കൊല്ലം: പൂട്ടിക്കിടന്ന കാഷ്യു ഫാക്ടറിയില് മോഷണം നടത്തിയ രണ്ടുപേര് പോലീസ് പിടിയിലായി. തൃക്കോവില്വട്ടം വില്ലേജിലെ ചേരിക്കോണം ചിറയില് വീട്ടിലെ മാഹീന് (25), ഷിബിലാല് (28) എന്നിവരാണ് കണ്ണനല്ലൂര് പോലീസിന്റെ പിടിയിലായത്. നല്ലിലയില് പൂട്ടിക്കിടക്കുകയായിരുന്ന കാഷ്യു ഫാക്ടറിയിലെ അലൂമിനിയം റൂഫിങ്ങ് ഷീറ്റുകള്, കോപ്പര് വയറുകള്, വാഴക്കുലകള് എന്നിവ ഉള്പ്പെടെ ഒരുലക്ഷത്തി അമ്പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 20ന് കണ്ണനല്ലൂര് പോലീസ് സ്റ്റഷനില് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റര് ചെയ്യുകയും, അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മാഹീന് മോഷണവും അക്രമവുമടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കണ്ണനല്ലൂര് പോലീസ് സബ് ഇന്സ്പെക്ടര് സ്വാതിയുടെ നേതൃത്വത്തില് എസ്.ഐ റെനോകസ് സിപിഒമാരായ നജുമുദീന്, ജിഷ്ണു, അജിന്, പ്രമോദ്, രാജേഷ് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
പൂട്ടിക്കിടന്ന ഫാക്ടറിയില് മോഷണം; രണ്ട് പേര് അറസ്റ്റില്
കണ്ണുകളിലെ മഞ്ഞനിറം മുതൽ കാലുകളിലെ വീക്കം വരെ; കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ
നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും അത്യാവശ്യമായ ഒന്നാണ് കരൾ. ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളാണ്.
Also Read: ‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് നഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ
കൂടാതെ മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന വിഷാംശങ്ങളെ രക്തത്തിൽ നിന്ന് അരിച്ചെടുത്ത് മാറ്റുന്നതും ഈ അവയവമാണ്. കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ ശരീരം ചില ആദ്യകാല ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
- വിട്ടുമാറാത്ത കടുത്ത ക്ഷീണം
വിട്ടുമാറാത്ത കരൾ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ ക്ഷീണം. ഇത് കേവലം കരൾ എൻസൈമുകളുടെ വ്യതിയാനം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല, മറിച്ച് മസ്തിഷ്കത്തിലേക്കുള്ള സിഗ്നലുകളിലെ മാറ്റങ്ങൾ, ശരീരത്തിലെ വീക്കം, പേശികളുടെ നഷ്ടം, ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥ, വിളർച്ച എന്നിവ മൂലമാകാം ഇത്തരത്തിൽ കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.
- ഓക്കാനവും വിശപ്പില്ലായ്മയും
കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളായതിനാൽ, കരൾ രോഗങ്ങൾ സാധാരണ ദഹനപ്രക്രിയയെ തകിടം മറിക്കും. വയറു വീർത്തു വരിക, ഭക്ഷണം ദഹിക്കാൻ താമസമെടുക്കുക, രുചി വ്യത്യാസം, വിശപ്പില്ലായ്മ എന്നിവയെല്ലാം കരളിലെ വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത് കാരണമാണ് അടിക്കടി ഓക്കാനവും വിശപ്പില്ലായ്മയും ഉണ്ടാകുന്നത്. - കണ്ണുകളിലും ചർമ്മത്തിലും കാണുന്ന മഞ്ഞനിറം
കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം കാണപ്പെടുന്നത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. കരളിൽ ബിലിറൂബിൻ എന്ന പദാർത്ഥം ശരിയായ രീതിയിൽ സംസ്കരിക്കപ്പെടാതെ വരുമ്പോഴോ അല്ലെങ്കിൽ പുറന്തള്ളാൻ കഴിയാതെ വരുമ്പോഴോ ആണ് ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്നത്. കരൾ രോഗങ്ങൾ, ചുവന്ന രക്താണുക്കൾ ഇല്ലാതാവുക, അല്ലെങ്കിൽ പിത്തനാളിയിലെ തടസ്സം എന്നിവയൊക്കെ ഇതിന് കാരണമാകാം.
- പെട്ടെന്ന് ചതവുകൾ ഉണ്ടാകുക
രക്തം കട്ടപിടിക്കാൻ ആവശ്യമായ പല പ്രോട്ടീനുകളും നിർമ്മിക്കുന്നത് കരളാണ്. കൂടാതെ പ്ലേറ്റ്ലെറ്റുകളുടെ ഉത്പാദനം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ പെട്ടെന്ന് ചതവുകൾ വരാനും അസാധാരണമായ രക്തസ്രാവം ഉണ്ടാകാനും സാധ്യതയേറുന്നു. മൂക്കിൽ നിന്നും പല്ലിന്റെ ഇടയിൽ നിന്നും ചോര വരിക, കറുത്ത നിറത്തിൽ മലം പോവുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
- കാലുകളിലും വയറ്റിലും ഉണ്ടാകുന്ന വീക്കം
കരളിന് ഉണ്ടാകുന്ന ക്ഷതങ്ങൾ രക്തചംക്രമണത്തിലെ സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിനും വയറ്റിലും കാലുകളിലും വീക്കം ഉണ്ടാകുന്നതിനും കാരണമാകുന്നു. രക്തക്കുഴലുകൾക്കുള്ളിൽ ദ്രാവകം നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനായ അൽബുമിൻ ശരീരത്തിൽ കുറയുന്നത് ഈ വീക്കം കൂടുതൽ ഗുരുതരമാക്കും.
‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് നഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ
കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക’ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെന്ന് പരാതി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഹോട്ടലിൽ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു. ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയ ആൾക്കാണ് മുട്ടക്കറിയിൽ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഹോട്ടലുടമ രംഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നൽകുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നും ഉടമ പറയുന്നു.
അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും
ചെന്നൈ: ഒരു അപൂർവ നിമിഷത്തിനാണ് ഐഐടി മദ്രാസിന്റെ ഏറ്റവും പുതിയ ബിരുദദാന ചടങ്ങ് സാക്ഷ്യം വഹിച്ചത്. ഒരേ കോഴ്സ് വിജയകരമായി പൂർത്തിയാക്കി, ഒരേ വേദിയിൽ ഒരുമിച്ച് ബിരുദം ഏറ്റുവാങ്ങാൻ 45കാരിയായ അമ്മയും 21കാരനായ മകനുമെത്തി. ഐഐടി മദ്രാസിന്റെ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമാണ് ഇരുവരും വിജയകരമായി പൂർത്തിയാക്കിയത്.
ഗുജറാത്തിലെ ബറൂച്ചിൽ ഒരു എഞ്ചിനീയറിങ് കോളേജിൽ 16 വർഷത്തോളം ഇലക്ട്രോണിക്സ് അധ്യാപികയായിരുന്ന ജിഗിഷ ടെയ്ലറും മകൻ ആദിത്യ കപാഡിയയുമാണ് ബിരുദദാന ചടങ്ങിൽ താരങ്ങളായി മാറിയ അമ്മയും മകനും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കാരണം 2019-ൽ ജിഗിഷ ജോലി ഉപേക്ഷിച്ചു. മൂന്ന് വർഷത്തിന് ശേഷം, മകന്റെ കടുത്ത നിർബന്ധത്തിനും പ്രോത്സാഹനത്തിനും വഴങ്ങിയാണ് അവർ ഐഐടി മദ്രാസിന്റെ ഓൺലൈൻ പ്രോഗ്രാമിൽ ചേർന്ന് വീണ്ടും പഠനത്തിലേക്ക് തിരികെ എത്തിയത്.
കൊവിഡ് മഹാമാരി കാരണം രാജ്യത്തുടനീളമുള്ള കോളേജുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയ 2021ലാണ് ആദിത്യ മദ്രാസ് ഐഐടിയിലെ കോഴ്സിന് ചേർന്നത്. ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമുള്ള താല്പര്യം കാരണമാണ് ഈ കോഴ്സ് തെരഞ്ഞെടുത്തതെന്ന് ആദിത്യ പറയുന്നു. വീട്ടിലിരുന്ന് മകൻ പഠിക്കുന്നത് അമ്മ ജിഗിഷ ശ്രദ്ധിക്കാറുണ്ടായിരുന്നു. താൻ പഠിച്ച ഇലക്ട്രോണിക്സ് പശ്ചാത്തലവുമായി ബന്ധമുള്ളതും എന്നാൽ പുത്തൻ ആശയങ്ങൾ നിറഞ്ഞതുമായ കോഴ്സ് അവരെ ആകർഷിച്ചു. മകന്റെ നിർബന്ധപ്രകാരം 2022-ന്റെ അവസാനത്തോടെ അമ്മയും കോഴ്സിൽ ചേർന്നു. ജോലി ചെയ്യുന്നവർക്കും പഠനത്തിലേക്ക് ഇടവേള കഴിഞ്ഞ് മടങ്ങി വരുന്നവർക്കും സ്വന്തം ഇഷ്ട പ്രകാരം കോഴ്സ് തീർക്കാൻ സഹായിക്കുന്ന ഈ ഫ്ലെക്സിബിലിറ്റിയാണ് പ്രോഗ്രാമിന്റെ കരുത്ത് എന്ന് ആദിത്യ പറഞ്ഞു.
പുലർച്ചെ 4:30-ന് ഉണർന്ന് 7 മണി വരെ പഠിച്ച ശേഷമാണ് ജിഗിഷ വീട്ടുജോലികൾ ചെയ്തിരുന്നത്. ഉച്ചയ്ക്ക് ശേഷം വീണ്ടും പഠിക്കും. ‘ഈ പ്രായത്തിൽ എന്തിനാണ് പഠിക്കുന്നത്’ എന്ന് ചോദിച്ച ബന്ധുക്കളോട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജിഗിഷ മറുപടി നൽകി. കാലക്രമേണ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയെന്ന് അമ്മയും മകനും പറഞ്ഞു. എ ഗ്രേഡ് നേടാൻ ഇരുവരും മത്സരിച്ച് പഠിച്ചു. ഒരു വർഷം നേരത്തെ പഠനം തുടങ്ങിയിരുന്നതിനാൽ മകൻ അമ്മയ്ക്ക് വഴികാട്ടിയായി. 2024-ൽ ആദിത്യ ബിരുദം പൂർത്തിയാക്കി ഡാറ്റാ സയൻസ് ഇന്റേൺ ആയി ജോലി നേടുകയും ചെയ്തു. ഇതേ കാലയളവിൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും, തന്റെ ഇളയ മകൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നതിനാൽ അമ്മ ജോലി അന്വേഷണം താല്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു.
ബിരുദദാന ചടങ്ങിന് മുന്നോടിയായി നടന്ന അത്താഴ വിരുന്നിൽ വെച്ച് ഇവരുടെ കഥയറിഞ്ഞ ഒരു സഹപാഠിയാണ് ഇരുവർക്കും ഒന്നിച്ച് വേദിയിൽ കയറാനുള്ള സൗകര്യമൊരുക്കിയത്. ജിഗിഷയ്ക്ക് ഡിപ്ലോമയും ആദിത്യയ്ക്ക് ബിഎസ് ബിരുദവുമായിരുന്നു നൽകാനുണ്ടായിരുന്നത്. ഒരുമിച്ച് വേദിയിലേക്ക് വിളിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ പഠനത്തിലേക്കുള്ള തിരിച്ചുവരവ് തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും സഹപാഠികളായി ഒന്നിച്ച് ചെലവഴിച്ച സമയം തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തമാക്കിയെന്നും ആദിത്യ പറഞ്ഞു.
വിജയ് സർക്കാരിന് ആശ്വാസം, സംസ്ഥാന വ്യാപകമായി ഗോവധ നിരോധനത്തിനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
ചെന്നൈ : സംസ്ഥാന വ്യാപകമായി ഗോ വധം നിരോധിക്കാൻ തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രാന്ത് നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ക എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമപ്രകാരം ലൈസൻസുള്ള കശാപ്പുശാലകളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലോ മാത്രമേ മൃഗങ്ങളെ അറുക്കാൻ പാടുള്ളൂവെന്നായിരുന്നു മദ്രാസ് ഹൈക്കോടതി നിർദ്ദേശം. മെയ് 27-ന് ബക്രീദിന്റെ തലേ ദിവസമായിരുന്നു കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ‘ഹിന്ദു മക്കൾ കക്ഷി’ ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്, ഹർജിക്കാരൻ പോലും ആവശ്യപ്പെടാത്ത രീതിയിൽ ജസ്റ്റിസ്. സ്വാമിനാഥൻ സംസ്ഥാനവ്യാപകമായി ഗോ വധം നിരോധിക്കാൻ ഉത്തരവിട്ടത്.
സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി ഹാജരായി. 10 വയസ്സിന് മുകളിൽ പ്രായമുള്ള പശുക്കളെ അറുക്കാൻ അനുമതി നൽകുന്ന 1958-ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. പൂർണ്ണമായ നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നതിലൂടെ, നിലവിലുള്ള നിയമങ്ങൾക്ക് പകരമായി ഹൈക്കോടതി സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തുകയാണ് ചെയ്തതെന്നും സംസ്ഥാന സർക്കാർ വാദിച്ചു.
നാഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനികർക്ക് പരിക്ക്
കൊഹിമ: നാഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. നാഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്.
അസം റൈഫിൾസിന്റെ വാഹനത്തിന്റെ സമീപത്തായി ഐഇഡി സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ അസം റൈഫിൾസിലെ ഒരു ജവാൻ വീരമൃത്യുവരിച്ചതായും കൊഹിമയിലെ പ്രതിരോധവകുപ്പ് പിആർഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം, സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് രാത്രി 7 മുതല് ഭാഗിക നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എല്നിനോ പ്രതിഭാസത്തെ തുടര്ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്ന്ന നിലയില് തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്ധിച്ചിരിക്കുകയാണ് കെഎസ്ഇബി അറിയിച്ചു. പവര് എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന് ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല് 400 മെഗാവാട്ട് വരെ വര്ധിക്കാന് സാധ്യതയുണ്ടെന്നാണ് നിഗമനം.
സിഎസ്കെയും സ്റ്റീഫന് ഫ്ലെമിങ്ങും വഴിപിരിയുന്നു
ചെന്നൈ: ചെന്നൈ സൂപ്പര് കിങ്സും (സിഎസ്കെ) മുഖ്യ പരിശീലകന് സ്റ്റീഫന് ഫ്ലെമിങ്ങും വഴിപിരിയുന്നു. 18 വര്ഷം നീണ്ട ഊഷ്മളമായ ബന്ധത്തിനൊടുവിലാണ് ഫ്രാഞ്ചൈസിയും ഫ്ലെമിങ്ങും പരസ്പര സമ്മതത്തോടെ പിരിയാന് തീരുമാനിച്ചത്. സി.എസ്.കെ മാനേജ്മെന്റുമായുള്ള സുതാര്യവും തുറന്നതുമായ ചര്ച്ചകള്ക്ക് ശേഷമാണ് പരസ്പര ബഹുമാനത്തോടെ ഈ തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി പുറത്തുവിട്ട ഔദ്യോഗിക വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. 2023-ലെ ഐ.പി.എല് കിരീട നേട്ടത്തിന് ശേഷം, 2024, 2025, 2026 വര്ഷങ്ങളില് തുടര്ച്ചയായി പ്ലേ ഓഫിലെത്താന് സി.എസ്.കെയ്ക്ക് കഴിയാതിരുന്നത് വലിയ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു. ഇതാണ് ഫ്ലെമിങ്ങിന്റെ അപ്രതീക്ഷിത പടിയിറക്കത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്.
2008-ലെ പ്രഥമ ഐ.പി.എല് സീസണില് കളിക്കാരനായാണ് മുന് ന്യൂസിലന്ഡ് ക്യാപ്റ്റന് കൂടിയായ ഫ്ലെമിങ് സി.എസ്.കെയുടെ ഭാഗമാകുന്നത്. തുടര്ന്ന് 2009-ല് മുഖ്യ പരിശീലകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ടീമിനെ ഐ.പി.എല് ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റുന്നതില് നിര്ണായക പങ്ക് വഹിച്ചു. ഫ്ലെമിങ്ങിന് കീഴില് അഞ്ച് ഐ.പി.എല് കിരീടങ്ങളും രണ്ട് ചാമ്പ്യന്സ് ലീഗ് ടി20 കിരീടങ്ങളും സി.എസ്.കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോര്ഡായ 12 തവണ പ്ലേ ഓഫിലെത്തിയ ടീം, പത്ത് തവണ ഫൈനലിലും കളിച്ചു.
‘കായികരംഗത്ത് 18 വര്ഷമെന്നത് ഒരു ജീവിതകാലമാണ്, തികഞ്ഞ കൃതജ്ഞതയോടെയാണ് ഞാന് പടിയിറങ്ങുന്നത്,’ തന്റെ പടിയിറക്കത്തെക്കുറിച്ച് സ്റ്റീഫന് ഫ്ലെമിങ് വൈകാരികമായി പ്രതികരിച്ചു. ‘എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു സി.എസ്.കെക്കൊപ്പമുള്ള കാലം. നമ്മള് ഒന്നിച്ച് നേടിയ നേട്ടങ്ങളില് എനിക്ക് അതിയായ അഭിമാനമുണ്ട്. ഒരുമിച്ച് മറക്കാനാവാത്ത വിജയങ്ങള് ആഘോഷിച്ചു, പ്രതിസന്ധികളെ അതിജീവിച്ചു. സി.എസ്.കെ എക്കാലത്തും എന്റെ ഹൃദയത്തോട് ചേര്ന്നുനില്ക്കും,’ അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം സി.എസ്.കെ കോച്ചിങ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു ഫ്ലെമിങ്ങെന്ന് ടീം ഉടമ രൂപ ഗുരുനാഥ് പറഞ്ഞു. ‘ടീമിന്റെ ഐഡന്റിറ്റിയും ലക്ഷ്യങ്ങളും രൂപപ്പെടുത്തുന്നതില് അദ്ദേഹം വലിയ പങ്ക് വഹിച്ചു. ടീമിന് അദ്ദേഹം നല്കിയ നിസ്വാര്ത്ഥ സേവനത്തിനും നേതൃപാടവത്തിനും ഫ്രാഞ്ചൈസിയുടെ പേരില് അഗാധമായ നന്ദി അറിയിക്കുന്നു,’ അവര് വ്യക്തമാക്കി.
ഒരു ഫ്രാഞ്ചൈസി എന്ന നിലയില് സി.എസ്.കെ എന്തായിരിക്കണമെന്ന് രൂപപ്പെടുത്താന് ഫ്ലെമിങ്ങിന് കഴിഞ്ഞുവെന്ന് സി.എസ്.കെ മാനേജിങ് ഡയറക്ടര് കെ.എസ് വിശ്വനാഥന് പറഞ്ഞു. സ്ഥിരത, വിനയം, ടീമിന് മുന്ഗണന നല്കല് എന്നിവയിലൂന്നിയ ഒരു സംസ്കാരം വളര്ത്തിയെടുക്കാനും കളിക്കാരില് നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കെ. ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: പാലക്കാട് മണ്ണാര്ക്കാട് അനുമോദ ചടങ്ങിനിടെ വിദ്യാര്ത്ഥിയുടെ ചെവിയില് നുള്ളിയ സംഭവത്തില് കെ. ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന് ചെയര്പേഴ്സണ് കെ വി മനോജ് കുമാറാണ് നടപടി സ്വീകരിച്ചത്. നേരത്തെ ജലീലിനെതിരെ കേസെടുക്കണമെന്ന എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡി മര്ദ്ദനം: കൊട്ടാരക്കര എസ്ഐ ഹാജരാകണമെന്ന് മനുഷ്യവകാശ കമ്മീഷന്
കൊല്ലം: കൊട്ടാരക്കര പോലീസ് സ്റ്റേഷനില് എസ്ഐ ക്രൂരമായി മര്ദ്ദിച്ചെന്ന പരാതിയില് ആരോപണ വിധേയനായ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം വി. ഗീത ഉത്തരവിട്ടു. ഓഗസ്റ്റില് ആലപ്പുഴ പൊതുമരാമത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസില് നടക്കുന്ന സിറ്റിംഗിലാണ് ഹാജരാകേണ്ടത്. ഒപ്പം ആരോപണവിധേയമായ സംഭവത്തെ കുറിച്ച് വിശദീകരണവും ഹാജരാക്കണം. സിറ്റിംഗ് തീയതി പിന്നീട് അറിയിക്കും.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സ്വദേശി രാജേഷ് സമര്പ്പിച്ച പരാതിയിലാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില് ചികിത്സിച്ചതായി പറയുന്ന രേഖകള് പരാതിക്കാരന് ഹാജരാക്കണം. ജില്ലാ പോലീസ് മേധാവി മുഖേന എസ്ഐക്ക് നോട്ടീസയയ്ക്കാനാണ് കമ്മീഷന് ഉത്തരവായത്.




































