വാർത്തകൾ തയാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി
കേരള മുഖ്യമന്ത്രി ചർച്ച: തീരുമാനമാകാതെ ഹൈക്കമാൻഡ്
കേരളത്തിലെ മുഖ്യമന്ത്രിക്കാര്യത്തില്‍ ഡല്‍ഹിയില്‍ നടന്ന മൂന്നു മണിക്കൂര്‍ ചര്‍ച്ചയിലും തീരുമാനമായില്ല. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയും തീരുമാനമെടുക്കുമെന്ന് എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കേരള നേതാക്കള്‍ അറിയിച്ചെങ്കിലും, തർക്കം സങ്കീര്‍ണമായ നിലയിലെത്തിയതിൽ ഹൈക്കമാന്‍ഡ് അസന്തുഷ്ടി പ്രകടിപ്പിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ വിജയ് ഇന്നു പത്തിന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിലാണു ചടങ്ങ്. 120 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന രേഖ കൈമാറിയതിനെത്തുടർന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയിയെ ക്ഷണിച്ചു.
തെരുവിൽ അങ്കം വെക്കരുത്; പ്രവർത്തകർക്ക് നേതാക്കളുടെ മുന്നറിയിപ്പ്
മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പേരില്‍ തെരുവില്‍ പ്രകടനങ്ങൾ നടത്തുകയോ ഫ്ലക്സുകള്‍ സ്ഥാപിക്കുകയോ ചെയ്യരുതെന്ന് കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്തമായി ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നേതാക്കളുടെ ഈ ഇടപെടൽ.
കേരള കോൺഗ്രസ് എമ്മിൽ രൂക്ഷവിമർശനം
മുൻ മന്ത്രി റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി മാറ്റസാധ്യത ഉണ്ടായിട്ടും തടഞ്ഞതാണ് പാര്‍ട്ടിയുടെ തിരിച്ചടിക്ക് കാരണമെന്ന് വിമർശനമുയർന്നു. സിപിഎം അണികളുടെ വോട്ടു ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ഇനിയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. മന്നാര്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴിയും നിലനിൽക്കുന്നു.
സതീശനായി ശയനപ്രദക്ഷിണം
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഇരിട്ടി ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി വി രാജൻ ശയനപ്രദക്ഷിണം നടത്തി. ‘പട നയിച്ചവന്‍ മുഖ്യമന്ത്രിയാവട്ടെ’ എന്ന പ്ലക്കാര്‍ഡുമായാണ് അദ്ദേഹം പ്രതിഷേധിച്ചത്.
ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കാൻ അധികാരമില്ല: ഹൈക്കോടതി
വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്.
കാഞ്ഞങ്ങാട് ദേശീയപാതയിൽ വെള്ളക്കെട്ട്
കാഞ്ഞങ്ങാട് കൂളിയങ്കല്‍ മുതല്‍ തോയമ്മല്‍ വരെ നാഷണല്‍ ഹൈവേയില്‍ ശക്തമായ മഴയില്‍ വെള്ളം കെട്ടി നിന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന മഴയിൽ റോഡ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.
അവയവ കൈമാറ്റ തട്ടിപ്പ്: പ്രതിയുടെ ഭാര്യ അറസ്റ്റിൽ
വ്യാജരേഖ ചമച്ച് അവയവ കൈമാറ്റ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ ഭാര്യ റഷീദയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസന്വേഷണത്തിന് എറണാകുളം റൂറല്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കും.
കണ്ണൂരിൽ പോലീസ് ജീപ്പ് മോഷ്ടിച്ചയാൾ പിടിയിൽ
കണ്ണൂർ ടൗണിൽ പോലീസ് ജീപ്പ് മോഷ്ടിച്ച തൃശൂര്‍ സ്വദേശി ഹംസയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഫോൺ മോഷണം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ ഇയാൾ അർദ്ധരാത്രിയോടെ ജീപ്പുമായി കടന്നു കളയുകയായിരുന്നു.
കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ
ട്രെയിനില്‍ ആറു വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കൊല്ലം സ്വദേശി സാനിഷിനെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലെ കുട്ടിയാണ് അതിക്രമത്തിനിരയായത്.
കഴക്കൂട്ടം സ്പാ പീഡനക്കേസ്: രണ്ടുപേർ അറസ്റ്റിൽ
ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിപ്‌സനും സ്പാ ജീവനക്കാരി അശ്വതിയും അറസ്റ്റിലായി. കഴക്കൂട്ടത്തെ ‘ഡേ ഡ്രീം’ എന്ന സ്പായിലാണ് സംഭവം നടന്നത്.
വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്; പത്തുപേർക്ക് പരിക്ക്
ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹസല്‍ക്കാരത്തിനിടെ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറ്ററിംഗ് സംഘവും ബന്ധുക്കളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
കൊച്ചിയിൽ ലഹരിവേട്ട; ആറുപേർ പിടിയിൽ
കൊച്ചിയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ എം.ഡി.എം.എയും എക്സ്റ്റസി ഗുളികകളുമായി ആറുപേർ പിടിയിലായി. തൃപ്പൂണിത്തുറയിലെ റിസോര്‍ട്ടിലും കരിമുകളിലെ വീട്ടിലുമാണ് പരിശോധന നടന്നത്.
എഐഎഡിഎംകെ പിളർപ്പിലേക്ക്; എടപ്പാടിക്കെതിരെ പടനീക്കം
എഐഎഡിഎംകെയില്‍ കടുത്ത ഭിന്നത. എടപ്പാടി പഴനിസ്വാമിയെ തഴഞ്ഞ് എസ്.പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാൻ മുപ്പതിലേറെ എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. ഇവർ വിജയിന്റെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചേക്കും.
കോൺഗ്രസിനെതിരെ സ്റ്റാലിൻ; നന്ദികേടെന്ന് വിമർശനം
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കോൺഗ്രസിനെതിരെ രംഗത്തെത്തി. ഡിഎംകെ സഖ്യത്തില്‍ ജയിച്ചിട്ടും നന്ദി പറയാന്‍ കോണ്‍ഗ്രസുകാര്‍ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിജയ് സർക്കാരിൽ കോൺഗ്രസും പങ്കാളികളാകുന്നു
തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരില്‍ കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമാകും. പി വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എത്തും.
വിജയ് ആരാധകൻ സ്വയം തീകൊളുത്തി
ടിവികെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ മനംനൊന്ത് തിരുനല്‍വേലി സ്വദേശി ഇസക്കിയപ്പന്‍ സ്വയം തീകൊളുത്തി. 30 ശതമാനം പൊള്ളലേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഇഡി അറസ്റ്റ് ചെയ്തു
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേന്ദ്രം ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു.
ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി
ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അണിനിരക്കണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു. സഹകരിക്കാന്‍ താല്പര്യമുള്ള എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അവർ പറഞ്ഞു.
ഗണശക്തിയിൽ ബിജെപി പരസ്യം; ബംഗാളിൽ പുതിയ ചർച്ചകൾ
പശ്ചിമ ബംഗാളില്‍ സിപിഎം പാര്‍ട്ടി പത്രമായ ഗണശക്തിയുടെ ഒന്നാം പേജില്‍ ബിജെപി സര്‍ക്കാരിന്റെ ബഹുവര്‍ണ പരസ്യം പ്രസിദ്ധീകരിച്ചത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. 15 വർഷത്തിന് ശേഷമാണ് പത്രത്തിന് സർക്കാർ പരസ്യം ലഭിക്കുന്നത്.
തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം
ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. മമത ബാനര്‍ജിക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിച്ചു.
യുദ്ധം അവസാനിക്കുന്നു; പുട്ടിൻ
റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിക്കുകയാണെന്ന് വ്ലാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് ട്രംപ് നടത്തിയ നിർദ്ദേശങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇറാനെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
ഇറാനെതിരായ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ‘പ്രോജക്ട് ഫ്രീഡം’ നടപടികൾ കടുപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാന് ഐഎംഎഫ് വായ്പ
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് 132 കോടി ഡോളറിന്റെ വായ്പ കൂടി അനുവദിക്കാന്‍ ഐഎംഎഫ് തീരുമാനിച്ചു. കർശന നിബന്ധനകളോടെയാണ് വായ്പ.
ബഹ്റിനിൽ 41 പേർ പിടിയിൽ
വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് ചാര പ്രവര്‍ത്തനങ്ങൾ നടത്തിയതിനും ഇറാന്റെ ആക്രമണങ്ങളെ പിന്തുണച്ചതിനും ബഹ്റിന്‍ 41 പേരെ പിടികൂടി.
കാനഡ കൊലപാതകക്കേസ്: മൂന്ന് ഇന്ത്യക്കാർ കുറ്റക്കാർ
കാനഡയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജരായ മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ഇറാൻ തീരത്ത് വൻ എണ്ണച്ചോർച്ച
ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡിന് സമീപം സമുദ്രത്തില്‍ വന്‍തോതില്‍ എണ്ണ പടരുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ. 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടർന്നത് പരിസ്ഥിതി ആശങ്കയുയർത്തുന്നു.
ഐപിഎൽ: രാജസ്ഥാനെ തകർത്ത് ഗുജറാത്ത് രണ്ടാമത്
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും ബാറ്റിംഗ് കരുത്തിലാണ് ഗുജറാത്ത് മികച്ച വിജയം നേടിയത്.
സ്‌കൈറൂട്ട് ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോൺ
ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്‌പേസ് ഇന്ത്യയിലെ ആദ്യ സ്‌പേസ്-ടെക് യൂണികോണ്‍ കമ്പനിയായി. 1.1 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ നിലവിലെ മൂല്യം.
‘കാട്ടാളൻ’ സിനിമയിലെ ഗാനം പുറത്തിറങ്ങി
ആന്റണി വര്‍ഗീസ് നായകനാകുന്ന ‘കാട്ടാളന്‍’ സിനിമയിലെ ‘ദി ഹണ്ടര്‍ ആന്തം’ മോഹന്‍ലാല്‍ പുറത്തിറക്കി. മെയ് 28-നാണ് സിനിമയുടെ റിലീസ്.
രാം ചരൺ ചിത്രം ‘പെദ്ധി’യുടെ ചിത്രീകരണം പൂർത്തിയായി
രാം ചരൺ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘പെദ്ധി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. 2026 ജൂണ്‍ 4 ന് ചിത്രം തീയേറ്ററുകളിലെത്തും.
റേഞ്ച് റോവർ വാഹനങ്ങൾക്ക് വില കുറയും
ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഭാഗമായി റേഞ്ച് റോവര്‍ വാഹനങ്ങളുടെ വിലയിൽ 75 ലക്ഷം രൂപ വരെ കുറവുണ്ടാകുമെന്ന് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ അറിയിച്ചു.
സതീശന്റെ പ്രസംഗങ്ങൾ പുസ്തകമാകുന്നു
വി.ഡി. സതീശൻ നടത്തിയ 32 പ്രസംഗങ്ങൾ ഉൾപ്പെടുത്തി ‘ആദം നീ എവിടെ ആകുന്നു’ എന്ന പുസ്തകം ഡിസി ബുക്സ് പുറത്തിറക്കി. ബൈബിൾ ആശയങ്ങളെ മുൻനിർത്തിയുള്ളതാണ് പ്രസംഗങ്ങൾ.
മുട്ട കഴിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കും
ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ മുട്ട കഴിക്കുന്നത് അല്‍ഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയ്ക്കുമെന്ന് പുതിയ പഠനം. മുട്ടയിലെ കോളിൻ, ഒമേഗ-3 എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.






























