ചോരക്കളങ്ങളായി കേരളത്തിലെ റോഡുകൾ. വ്യത്യസ്ത ഇടങ്ങളിലായി ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. കണ്ണമംഗലം സ്വദേശി ഭദ്ര, വിതുര സ്വദേശി ഷൈജു എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവറാണ് ഷൈജു.
ബൈക്കിൽ പിന്നിൽ ബസ് ഇടിച്ചാണ് പത്തു വയസ്സുകാരി ഭദ്രയുടെ ജീവൻ പൊലിഞ്ഞത്. കായംകുളം പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പിതാവ് ശ്രീകാന്തിനൊപ്പം ബൈക്കിൽ വരുകയായിരുന്നു ഭദ്ര. പിന്നിൽ നിന്ന് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ശ്രീഭദ്ര അതേ ബസിനടിയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ഭദ്രയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.
വിതുരയിൽ അമിത വേഗതയിൽ എത്തിയ മദ്യപസംഘത്തിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ച ഷൈജുവിനൊപ്പമുണ്ടായിരുന്ന മക്കളായ 12 കാരനായ വസുദേവ് ആറു വയസ്സുകാരി വാസുകി എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.വിതുര – പേരയത്ത് പാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷൈജു. നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. പൊന്മുടി വിനോദസഞ്ചാരത്തിനു ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികർ മദ്യലഹരിയിൽ ആയിരുന്നു. വാഹനം തെറ്റായ ദിശയിൽ ഓടിച്ചു കയറ്റിയതാണ് അപകടത്തിന് കാരണം. ഇവരെ വിതുര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.































