25.6 C
Kollam
Wednesday 12th August, 2026 | 07:16:52 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 12, ബുധന്‍

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഓഗസ്റ്റ് 12, ബുധന്‍

കേരളത്തിന്റെ പേര് മാറ്റാൻ ബിൽ പാസാക്കി

സംസ്ഥാനത്തിന്റെ ‘കേരള’ എന്ന പേര് ‘കേരളം’ എന്നു മാറ്റാനുള്ള ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ബില്‍ പാസായത്. രാജ്യസഭയുടെ അംഗീകാരം കൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരും.

അർജന്റീന ടീമിന്റെ വരവ്: സ്പോർട്സ് മന്ത്രിയുടെ വെളിപ്പെടുത്തൽ

മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്നു പ്രചരിപ്പിച്ച് എല്‍ഡിഎഫ് ഭരണകാലത്തു വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് സ്പോര്‍ട്സ് മന്ത്രി ഒ.ജെ ജനീഷ്. മുന്‍ സ്പോര്‍ട്സ് മന്ത്രി വി അബ്ദുറഹിമാന്‍ നല്‍കിയ ഇ മെയിലുകളില്‍ അസ്വാഭാവികതയുണ്ട്. കായികവകുപ്പു നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നിയമ വകുപ്പിനു കൈമാറിയിട്ടുണ്ട്. വിശദമായ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ തീരുമാനം

ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.

കർക്കിടക വാവ് ബലിതർപ്പണം

ഇന്നു കര്‍ക്കിടക വാവ്. ആലുവാ മണപ്പുറം അടക്കം വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നരയോടെ ബലിതര്‍പ്പണത്തിന് തിരക്ക്.

കേരളത്തിൽ എയിംസ് സ്ഥാപിക്കും

കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. കേരളത്തിലെ എംപിമാരോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നദ്ദ വിളിച്ച എംപിമാരുടെ യോഗത്തില്‍ കെ.സി. വേണുഗോപാല്‍ വിഷയം ഉന്നയിച്ചു.

മൈക്രോഫിനാൻസ് തട്ടിപ്പ്: ഹൈക്കോടതി വിശദീകരണം തേടി

എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ക്കെതിരായ കേസുകളില്‍ കുറ്റപത്രം വൈകുന്നതിനു ഹൈക്കോടതി വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്നും കോടതി നിരീക്ഷിച്ചു.

ശബരിമല വിധി ഒക്ടോബറിൽ

ശബരിമല യുവതീപ്രവേശന കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബര്‍ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂചന നല്‍കി. ബോധ്ഗയ കേസ് പരിഗണിക്കവെയാണ് ഈ നിര്‍ണ്ണായക പരാമര്‍ശം ഉണ്ടായത്.

മുട്ടിൽ മരംമുറി: ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും ജാമ്യമെടുത്തു

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസ വഞ്ചനാക്കേസില്‍ ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനും കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. റോജി അഗസ്റ്റിന്‍ കീഴടങ്ങിയിട്ടില്ല. കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നതോടെയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരേ ചോറ്റാനിക്കര കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

എൽപിഎസ്ടി സമരം അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ 37 ദിവസമായി നടത്തിവന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍മാരുടെ സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അടക്കം പരിശോധിക്കാന്‍ 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്.

സ്കോളർഷിപ്പ് കുടിശ്ശിക: അധിക തുക അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് കുടിശ്ശിക വിതരണം ചെയ്യാന്‍ 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു.

അർജന്റീന ടീം സന്ദർശന വിവാദം: വിശദീകരണവുമായി മുൻ മന്ത്രി

2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം സംഘടിപ്പിക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ വിഷയത്തില്‍ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.

അർജന്റീന ടീമിന്റെ പേരിൽ നടന്നത് കള്ളപ്പണ ഇടപാടെന്ന് മുഹമ്മദ് ഷിയാസ്

മെസി വരുമെന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിന്റെ ഒത്താശയോടെ നടന്നത് വന്‍ കള്ളപ്പണ ഇടപാടെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ. കലൂര്‍ സ്റ്റേഡിയം ഈ രീതിയിലെങ്കിലും തിരികെ ലഭിച്ചത് ഭാഗ്യമാണെന്നും ഷിയാസ് പരിഹസിച്ചു.

നിക്ഷേപ തട്ടിപ്പ് കേസ്: ഒരാൾ കൂടി പിടിയിൽ

നാല് സംസ്ഥാനങ്ങളിലായുള്ള 15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ കാസര്‍കോട് സ്വദേശി ജമാലുദ്ദീന്‍ ഫൈസി മുഖ്യസൂത്രധാരനാണെന്ന് ഡല്‍ഹി പൊലീസ്. ഇയാളുടെ സഹായി മുസമ്മില്‍ തയ്ബിനെ പൊലീസ് പിടികൂടി.

ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്ക് വർദ്ധിക്കുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ഒരു ദിവസം 250 ലേറെ വിവാഹങ്ങള്‍. ഓഗസ്റ്റ് 23 ന് 377, ഓഗസ്റ്റ് 30 ന് 295 എന്നിങ്ങനെ വിവാഹങ്ങള്‍ ഇതിനകം ശീട്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും.

ബിജെപിയിൽ അന്വേഷണം ശക്തം

തെരഞ്ഞെടുപ്പു ഫണ്ട് തട്ടിപ്പ് പരസ്യമായി നിഷേധിക്കുമ്പോഴും രഹസ്യമായി അന്വേഷണം ശക്തമാക്കി ബിജെപി. കുമ്മനം രാജശേഖരനും ജേക്കബ് തോമസും അടങ്ങിയ അച്ചടക്ക സമിതി ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ബിജെപി കോർ കമ്മിറ്റി വാർത്തകൾ വ്യാജം

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോര്‍ കമ്മിറ്റിയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ സങ്കല്‍പ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതില്‍ ബിജെപി ശക്തമായ പ്രതിഷേധിച്ചു.

ബോഡി ബിൽഡർമാരുടെ നിയമനം: ഹൈക്കോടതിയുടെ ചോദ്യം

കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കാതെ ബോഡി ബില്‍ഡര്‍മാരായ ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കും സായുധ പൊലീസില്‍ ഇന്‍സ്പെകടര്‍ നിയമനം നല്‍കിയത് ആരെന്ന് ഹൈക്കോടതി. പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രിസഭയ്ക്കുമുന്നില്‍ എത്തിയിരുന്നോയെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമനത്തിന് അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം ചുമത്താനുള്ള തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്ന കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന അര്‍ജുന്‍ ആയങ്കി വ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിര്‍ണായക നടപടി.

കെപിസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും ചര്‍ച്ചയായി.

പാചക വാതക വിതരണം: മന്ത്രിയുടെ കത്ത്

ഓണക്കാലത്ത് ഗാര്‍ഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു. നിലവില്‍ നഗരങ്ങളില്‍ 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമുള്ള കാത്തിരിപ്പ് കാലയളവ്, കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ

എന്‍എസ്എസ് നേതൃത്വത്തിനെതിരെ കെബി ഗണേഷ് കുമാര്‍. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എന്‍എസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. തിരുവനന്തപുരം മന്നം ക്ലബില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് എന്‍എസ്എസ് അനുമതി നിഷേധിച്ചിരുന്നു.

ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം: പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം

കണ്ണൂര്‍ ചൊക്ലിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മാനസിക സമ്മര്‍ദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്. ചൊക്ലിയില്‍ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എന്‍ജിഒ യൂണിയന്റെ ആരോപണം.

മലയാളി എഞ്ചിനീയർമാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു

രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ ‘വിക്രം 1’ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി എന്‍ജിനീയര്‍മാരുടെ സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. 14 അംഗ മലയാളി സംഘത്തില്‍ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷ നേതാവ് ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ചു

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അപകടത്തില്‍ ആദ്യഘട്ടത്തില്‍ നടന്ന തിരച്ചിലില്‍ കാലതാമസമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എം പി പരമേശ്വരൻ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ തൃശൂരില്‍ അന്തരിച്ചു. 91 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഒരു മണിക്കു പാറമേക്കാവ് ശാന്തിഘട്ടില്‍. വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു.

മുൻ ഗൺമാൻ സസ്പെൻഷനിൽ

മുന്‍മന്ത്രി വി ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനായിരുന്ന പ്രജീഷ് എസ് നായര്‍ക്ക് സസ്പെന്‍ഷന്‍. ബസില്‍ യാത്രക്കാരിയായ പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. മോശം പെരുമാറ്റത്തിന്റെ വീഡിയോ പെണ്‍കുട്ടി തന്നെ പകര്‍ത്തിയാണ് പുറത്തുവിട്ടത്.

ലഹരിക്കേസ്: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം

ലഹരിക്കേസില്‍ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ കോ ഓര്‍ഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഭവം ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ സഹിതമായിരുന്നു വാര്‍ത്താസമ്മേളനം.

ലഹരി കേസ്: പ്രവർത്തകനെ പുറത്താക്കി യൂത്ത് കോൺഗ്രസ്

ലഹരി കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ്. പെരുമ്പാവൂര്‍ വലിയകുളം യൂണിറ്റ് അംഗമായ മുഹമ്മദ് ഹുസൈനെ അറസ്റ്റുചെയ്ത ഒമ്പതാം തീയതി തന്നെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് പാര്‍ട്ടി വിശദീകരണം.

കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

ഓണത്തിനു നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങുന്നു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാകും.

പെഴ്സീഡ് ഉൽക്കാ വർഷം

ഇന്ന് അര്‍ധരാത്രിക്കുശേഷം ആകാശത്ത് പെഴ്സീഡ് ഉല്‍ക്കാ വര്‍ഷം. മഴമേഘങ്ങള്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ഈ കാഴ്ച കാണാനാകും. സ്വിഫ്റ്റ് ടട്ടില്‍ വാല്‍നക്ഷത്രത്തില്‍നിന്ന് അടര്‍ന്നുപോയ അഗ്‌നിജ്വാലകളുമായി പറക്കുന്ന അമ്പതിലേറെ ഉല്‍ക്കകളെ കാണാനാകുമെന്നാണു റിപ്പോര്‍ട്ട്.

മറൈൻ ആംബുലൻസുകൾ കട്ടപ്പുറത്ത്

മല്‍സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന് എല്‍ഡിഎഫ് ഭരണകാലത്തു 18.9 കോടി രൂപ മുടക്കി വാങ്ങിയ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്. റഡാര്‍, ജിപിഎസ് പിഴവുകള്‍മൂലം ഐആര്‍എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തതാണ് കട്ടപ്പുറത്താകാന്‍ കാരണം. 2022 ല്‍ ആറേകാല്‍ കോടി രൂപ മുടക്കിയാണ് ഓരോ ആംബുലന്‍സ് ബോട്ടുകള്‍ വാങ്ങിയത്.

പൊന്‍മുടി ഇക്കോ ടൂറിസം തുറക്കുന്നു

ഇടവേളയ്ക്ക് ശേഷം പൊന്‍മുടി ഇക്കോ ടൂറിസം ഇന്നു തുറക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തിവച്ചിരുന്നു.

എംഎസ്സി എൽസ കപ്പൽ: ആശങ്കയുമായി കേന്ദ്രസർക്കാർ

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സി എല്‍സ കപ്പലിന്റെ അവശിഷ്ടങ്ങള്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ കേന്ദ്രം മറുപടി നല്‍കിയത്.

കാവേരി തർക്കം: കർണാടകത്തിന് തിരിച്ചടി

കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനല്‍കാന്‍ കാവേരി വാട്ടര്‍ റെഗുലേറ്ററി കമ്മിറ്റി നിര്‍ദേശിച്ചു. ദിവസം 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നല്‍കാനാണ് നിര്‍ദേശം.

പാർലമെന്റിൽ പ്രതിഷേധം

ഡല്‍ഹിയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിലെ പൊലീസ് നടപടിയില്‍ സംസാരിക്കാമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം തള്ളിയ പ്രതിപക്ഷം, അയോധ്യ ക്ഷേത്രകൊള്ള കൂടി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്തംഭനം തുടരുകയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും പരസ്പരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം പോസിറ്റീവ്

ആകാശചൂഴിയില്‍ അകപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സംശയം. പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനയും പോസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഫൂകെറ്റ്- ഡല്‍ഹി വിമാനത്തിന്റെ പൈലറ്റിന്റെ ആദ്യ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. അപകടത്തിനു കാരണം ആകാശ ചുഴിയാണോയെന്ന് എഎഐബി പരിശോധിക്കും.

ഉത്തരേന്ത്യയിൽ അതിശക്തമായ മഴ

ഉത്തരേന്ത്യയില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഹിമാചൽ പ്രദേശ്: മഴക്കെടുതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷം മൂലം 260 റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലുമായി 157 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

അരുണാചൽ പ്രദേശ് വിഷയത്തിൽ ചൈനയുടെ പ്രതിഷേധം

അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് പേരിട്ട് ഇന്ത്യ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചൈന. എന്നാല്‍ ചൈനയുടെ പ്രതിഷേധം അനാവശ്യമാണെന്നും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ കൂട്ടബലാത്സംഗം

ബൈക്കില്‍ നിന്ന് വീണു പരിക്കേറ്റ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ആറു പേരില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയില്‍ പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ യുവതിയെ സഹായിക്കാനെത്തിയവരാണ് പീഡിപ്പിച്ചത്. സുഹൃത്തിനൊപ്പം ഗുജറാത്തില്‍ നിന്ന് മടങ്ങിവരുമ്പോഴായിരുന്നു അപകടം.

എംഎൽഎക്കെതിരെ വിമർശനം

മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ എംഎല്‍എ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരിയില്‍ നിന്നുള്ള എഎപി എംഎല്‍എ അനില്‍ ഝായ്ക്ക് എതിരെയാണ് വിമര്‍ശനം. അടിവസ്ത്രം മാത്രം ധരിച്ച് പരാതി നല്‍കാനെത്തിയ സന്ദര്‍ശകരെ കണ്ടെന്നാണ് വിമര്‍ശനം.

ട്രംപിന്റെ രഹസ്യ യാത്ര

ഇറാനില്‍ നിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുര്‍ക്കിയില്‍ നിന്ന് കേറ്ററിംഗ് ട്രക്കില്‍ ഒളിച്ച് രഹസ്യമായി കടന്നെന്ന് റിപ്പോര്‍ട്ട്. എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയതായി തെറ്റിദ്ധരിപ്പിച്ച ശേഷം, മറ്റൊരു സൈനിക വിമാനത്തിലാണ് ട്രംപ് സുരക്ഷിതമായി അമേരിക്കയിലേക്കു മടങ്ങിയത്.

സിറിയ മുൻ പ്രസിഡന്റിന് വധശിക്ഷ

സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, കൊലപാതകങ്ങള്‍, അനധികൃതമായി ആളുകളെ തടങ്കലില്‍ വയ്ക്കുക അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.

കൊളംബിയയിൽ ഭൂചലനം

കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ 169 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവൃത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ലിസ്റ്റഡ് കമ്പനികളിൽ അവകാശികളില്ലാത്ത തുക വർദ്ധിച്ചു

ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളില്‍ അവകാശികളില്ലാതെ കിടക്കുന്ന ഡിവിഡന്റ് തുകയില്‍ വന്‍ വര്‍ധനവ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2,689 കോടി രൂപയായി ഉയര്‍ന്നതായി സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ 2,324 കോടി രൂപയില്‍ നിന്ന് 15.7 ശതമാനത്തിന്റെ വര്‍ധനയാണിത്. അതേസമയം, മ്യൂച്വല്‍ ഫണ്ടുകളിലെ അവകാശികളില്ലാത്ത തുക കുറഞ്ഞു. സാമ്പത്തിക വര്‍ഷം 2024-25-ലെ 1,128 കോടി രൂപയില്‍ നിന്നും സാമ്പത്തിക വര്‍ഷം 2025-26-ല്‍ 1,122 കോടി രൂപയായി ഇത് താഴ്ന്നു. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച് ഇത് വീണ്ടെടുക്കാവുന്നതാണ്.

യൂട്യൂബ് വരുമാന മാനദണ്ഡം പുതുക്കി

പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഇതിലൂടെ വരുമാനം നേടാന്‍ അര്‍ഹതയുള്ളവരുടെ മാനദണ്ഡം പുതുക്കി. യൂട്യൂബ് പ്രീമിയത്തില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 8000 ക്വാളിഫൈഡ് വാച്ച് അവറുകളോ അല്ലെങ്കില്‍ 90 ദിവസത്തിനകം രണ്ടു കോടി ക്വാളിഫൈഡ് ഷോര്‍ട്‌സ് വ്യൂകളോ ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. 2027 ഫെബ്രുവരി ഒന്നിനാണ് പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരിക.

ബെത്‌ലഹേം കുടുംബ യൂണിറ്റ്: ഗാനം പുറത്തിറങ്ങി

ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന നിവിന്‍ പോളി- മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ഗാനം പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും.

ഒറിജിനൽ ടീസർ പുറത്തിറങ്ങി

വ്യത്യസ്തമായ ടൈറ്റിലിലൂടെ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തിയ മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനല്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളെയാണ് ടീസറില്‍ കാണുന്നത്.

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന. അതിനിടെ ബിഇ.07 എന്ന പേരിലുള്ള പുതിയ മോഡല്‍ ഇലക്ട്രിക് എസ് യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

പുതിയ കവിതാ സമാഹാരം

പ്രണയം, പ്രണയ ഭംഗം, സന്തോഷം, ദുഃഖം, മരണം ഇത്യാദി മാനുഷിക വികാര, വിചാരങ്ങള്‍ക്കതീതമായി സമൂഹത്തെ ഗ്ര സിച്ചിട്ടുള്ള രാഷ്ട്രീയ, സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ വിരല്‍ ചൂണ്ടുക കൂടിയാണ് കവിയുടെ ധര്‍മ്മം, കവിതയുടെയും എന്ന് അടിവരയിടുന്ന കവിതകൾ അടങ്ങിയ ‘കറിവേപ്പിലക്കവിതകള്‍’ വിതുര വി. അശോക് പുറത്തിറക്കി.

തക്കാളി ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കും

ദിവസവും തക്കാളി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സഹായിച്ചേക്കാമെന്ന് പഠനം. ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി, കരള്‍ കലകളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here