Home Blog Page 67

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി

തിരുവനന്തപുരം. സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി നടത്തും. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞാല്‍ ഒരുമാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി.

അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷയാണിത്. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും പരീക്ഷ. പത്ത് വിഡിയോകള്‍ ഉണ്ടാകും. വിഡിയോ പ്ലേ ചെയ്യുന്നതിനിടെ ചില സമയങ്ങളില്‍ അപകടം മുന്നിലുണ്ടാകും. ഇത് എങ്ങനെ മറികടക്കും എന്നതാണ് പരീക്ഷ. പത്ത് വീഡിയോ വിജയിച്ചാല്‍ നൂറ് മാര്‍ക്ക് കിട്ടും. മിനിമം അറുപത് മാര്‍ക്ക് കിട്ടിയാലേ ഹസാഡ് ടെസ്റ്റ് പാസാകുകയുള്ളു.

ഒന്നര കിലോ കഞ്ചാവുമായി 42-കാരന്‍ പിടിയില്‍

പത്തനാപുരം: ഒന്നര കിലോയോളം കഞ്ചാവുമായി യുവാവിനെ ഡാന്‍സാഫ് സംഘം പിടികൂടി. പുനലൂര്‍ കലയനാട് സന്ധ്യാമന്ദിരത്തില്‍ അയ്യപ്പന്‍ (42) ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്ര ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് അയ്യപ്പനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഒന്നര കിലോയോളം കഞ്ചാവ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്.

എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാജനവിഭാഗങ്ങളുടേതുമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാവണം,എംവി ഗോവിന്ദന്‍

കോഴിക്കോട്: വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് വര്‍ഗീയതക്കെതിരെ പൊരുതുക സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വര്‍ഗീയത രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്നതാണ് വിശ്വാസം. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വിശ്വാസികളെ കൂടി മുഖവിലയ്ക്ക് എടുത്തുവേണം ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനെന്നും ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ലെന്നും എല്ലാ ഉത്സവങ്ങളും എല്ലാ ജനങ്ങളുടേതുമാണെന്നും ആരാധാനാലയങ്ങള്‍ വിശ്വാസികളുടേത് മാത്രമാക്കി മാറ്റണമെന്നുമുള്ള അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നതായി എംവി ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ വര്‍ഗീയവാദികളുടെ നിയന്ത്രണത്തിലാകരുത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പോലും ആര്‍എസ്എസ് ശാഖയും ബിജെപി ക്ലാസുകളുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാജനവിഭാഗങ്ങളുടേതുമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാവണം. ഉത്സവങ്ങളെയും ആഘോഷങ്ങളെയും എല്ലാം വെള്ളം കടക്കാത്ത അറ പോലെ വേര്‍തിരിച്ച് പൊതുഇടം എന്നതിന് പകരം സ്വകാര്യഇടങ്ങളായി, ആചാരപരമായ രീതിയില്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മതവിദ്വേഷത്തിന്റെ നിലപാടുകള്‍ സ്വീകരിക്കാനുള്ള പശ്ചാത്തലം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സൂക്ഷ്മ തലത്തിലാണ് വര്‍ഗീയ ശക്തികള്‍ ഇടപെടുന്നത്. അതിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ക്കും. ജനങ്ങളുടെ ജീവീതത്തെയും കാഴ്ചപ്പാടുകളെയും വര്‍ഗീയ വത്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. വലതുപക്ഷ വത്കരണവും അതിന്റെ ഇടതുവത്കരണവും ഫലപ്രദമായി പ്രതിരോധിക്കേണ്ടതുണ്ട്. അന്ധവിശ്വാസജടിലമായ തെറ്റായ നിലപാടുകളെയും അത് ഭൂരിപക്ഷ വര്‍ഗയീതയായാലും ന്യൂനപക്ഷവര്‍ഗീയതായായാലും സ്ത്രീ വിരുദ്ധ പരാമര്‍ശമായാലും ശരിയായ ദിശാബോധത്തോടെ ഇടപെടാനാകണം.

പാര്‍ട്ടി വിദ്യാഭ്യാസം ആധുനിക സാങ്കേതികവിദ്യകളെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തണം. അതിനുവേണ്ടി പ്രത്യേക ആപ്പുകള്‍ സജ്ജീകരിക്കണം. ഏതെങ്കിലും ഒരുകാര്യത്തില്‍ രാഷ്ട്രീയമായി സംശയം ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ സംശയനിവാരണത്തിന് കഴിയുന്നതാവണം ആപ്പ്. കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന് പ്രവര്‍ത്തങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണം. അഖിലേന്ത്യാടിസ്ഥാനത്തില്‍ സമാനചിന്താഗിതിക്കാരുമായി ഉള്‍പ്പെടുവിച്ച് വിപുലമായ പ്രസ്ഥാനം രൂപപ്പെടുത്തണം. നവമാധ്യമരംഗത്ത് സാങ്കേിതക വൈദ്ഗ്ധ്യം ഉള്‍പ്പെടുത്തി താഴെത്തലം വരെ ഇടപെടല്‍ നടത്തണം. റിവ്യുവില്‍ പറഞ്ഞതുപോലെ ജനങ്ങളുമായി കുടുതല്‍ ബന്ധപ്പെടുന്ന രീതി ഉണ്ടാവണമെന്നതുള്‍പ്പടെ ആരോഗ്യകരമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇതിന് ഇന്നുതന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി തയ്യാറാക്കും. സിപിഎമ്മിനെ കരുത്തുറ്റ പാര്‍ട്ടിയാക്കുകയെന്നതാണ് ലക്ഷ്യം. കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി ഇടപെടുമെന്നും ചില മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ന്നതിനെ അത്ഭുതമായി അവതരിപ്പിക്കുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആറന്മുള വള്ളസദ്യ ബുധനാഴ്ച സമാപിക്കും

പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള വള്ളസദ്യ ബുധനാഴ്ച സമാപിക്കും. തിങ്കളാഴ്ച പത്ത്, 15ന് എട്ട്, 16ന് ഏഴ് എന്നിങ്ങനെ വള്ളസദ്യകൾകൂടി നടക്കാനുണ്ട്. ഇരുപതു വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെ 577 വള്ളസദ്യകളാണ് ബുക്ക് ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രമാണ് വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടക്കുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസങ്ങളിൽ വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ നടന്ന ദിവസങ്ങൾ വരെയുമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.കെ കുഞ്ഞികൃഷ്ണൻ, ഡി.ജി.പി എസ്. ശ്രീജിത്ത്, സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ ജി. ഹരികുമാർ, പ്രശസ്ത സംഗീത സംവിധായകനും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, എ.ഡി.ജി.പി വിജയൻ തുടങ്ങിവർ കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുത്തു. സമാപന ദിവസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

വിശാലസമിതിക്കിടെ സിപിഐഎമ്മിന് മുന്നിൽ ചോദ്യങ്ങളുമായി കെ കെ രമ എംഎൽഎ

കോഴിക്കോട്.തെറ്റ് തിരുത്തലിനുള്ള വിശാലസമിതിക്കിടെ സിപിഐഎമ്മിന് മുന്നിൽ ചോദ്യങ്ങളുമായി കെ കെ രമ എംഎൽഎ. നേതാക്കളുടെ തെറ്റ് ചൂണ്ടിക്കാട്ടിയതിനാണ് ടിപി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയത്. അതിൻ്റെ ഗൂഢാലോചന നടന്ന കോഴിക്കോട് വെച്ച് തെറ്റ്തിരുത്തൽ വിശാല സമിതി ചേരുന്നതിൽ ആത്മാർത്ഥയുണ്ടെങ്കിൽ ആദ്യം ടിപി നേരിട്ട ക്രൂരതയുടെ തെറ്റ് ഏറ്റുപറയണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. കനത്ത പരാജയത്തിൽ നിന്ന് തടിയൂരാൻ മാത്രമുള്ള ശ്രമമാണ് ഇപ്പൊൾ നടക്കുന്നതെന്നും രമ തുറന്നടിച്ചു.

‌പാ‍ർട്ടിക്ക് നിഷേധിക്കാനാവാത്ത ചോദ്യങ്ങളാണ് സിപിഐഎമ്മിനോട് കെ കെ രമയ്ക്കുള്ളത്. ശരിയായ ഉത്തരം അറിയുമെങ്കിലും പറയാൻ കഴിയാത്ത പ്രതിസന്ധി പാർട്ടിക്കുണ്ടെന്ന് ടിപി ചന്ദ്രശേഖരൻ്റെ ജീവിതപങ്കാളിക്ക് മറ്റാരേക്കാളും നന്നായി അറിയാം. അതിനാൽ തന്നെ ഇപ്പൊൾ നടക്കുന്നതെല്ലാം പ്രഹസനം, ശരിയായ തെറ്റ് തിരുത്തൽ ഉണ്ടാകണമെങ്കിൽ ഇന്നലെകളിലെ വീഴ്ചകൾ ഏറ്റുപറയണം, തെറ്റ് ചൂണ്ടിക്കാട്ടിയാൽ ജീവൻ നഷ്ടമാകില്ലെന്ന ഉറപ്പ് സഖാക്കൾക്ക് നൽകണം- രമ പറഞ്ഞു

ഇടതുപക്ഷത്തിൻ്റെ കുത്തകയൊന്നും സിപിഐഎമ്മിനില്ല. പാർട്ടി നേതൃത്വം പറയുന്നത് മുഴുവൻ അംഗീകരിക്കുന്ന അണികൾ ഇനി ഉണ്ടാകില്ല. തളിപ്പറമ്പും പയ്യന്നൂരും അതിനുദാഹരണമാണ് – എംഎൽഎ തുറന്നടിച്ചു.

സഖാവേ ഇത് ശരിയല്ലെന്ന് പറയാൻ ഓരോ സഖാവിനും കഴിയണം, അതിനുള്ള അവസരം ഉണ്ടാക്കണം എന്നതാണ് തിരുത്തലിലേക്ക് ഉള്ള ആദ്യ പടിയെന്ന് പറഞ്ഞാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വിശാലസമിതിക്ക് തുടക്കം കുറിച്ചത്. ഇവിടെയാണ് തെറ്റുകൾ ഏറ്റുപറയാൻ, ചൂണ്ടിക്കാണിക്കാൻ പരിമിതികളുണ്ടെന്നും,പരിമിതി മറികടന്നവർക്ക് ജീവൻ നഷ്ടമാകുമെന്നും കെ കെ രമ പാർട്ടിയെ ഓർമിപ്പിക്കുന്നതും

നേതൃത്വത്തിനെ മുഖം നോക്കാതെ വിമർശിച്ച കണ്ണൂർ ശൈലി,മുറിവില്‍ മരുന്നു പുരട്ടുന്ന തിരുവനന്തപുരം ശൈലി ചര്‍ച്ചക്ക് രണ്ട് മാതൃകകളുമായി സിപിഎം

കോഴിക്കോട്.രണ്ട് വ്യത്യസ്ത മാതൃകകൾ മുന്നിൽ വച്ചാണ് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിയിലെ ആദ്യ ദിന ചർച്ചകൾ അവസാനിച്ചത്. നേതൃത്വത്തിനെ മുഖം നോക്കാതെ വിമർശിച്ച കണ്ണൂർ ശൈലി തിരുത്തലിൻ്റേതാണ്. നേതൃത്വത്തിനെ പിണക്കാതെ തന്ത്രപരമായ സമീപനം സ്വീകരിച്ച തിരുവനന്തപുരം ശൈലിയാണ് മറ്റൊന്ന്. ഇന്ന് തുടരുന്ന ചർച്ചയിൽ മറ്റു ജില്ലകൾ ഏത് ശൈലി സ്വീകരിക്കുമെന്നതും ശ്രദ്ദേയം.

വിശാല സംസ്ഥാന സമിതി കൊണ്ട് കേന്ദ്രനേതൃത്വം എന്താഗ്രഹിച്ചോ അതാണ് കണ്ണൂർ മുന്നിൽ വച്ച ശൈലി. നേതൃത്വത്തെ കടന്നാക്രമിക്കുക. ഒരു ആനുകൂല്യങ്ങളും നൽകാതെ തോൽവിയുടെ കാരണം തുറന്നു അവതരിപ്പിക്കുക. രണ്ടാമത്തെ ശൈലിയാണ് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികൾ സ്വീകരിച്ചത്. അത് സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതുമാണ്. മുറിവിൽ ലേപനം പുരട്ടുന്നത് പോലെ ഒന്ന്. സംഭവിച്ചത് വലിയവീഴ്ച അല്ലെന്നും നമുക്കൊന്നിച്ച് തിരുത്താമെന്നുമുള്ള ലൈൻ. ഇനി ചെയ്യേണ്ട കാര്യങ്ങൾ ഒന്നിച്ച് തീരുമാനിക്കാം എന്നതാണ് തിരുവനന്തപുരത്തിൻ്റെ നിലപാട് .

9 ജില്ലാ കമ്മിറ്റികളാണ് ഇന്നത്തെ പൊതു ചർച്ചയിൽ പങ്കെടുക്കുക. കണ്ണൂർ ശൈലി ആരൊക്കെ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. ജില്ലാ സെക്രട്ടറിയുടെ നിയന്ത്രണത്തിൽ അല്ല പ്രതിനിധികൾ അഭിപ്രായം പറയുന്നത്. അതിനാൽ വിമർശനം ഏതു വഴിക്ക് വരുമെന്ന് നേതൃത്വത്തിന് ഊഹിക്കാനും കഴിയില്ല. നേതൃത്വം തുടരണമെന്ന് ആഗ്രഹിക്കുന്നവർ തിരുവനന്തപുരത്തിന്റെ വഴി സ്വീകരിക്കും. വീഴ്ച പറ്റിയ ജില്ലാ കമ്മിറ്റികൾ അതു ചർച്ചയവാതിരിക്കാനും തിരുവനന്തപുരത്തിൻ്റെ വഴി സ്വീകരിക്കും. പാർട്ടിയിൽ അടിമുടി പൊളിച്ചുപണി ആഗ്രഹിക്കുന്നവർ കണ്ണൂർ ശൈലി ഉപയോഗിക്കും.

വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു

ചോരക്കളങ്ങളായി കേരളത്തിലെ റോഡുകൾ. വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കണ്ണമംഗലം സ്വദേശി ഭദ്ര, വിതുര സ്വദേശി ഷൈജു എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവറാണ് ഷൈജു.

ബൈക്കിൽ പിന്നിൽ ബസ് ഇടിച്ചാണ് പത്തു വയസ്സുകാരി ഭദ്രയുടെ ജീവൻ പൊലിഞ്ഞത്. കായംകുളം പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു ഭദ്ര. പിന്നിൽ നിന്ന് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ഭദ്രയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.

വിതുരയിൽ അമിത വേഗതയിൽ എത്തിയ മദ്യപസംഘത്തിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഷൈജുവിനൊപ്പമുണ്ടായിരുന്ന മക്കളായ 12 കാരനായ വസുദേവ് ആറു വയസ്സുകാരി വാസുകി എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.വിതുര – പേരയത്ത് പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷൈജു. നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. പൊന്മുടി വിനോദസഞ്ചാരത്തിനു ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികർ മദ്യലഹരിയിൽ ആയിരുന്നു. വാഹനം തെറ്റായ ദിശയിൽ ഓടിച്ചു കയറ്റിയതാണ് അപകടത്തിന് കാരണം. ഇവരെ വിതുര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി വി ഡി സതീശൻ്റെ കെഎസ്ഇബി ഡാൻസ് വീഡിയോ നീക്കംചെയ്ത് മെറ്റ

തിരുവനന്തപുരം.മുഖ്യമന്ത്രി വി ഡി സതീശൻ്റെ കെഎസ്ഇബി ഡാൻസ് വീഡിയോ നീക്കംചെയ്ത് മെറ്റ. ഇന്ത്യയിലാണ് വീഡിയോയ്ക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ് വീഡിയോ എന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രി അവഹേളിക്കുന്ന വീഡിയോ അല്ല തയ്യാറാക്കിയതെന്ന് നിർമ്മാതാക്കൾ ബിഗ് ടിവി പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വാർത്താ കാർഡുകൾ മെറ്റ നീക്കം ചെയ്തത് വിവാദമായിരിക്കെയാണ്, Al വീഡിയോക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തുന്നത്. വൈദ്യുത പ്രതിസന്ധിയും, പവർകെട്ടും സജീവമായിരിക്കെ മുഖ്യമന്ത്രി കെഎസ്ഇബി ജീവനക്കാരോടൊപ്പം നൃത്തം ചെയ്യുന്ന Al വീഡിയോ വൈറലായിരുന്നു. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനി നിർമ്മിച്ച വീഡിയോ AI കവല എന്ന പേജിൽ പങ്കുവെച്ചു. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്നത് ചൂണ്ടിക്കാട്ടി വിലക്കുകയായിരുന്നു. ഇതോടെ വിദേശരാജ്യങ്ങളിൽ നിന്ന് മാത്രമേ വീഡിയോ കാണാൻ കഴിയു. മുഖ്യമന്ത്രിയെ അവഹേളിക്കാൻ വേണ്ടി ചെയ്തതല്ല, മുഖ്യമന്ത്രിയും വീഡിയോ അംഗീകരിച്ചതിൽ സന്തോഷം എന്നും വീഡിയോ നിർമ്മിച്ച അഭിജിത്തും അഖിലും ബിഗ് ടിവിയുടെ പ്രതികരിച്ചു.

മെറ്റാ നടപടിക്കെതിരെ, ഇല്ല വീഡിയോ നിർമ്മാതാക്കൾ അപ്പീൽ നൽകിയിട്ടുണ്ട്.

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ കല്ലെറിഞ്ഞുവീഴ്ത്തി,കെട്ടി കനാലില്‍ തള്ളി, മാലയും പണവും കവര്‍ന്നു

കൊച്ചി: ആലുവ നഗരമധ്യത്തില്‍ നടുക്കുന്ന കവര്‍ച്ച. ആലുവ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിയെ ആക്രമിച്ച് മാലയും പണവും കവര്‍ന്നു. രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജു ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജോഫിന്‍ ജിജുവിനെ തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് കയറുകൊണ്ട് കെട്ടി കനാലില്‍ തള്ളി. ഇതിന് ശേഷം നെഞ്ചില്‍ കരിങ്കല്ല് കൊണ്ട് ഇടിച്ച് പണവും മാലയും കവര്‍ന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി.

റെയില്‍വേ സ്റ്റേഷന് പിന്നില്‍ ഗുഡ്‌സ് യാര്‍ഡിലൂടെ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ ചില ആളുകള്‍ തമ്പടിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

അതിനിടെ രാത്രിസമയങ്ങളില്‍ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതുമാണ് ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ചവറ സൗത്ത് വടക്കുംഭാഗം ശാന്തി നിവാസിൽ (കളീലിൽ ) റിട്ട. ഹെഡ് മാസ്റ്റർ എസ് സദാശിവൻ പിള്ള  നിര്യാതനായി

ചവറ സൗത്ത്. വടക്കുംഭാഗം ശാന്തി നിവാസിൽ (കളീലിൽ ) റിട്ട. ഹെഡ് മാസ്റ്റർ എസ് സദാശിവൻ പിള്ള (88) നിര്യാതനായി സംസ്കാരം ഇന്ന് രാത്രി ഏഴിന്

ഭാര്യ . ചവറ കൊയ് മഠത്തിൽ വിജയമ്മ പിള്ള

മക്കൾ വി.എസ്. തങ്കം (RCC നീണ്ടകര ) , വി എസ് താര (ഇൻകംടാക്സ് ,കൊല്ലം) മരുമക്കൾ. അശോക് കുമാർ (KSFE) ശ്രീകുമാർ ( റിട്ട . Hss ടീച്ചർ )

സഞ്ചയനം 20 ഞായർ