Home News Kerala മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന 35കാരൻ പിടിയിൽ

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന 35കാരൻ പിടിയിൽ

എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. എടവണ്ണ കുണ്ടുതോട് സ്വദേശി ജസൽ ജിലാനി തങ്ങളെ (35) എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെയും മാതാവിനെയും പ്രതി കുണ്ടുതോടുള്ള വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി ഓഗസ്റ്റിൽ ഇവരോടൊപ്പം നാടുവിട്ടു. ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ ഡിവൈഎസ്പി കെ. റഫീഖ്, വണ്ടൂർ സിഐ ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.

പ്രതിയും സ്ത്രീയും കാസർകോട്–കർണാടക അതിർത്തിയിലെ ആനക്കല്ല് പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പ്രതിയെ പിടികൂടിയത്.

എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ ജാൻസി, സിവിൽ പൊലീസ് ഓഫീസർ സുബിൻ, സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, സി.കെ. സജേഷ്, സജീഷ് നിലമ്പൂർ, എം. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഭാര്യയെ ഉപദ്രവിച്ചതടക്കം കേസുകൾ പ്രതിക്കെതിരെ എടവണ്ണ പൊലീസ് സ്റ്റേഷനിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here