Home Blog Page 646

മഴക്കാല രോഗങ്ങളിൽ നിന്നും അകലം പാലിക്കാം; കുട്ടികൾ മുതൽ പ്രായമായവർ വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചൂടിൽ നിന്നുള്ള ആശ്വാസത്തോടൊപ്പം മഴക്കാലത്ത് പകർച്ചവ്യാധികളുടെ ഭീഷണിയും ഉയരുകയാണ്. അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും രോഗാണുക്കൾക്ക് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് ഇതിന് കാരണം. ചർമ്മ രോഗങ്ങൾ, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ലുവൻസ തുടങ്ങിയവയാണ് ഈ സമയത്ത് സാധാരണയായി കണ്ടുവരുന്നത്. പല രോഗങ്ങളും ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് നമ്മൾ തിരിച്ചറിയാറുള്ളത്. എന്നാൽ കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും നമുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട അഞ്ച് രോഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

Also Read: തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തെ തുടർന്ന് ക്രമീകരണം

കൊതുക് പരത്തുന്ന രോഗങ്ങൾ
മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് വഴി മലേറിയ, ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മലേറിയ: അനോഫിലസ് കൊതുകുകളാണ് ഇവ പരത്തുന്നത്. കടുത്ത പനി, ശരീരവേദന, വിറയൽ, അമിതമായി വിയർക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തേണ്ടതാണ്.

  1. ഡെങ്കിപ്പനി: ഈഡിസ് ഈജിപ്തി കൊതുകുകളുടെ കടിയേൽക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പടരുന്നത്. പനി, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ, കടുത്ത തലവേദന, പ്ലേറ്റ്ലെറ്റ് കൗണ്ട് താഴുന്നത് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് മരണത്തിന് വരെ കാരണമായേക്കാം.
  2. ചിക്കൻഗുനിയ: മഴക്കാലത്ത് വളരെ വേഗത്തിൽ പടരുന്ന ഒന്നാണിത്. എയ്ഡസ് ആൽബോപിക്റ്റസ് അഥവാ ടൈഗർ കൊതുകുകളാണ് രോഗവാഹകർ. കടുത്ത സന്ധിവേദന, കടുത്ത ക്ഷീണം, വിറയൽ, പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.

വായുവിലൂടെ പകരുന്ന രോഗങ്ങൾ
മഴക്കാലത്തെ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം മൂലം വായുവിലൂടെ പകരുന്ന അണുബാധകൾ വർദ്ധിക്കാറുണ്ട്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും മുതിർന്നവരെയുമാണ് ഇത് ബാധിക്കാൻ കൂടുതൽ സാധ്യത.

ജലദോഷവും പനിയും: അന്തരീക്ഷ താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

  1. ഇൻഫ്ലുവൻസ: മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വളരെ വേഗത്തിൽ പടരുന്നു.

ജലജന്യ രോഗങ്ങൾ

മലിനജലത്തിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും പകരുന്ന രോഗങ്ങൾ ഈ സമയത്ത് വ്യാപകമാണ്. ഓടകളിലെയും റോഡിലെ കുഴികളിലെയും മലിനജലം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതാണ് പ്രധാന കാരണം.

ടൈഫോയ്ഡ്: മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ടൈഫോയ്ഡ് പനി പടരുന്നത്.

  1. കോളറ: വിബ്രിയോ കോളറെ എന്ന ബാക്ടീരിയ അടങ്ങിയ മലിനജലത്തിലൂടെയാണ് ഈ രോഗമുണ്ടാകുന്നത്.
  2. എലിപ്പനി: കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെ നടക്കുമ്പോൾ മൃഗങ്ങളുടെ മൂത്രം വഴി ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി ഉണ്ടാകുന്നത്. പേശി വേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
  3. മഞ്ഞപ്പിത്തം: മലിനമായ വെള്ളവും ഭക്ഷണവും വഴിയും മോശം ശുചിത്വ സാഹചര്യങ്ങൾ കാരണവും മഞ്ഞപ്പിത്തം ഉണ്ടാകാം. ഇത് കരൾ സ്തംഭനത്തിന് വരെ കാരണമായേക്കാം. കണ്ണ്, മൂത്രം എന്നിവയിലെ മഞ്ഞനിറം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ.
  4. ഹെപ്പറ്റൈറ്റിസ് എ: മലിനമായ ആഹാരം, വെള്ളം എന്നിവയിലൂടെ പകരുന്ന ഈ രോഗത്തിന് പനി, ഛർദ്ദി, ചർമ്മത്തിലെ തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വൈറൽ ഇൻഫെക്ഷനുകൾ

മഴക്കാലത്ത് വൈറൽ, ഫംഗൽ, ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങളും കാൽപാദങ്ങളെ ബാധിക്കുന്ന ഫംഗസ് ബാധകളും ഈ സമയത്ത് വ്യാപകമായി കണ്ടുവരുന്നു.

ന്യുമോണിയ

മഴക്കാലത്ത് വായുവിലുള്ള ബാക്ടീരിയകളും വൈറസുകളും വഴി ന്യുമോണിയ വരാനുള്ള സാധ്യതയുമുണ്ട്. ഇത് ശ്വാസകോശത്തിലെ വായു അറകളിൽ നീർക്കെട്ടും ദ്രാവകവും നിറയാൻ കാരണമാകുന്നു. നവജാതശിശുക്കൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് ഇത് കൂടുതൽ അപകടകരമാണ്. പനി, വിറയൽ, കടുത്ത ക്ഷീണം, നെഞ്ചുവേദന, വേഗതയിലുള്ള ശ്വാസമെടുക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടത്

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരം എപ്പോഴും അടച്ചു സൂക്ഷിക്കുക. പുറത്തുപോകുമ്പോൾ കൊതുക് നശീകരണ ലായനികളോ ക്രീമുകളോ ഉപയോഗിക്കുക. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കുക.

തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തെ തുടർന്ന് ക്രമീകരണം

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണവും ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.

Also Read: നീറ്റിനോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു

പ്രമുഖ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മോഹൻ ഭാഗവതിന്റെ സന്ദർശനം കണക്കിലെടുത്ത് നാളെ തലസ്ഥാന നഗരിയിൽ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം, ആൾസെയിന്റ്സ് ജംഗ്ഷൻ – ചാക്ക, ലോർഡ്സ് ജംഗ്ഷൻ – കുഴിവിള – മുക്കോലയ്ക്കൽ, കഴക്കൂട്ടം ഫ്ലൈഓവർ – വെട്ടുറോഡ്, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻകടവ്, പള്ളിത്തുറ, ആറാട്ട് വഴി, സെന്റ് ആൻഡ്രൂസ് റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 0471 2558731, 9497930055.

റീൽസ് വീഡിയോ ചിത്രീകരണമെന്ന് സംശയം, അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ശാസ്‌താംകോട്ട:റീൽസ് ചിത്രീകരിക്കുന്നതിനെന്ന് സംശയം, അമിത വേഗതയിൽ പാഞ്ഞ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് മരുതൂർ കുളങ്ങര തിരുവാതിരയിൽ രാജുവിൻ്റെയും രാജിയുടെയും മകൻ നഴ്‌സിംഗ് വിദ്യാർഥി അരവിന്ദ് (18) ആണ് മരിച്ചത്.പോരുവഴി ഇടയ്ക്കാട് കെ.ആർ ഭവനത്തിൽ ആദർശ് (18),തഴവ കൃഷ്ണ ഭവനത്തിൽ ദേവ് കൃഷ്‌ണ (18),തഴവ സ്വദേശി ജയകൃഷ്ണൻ (18), കാർത്തിക്ക് (18) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്

ഇവരെ തിരുവനന്തപുരം,കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പുതിയകാവ്-ചക്കുവള്ളി റൂട്ടിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം പതാരം റോഡിനു സമീപത്തായി വ്യാഴാഴ്ച വൈകിട്ട് 5 കഴിഞ്ഞാണ് അപകടം നടന്നത്.3 ബൈക്കുകളിലായി 6 യുവാക്കളാണ് ഉണ്ടായിരുന്നത്.മുൻപേ പോയ ബൈക്കിലെ യുവാക്കൾ പിറകിലെത്തിയ ബൈക്കുകളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മൂന്ന് ബൈക്കുകളും അമിത വേഗതയിലായിരുന്നുവത്രേ. ഇതിനിടയിൽ രണ്ട് ബൈക്കുകളുടെ ഹാൻഡിൽ തമ്മിൽ കുരുങ്ങുകയും നിയന്ത്രണം വിട്ട് ഒരു ബൈക്ക് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും മറ്റൊരു ബൈക്ക് ടൈൽ ഷോറുമിലേക്കും ഇടിച്ചു കയറുകയായിരുന്നു. ശൂരനാട് പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

നീറ്റിനോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്നാടിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോ​ഗത്തിൽ വിജയ് പറഞ്ഞു.

Also Read: എ എ റഹീം എംപിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജപ്രചാരണം; 2 പേർക്കെതിരെ കേസെടുത്തു

നീറ്റ് പരീക്ഷയോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമ​ഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നൽകണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിർപ്പും പരാമർശിച്ചു.

അതേ സമയം, നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രി വിജയ് ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പോയത് സ്വന്തം ചെലവിൽ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി അടക്കം ഐഎഎസ് ഉദ്യോഗസ്ഥർ ഇല്ലാതെ സ്വന്തം ബോഡിഗാർഡും സുഹൃത്തുക്കളുമായി വിമാനത്തിൽ പോയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

എ എ റഹീം എംപിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജപ്രചാരണം; 2 പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സിപിഎം നേതാവും രാജ്യസഭാ എംപിയുമായ എഎ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ്; ‘വൈകാതെ ഖാർഗ് ദ്വീപടക്കം ഇറാന്‍റെ എണ്ണ വിപണി പിടിച്ചെടുക്കും’

ശ്രീകാന്ത് പള്ളിക്കത്തോട് (Sreekanth Pallickathode), റിയാസ് തത്തോത്ത് (Riyas Thathoth) എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഎ റഹീമിൻ്റെ ചിത്രം അനുമതിയില്ലാതെയും ദുരുദ്ദേശ്യപരമായും ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിച്ചുവെന്നാണ് കേസ്.

“ഓപ്പറേഷൻ തൂഫാൻ” എന്ന നടപടിയിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവർത്തകർ പിടിയിലായെന്നും, ഇതിനെതിരെ എ എ റഹീം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്നുമുള്ള രീതിയിലായിരുന്നു പ്രചരണം. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും എംപിയെ അപകീർത്തിപ്പെടുത്താനുമാണ് പ്രതികൾ ശ്രമിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. 2026 ജൂൺ 1-നും 9-നും ഇടയിലുള്ള ദിവസങ്ങളിലാണ് ഈ വ്യാജ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 336(4), ഐ.ടി ആക്ട് സെക്ഷൻ 66C, കേരള പോലീസ് ആക്ട് സെക്ഷൻ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ നൗഷാദ് സി.കെ ആണ് കേസ് അന്വേഷിക്കുന്നത്.

ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കുമെന്ന പുതിയ ഭീഷണിയുമായി ട്രംപ്; ‘വൈകാതെ ഖാർഗ് ദ്വീപടക്കം ഇറാന്‍റെ എണ്ണ വിപണി പിടിച്ചെടുക്കും’

വാഷിങ്ടണ്‍: ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്‍റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read: ഡൽഹിയിൽ സർക്കാർ ജോലി, 1979 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളിൽ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വൈകാതെ തന്നെ ഖാർഗ് ദ്വീപും ഇറാന്റെ മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. ഇത് വെനസ്വേലയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഒരുപോലെ ഗുണമുള്ള രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിലെ യുഎസ് – ഇറാൻ വെടിനിർത്തൽ കരാർ പൂർണമായി ലംഘിക്കപ്പെടുകയാണ്.

അതിനിടെ മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്ന് ഇറാന്‍ അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി. ഏപ്രിൽ മാസത്തെ വെടിനിർത്തൽ കരാർ അമേരിക്ക ആവർത്തിച്ച് ലംഘിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്.

ജില്ലാ വനിതാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

കൊല്ലം ജില്ലാ സൈക്ലിംഗ് അസോസിയേഷനും, എക്സ്ട്രീം ഫൈറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം ജില്ലാ
” KHELO-INDIA WOMEN’S ASMITA CYCLING LEAGUE “
13/06/2026 ശനിയാഴ്ച ദിവസം രാവിലെ 07.00 മണിക്ക് തേവലക്കര മുള്ളിക്കാലയിൽ നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. ഈ ചാമ്പ്യൻഷിപ്പ് ഡോക്ടർ സുജിത്ത് വിജയൻപിള്ള(Ex MLA)ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാനം തെക്കുംഭാഗം സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ബിനു അവർകൾ നിർവഹിക്കുന്നതാണ്. മൂന്ന് കാറ്റഗറികളിൽ ആയാണ് മത്സരം നടക്കുക. 🚴‍♀️. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ, 🚴 16,17 വയസ്സുള്ള പെൺകുട്ടികൾ.,
🚴 18 വയസും അതിനു മുകളിൽ ഉള്ള പെൺകുട്ടികൾ.
എല്ലാ കാറ്റഗറികളിലും
ഒന്ന് /രണ്ട്/ മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകുന്നതാണ്. അതോടൊപ്പം പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ
ഒപ്പോട് കൂടിയ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും . നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും വനിത കായിക വികസനത്തിനായി സംഘടിപ്പിക്കുന്ന
ഈ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെപ്പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. ഇതിനോട് അനുബന്ധമായി നടക്കുന്ന സൈക്ലിംഗ് റാലിക്ക് പ്രായഭേദ ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നതാണ്.

999 5336 777
984 6805 532
984 7405 555

റാങ്കുകളുടെ തിളക്കത്തിൽ ശാസ്താംകോട്ട കെ.എസ്.എം. കോളേജ്

ശാസ്താംകോട്ട:2026-27 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജ് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി.കേരള യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ വിവിധ റാങ്കുകൾ കോളേജിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കി.

പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് ഫിദ ഫാത്തിമ രണ്ടാം റാങ്കും,സംസ്‌കൃതം വിഭാഗത്തിൽ നിന്ന് ജി.എൽ വേണികൃഷ്ണ മൂന്നാം റാങ്കും,സിബി റേയ്ചൽ നാലാം റാങ്കും ബി.വോക്.ഫുഡ്‌ പ്രോസസ്സിംഗ് വിഭാഗത്തിൽ നിന്ന് അനുജ കെ.സജി ഒന്നാം റാങ്കും,ചിത്ര.ഡി രണ്ടാം റാങ്കും,ഫിയ ഫാത്തിമ മൂന്നാം റാങ്കും,ബി.വോക്. സോഫ്റ്റ്‌വെയർ വിഭാഗത്തിൽ നിന്ന് അമൃത.എസ് രണ്ടാം റാങ്കും ജിതിൻ രാജ് വി.മൂന്നാം റാങ്കും ഹിസ്റ്ററി വിഭാഗത്തിൽ നിന്ന് മുഹമ്മദ്‌ അമാനുള്ള ഒൻപതാം റാങ്കും നേടി.

വിവിധ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഭൂരിപക്ഷം വിദ്യാർത്ഥികളും എപ്ലസ്,എ ഗ്രേഡുകൾ നേടി ഉന്നത വിദ്യഭ്യാസത്തിന് അർഹരായി.ഉയർന്ന വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കുന്നതായി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.എസ് അനിൽ കുമാർ അറിയിച്ചു.

ഒടുവില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും.

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടിക്കാര്യത്തില്‍ തിരുത്തലിന് സിപിഎം തയാറായത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും, മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. 2017-18 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. പിന്നീട് സ്വാഭാവിക ജാമ്യം നേടിയാണ് പത്മകുമാര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.

എന്നാല്‍ പത്മകുമാറിനെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം മടിച്ചു നില്‍ക്കുകയായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലുള്ള പത്മകുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്.

എസ്എച്ച്ഒ ശൂരനാട് സ്വദേശി രാജേഷിന്‍റെ ആത്മഹത്യ;കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി റിപ്പോർട്ട്

ശാസ്‌താംകോട്ട:തൃശൂർ മാളയിലെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മാള എസ്എച്ച്ഒ
ശൂരനാട് തെക്ക് ഇഞ്ചക്കാട് കൊത്തമ്പള്ളിൽ (രാജേഷ് ഭവനം) രാജേഷ് (47) കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ.രണ്ട് ദിവസത്തെ അവധിക്കു ശേഷം വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കാനെത്തിയ രാജേഷിനെ രാവിലെ തൂങ്ങി മരിച്ച നിലയിൽ സഹപ്രവർത്തകരാണ് കണ്ടെത്തിയത്.അടുത്തിടെ കുന്നത്തൂർ പഞ്ചായത്ത് വിഇഒയായ ഭാര്യ മായയ്ക്ക് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത് രാജേഷിനെ മാനസികമായി അലട്ടിയിരുന്നു.

കൂടാതെ അടുത്ത സുഹൃത്തിന് ബാങ്ക് വായ്പ എടുക്കുന്നതിന് തൻ്റെ സാലറി സർട്ടിഫിക്കറ്റ് നൽകി സഹായിച്ചിരുന്നതായും എന്നാൽ വായ്പ എടുത്ത ശേഷം ഇയ്യാൾ വായ്പ അടയ്ക്കാതിരുന്നതിനാൽ രാജേഷിൻ്റെ ശമ്പളത്തിൽ നിന്നും ഈടാക്കിയിരുന്നതായും സൂചനയുണ്ട്.ഈ സുഹൃത്ത് അടുത്തിടെ ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു.

ഇതിനു പുറമേ മരട് സ്റ്റേഷനിൽ എസ്എച്ച്ഒ ആയി പ്രവർത്തിക്കവേ ഗുണ്ടകളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്ന രാജേഷിന് പിന്നീട് ഇവരിൽ നിന്നും ഭീഷണി നേരിട്ടിരുന്നതായും പറയപ്പെടുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ മാളയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.പ്രശസ്ത
കഥകളി ആചാര്യൻ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെയും തങ്കമണി അമ്മയുടെയും മകനാണ് മരിച്ച രാജേഷ്.മക്കൾ അശ്വിൻ,മാളവിക.