27.9 C
Kollam
Wednesday 29th July, 2026 | 01:01:53 PM
Home News Breaking News തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ...

തിരുവനന്തപുരം നഗരത്തിൽ നാളെ വൻ ഗതാഗത നിയന്ത്രണം; യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ്; മോഹൻ ഭാഗവതിൻ്റെ സന്ദർശനത്തെ തുടർന്ന് ക്രമീകരണം

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണവും ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.

Also Read: നീറ്റിനോടുള്ള എതിർപ്പ് നീതി ആയോ​ഗ് യോ​ഗത്തിലും ആവർത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിർപ്പ് ഉന്നയിച്ചു

പ്രമുഖ നേതാക്കളുമായും പൗരപ്രമുഖന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മോഹൻ ഭാഗവതിന്റെ സന്ദർശനം കണക്കിലെടുത്ത് നാളെ തലസ്ഥാന നഗരിയിൽ പൊലീസ് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുമുഖം, ആൾസെയിന്റ്സ് ജംഗ്ഷൻ – ചാക്ക, ലോർഡ്സ് ജംഗ്ഷൻ – കുഴിവിള – മുക്കോലയ്ക്കൽ, കഴക്കൂട്ടം ഫ്ലൈഓവർ – വെട്ടുറോഡ്, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻകടവ്, പള്ളിത്തുറ, ആറാട്ട് വഴി, സെന്റ് ആൻഡ്രൂസ് റോഡുകളിലുമാണ് ഗതാഗത നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ട യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 0471 2558731, 9497930055.