സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് പണി മുടക്കി. ആഗോളതലത്തിൽ 25,000ത്തിലധികം ഉപയോക്താക്കൾ ഒരേസമയം ലോഗിൻ ചെയ്യാനോ ആപ്പ് ആക്‌സസ് ചെയ്യാനോ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തു. ഇന്ത്യ, അമേരിക്ക, യുകെ തുടങ്ങി പ്രധാന ആഗോള വിപണികളിലാണ് തടസം കൂടുതൽ അനുഭവപ്പെട്ടത്.
49ശതമാനം പരാതികളും ഉന്നയിച്ചത് മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരാണ്. 28% പേർക്ക് ഫീഡും ടൈംലൈനും ലോഡ് ചെയ്യുന്നതിൽ കാലതാമസം നേരിട്ടു. ഡെസ്‌ക്‌ടോപ്പ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിലാണ് 15ശതമാനം ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിട്ടത്.
തിങ്കളാഴ്ച രാവിലെ 10ഓടെയാണ് തകരാറുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. വൈകുന്നേരം 7.30ഓടെ പരാതികളുടെ എണ്ണം 31,000 കടന്നു. നിരവധി ഉപയോക്താക്കൾക്ക് എറർ മെസേജുകൾ ലഭിച്ചു. തടസ്സത്തിന്റെ അടിസ്ഥാന കാരണം എന്താണെന്ന് എക്‌സ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടുമില്ല.





























