27.1 C
Kollam
Monday 14th September, 2026 | 09:24:22 AM
Home News Breaking News ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ മുന്‍ സര്‍ക്കാര്‍ അല്ല, മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി അശോക്

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയ നടപടിയെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, വിശദീകരണവുമായി മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി അശോക്. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതാണെന്ന യുഡിഎഫ് സര്‍ക്കാരിന്റെ വാദം യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. 2015ല്‍ കൊണ്ടുവന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ മുന്‍ സര്‍ക്കാര്‍ അല്ല. മറിച്ച് കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദ് ചെയ്തതെന്നും അശോക് മാധ്യമങ്ങളോട് പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമായിരുന്ന കരാര്‍ മുന്‍ സര്‍ക്കാര്‍ റദ്ദാക്കി എന്ന വാദം റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ്. ബിഡ് കണ്ടീഷനുകള്‍ ലംഘിച്ചതും അളവ് വിഭജിച്ചതും ബിഡിന് ശേഷം ഫിക്സഡ് ചാര്‍ജില്‍ മാറ്റം വരുത്താന്‍ കമ്പനികളെ അനുവദിച്ചതും കാരണം കുറഞ്ഞ നിരക്കായ 3.60 രൂപയ്ക്ക് പകരം യൂണിറ്റിന് 4.29 രൂപയ്ക്ക് മുകളില്‍ ബാധ്യത വന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ, രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ രണ്ട് ടെന്‍ഡറുകള്‍ നടത്തി ഒരേ ജനറേറ്റര്‍ പ്ലാന്റിലെ വൈദ്യുതിക്ക് ഒരേസമയം കെഎസ്ഇബി രണ്ട് വ്യത്യസ്ത നിരക്കുകള്‍ നല്‍കാന്‍ തീരുമാനിച്ചത് സാങ്കേതികമായി തെറ്റായ നടപടിയായിരുന്നുവെന്നും അശോക് ചൂണ്ടിക്കാട്ടി.

റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കാത്ത പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കില്ല. വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 108 പ്രകാരം സര്‍ക്കാര്‍ നല്‍കിയ നയപരമായ നിര്‍ദേശങ്ങള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ നിരാകരിച്ച കരാറിനെ ഓവറൈഡ് ചെയ്യാന്‍ കഴിയില്ലെന്ന് അപ്പലറ്റ് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്റെയോ ആപ്റ്റലിന്റെയോ മുന്നില്‍ കരാറിന്റെ നിയമപരമായ സാധുത സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറില്ലാതെ വൈദ്യുതി വാങ്ങിയതിനെ തുടര്‍ന്ന് 250 കോടിയോളം രൂപ അധികമായി നല്‍കിയതിനെ ചൊല്ലി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിരീക്ഷണം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-15 കാലത്തെ പഴയ നിരക്കില്‍ ഇന്ന് വൈദ്യുതി നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ തയ്യാറല്ലെന്നും അവര്‍ ആപ്റ്റലിനെ സമീപിച്ച് കരാറില്‍ നിന്ന് പിന്മാറിയതാണെന്നും ബി അശോക് വ്യക്തമാക്കി.വിപണിയിലെ മാറ്റങ്ങളും പണപ്പെരുപ്പവും പരിഗണിക്കുമ്പോള്‍ 10 വര്‍ഷം മുന്‍പത്തെ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ പുതിയ ബിഡിങ് പ്രക്രിയ നടത്തുകയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here