തിരുവനന്തപുരം: ജയിൽ തടവുകാർക്ക് ഇനി മട്ടൻ കറി ലഭിച്ചേക്കില്ല. പകരം ചിക്കനോ മുട്ടയോ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിനെ സമീപിച്ചു. മട്ടൻ ഒഴിവാക്കുന്നതിലൂടെ തടവുകാരിലെ ജീവിതശൈലീരോഗങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഭക്ഷണച്ചെലവിലും വൻ കുറവുണ്ടാക്കാമെന്നാണ് ശുപാർശയിലെ വിലയിരുത്തൽ.
മട്ടൻ കഴിക്കുന്നത് തടവുകാരിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങൾ ജയിലുകളിലെ തടവുകാർക്കിടയിൽ നടത്തിയിട്ടുണ്ടെന്നും ശുപാർശയിൽ പറയുന്നു. ഇതിന് പുറമെ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. മട്ടൻ ഒഴിവാക്കി പകരം ചിക്കനോ മുട്ടയോ നൽകുന്നതിലൂടെ ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
നിലവിൽ ആഴ്ചയിൽ ഒരിക്കലാണ് ജയിലുകളിൽ മട്ടൻ നൽകുന്നത്. മിക്ക ജയിലുകളിലും ശനിയാഴ്ച 100 ഗ്രാം മട്ടൻ കറിയാണ് തടവുകാർക്ക് നൽകുന്നത്. വിശേഷ അവസരങ്ങളിലെ ഭക്ഷണത്തിലും മട്ടൻ കറി ഉൾപ്പെടുത്താറുണ്ട്. ഈ പതിവിന് മാറ്റം വരുത്താനാണ് പുതിയ ശുപാർശ.
ബ്രിട്ടീഷ് കാലം മുതൽ ജയിൽ ഭക്ഷണമെനുവിൽ മട്ടന് ഇടമുണ്ട്. പിന്നീട് പലതവണ ഭക്ഷണമെനു പരിഷ്കരിച്ചപ്പോഴും മട്ടന്റെ സ്ഥാനം നിലനിന്നു. പതിറ്റാണ്ടുകൾ നീണ്ട ഈ പതിവിനാണ് ഇപ്പോൾ മാറ്റം നിർദേശിച്ചിരിക്കുന്നത്.
ഏകദേശം മൂന്നാഴ്ച മുൻപാണ് ജയിൽ മേധാവി ശുപാർശ ആഭ്യന്തരവകുപ്പിന് സമർപ്പിച്ചത്. എന്നാൽ ഇതുവരെ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ജയിൽ മെനുവിൽ നിന്ന് മട്ടൻ പുറത്തേക്ക്?
ഗ്രാമീൺ ബാങ്കുകളിൽ ജോലി; കേരളത്തിൽ മാത്രം 435 ഒഴിവുകൾ
കേരളത്തിലെ ബാങ്കിങ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കേരള ഗ്രാമീൺ ബാങ്ക് 2026-ലെ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഐ.ബി.പി.എസ് (IBPS RRB CRP-XV) വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്.
Also Read: ദിവസവും മഖാന കഴിക്കുന്നത് തൈറോയ്ഡ് ആരോഗ്യത്തെ ബാധിക്കുമോ?
ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്) എന്നീ തസ്തികകളിലായി ആകെ 435 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകളും ഒഴിവുകളും
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപ്പർപ്പസ്): 350
ഓഫീസർ സ്കെയിൽ I: 55
ഓഫീസർ സ്കെയിൽ II (ജനറൽ ബാങ്കിങ് ഓഫീസർ): 12
ഓഫീസർ സ്കെയിൽ II (ചാർട്ടേഡ് അക്കൗണ്ടന്റ്): 2
ഓഫീസർ സ്കെയിൽ II (ലോ ഓഫീസർ): 3
ഓഫീസർ സ്കെയിൽ II (ട്രഷറി മാനേജർ): 2
ഓഫീസർ സ്കെയിൽ III: 11
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കുറഞ്ഞത് 55% മാർക്കോടെ (SC/ST/PwBD വിഭാഗക്കാർക്ക് 50%) പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി
ഓഫീസ് അസിസ്റ്റന്റ് (ക്ലാർക്ക്): 18 – 28 വയസ്സ്
ഓഫീസർ സ്കെയിൽ I: 18 – 30 വയസ്സ്
ഓഫീസർ സ്കെയിൽ II: 21 – 32 വയസ്സ്
ഓഫീസർ സ്കെയിൽ III: 21 – 40 വയസ്സ്
(സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായഇളവുകൾ ബാധകമാണ്).
അപേക്ഷാ ഫീസ്
SC / ST / PWD വിഭാഗക്കാർക്ക്: ₹175/-
മറ്റ് വിഭാഗക്കാർക്ക്: ₹850
തിരഞ്ഞെടുപ്പ് രീതി
ഓഫീസ് അസിസ്റ്റന്റ്: പ്രിലിമിനറി പരീക്ഷ, മെയ്ൻസ് പരീക്ഷ.
ഓഫീസർ സ്കെയിൽ I: പ്രിലിമിനറി പരീക്ഷ, മെയ്ൻസ് പരീക്ഷ, അഭിമുഖം.
ഓഫീസർ സ്കെയിൽ II & III: എഴുത്തുപരീക്ഷ, അഭിമുഖം.
പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: സെപ്റ്റംബർ 01, 2026
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 21, 2026
പ്രാഥമിക പരീക്ഷ: നവംബർ / ഡിസംബർ 2026
മെയ്ൻസ് പരീക്ഷ: ഡിസംബർ 2026 / ഫെബ്രുവരി 2027
അപേക്ഷിക്കേണ്ടവിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ibps.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ദിവസവും മഖാന കഴിക്കുന്നത് തൈറോയ്ഡ് ആരോഗ്യത്തെ ബാധിക്കുമോ?
പൊട്ടറ്റോ ചിപ്‌സിന് പകരമുള്ള കുറഞ്ഞ കലോറി അടങ്ങിയ ഒരു ലഘുഭക്ഷണം എന്നതിലുപരിയായി മഖാനയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ട് . ശരിയായ രീതിയിൽ തയ്യാറാക്കി ശ്രദ്ധയോടെ കഴിക്കുകയാണെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് മഖാന യഥാർത്ഥവും പ്രായോഗികവുമായ ഗുണങ്ങൾ നൽകുന്നു.
Also Read: അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ
പരമ്പരാഗതമായി ഇന്ത്യൻ വീടുകളിലും ആയുർവേദത്തിലും പണ്ടുമുതലേ ഇടംപിടിച്ചതും ഉപയോഗിച്ച് വരുന്നതുമായ ഒന്നാണ് മഖാന. തൈറോയ്ഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള മഖാന കഴിക്കുന്നത് എൻഡോക്രൈൻ വ്യവസ്ഥയെയും (ഹോർമോൺ നിയന്ത്രണ സംവിധാനം) മെറ്റബോളിസത്തെയും (ഉപാപചയ പ്രവർത്തനം) മൊത്തത്തിലുള്ള ആരോഗ്യത്തെയും സ്വാധീനിക്കാമെന്ന് വിദഗ്ധർ പറയുന്നു.
‘ഫോക്സ് നട്ട്സ്’ (fox nuts) അല്ലെങ്കിൽ താമരവിത്തുകൾ എന്നും അറിയപ്പെടുന്ന ‘മഖാന’യ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പൊട്ടറ്റോ ചിപ്‌സിന് പകരമുള്ള കുറഞ്ഞ കലോറി അടങ്ങിയ ഒരു ലഘുഭക്ഷണം എന്നതിലുപരിയായി മഖാനയ്ക്ക് മറ്റ് പല ഗുണങ്ങളുമുണ്ട് . ശരിയായ രീതിയിൽ തയ്യാറാക്കി ശ്രദ്ധയോടെ കഴിക്കുകയാണെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് മഖാന യഥാർത്ഥവും പ്രായോഗികവുമായ ഗുണങ്ങൾ നൽകുന്നു.
തൈറോയ്ഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉത്കണ്ഠയുണ്ടാക്കുന്ന കാര്യങ്ങളിലൊന്ന് ‘ഗോയിട്രോജെനിക്’ (goitrogenic) ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. ശരീരത്തിലെ അയഡിൻ്റെ ഉപയോഗത്തെ തടസ്സപ്പെടുത്താനും അതുവഴി തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദനത്തെ ബാധിക്കാനും സാധ്യതയുള്ള സംയുക്തങ്ങളാണ് ഗോയിട്രോജനുകൾ. ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ , സോയ, ചിലതരം ചെറുധാന്യങ്ങൾ (millets) തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷണങ്ങളിലും ഇവ സ്വാഭാവികമായി അടങ്ങിയിട്ടുണ്ട്.
ശരീരകലകളിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന കെംപ്ഫെറോൾ (kaempferol), ക്ലോറോജെനിക് ആസിഡ് (chlorogenic acid) തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മഖാന. കൂടാതെ, ഇതിലെ ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ നാരുകൾ (fiber) ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
ഒരു പിടി പച്ച മഖാന (താമരവിത്ത്), അര ടീസ്പൂൺ പശുവിൻ നെയ്യോ വെളിച്ചെണ്ണയോ ഒപ്പം അല്പം കല്ലുപ്പും ചേർത്ത് ഒരു ഡ്രൈ പാനിലിട്ട് ചൂടാക്കുക. എണ്ണയിൽ മുക്കി വറുക്കുന്നതോ (ഡീപ് ഫ്രൈ) അമിതമായി ഉപ്പ് ചേർക്കുന്നതോ ഒഴിവാക്കുക. റോസ്റ്റ് ചെയ്ത മഖാനയ്‌ക്കൊപ്പം കുതിർത്ത ബദാം, വാൽനട്ട് അല്ലെങ്കിൽ മത്തങ്ങയുടെ വിത്തുകൾ എന്നിവ ചേർത്ത് കഴിക്കുന്നത് പതിവാക്കുക. ഉച്ചയ്ക്കുശേഷം കഴിക്കാൻ പറ്റിയ, പോഷകസമൃദ്ധവും സന്തുലിതവുമായ ഒരു ലഘുഭക്ഷണമാണ് മഖാന. ശ്രദ്ധിക്കുക തൈറോയ്ഡ് മരുന്ന് കഴിക്കുന്ന സമയവുമായി ഇടകലരാത്ത രീതിയിൽ, വൈകുന്നേരം 4 മണിയോടോ 5 മണിയോടോ ഉള്ള ലഘുഭക്ഷണമായി മഖാന കഴിക്കുക.
അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതികൾ
കൊച്ചി: അഭിമന്യു കൊലക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും.
Also Read: ഓപ്പറേഷൻ സിന്ദൂർ: 314 കിലോമീറ്റർ അകലെ പാക് വിമാനം തകർത്തതായി റിപ്പോർട്ട്
വിചാരണ നടപടികൾ അടച്ചിട്ട മുറിയിലാക്കണമെന്ന ആവശ്യത്തിന് പിന്നിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒക്ടോബർ 15ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ പുതിയ നീക്കം. കേസിൽ കോടതി ഇതുവരെ 70 തവണ പ്രതികളെ വിളിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് എല്ലാ പ്രതികളും പൂർണമായി ഹാജരായതെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.
ഓപ്പറേഷൻ സിന്ദൂർ: 314 കിലോമീറ്റർ അകലെ പാക് വിമാനം തകർത്തതായി റിപ്പോർട്ട്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകർത്തത് S-400-ന്റെ ദീർഘദൂര പ്രഹരശേഷിയുടെ നിർണായക തെളിവായാണ് മന്ത്രാലയം വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ S-400 എയർ ഡിഫൻസ് സംവിധാനത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശക്തിയും ശേഷിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ, ലാഭം 10 കോടി
തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത്. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നും ശുപാർശ.
മട്ടനും മീനും പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകണമെന്നും ശുപാർശയിൽ പറയുന്നു. നിലവില്‍ ആഴ്ചയില്‍ ഒരിക്കൽ മട്ടനും രണ്ടുതവണ മീനും നല്‍കുന്നു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്. മട്ടന് ചെലവ് 5.72 കോടി രൂപയും മത്സ്യത്തിന് 4.8 കോടി രൂപയുമാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ ചെലവാകൂവെന്നും കണക്കാക്കുന്നു. മീനിന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മട്ടൻ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്നും പറയുന്നു.
പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസ്, പ്രതികള്‍ക്ക് വിതരണ ശൃംഖലയുമായി അടുത്ത ബന്ധം
കോഴിക്കോട്. പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഡൽഹി
കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണ ശൃംഖല നടത്തിയിരുന്നവരുമായി അജ്മലിനും സൂര്യയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തൽ.
ലഹരി എത്തിച്ചുനൽകിയവരാരെല്ലാം, ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നത് ആരൊക്കെ, കേരളത്തിലെ വിതരണ ശൃംഖലയുമായി ഇവർക്ക് എങ്ങനെയാണ് ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണം.
നിലമ്പൂർ സ്വദേശി അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരാണ് നോയിഡയിലെ ഫ്ളാറ്റില്‍ നിന്നും അറസ്റ്റിലായത്. സൂര്യ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
മൂന്ന് മാസം മുമ്പ് പന്തീരാങ്കാവിൽ നിന്ന് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിന്റെ കണ്ണികൾ അജ്മലിലേക്കും സൂര്യയിലേക്കും എത്തിയത്. പിന്നാലെ പ്രതികളുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും ലഹരി ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഡൽഹിയിൽ താമസിച്ചിരുന്ന അജ്മലും സൂര്യയും ലഹരി കടത്ത് സംഘത്തിൽ നിന്ന് എംഡിഎംഎ ശേഖരിച്ച് ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാർക്ക് എത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. അജ്മലിന് മലപ്പുറത്ത് 13 കിലോ എംഡിഎംഎ പിടികൂടിയ കേസുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലെ മുഖ്യകണ്ണിയാണ് അജ്മലെന്നാണ് പൊലീസിന്റെ വിശദീകരണം.
50 ശതമാനം വിലക്കുറവിൽ വ്യാജ ക്യാൻസർ മരുന്നുകൾ; 90ലധികം ആശുപത്രികളിലേക്ക് വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി സംശയം, ബെംഗളൂരുവിൽ അറസ്റ്റ്
ബെംഗളൂരു: ക്യാൻസർ മരുന്നുകളും ജീവൻരക്ഷാ കുത്തിവയ്പ്പുകളും ഉൾപ്പെടെയുള്ള വ്യാജ മരുന്നുകൾ വിതരണം ചെയ്ത വൻ മാഫിയ ബെംഗളൂരുവിൽ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ എത്തിച്ചുനൽകിയ സംഭവത്തിൽ ബെംഗളൂരു പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്സ് കൺട്രോൾ വകുപ്പും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കൃപാ ഹെൽത്ത് കെയർ എന്ന ഫാർമസിയുടെ ഉടമ വീരേഷ് കുമാർ ജെയിൻ അറസ്റ്റിലായിട്ടുണ്ട്.
മിനർവ സർക്കിളിന് സമീപമുള്ള കൃപാ ഹെൽത്ത് കെയറിൽ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്. കാൻസർ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും പകുതിയോളം വിലക്കുറവിൽ നൽകിയാണ് ഇവർ വിപണിയിൽ വിതരണം ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകൾ ശേഖരിച്ച് പുതിയ കവറുകളിലാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ വ്യാജ ലേബലുകൾ പതിച്ചാണ് ഇവർ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ അഞ്ച് കോടിയോളം രൂപയുടെ വ്യാജ മരുന്നുകളും കുത്തിവയ്പ്പ് നിർത്തുന്നതിനുള്ള ഉപകരണങ്ങളും ഇൻവോയ്സുകളും പൊലീസ് പിടിച്ചെടുത്തു. കേസിൽ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന പ്രശാന്ത് എന്നയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടകയ്ക്ക് പുറമെ ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വ്യാജ മരുന്നുകൾ വാങ്ങിയ ആശുപത്രികളെയും സ്ഥാപനങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കസ്റ്റംസ് പിടിച്ച സ്വര്‍ണം സഹിതം വിലക്കുറവില്‍ വാങ്ങാം,അരക്കോടി തട്ടിയ കേസ് പൊലീസ് അന്വേഷിക്കുന്നു
കൊച്ചി.കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സ്വർണ്ണം, ആഡംബര വാഹനങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും വൻ ലാഭവിഹിതവും കമ്മീഷനും വാഗ്ദാനം ചെയ്തും 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു. പുത്തൻകുരിശ് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം, കോഴിക്കോട് സ്വദേശികളായ ആറുപേർക്കെതിരെഎഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കസ്റ്റംസ് കമ്മീഷണർ, ബാങ്ക് മാനേജർ, റൂറൽ എസ്‌പി, കസ്റ്റംസ് പാനൽ അഭിഭാഷകർ തുടങ്ങിയ ഉയർന്ന പദവികൾ വ്യാജമായി ചമച്ചാണ് പ്രതികൾ പരാതിക്കാരിയുടെ വിശ്വാസ്യത നേടിയെടുത്തത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമായി പ്രതികൾ തുക കൈപ്പറ്റുകയായിരുന്നു. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





































