൂര്‍ സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ യൂട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ എന്ന ധന്യ ഹര്‍ഷിദിനെ തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Amrutveni ഉൽപ്പന്നങ്ങൾ

Amrutveni DandroQit: കഠിനമായ താരനെ ഫലപ്രദമായി പ്രതിരോധിക്കാനും സ്‌കാല്‍പ്പിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ്. ഈര്‍പ്പത്തിന്റെയും സെബത്തിന്റെയും അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
Amrutveni LiceQit: സ്‌കാല്‍പ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവര്‍ത്തിച്ച് പേനുകളെയും അവയുടെ മുട്ടകളെയും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ നീക്കം ചെയ്യുന്നു. കുട്ടികള്‍ക്കും സുരക്ഷിതമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 18001022339

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തൃശൂര്‍ ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പുല്ലഴി സ്വദേശി റോസ് ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിലെ മാങ്കുഴിയില്‍ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്.

ബസ് ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം

തമിഴ്നാട് കോര്‍പ്പറേഷന്റെ ബസ് ഇടിച്ച് പരിക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മണ്ണഞ്ചേരി സ്വദേശിയായ ഗൗരിനന്ദ (24) അപകടത്തില്‍പ്പെട്ട കേസിലാണ് ആലപ്പുഴ എം എ സി ട്രിബ്യൂണലിന്റെ വിധി. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാരിനു ഭയമെന്ന് രാഹുല്‍ ഗാന്ധി

ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാരിനു ഭയമാണെന്നും അതുകൊണ്ടാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നതെന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പകരം അന്ധ ഭക്തരെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ വിമർശിച്ചു.

വൈദ്യുതി, വിമാന ഇന്ധനം ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ നിർദ്ദേശം

വൈദ്യുതി, വിമാന ഇന്ധനം എന്നിവ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ സിങ്ങ് സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ നേരിട്ട് നികുതി ചുമത്തുന്ന വിഭാഗങ്ങളാണിവ. കേരളം അടക്കം പല സംസ്ഥാനങ്ങളും ഈക്കാര്യത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. രാവിലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഡല്‍ഹി മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്ഐആര്‍ നോട്ടീസ്

ഡല്‍ഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേഖ ഗുപ്തയ്ക്കും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് എസ്ഐആര്‍ കുരുക്ക്. കരട് വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാല്‍ ഇവരടക്കം 33.1 ലക്ഷം വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് നല്‍കി. മാതാപിതാക്കളുടെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നോട്ടീസ് നല്‍കിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധ

കര്‍ണാടക സന്ദര്‍ശനത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛര്‍ദിയും തളര്‍ച്ചയും. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. വൈകിട്ടോടെ അമിത് ഷാ ഡല്‍ഹിയിലേക്കു മടങ്ങി.

ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പിക്ക് വിജയം

ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പിക്ക് വന്‍ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാന്‍ഷു ഷോക്കിന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഡിഎസ്‍യുയു തിരഞ്ഞെടുപ്പ് വിജയം പ്രതിപക്ഷ ഭിന്നിപ്പുമൂലമെന്ന് വിലയിരുത്തൽ

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയം പ്രതിപക്ഷ ഭിന്നിപ്പുമൂലമാണെന്നു കോക്റോച്ച് ജനത പാര്‍ട്ടി നേതാവ് സൗരവ് ദാസ് പറഞ്ഞു.

യുദ്ധനായകൻ ആല്‍ഫ്രഡ് ടൈറോണ്‍ കുക്ക് അന്തരിച്ചു

1965ലെ യുദ്ധനായകനും വീര്‍ചക്ര പുരസ്‌കാര ജേതാവുമായ ആല്‍ഫ്രഡ് ടൈറോണ്‍ കുക്ക് അന്തരിച്ചു.

അമേരിക്കന്‍ നീക്കത്തിനെതിരെ ഇന്ത്യ

റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ഉപരോധ ഭീഷണി ഉയര്‍ത്തുന്ന അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ശക്തമായ എതിർപ്പറിയിക്കാൻ ഇന്ത്യയുടെ തീരുമാനം. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകള്‍ക്കെതിരായ നിലപാട് വ്യക്തമാക്കും.

റിയാദ് വിമാനത്താവളത്തിന് സമീപത്തുനിന്ന് പുകപടലങ്ങൾ ഉയർന്നു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് വന്‍തോതില്‍ തീയും കറുത്ത പുകപടലങ്ങളും ഉയര്‍ന്നു.

പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്

അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങളുണ്ടെന്ന് ഇറാന്‍ ആഭ്യന്തര വകുപ്പ് വക്താവ്. പാക് ആഭ്യന്തര മന്ത്രി മുഹ്സിന്‍ നഖ്വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും.

ഏഷ്യന്‍ ഗെയിംസിന് ജപ്പാനില്‍ തിരിതെളിഞ്ഞു

ഏഷ്യന്‍ ഗെയിംസിന് ജപ്പാനിലെ അയ്ചി നഗോയയില്‍ തിരിതെളിഞ്ഞു. പ്രധാന വേദിയായ പാലോമോ മിസുഹോ സ്റ്റേഡിയത്തില്‍ ജാപ്പനീസ് പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും കൈകോര്‍ത്ത വിസ്മയകരമായ ഉദ്ഘാടനച്ചടങ്ങുകളോടെയാണ് ഗെയിംസിന് തുടക്കമായത്. ജപ്പാന്‍ ചക്രവര്‍ത്തി നരുഹിതോ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് 760 പേരടങ്ങുന്ന സംഘമാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കുന്ന കാര്യം പരിഗണനയിൽ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ റെക്കോര്‍ഡ് വാര്‍ഷിക നഷ്ടം നേരിട്ടതിന് പിന്നാലെ, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും തമ്മില്‍ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കമ്പനിയുടെ നിയുക്ത സിഇഒ ടെവോള്‍ഡെ വ്യക്തമാക്കി.

സാംസങ് ഗാലക്സി എസ് 26 സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചു

സാംസങ് ഗാലക്സി എസ് 26 സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി കമ്പനി. അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകള്‍ക്കും കമ്പനി 20,000 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഗാലക്സി എസ് 26ന് ഇപ്പോള്‍ 1,07,999 രൂപയാണ് വില. അള്‍ട്രാ മോഡലിന് 2 ലക്ഷത്തിലധികം രൂപ നല്‍കണം.

ബാച്ചിലര്‍ പാര്‍ട്ടി D’EUX ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി D’EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

പാ. രഞ്ജിത്ത് ചിത്രം ‘വേട്ടുവം’ പ്രഖ്യാപിച്ചു

പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വേട്ടുവം’. ‘വേള്‍ഡ് ഓഫ് വേട്ടുവം’ എന്ന പേരില്‍ ചിത്രത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പുറത്തുവിട്ടു. ആര്യ, ദിനേഷ്, ഷബീര്‍, ശോഭിത ധൂലിപാല തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മാരുതി സുസുക്കി സിഎന്‍ജി എഎംടി വേരിയന്റുകൾ പുറത്തിറക്കി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റ് സിഎന്‍ജി എഎംടി വേരിയന്റിന് 7.92 ലക്ഷം രൂപയും ബലേനോ സിഎന്‍ജി എഎംടി വേരിയന്റിന് 8.32 ലക്ഷം രൂപയും ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റിന് 8.53 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

‘അനോലഖി’ നോവൽ പരിചയം

കാലത്തെ അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യം നിറവേറ്റുന്ന നോവലാണ് ‘അനോലഖി’ (എഴുത്തുകാരി: അശ്വതി കെ.എസ്., ഡിസി ബുക്സ്, വില 284 രൂപ). പൊതുവിടങ്ങളില്‍നിന്നോ മുഖ്യധാരാ സാമൂഹിക പരിസ്ഥിതികളില്‍നിന്നോ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുകൂട്ടം ജനതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവല്‍.

തൃശൂരില്‍ മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്തു: ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് (തൊണ്ടി വീക്കം) റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കമൊഴിവാക്കുക.


LEAVE A REPLY

Please enter your comment!
Please enter your name here