തിരുവനന്തപുരം. സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും അപ്രഖ്യാപിത ലോഡ്‌ഷെഡിംഗിലും മുഖ്യമന്ത്രി വി.ഡി. സതീശനെയും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനെയും കടന്നാക്രമിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച്, പുതിയ കരാറുകള്‍ ഉണ്ടാക്കി അതിന്റെ പേരില്‍ വന്‍തോതില്‍ കമ്മീഷന്‍ അടിക്കാനുള്ള നീക്കമാണ് ഭരണതലത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ലെന്നും ഭരണം നടത്താന്‍ കഴിവില്ലെങ്കില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ആ കസേരകളില്‍ തുടരാതെ രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
നല്ല രീതിയില്‍ മഴ ലഭിച്ചാലും സംസ്ഥാനത്തെ മുഴുവന്‍ ജലവൈദ്യുതി പദ്ധതികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാലും കേരളത്തിന് ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് എം.എം. മണി ചൂണ്ടിക്കാട്ടി. ബാക്കി വരുന്ന 60 ശതമാനം വൈദ്യുതിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിവിധ കരാറുകള്‍ വഴിയും വാങ്ങിയാണ് ഇവിടെ തടസ്സമില്ലാതെ വിതരണം ചെയ്തിരുന്നത്.
മഴ കുറയുമ്പോഴും ജലസംഭരണികളില്‍ വെള്ളം താഴമ്പോഴും ഉണ്ടാകാന്‍ സാധ്യതയുള്ള വൈദ്യുതി ക്ഷാമം മുന്‍കൂട്ടി കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ‘വെറുതെ പ്രാര്‍ത്ഥിച്ചാല്‍ മാത്രം മഴ പെയ്യില്ല. അത്തരം സാഹചര്യങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വിലകൊടുത്തു വാങ്ങാന്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ അവസരമുണ്ട്. എന്നാല്‍ അതിനായുള്ള നടപടികള്‍ സ്വീകരിക്കാതെ കൈകെട്ടി നോക്കിനില്‍ക്കുകയാണ് സര്‍ക്കാര്‍,’ എം.എം. മണി പരിഹസിച്ചു.
































