Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഏപ്രിൽ 28, ചൊവ്വ | 1201 മേടം 15, ഉത്രം

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 ഏപ്രിൽ 28, ചൊവ്വ | 1201 മേടം 15, ഉത്രം

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 ഏപ്രിൽ 28, ചൊവ്വ | 1201 മേടം 15, ഉത്രം
വാർത്തകൾ തയ്യാറാക്കിയത്: ഫ്രാങ്കോ ലൂയീസ്, ഷാജി പത്മനാഭൻ, നീതു കൃഷ്ണ, ഡെയ്സി ബിജു, സംഗീത.വി.യു, കവിത കണ്ണൻ.

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിൽ അരമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് തുടരുകയാണ്.

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം: മരിച്ച നാലുപേരെക്കൂടി തിരിച്ചറിഞ്ഞു

ഡിഎൻഎ പരിശോധനയിലൂടെ നാലുപേരെക്കൂടി തിരിച്ചറിഞ്ഞു. പുതൂർക്കര സ്വദേശി അഭിജിത്ത് (27), മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരാണ് മരിച്ചത്. ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

നിതിൻ രാജിന്റെ ആത്മഹത്യ: ദളിത് സംഘടനകളുടെ ഹർത്താൽ ഇന്ന്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ഇന്ന് ഹർത്താൽ നടത്തും. വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.

നബ്യാർ ജാമ്യമെടുത്തു

നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ കോടതി മുൻകൂർ ജാമ്യം നൽകിയ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തി.

ദുരന്തബാധിതർക്കായി മുസ്ലീംലീഗിന്റെ 51 വീടുകൾ കൈമാറി

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലീംലീഗ് നിർമ്മിച്ച ആദ്യഘട്ട 51 വീടുകളിൽ ഗൃഹപ്രവേശം നടന്നു. മൂന്ന് കിടപ്പുമുറികളുള്ള വീടും എട്ട് സെന്റ് ഭൂമിയുമാണ് നൽകിയത്. ബാക്കിയുള്ള 54 വീടുകൾ സെപ്റ്റംബറോടെ കൈമാറുമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു.

നടൻ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ്

പ്രണയം നടിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തെന്നും ലൈംഗികമായി ചൂഷണം ചെയ്തെന്നും ആരോപിച്ച് പ്രവാസി യുവതി നൽകിയ പരാതിയിൽ നടൻ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

കല്ലമ്പലം ദേശീയപാതയിൽ മന്ത്രിയുടെ വാഹനം കാറുമായി കൂട്ടിയിടിച്ചു. മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ വേഗത കുറവായതിനാൽ വലിയ പരിക്കുകളോ കേടുപാടുകളോ ഉണ്ടായില്ല.

വയറുവേദനയ്ക്ക് സ്കാനിംഗ് നടത്തിയ യുവാവിന് ഗർഭപാത്രമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിംഗ് നടത്തിയ കഴക്കൂട്ടം സ്വദേശി ഷിഹാസിന്റെ റിപ്പോർട്ടിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. റിപ്പോർട്ടിൽ ഗർഭപാത്രം ഉണ്ടെന്ന് രേഖപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ റിപ്പോർട്ട് കീറിക്കളഞ്ഞതായി പരാതിയുണ്ട്.

വനംവകുപ്പ് ചെക്പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച കാർ ഡ്രൈവർ പിടിയിൽ

മണ്ണാർക്കാട് ആനമൂളി ചെക്പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു നിർത്താതെ പോയ കാർ ഡ്രൈവർ റഹീമിനെ അറസ്റ്റ് ചെയ്തു. അഗളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ശേഷമാണ് ഇയാൾ ചെക്പോസ്റ്റ് തകർത്തത്.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം

തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. തൃശ്ശൂർ ദേശമംഗലത്ത് നാല് വയസ്സുകാരനും കണ്ണൂർ വിളക്കോട്ടൂരിൽ മൂന്ന് വിദ്യാർത്ഥികൾക്കുമാണ് പരിക്കേറ്റത്.

നീലേശ്വരത്ത് പാമ്പ് കടിയേറ്റ നാലര വയസ്സുകാരി ഗുരുതരാവസ്ഥയിൽ

ഇളേരിത്തട്ടിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ ഋതു ചന്ദ്രയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായി തുടരുന്നു.

സംസ്കൃത സർവകലാശാലയിൽ ചട്ടമ്പിസ്വാമി ജീവചരിത്ര അച്ചടിയിൽ ക്രമക്കേട്

ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാനിരുന്ന പുസ്തകത്തിന്റെ അച്ചടി അനുമതിയില്ലാതെ സ്വകാര്യ പ്രസിനെ ഏൽപ്പിച്ചതായി കണ്ടെത്തി. പബ്ലിക്കേഷൻ ഓഫീസർ അഡ്വാൻസ് തുക കൈപ്പറ്റിയതായും ആക്ഷേപമുണ്ട്.

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: ഹർജി സ്റ്റേ ചെയ്തു

പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി തിരുവനന്തപുരം പോക്സോ കോടതി സ്റ്റേ ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും കുടുംബം വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ആറ്റിങ്ങൽ ക്ഷേത്രത്തിൽ അഗ്നിക്കാവടിയ്ക്കിടെ പൊള്ളലേറ്റു

മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ അഗ്നിക്കാവടിയ്ക്കിടെ തീകുണ്ഠത്തിൽ വീണ് റിജു എന്ന യുവാവിന് പൊള്ളലേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

നാഗർകോവിൽ യാർഡിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഏപ്രിൽ 29, 30 തീയതികളിൽ കന്യാകുമാരി-നാഗർകോവിൽ റൂട്ടിൽ നിയന്ത്രണമുണ്ട്. രപ്തിസാഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ജൂൺ, ജൂലൈ മാസങ്ങളിൽ വഴിതിരിച്ചുവിടും.

സ്റ്റാലിനെതിരായ ലേഖനം: വിശദീകരണവുമായി അജിത് കൊളാടി

ജോസഫ് സ്റ്റാലിനെ ‘കൊലപാതകങ്ങളുടെ ചക്രവർത്തി’ എന്ന് വിശേഷിപ്പിച്ചത് കൃത്യമായ ബോധ്യത്തിലാണെന്ന് സിപിഐ നേതാവ് അജിത് കൊളാടി പറഞ്ഞു. ഇത് പാർട്ടി നിലപാടാണെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയും വ്യക്തമാക്കി.

വട്ടപ്പാറയിൽ 15 കാരന് പാമ്പുകടിയേറ്റു

പറമ്പിൽ കളിച്ചുകൊണ്ടിരുന്ന അഭിനവ് (15) എന്ന കുട്ടിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനക്കേസ് പ്രതിക്ക് 10 വർഷം തടവ്

മംഗളൂരു പ്രഷർ കുക്കർ സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷരീഖിനെ ബെംഗളൂരു പ്രത്യേക കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. 2022-ലായിരുന്നു സംഭവം.

ട്രാൻസ്ജെൻഡർ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് കോടതി

ട്രാൻസ്ജെൻഡർ വ്യക്തികളുടെ സംരക്ഷണത്തിന് താലൂക്ക് തലത്തിൽ പദ്ധതികൾ വേണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ഉത്തരവിട്ടു.

ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു.

നടൻ വിജയ്‌ക്കെതിരായ ഹർജി തള്ളി

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരായ രണ്ടാമത്തെ ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളി.

രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113 ആയി

ആംആദ്മി പാർട്ടി വിട്ട് ഏഴ് അംഗങ്ങൾ ബിജെപിയിൽ ചേർന്നതോടെയാണിത്. 245 അംഗ സഭയിൽ എൻഡിഎയ്ക്ക് 145 അംഗങ്ങളുടെ പിന്തുണയുണ്ട്.

ഒഡീഷയിൽ ഉഷ്ണതരംഗം: രണ്ട് മരണം

സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന രണ്ട് അധ്യാപകർ സൂര്യതപമേറ്റ് മരിച്ചു.

പാക്കിസ്ഥാനെതിരെ ഇറാൻ എംപി

സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാന് പ്രാപ്തിയില്ലെന്നും അവർ അമേരിക്കൻ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാൻ എംപി ഇബ്രാഹിം റെസായി പറഞ്ഞു.

ഇറാന് പിന്തുണയുമായി പുടിൻ

ഇറാൻ കരുത്തോടെ അതിജീവിക്കുമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ പിന്തുണ നൽകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു.

ഇസ്രായേലിൽ പുതിയ രാഷ്ട്രീയ സഖ്യം

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യാർ ലാപിഡും ചേർന്ന് ‘ടുഗെദർ’ എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

സിബിഎസ് റിപ്പോർട്ടറോട് കുപിതനായി ട്രംപ്

തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകോപിതനായി. താൻ ബലാത്സംഗ വീരനല്ലെന്ന് ട്രംപ് പറഞ്ഞു.

വത്തിക്കാനിൽ ചരിത്ര കൂടിക്കാഴ്ച

ലെയോ പതിനാലാമൻ മാർപാപ്പയും ആംഗ്ലിക്കൻ സഭയുടെ അധ്യക്ഷ സാറാ മുല്ലല്ലിയും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇരുവരും ആഹ്വാനം ചെയ്തു.

ബുദ്ധ സന്യാസിമാർ കഞ്ചാവുമായി പിടിയിൽ

കൊളംബോ വിമാനത്താവളത്തിൽ 110 കിലോ കഞ്ചാവുമായി 22 യുവ ബുദ്ധ സന്യാസിമാർ ശ്രീലങ്കൻ പോലീസിന്റെ പിടിയിലായി.

അഫ്ഗാനിസ്ഥാനിൽ പാക് സൈന്യത്തിന്റെ ആക്രമണം

കുനാർ പ്രവിശ്യയിലെ സർവകലാശാലയ്ക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും എഴുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊളംബിയയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗുസ്താവോ പെട്രോയുടെ അനുയായി ഇവാൻ സെപെഡ മുന്നിലാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു.

ഐപിഎൽ: ഡൽഹിയെ തകർത്ത് ആർസിബി

ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആറാം വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

വിരാട് കോലിക്ക് 9000 റൺസ് തികച്ചു

ഐപിഎൽ ചരിത്രത്തിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി വിരാട് കോലി മാറി. എട്ട് സെഞ്ചുറികളടക്കം 9012 റൺസാണ് കോലിയുടെ സമ്പാദ്യം.

റിലയൻസ് ജിയോ ഐപിഒ വരുന്നു

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ഐപിഒ ആയി ജിയോ പ്ലാറ്റ്ഫോംസ് എത്തുമെന്ന് മുകേഷ് അംബാനി. 400 കോടി ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണത്തിൽ വർധന

തുടർച്ചയായ രണ്ടാം മാസവും വരിക്കാരുടെ എണ്ണത്തിൽ ‘വി’ വർധന രേഖപ്പെടുത്തി. മാർച്ചിൽ ഒരു ലക്ഷത്തിലധികം പുതിയ വരിക്കാരെ കമ്പനി നേടി.

വാഴ 2 ഇൻഡസ്ട്രി ഹിറ്റിലേക്ക്

മലയാള സിനിമയിൽ റെക്കോർഡുകൾ തകർത്ത് ‘വാഴ 2’ മുന്നേറുന്നു. കേരളത്തിൽ നിന്ന് മാത്രം 124 കോടിയും ആഗോളതലത്തിൽ 235 കോടിയും ചിത്രം നേടി.

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഉന്മാദം’ ഓഗസ്റ്റിൽ

പനോരമ സ്റ്റുഡിയോസിന്റെ ‘ഉന്മാദം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലിജോമോൾ ജോസാണ് നായിക. ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലെത്തും.

ബിവൈഡി സീഗൾ ഇലക്ട്രിക് കാർ ഉടൻ ഇന്ത്യയിൽ

ചൈനീസ് കമ്പനിയായ ബിവൈഡിയുടെ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് കാർ ‘സീഗൾ’ ഈ വർഷം പുറത്തിറങ്ങും. 405 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന കാറിന് 10 ലക്ഷത്തിൽ താഴെയായിരിക്കും വില.

ഐതിഹ്യമാലയിലെ വിട്ടുപോയ കഥകൾ

സത്യൻ കല്ലുരുട്ടി രചിച്ച ‘ഐതിഹ്യമാലയിൽ ഇല്ലാത്ത ഐതിഹ്യകഥകൾ’ മാതൃഭൂമി ബുക്സ് പുറത്തിറക്കി. കേരളത്തിന്റെ ചരിത്രവും സംസ്കാരവും പറയുന്ന 126 അധ്യായങ്ങളുള്ള കൃതിയാണിത്.

ഓട്സ് കൊളസ്ട്രോൾ കുറയ്ക്കും: പഠനം

രണ്ട് ദിവസം തുടർച്ചയായി ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ 10 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് ബോൺ സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു.


വാർത്തകൾ അവസാനിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here