Home Blog Page 408

മുൻ കാപ്പ കേസ് പ്രതി രാസ ലഹരിയുമായി പിടിയിൽ

മലപ്പുറം. മുൻ കാപ്പ കേസ് പ്രതി രാസ ലഹരിയുമായി പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ജാഫർ അലി ആണ് അറസ്റ്റിലായത്. 6.65 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെത്തി. മലപ്പുറം ചെട്ടിയാർമാട് വെച്ചാണ് പ്രതി പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയിൽ നിന്ന് 3500 രൂപയും പിടിച്ചെടുത്തു

ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തേഞ്ഞിപ്പലം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ജാഫർ അലിക്കെതിരെ മലപ്പുറം,വേങ്ങര ,കരിപ്പൂർ സ്റ്റേഷനുകളിലായി ആറ് കേസുകൾ. കാപ്പ ലംഘനത്തിനും പ്രതിക്കെതിരെ കേസ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്‍’ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍,ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്‍’ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍. ചെലവുകളുടെ പൂര്‍ണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്.

സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയത്. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകിയെന്ന് കണ്ടെത്തൽ. വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ബില്ലുകളിലും വൗച്ചറുകളിലും വ്യക്തതയില്ലെന്നും സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡോ.മുഹമ്മദ് അഷീലിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നും വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണ് റിപ്പോർട്ടിൽ‌ പറയുന്നത്. നേരത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ളതിന് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വേണം, പിഎം ശ്രീ പദ്ധതി നടത്തിപ്പില്‍ നിന്ന് കേരളം പിന്മാറണം, സമസ്ത

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നിന്ന് കേരളം പിന്മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.

കേരളത്തില്‍ അറബിക് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല സ്ഥാപിക്കുക, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ളതിന് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിച്ച് സര്‍ക്കാര്‍ കലണ്ടറില്‍ മുന്‍കൂട്ടി രേഖപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിച്ചിട്ടുണ്ട്.

പിഎം ശ്രീക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട്. അത് ആര്‍എസ് എസ് അജണ്ടയാണ്. കുട്ടികളെ അത് പഠിപ്പിച്ചാല്‍ നാട് കുട്ടിച്ചോറാകും. ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്‌സെയും മറ്റ് വരും. അത് നാടിനാപത്താണെന്ന് സര്‍ക്കാരിന് നേരത്തെ ബോധ്യമുള്ളതാണെന്നും അത് ഒരിക്കലും നടപ്പാക്കരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉമര്‍ ഫൈസി പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളില്‍ മുസ്ലീ പ്രാതിനിധ്യം വേണമെന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അതിന് അനുകൂലമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാനെയും സമസ്ത നേതാക്കള്‍ പ്രശംസിച്ചു.

മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും ഉത്തരമില്ല, മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് സംശയം; യുവതികൾ ജീവനൊടുക്കിയ കേസിൽ സിന്ധു കുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്‍റെ മനോവിഷമം കാരണം യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു.

Also Read: രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രവാസികളുടെ തുറന്ന കത്ത്; കോൺഗ്രസിന്‍റെ ‘പെയ്ഡ് ക്രൗഡ്’ പരാമർശത്തിൽ ഓസ്ട്രേലിയയിൽ കടുത്ത പ്രതിഷേധം

സ്വർണം നഷ്ടപ്പെട്ട പരാതിക്കാരിൽ ഏതാനും പേർ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പണമടച്ചാൽ തിരികെ കിട്ടുമെന്നുമായിരുന്നു സിന്ധുകുമാരിയുടെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാർ പ്രതിയുമായി നേരത്തെ സംസാരിച്ച ശബ്‌ദ രേഖകൾ പൊലീസ് ഡിജിറ്റൽ തെളിവായി എടുത്തിട്ടുണ്ട്.

ഇന്നും നാളെയും സിന്ധുകുമാരിയെ ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയ്ക്ക് തിരികെ കൈമാറും. ഇതു വരെ 20 പരാതികൾ വിഴിഞ്ഞം സ്‌റ്റേഷനിൽ ലഭിച്ചു. ഇന്നലെ ലഭിച്ചത് മലയിൻകീഴ് പൊലീസ് പരിധിയിലുള്ള ഒരാളുടെ പരാതിയാണ്. പ്രമാണം ഈടുവച്ചു നൽകിയ തുക തിരികെ നൽകിയെങ്കിലും പ്രമാണം തിരികെ കൊടുത്തില്ല എന്നാണ് പരാതി. മണിക്കൂറുകളോളം പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തിട്ടും ഒന്നിനും വ്യക്തമായി ഉത്തരം നൽകാതെ പ്രതി ഒഴിഞ്ഞുമാറുന്നതായി പൊലീസ് പറഞ്ഞു.

സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്. ഇതോടെയാണ് സിന്ധുവിൻ്റെ തട്ടിപ്പ് പുറത്തറിഞ്ഞത്. കോടികളുടെ തട്ടിപ്പിന് മറ്റൊരു യുവാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇയാളെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ജീവനൊടുക്കുന്നതിന് ഒരാഴ്‌ മുമ്പ് യുവതികൾ പ്രതിയെ കണ്ട് സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ “നീ പോയി ചാകെടി “എന്ന് പ്രതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടരന്വേഷണം ഡിസിആർബിക്ക് കൈമാറിയെങ്കിലും നേരത്തേ കസ്റ്റഡിയിൽ വിടുന്നതിന് കോടതി ഉത്തരവ് ഉള്ളതിനാലാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രവാസികളുടെ തുറന്ന കത്ത്; കോൺഗ്രസിന്‍റെ ‘പെയ്ഡ് ക്രൗഡ്’ പരാമർശത്തിൽ ഓസ്ട്രേലിയയിൽ കടുത്ത പ്രതിഷേധം

മെൽബൺ: മെൽബണിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം കടുത്ത പ്രതിഷേധത്തിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും അയച്ച തുറന്ന കത്തിലൂടെ, ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്ന് ‘മെൽബൺ മീറ്റ്സ് മോദി’ സംഘാടകർ ആവശ്യപ്പെട്ടു. സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് ‘മോദി എയർവേസ്’ എന്ന പേരിൽ ചാർട്ടർ വിമാനം ഒരുക്കിയ പ്രവാസി കൂട്ടായ്മയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

Also Read: കോടതി നിര്‍ദേശിച്ചു, സർക്കാർ അനുമതി നല്‍കി; വിയ്യൂർ ജയിലിൽ ഇന്ന് നടക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവം, ബിജെപി കൗൺസിലർ ആർ. സു​ഗതന്റെ സത്യപ്രതിജ്ഞ

ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം പേർ പങ്കെടുത്ത വൻ ജനസംഗമത്തെ ‘നിർമ്മിത ജനപ്രീതി’ എന്ന് വിളിച്ച് പവൻ ഖേര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരിഹസിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയതായും വിമാനയാത്രാ സൗകര്യം ബിജെപിയോ സർക്കാരോ സ്പോൺസർ ചെയ്തതാണെന്നുമുള്ള വിദേശ മാധ്യമ റിപ്പോർട്ടുകൾ കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും പതിനായിരക്കണക്കിന് ഇന്ത്യൻ-ഓസ്‌ട്രേലിയൻ പൗരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതുമാണെന്ന് സംഘാടകർ കത്തിൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നിന്ന് സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയും പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയുമാണ് ജനങ്ങൾ മെൽബണിൽ എത്തിയതെന്നും ഇതിന് ബിജെപിയുമായോ ഇന്ത്യൻ സർക്കാരുമായോ യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്നും അതിൽ കോൺഗ്രസിനെയും ബിജെപിയെയും മറ്റ് കക്ഷികളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും കത്തിൽ പറയുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെയും വ്യക്തിപരമായ സാമ്പത്തിക റിസ്ക് എടുത്തുമാണ് ചാർട്ടർ വിമാന സർവീസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രാഷ്ട്രീയമായ എതിർപ്പുകൾ പ്രകടിപ്പിക്കാൻ പ്രവാസികളെ ബലിയാടാക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. ചാർട്ടർ വിമാനത്തിന് ബിജെപി പണം നൽകിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കുക, പെയ്ഡ് ക്രൗഡ് പരാമർശം പിൻവലിക്കുക, പ്രവാസി സമൂഹത്തോട് മാപ്പ് പറയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘാടകർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനെയാണ് കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിച്ചതെന്ന് പ്രവാസി നേതാക്കൾ കുറ്റപ്പെടുത്തി.

കോടതി നിര്‍ദേശിച്ചു, സർക്കാർ അനുമതി നല്‍കി; വിയ്യൂർ ജയിലിൽ ഇന്ന് നടക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവം, ബിജെപി കൗൺസിലർ ആർ. സു​ഗതന്റെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതി‌ജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ. ചടങ്ങ് രാവിലെ 11ന് ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ നടക്കും. ജയിലിലെ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നത്.

Also Read: ’20 ശതമാനം കുറച്ച് കൂടുതൽ അല്ലേ’; ട്രംപിന്റെ പ്രഖ്യാപനത്തെ പരി​ഹസിച്ച് ഇറാൻ; ‘ഹോർമുസിന്റെ യഥാർഥ കാവൽക്കാർ ഞങ്ങൾ’

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.

ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലേൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി സർക്കാറിനോട് ചോദിച്ചിരുന്നു. സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുൻപേ ഉൾപ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. കോടതി നിർദ്ദേശിച്ചാൽ സൗകര്യം ഒരുക്കാം എന്ന് സർക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

’20 ശതമാനം കുറച്ച് കൂടുതൽ അല്ലേ’; ട്രംപിന്റെ പ്രഖ്യാപനത്തെ പരി​ഹസിച്ച് ഇറാൻ; ‘ഹോർമുസിന്റെ യഥാർഥ കാവൽക്കാർ ഞങ്ങൾ’

ടെഹ്റാൻ: ഇനി മുതൽ ഹോർമുസിന്റെ സംരക്ഷകരാണെന്നും 20 ശതമാനം ഫീസ് ഈടാക്കുമെന്നുമുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി. അമേരിക്കയല്ല, ഇറാനാണ് എല്ലായ്പ്പോഴും ഹോർമുസ് കടലിടുക്കിന്റെ യഥാർഥ കാവൽക്കാരെന്ന് അ​ദ്ദേഹം പറഞ്ഞു.

Also Read: കരുനാഗപ്പള്ളി മന്തി മൻസിൽ അടിച്ചു തകർത്തു, നടുക്കും ദൃശ്യം

അമേരിക്കൻ പ്രസിഡന്റ് പറയുന്നത് തീർച്ചയായും ശരിയാണ്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നവർക്ക് അതിനുള്ള ഫീസ് നൽകേണ്ടതുണ്ട്. ഇറാൻ ആണ് എല്ലായ്പ്പോഴും ഹോർമുസിന്റെ കാവൽക്കാരൻ. ഇനി അങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്നും അബ്ബാസ് അരാ​ഗ്ചി വ്യക്തമാക്കി. 20 ശതമാനം ഫീസ് ചുമത്തുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച വിദേശകാര്യമന്ത്രി, 20 ശതമാനമെന്നത് തീർച്ചയായും കൂടുതലാണെന്നും തങ്ങളുടെ ഫീസ് ന്യായമായിരിക്കുമെന്നും പരിഹസിച്ചു.

കഴിഞ്ഞദിവസമാണ് ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി മുതൽ ഹോർമുസിന്റെ സംരക്ഷകർ അമേരിക്കയാണെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അമേരിക്ക സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിനുപകരമായി ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനുമേൽ യുഎസിന്റെ നാവിക ഉപരോ​ധം പുനഃസ്ഥാപിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ശക്തമായി നേരിടുമെന്ന് ഇറാൻ

അതിനിടെ, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുകയാണ്. അമേരിക്ക ഇറാനിലെ വിവിധകേന്ദ്രങ്ങൾക്ക് നേരേ നിരന്തരം നടത്തിയ ആക്രമണങ്ങൾക്ക് ​മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിച്ചാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇതിനിടെ ഹോർമുസിലും കപ്പലുകൾക്ക് നേരേ ഇറാന്റെ ആക്രമണമുണ്ടായി. യുഎഇയുടെ ഒരു എണ്ണക്കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി മന്തി മൻസിൽ അടിച്ചു തകർത്തു, നടുക്കും ദൃശ്യം

കരുനാഗപ്പള്ളി

മാർക്കറ്റ് റോഡിലെ മന്തി മൻസിൽ ലഹരിയിലെത്തിയ ആൾ അടിച്ചു തകർത്തു. ഇന്നലെ രാത്രി 9.30 ന് ആണ് അക്രമം. തടയാൻ ശ്രമിച്ച ജീവനക്കാരെയും ആക്രമിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ഏറെ കഴിഞ്ഞ് പൊലീസ് എത്തിയാണ് അക്രമിയെ പിടികൂടിയത്. തേവലക്കര സ്വദേശി അജ്മലിനെ യാണ് പിടികൂടിയത്.

കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് ചെടി

കൊല്ലം. റെയിൽവേ സ്റ്റേഷന് മുൻവശത്ത് കഞ്ചാവ് ചെടി.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ ATM ന് സമീപമായിരുന്നു കഞ്ചാവ് ചെടി

എക്സ്സൈസ് കേസ് രജിസ്റ്റർ ചെയ്തു

അടൂരിൽ ഭർതൃമതിയായ യുവതിദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

അടൂര്‍. ഭർതൃമതിയായ യുവതി യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണസമയം വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു