Home Blog Page 66

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായ സംഭവത്തില്‍ പിടിവീണത് സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക്

വയനാട്.സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ ഹാൻസ് മോഷണം പോയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹറാണ് നടപടി സ്വീകരിച്ചത്.ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായ സംഭവത്തിലാണ് നടപടി.
സ്റ്റേറേഷൻ കോമ്പൗണ്ടിലെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്.സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്താണ് ഹാൻസ് കടത്തിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് സബിത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാൻസ് മോഷണം പോയ വിവരം പുറത്തുവന്നതിന് പിന്നാലെ സബിത്ത് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തിൽ അന്വേഷണം നടത്തിയ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.തൊണ്ടിമുതൽ മോഷണത്തിൽ സബിത്തിനെതിരെ വകുപ്പുതല അന്വേഷണവും തുടരും.
മോഷണം പോയ ഹാൻസ് കണ്ടെത്തുന്നതിനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്

ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്ന് PSC യോഗ തീരുമാനം

തിരുവനന്തപുരം.പരീക്ഷ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്ന് PSC യോഗ തീരുമാനം. പിഎസ്‌സി ആസ്ഥാനത്തെത്തിയാൽ ചോദ്യം ചെയ്യലുമായി സഹകരിക്കും.എസ് ഐ ടി നിലപാടിൽ തുടർന്നാൽ കോടതിയെ സമീപിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി എസ്ഐടി തലവന് പിഎസ് സി അംഗങ്ങൾ കത്ത് കൈമാറി

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി അംഗങ്ങളായ ഡോക്ടർ എസ് ശ്രീകുമാർ, എസ് എ സൈഫ്, അബ്ദുൽ സമദ് വി.ടി.കെ, ഡോക്ടർ സി കെ ഷാജിത്, ഡോ സ്റ്റാനി തോമസ് എന്നിവർക്കാണ് നാളെ മുതൽ ചോദ്യം ചെയലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്. എന്നാൽ ഭരണഘടന പരിരക്ഷ ചൂണ്ടിക്കാട്ടി അംഗങ്ങൾ ക്രൈംബ്രാഞ്ചാം ആഎത്താൻ ആകില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലിനുള്ള സ്ഥലം നിശ്ചയിക്കൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കാൻ തന്നെയാണ് പിഎസ്‌സി അംഗങ്ങളുടെ തീരുമാനം. അതുകൊണ്ടാണ് പിഎസ്‌സി ചേംബർ എന്ന ഉപാധി മുന്നോട്ടുവച്ചത്. ചെയർമാന് എതിരെ വരെ അംഗങ്ങൾക്ക് പരാതി ഉണ്ടെന്നാണ് വിവരം. ഇത് SIT യ്ക്ക് അംഗങ്ങൾ നൽകിയേക്കും. അതേസമയം അധ്യാപക തസ്തികയിലെ 18 റാങ്ക് പട്ടികകളുടെ കാലാവധി 6 മാസം കൂടി നീട്ടണമെന്ന് മന്ത്രിസഭാ ശുപാർശ പിഎസ്സി യോഗം തള്ളി നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭാ ശുപാർശ തള്ളിയത്.

പാലക്കാട് പികെ ശശിക്ക് ഒപ്പം ചേരാന്‍ സിപിഎമ്മിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്

പാലക്കാട്‌. സിപിഐഎമ്മിൽ നിന്ന് വീണ്ടും കൊഴിഞ്ഞു പോക്ക്. മുൻ ഏരിയ കമ്മിറ്റി അംഗങ്ങൾ പി കെ ശശിക്ക് ഒപ്പം ചേർന്നു. നല്ലേപ്പുള്ളി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ശിവൻ, ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായിരുന്ന ടി ഷൈലജ എന്നിവരാണ് സിഎംപിയിൽ ചേർന്നത്.ജില്ലാ ഏരിയ നേതൃത്വങ്ങളുടെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിചാണ് നീക്കം എന്ന് അംഗങ്ങൾ. cmp സംസ്ഥാന സെക്രട്ടറി പി കെ ശശിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ സ്വീകരിച്ചു

വേങ്ങ മിലാദെ ശെരീഫ് ഗേള്‍സ് ഹൈസ്കൂളില്‍ ഫുഡ് ഫെസ്റ്റും ഓര്‍ഗാനിക് വെജിറ്റബിള്‍ ഗാര്‍ഡന്‍ ഉദ്ഘാടനവും നടന്നു

മൈനാഗപ്പള്ളി. വേങ്ങ മിലാദെ ശെരീഫ് ഗേള്‍സ് ഹൈസ്കൂളില്‍ ഫുഡ് ഫെസ്റ്റും ഓര്‍ഗാനിക് വെജിറ്റബിള്‍ ഗാര്‍ഡന്‍ ഉദ്ഘാടനവും നടന്നു.ചവറ നൂണ്‍ മീല്‍ഓഫിസര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജുമെന്‍റ് പ്രതിനിധി അബുള്‍സലാം, ഹെഡ്മാസ്റ്റര്‍ എബി ജോണ്‍, മനാഫ് എന്നിവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് വിഭവങ്ങള്‍ നരന്ന ഫുഡ് ഫെസ്റ്റാണ് നടന്നത്.

മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാഘോഷം

ശൂരനാട് :ശൂരനാട് വടക്ക് ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ദിനാഘോഷം മഴയിലൊഴുകുന്ന പുസ്തകച്ചങ്ങാതി എന്ന പേരിൽ സംഘടിപ്പിച്ചു. മഴമുറ്റത്ത് ഗ്രന്ഥശാല പ്രസിഡന്റ് നവാസ് എസ് ചേഞ്ചിറക്കുഴി പതാക ഉയർത്തി.കൊല്ലം ജില്ലാ പഞ്ചായത്തംഗം എ. റമീസ് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല ഭരണസമിതി അംഗം എം.അബ്ദുൽ സലീം അദ്ധ്യക്ഷത വഹിച്ചു.എം.സുധീർഖാൻ റാവുത്തർ, ഹർഷ ഫാത്തിമ, ആർ. മുംതാസ് എന്നിവർ പ്രസംഗിച്ചു. പുസ്തക സമാഹരണം, മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ, അംഗത്വവിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

യു ജി റെഡ്‌ഡി മെമ്മോറിയൽ സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷനിൽ ആദ്യ ഉന്മേഷ് വിജയി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വച്ചു നടന്ന ഐ.സി.എസ്.സി സ്കൂളുകളുടെ സംസ്ഥാന ലിറ്റററി മീറ്റ് ആയ യു.ജി റെഡ്‌ഡി മെമ്മോറിയൽ സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷനിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ
ആദ്യ ഉന്മേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൊല്ലം തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.
കുന്നത്തൂർ ഐവർകാല പടി.വടക്കു ബിനേഷ് ഭവനിൽ ഉന്മേഷിന്റെയും, ദിവ്യയുടെയും മകളാണ്.

കുന്നത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നികളെ ചത്ത നിലയിൽ കാണപ്പെടുന്നത് പതിവ്

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടു പന്നികളെ ചത്ത നിലയിൽ കാണപ്പെടുന്നത് പതിവാകുന്നു.ഏലാകളിലും. പാടങ്ങളിലേക്കുള്ള നടവഴികളിലുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി വ്യാപകമായി പന്നികളെ ചത്തു കിടക്കുന്ന നിലയിൽ കാണപ്പെടുന്നത്.ജഡം പുഴുവരിച്ച് ചീഞ്ഞളിഞ്ഞ നിലയിൽ കിടക്കുന്നതിനാൽ അസഹ്യമായ ദുർഗന്ധമാണ് പ്രദേശത്ത് വമിക്കുന്നത്.വിഷം വച്ചോ,മറ്റ് കെണികളിലൂടെയോ പന്നികളെ കൊല്ലുന്നതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.പന്നി ചത്തു കിടക്കുന്ന വിവരം പഞ്ചായത്തിൽ അറിയിച്ചാൽ,മറവ് ചെയ്യാൻ പോലും തയ്യാറാകില്ലെന്ന പരാതിയുമുണ്ട്.

കർഷകർ സ്വന്തം നിലയ്ക്കാണ് ചീഞ്ഞളിഞ്ഞ ജഡം മറവ് ചെയ്യുന്നത്.കഴിഞ്ഞ ദിവസം കുന്നത്തൂർ കിഴക്ക് അരീക്കകുഴി ഭാഗത്ത് പന്നി ചത്തുകിടക്കുന്ന വിവരം പുരയിടം ഉടമ പഞ്ചായത്ത് ജനപ്രതിനിധിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.അതിനിടെ കാട്ടുപന്നി ശല്യം അതിരൂക്ഷമായ പഞ്ചായത്താണ് കുന്നത്തൂർ.വ്യാപകമായ കൃഷി നാശമാണ് സംഭവിക്കുന്നതെങ്കിലും പന്നികളെ തുരത്താൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.

തേവലക്കര മാർത്തോമ്മാ സെൻ്റർ കൺവെൻഷൻ 16 മുതൽ

ശാസ്താംകോട്ട:മലങ്കര മാർത്തോമ്മാ സുറിയാനി അടൂർ ഭദ്രാസനത്തിലെ തേവലക്കര മാർത്തോമ്മാ സെൻ്റർ എട്ടാമത് കൺവെൻഷൻ 16 മുതൽ 20 വരെ നടക്കും.16ന് വൈകിട്ട് 6.30 ന് റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.ഇവാ.ഡോ.തമ്പാൻ.ഡി.ജോർജ് പ്രസംഗിക്കും.17ന് വൈകിട്ട് 6.30ന് ഗാനശുശ്രൂക്ഷ,റവ.എം.സി ശാമുവലിൻ്റെ പ്രസംഗം,18ന് രാവിലെ 10ന് സന്നദ്ധ സുവിശേഷക സംഘം യോഗംവൈകിട്ട് 6.30 ന് ഗാനശുശ്രൂക്ഷ,വെരി റവ.കെ.വി ചെറിയാൻ,ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.19ന് സുവിശേഷ സേവികാ സംഘം യോഗം,പ്രീന മാത്യു കൊച്ചമ്മ പ്രസംഗിക്കും.ഉച്ചയ്ക്ക് 2.30ന് യുവജനസഖ്യം സൺഡേ സ്കൂൾ യോഗം,ഫാ.സച്ചിൻ ബേബി കപ്പൂച്ചിൻ പ്രസംഗിക്കും,വൈകിട്ട് 6.30 ന് ഗാനശുശ്രൂക്ഷ,റവ.എ.റ്റി സഖറിയ പ്രസംഗിക്കും.20ന് രാവിലെ 8 ന് വിശുദ്ധ കുർബ്ബാനയ്ക്ക് റൈറ്റ് റവ.ഡോ.ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ നേതൃത്വം നൽകും.10.30 ന് സമാപന സമ്മേളനം.റവ.എ.റ്റി സഖറിയ മുഖ്യസന്ദേശം നൽകും.തുടർന്ന്
ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം.ഒരുക്കങ്ങൾ പൂർത്തിയായതായും സമാപന ദിവസം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുമെന്നും ചെയർമാൻ റവ.സഖറിയാ അലക്‌സാണ്ടർ,ജനറൽ കൺവീനർ പി.സി കോശി വൈദ്യൻ,ട്രഷറർ അഡ്വ.ജെറി റ്റി യേശുദാസൻ,പബ്ലിസിറ്റി ചെയർമാൻ റവ.അജീഷ് എബ്രഹാം കോശി,കൺവീനർ അനീഷ് ബേബി,പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബിജി വർഗീസ് എന്നിവർ പറഞ്ഞു.

പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂര്‍ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് യുഡിഎഫ് സ്വതന്ത്ര എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍,ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയെ പരസ്യമായി തള്ളി

പയ്യന്നൂര്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂര്‍ണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് യുഡിഎഫ് സ്വതന്ത്ര എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. നേതൃത്വത്തിലുള്ളവരുടെ മക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണം. എന്നാല്‍ പിണറായി വിജയന്‍ അതിന് തയ്യാറായിട്ടില്ലെന്നും പയ്യന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു. ഇതോടെ, പിണറായിക്കെതിരായ ഇഡി നീക്കം ഇന്ത്യാ മുന്നണിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ ആസൂത്രിത രാഷ്ട്രീയ തന്ത്രമാണെന്ന തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ് മറ്റൊരു യുഡിഎഫ് സ്വതന്ത്ര എംഎല്‍എയായ വി. കുഞ്ഞികൃഷ്ണന്‍.

നേതൃത്വത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ അതിന് കൃത്യമായ മറുപടി നല്‍കാതിരുന്നാല്‍ ഇതില്‍ എന്തോ വലിയ കഴമ്പുണ്ടെന്ന് തന്നെയാണ് പൊതുസമൂഹം കരുതുകയെന്ന് കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ‘പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ സ്ഥിരം ശൈലിയാണ്, അത്തരം രാഷ്ട്രീയപ്രേരിതമായ ഇടപെടലുകള്‍ കേന്ദ്ര ഏജന്‍സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുമുണ്ട്. എന്നാല്‍ പിണറായിക്കെതിരായ ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെങ്കില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ എന്തുകൊണ്ട് സിപിഎമ്മിന് കഴിയുന്നില്ല? പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കില്‍ അന്വേഷണം പ്രസ്ഥാനത്തിന് നേരെയും വരും. എന്നാല്‍ പിണറായിയുടെ കുടുംബത്തിനെതിരായി വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ എന്തിനാണ് പാര്‍ട്ടിക്ക് നേരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കുന്നത്?’ കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

മാസപ്പടി വിഷയം എല്‍ഡിഎഫ് മുന്നണിക്കകത്ത് വിശദമായി ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ സിപിഐ ഈ വിഷയത്തില്‍ ഒരിക്കലും പരസ്യ വിമര്‍ശനം ഉന്നയിക്കില്ലായിരുന്നു. മറ്റു ഘടകകക്ഷികളെ ബോധ്യപ്പെടുത്തുക എന്നത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ബാധ്യതയാണ്. മുന്നണി ഒറ്റക്കെട്ടായി ഒപ്പം നില്‍ക്കണമെങ്കില്‍ മുന്നണിക്കുള്ളില്‍ സിപിഎം വ്യക്തമായ വിശദീകരണം നല്‍കണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ സ്വതന്ത്രമായ നിലപാടുകള്‍ പരസ്യമായി പറയുന്നതില്‍ ഒരു തെറ്റുമില്ല,’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞാലും പാര്‍ട്ടി തെറ്റുകള്‍ തിരുത്താന്‍ സന്നദ്ധമാകുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ തെറ്റിന്റെ കാരണങ്ങള്‍ സത്യസന്ധമായി കണ്ടെത്തിയാല്‍ മാത്രമേ തിരുത്തല്‍ സാധ്യമാകൂ. ഇതുവരെ അത്തരം ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗ റിപ്പോര്‍ട്ടിലെ തെറ്റുതിരുത്തല്‍ രേഖയില്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പരാമര്‍ശിക്കാത്തത് ദുഃഖകരമാണ്. ഇത് കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തല്‍ വിലയിരുത്തലില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ്. കേന്ദ്ര കമ്മിറ്റി രേഖയെ തള്ളിപ്പറയുന്നതിലൂടെ ചിലര്‍ പാര്‍ട്ടി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. തനിക്ക് പാര്‍ലമെന്ററി മോഹമാണെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നത്. നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രം എല്ലാത്തിലും ഇളവുകള്‍ നല്‍കുന്ന സമീപനമാണ് യഥാര്‍ത്ഥ പാര്‍ലമെന്ററി മോഹം. അല്ലാതെ രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ തുറന്നടിച്ചു

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി

തിരുവനന്തപുരം. സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി നടത്തും. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും.

റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് പുതിയ പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞാല്‍ ഒരുമാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി.

അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന പരീക്ഷയാണിത്. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും പരീക്ഷ. പത്ത് വിഡിയോകള്‍ ഉണ്ടാകും. വിഡിയോ പ്ലേ ചെയ്യുന്നതിനിടെ ചില സമയങ്ങളില്‍ അപകടം മുന്നിലുണ്ടാകും. ഇത് എങ്ങനെ മറികടക്കും എന്നതാണ് പരീക്ഷ. പത്ത് വീഡിയോ വിജയിച്ചാല്‍ നൂറ് മാര്‍ക്ക് കിട്ടും. മിനിമം അറുപത് മാര്‍ക്ക് കിട്ടിയാലേ ഹസാഡ് ടെസ്റ്റ് പാസാകുകയുള്ളു.