ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായിട്ടാണ് റിപ്പോർട്ട്. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ‘ഫാക്ടേഴ്സ് അസോസിയേറ്റഡ് വിത്ത് ത്രോംബോട്ടിക് ഇവന്റ് അമങ് യങ് അഡൾട്സ് ഇൻ ഇന്ത്യ, 2021-23: എ മൾട്ടി-സെൻട്രിക് ഹോസ്പിറ്റൽ ബെയ്സ്ഡ് മാച്ച്ഡ് കേസ്-കൺട്രോൾ സ്റ്റഡി’ എന്ന തലക്കെട്ടിൽ നടത്തിയ ഈ പഠനത്തിൽ, പുകവലി, നിലവിലുള്ള രോഗം, പാരമ്പര്യം, ഗുരുതരമായ കോവിഡ്-19 അണുബാധ തുടങ്ങിയവയും ജീവിതശൈലിയുമാണ് ത്രോംബോസിസിന് പ്രധാന കാരണമാകുന്നതെന്ന് കണ്ടെത്തി. (രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയാണ് ‘ത്രോംബോട്ടിക് ഇവന്റ്’).
2023 മെയ് മാസത്തോടെ ഇന്ത്യയിലെ അർഹരായ 97 ശതമാനം ആളുകളും കോവിഡ്-19 വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.
കോവിഡ്-19 വാക്സിനുകൾ ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം, ദീർഘകാല സങ്കീർണ്ണതകൾ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തും നടത്തിയ വിപുലമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പഠനത്തിന്റെ ഭാഗമായി 432 അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം) കേസുകളും 767 ത്രോംബോട്ടിക് ഇവന്റ് കേസുകളും വിശകലനം ചെയ്തു. ഐ.സി.എം.ആർ-എൻ.ഐ.ഇ ഡയറക്ടർ ഡോ. മനോജ് മുർഹേക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പഠനം. വ്യാപകമായ SARS-CoV-2 വ്യാപന കാലയളവിൽ യുവാക്കളിൽ കോവിഡ്-19 വാക്സിനേഷൻ രക്തം കട്ടപിടിക്കലിന്റെ, പ്രത്യേകിച്ച് ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ഗവേഷകരുടെ നിഗമനം. യുവാക്കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയാഘാതത്തിന് നേരത്തെ ഉണ്ടായ ത്രോംബോട്ടിക് ഇവന്റുകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു…. കാരണം കോവിഡ് വാക്സിനോ…?
കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു;മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്
ശാസ്താംകോട്ട:മൈനാഗപ്പള്ളി കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.കല്ലുകടവ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.ശാസ്താംകോട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തു ആശുപത്രിലേക്ക് മാറ്റിയത്.പിന്നീട് വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതതടസം ഒഴിവാക്കി.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയസുദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ,സുജാതൻ,ഷാനവാസ്, ഹരിപ്രസാദ്,ശ്രീകുമാർ,ഹോംഗാർഡ് ഷാജി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സുഗതൻ ജയിലിൽ പുന: സത്യപ്രതിഞ്ജ ചെയ്തു, സംസ്ഥാന ചരിത്രത്തിൽ ആദ്യം
തൃശൂർ: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ പുന: സത്യപ്രതിജ്ജചെയ്തു. ഈശ്വരനാമത്തിലാണ് സുഗതൻ സത്യവാചകം ചൊല്ലിയത്. ജയിൽ ലൈബ്രററി ഹാളിൽ നടന്ന ലളിതമായചടങ്ങിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് , കോർപ്പറേഷൻ സെക്രട്ടറി ജെമുഹമ്മദ് ഷാഫി, കൂടാതെ അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിഞ്ജ കഴിഞ്ഞ ഉടൻ തന്നെ സുഗതൻ ജയിലിനുള്ളിലേക്ക് മടങ്ങി.
തെരത്തെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യസംഭവമായി.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ട്കോണം വാർഡിലെ കൗൺസിലറായ ആർ. സുഗതൻ.
പച്ചക്കറിയിലെ കീടനാശിനിയെ നീക്കം ചെയ്യാൻ ഇതാ ചില അടുക്കള ടിപ്പുകൾ
പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, അവയുടെ പുറംതോലിൽ തളിക്കുന്ന കീടനാശിനികൾ നമ്മുടെ ശരീരത്തിന് ദോഷകരമായി ബാധിക്കാം. വിളവെടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പച്ചക്കറികളിലും പഴങ്ങളിലും മലിനീകരണം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പച്ചക്കറികൾ വെറുതെ പൈപ്പ് വെള്ളത്തിൽ കഴുകിയതുകൊണ്ട് മാത്രം ഈ കീടനാശിനികളെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്നതിന് മുൻപ് ഇവ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികളിലെ കീടനാശിനികൾ പ്രകൃതിദത്തമായി നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യൂ.
- വെള്ളത്തിൽ നന്നായി കുതിർത്തു വയ്ക്കുക
പച്ചക്കറികൾ വൃത്തിയാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണിത്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ആദ്യം പൈപ്പ് വെള്ളത്തിൽ കാണിച്ച് മണ്ണും പൊടിയും കളയുക. അതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് 30 മിനിറ്റ് പച്ചക്കറികൾ അതിൽ മുക്കിവെയ്ക്കാം. ഇത് കീടനാശിനികളുടെ അംശവും പൊടിപടലങ്ങളെയും നീക്കാൻ സഹായിക്കും. ചീര, മല്ലിയില തുടങ്ങിയ ഇലക്കറികൾ വെള്ളത്തിൽ വെച്ച് കൈകൊണ്ട് നന്നായി ഇളക്കി കഴുകണം. അതിനുശേഷം വീണ്ടും ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടി കഴുകിയെടുക്കുക.
- വിനാഗിരി ചേർത്ത വെള്ളം
പച്ചക്കറികളുടെ പുറമെയുള്ള കീടനാശിനികളെ ഇല്ലാതാക്കാൻ വിനാഗിരിക്ക് കഴിയും. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി ചേർക്കാം. അതുകഴിഞ്ഞ് പച്ചക്കറികൾ അതിൽ മുക്കിവെയ്ക്കാം. ശേഷം പതുക്കെ കൈകൊണ്ട് തിരുമ്മി ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ മതി.
- ഉപ്പുവെള്ളം
കീടനാശിനികളെ വേർപെടുത്താൻ ഉപ്പുവെള്ളത്തിന് പ്രത്യേക കഴിവുണ്ട്. വെള്ളത്തിൽ ഉപ്പ് കലർത്തിയതിന് ശേഷം അതിലേക്ക് പച്ചക്കറികൾ മുക്കിവെക്കണം. അതിനുശേഷം കൈകൊണ്ട് പതുക്കെ ഉരസി നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
- തൊലി കളയാം
പല പച്ചക്കറികളിലും കീടനാശിനികൾ അടിഞ്ഞുകൂടുന്നത് അവയുടെ പുറംതോലിലാണ്. ക്യാരറ്റ്, വെള്ളരിക്ക, ചുരയ്ക്ക, ആപ്പിൾ എന്നിവയുടെ തൊലി ചെത്തിക്കളയുന്നത് കീടനാശിനികൾ ഉള്ളിൽച്ചെല്ലുന്നത് വലിയൊരു പരിധി വരെ തടയും.
- ബേക്കിംഗ് സോഡ ഉപയോഗിക്കാം
കീടനാശിനികളിലെ കടുത്ത രാസവസ്തുക്കളെ തകർക്കാൻ ബേക്കിംഗ് സോഡാ സഹായിക്കും. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർക്കാം. ശേഷം പച്ചക്കറികൾ ഇതിൽ മുക്കിവെയ്ക്കാം. അതുകഴിഞ്ഞ് നന്നായി തിരുമ്മി നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
മുതലപ്പൊഴിയിൽ ജീവൻ പണയം വെക്കുന്നവർക്ക് കൂലിയില്ല
ആറ്റിങ്ങല്. മുതലപ്പൊഴിയിൽ ജീവൻ പണയം വെക്കുന്നവർക്ക് കൂലിയില്ല; നാല് മാസമായി ശമ്പളമില്ലാതെ ലൈഫ് ഗാർഡുമാർ.മുതലപ്പൊഴിയിലെ ലൈഫ് ഗാർഡുകൾക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ല.വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കീഴിൽ മുതലപ്പൊഴിയിൽ ഉൾപ്പെടെ 45 ഓളം ലൈഫ് ഗാർഡുകളാണുള്ളത്
അതീവ അപകടസാധ്യതയുള്ള മുതലപ്പൊഴിയിൽ വിഴിഞ്ഞം , പൂന്തുറ, അഞ്ചുതെങ്ങ് മേഖലകളിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. മാസത്തിൽ 27 ഷിഫ്റ്റുകളിൽ ഇവർ ജോലി ചെയ്യുന്നു.
മാസം 21,000 രൂപയാണ് ശമ്പളം. ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു
അപകടകരമായ ജോലിയിൽ ഏർപ്പെട്ടിട്ടും ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ സർക്കാർ ഒരുക്കിയിട്ടില്ല. ഫിഷറീസ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും, ഉറപ്പ് ലഭിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല
പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും, പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്
മുൻ കാപ്പ കേസ് പ്രതി രാസ ലഹരിയുമായി പിടിയിൽ
മലപ്പുറം. മുൻ കാപ്പ കേസ് പ്രതി രാസ ലഹരിയുമായി പിടിയിൽ. മലപ്പുറം വേങ്ങര സ്വദേശി ജാഫർ അലി ആണ് അറസ്റ്റിലായത്. 6.65 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെത്തി. മലപ്പുറം ചെട്ടിയാർമാട് വെച്ചാണ് പ്രതി പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിയിൽ നിന്ന് 3500 രൂപയും പിടിച്ചെടുത്തു
ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തേഞ്ഞിപ്പലം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ജാഫർ അലിക്കെതിരെ മലപ്പുറം,വേങ്ങര ,കരിപ്പൂർ സ്റ്റേഷനുകളിലായി ആറ് കേസുകൾ. കാപ്പ ലംഘനത്തിനും പ്രതിക്കെതിരെ കേസ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്’ പദ്ധതിയില് ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്,ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്ട്ട്
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ‘ബ്രേക്ക് ദ ചെയിന്’ പദ്ധതിയില് ക്രമക്കേട് നടന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്. ചെലവുകളുടെ പൂര്ണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന് സാമൂഹ്യ സുരക്ഷാ മിഷന് മുന് എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്ട്ട്.
സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയത്. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകിയെന്ന് കണ്ടെത്തൽ. വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ബില്ലുകളിലും വൗച്ചറുകളിലും വ്യക്തതയില്ലെന്നും സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡോ.മുഹമ്മദ് അഷീലിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നും വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളിലും വിമര്ശനം ഉയര്ന്നിരുന്നു.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ളതിന് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വേണം, പിഎം ശ്രീ പദ്ധതി നടത്തിപ്പില് നിന്ന് കേരളം പിന്മാറണം, സമസ്ത
തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടത്തിപ്പില് നിന്ന് കേരളം പിന്മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ട് സമസ്ത. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക വിമര്ശനങ്ങളും ആക്ഷേപങ്ങളും ഉയര്ന്നുവന്നിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള് നടപ്പാക്കപ്പെടുമെന്ന ആശങ്ക നിലനില്ക്കുന്നതിനാല് പൊതുതാല്പര്യം മുന്നിര്ത്തി സംസ്ഥാന സര്ക്കാര് തീരുമാനത്തില് നിന്ന് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി കെ. ഉമര് ഫൈസി മുക്കം ആവശ്യപ്പെട്ടു.
കേരളത്തില് അറബിക് ആന്ഡ് ഫോറിന് ലാംഗ്വേജ് സര്വകലാശാല സ്ഥാപിക്കുക, ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ളതിന് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിച്ച് സര്ക്കാര് കലണ്ടറില് മുന്കൂട്ടി രേഖപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമസ്ത പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിച്ചിട്ടുണ്ട്.
പിഎം ശ്രീക്ക് പിന്നില് രാഷ്ട്രീയ അജണ്ടകളുണ്ട്. അത് ആര്എസ് എസ് അജണ്ടയാണ്. കുട്ടികളെ അത് പഠിപ്പിച്ചാല് നാട് കുട്ടിച്ചോറാകും. ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്സെയും മറ്റ് വരും. അത് നാടിനാപത്താണെന്ന് സര്ക്കാരിന് നേരത്തെ ബോധ്യമുള്ളതാണെന്നും അത് ഒരിക്കലും നടപ്പാക്കരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉമര് ഫൈസി പറഞ്ഞു. സര്ക്കാരിന്റെ വിവിധ ബോര്ഡുകളില് മുസ്ലീ പ്രാതിനിധ്യം വേണമെന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അതിന് അനുകൂലമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് തൂഫാനെയും സമസ്ത നേതാക്കള് പ്രശംസിച്ചു.
മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും ഉത്തരമില്ല, മറ്റൊരാളുടെ സഹായം ലഭിച്ചെന്ന് സംശയം; യുവതികൾ ജീവനൊടുക്കിയ കേസിൽ സിന്ധു കുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്റെ മനോവിഷമം കാരണം യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു.
സ്വർണം നഷ്ടപ്പെട്ട പരാതിക്കാരിൽ ഏതാനും പേർ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പണമടച്ചാൽ തിരികെ കിട്ടുമെന്നുമായിരുന്നു സിന്ധുകുമാരിയുടെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാർ പ്രതിയുമായി നേരത്തെ സംസാരിച്ച ശബ്ദ രേഖകൾ പൊലീസ് ഡിജിറ്റൽ തെളിവായി എടുത്തിട്ടുണ്ട്.
ഇന്നും നാളെയും സിന്ധുകുമാരിയെ ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയ്ക്ക് തിരികെ കൈമാറും. ഇതു വരെ 20 പരാതികൾ വിഴിഞ്ഞം സ്റ്റേഷനിൽ ലഭിച്ചു. ഇന്നലെ ലഭിച്ചത് മലയിൻകീഴ് പൊലീസ് പരിധിയിലുള്ള ഒരാളുടെ പരാതിയാണ്. പ്രമാണം ഈടുവച്ചു നൽകിയ തുക തിരികെ നൽകിയെങ്കിലും പ്രമാണം തിരികെ കൊടുത്തില്ല എന്നാണ് പരാതി. മണിക്കൂറുകളോളം പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തിട്ടും ഒന്നിനും വ്യക്തമായി ഉത്തരം നൽകാതെ പ്രതി ഒഴിഞ്ഞുമാറുന്നതായി പൊലീസ് പറഞ്ഞു.
സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്. ഇതോടെയാണ് സിന്ധുവിൻ്റെ തട്ടിപ്പ് പുറത്തറിഞ്ഞത്. കോടികളുടെ തട്ടിപ്പിന് മറ്റൊരു യുവാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇയാളെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ജീവനൊടുക്കുന്നതിന് ഒരാഴ് മുമ്പ് യുവതികൾ പ്രതിയെ കണ്ട് സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ “നീ പോയി ചാകെടി “എന്ന് പ്രതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടരന്വേഷണം ഡിസിആർബിക്ക് കൈമാറിയെങ്കിലും നേരത്തേ കസ്റ്റഡിയിൽ വിടുന്നതിന് കോടതി ഉത്തരവ് ഉള്ളതിനാലാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
രാഹുൽ ഗാന്ധി മാപ്പ് പറയണം, പ്രവാസികളുടെ തുറന്ന കത്ത്; കോൺഗ്രസിന്റെ ‘പെയ്ഡ് ക്രൗഡ്’ പരാമർശത്തിൽ ഓസ്ട്രേലിയയിൽ കടുത്ത പ്രതിഷേധം
മെൽബൺ: മെൽബണിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം കടുത്ത പ്രതിഷേധത്തിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും അയച്ച തുറന്ന കത്തിലൂടെ, ഉന്നയിച്ച വ്യാജ ആരോപണങ്ങൾ പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്ന് ‘മെൽബൺ മീറ്റ്സ് മോദി’ സംഘാടകർ ആവശ്യപ്പെട്ടു. സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് ‘മോദി എയർവേസ്’ എന്ന പേരിൽ ചാർട്ടർ വിമാനം ഒരുക്കിയ പ്രവാസി കൂട്ടായ്മയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.
ജൂലൈ ഒൻപതിന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം പേർ പങ്കെടുത്ത വൻ ജനസംഗമത്തെ ‘നിർമ്മിത ജനപ്രീതി’ എന്ന് വിളിച്ച് പവൻ ഖേര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരിഹസിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് പണം നൽകിയതായും വിമാനയാത്രാ സൗകര്യം ബിജെപിയോ സർക്കാരോ സ്പോൺസർ ചെയ്തതാണെന്നുമുള്ള വിദേശ മാധ്യമ റിപ്പോർട്ടുകൾ കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും പതിനായിരക്കണക്കിന് ഇന്ത്യൻ-ഓസ്ട്രേലിയൻ പൗരന്മാരുടെ അന്തസിനെ ചോദ്യം ചെയ്യുന്നതുമാണെന്ന് സംഘാടകർ കത്തിൽ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നിന്ന് സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയും പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയുമാണ് ജനങ്ങൾ മെൽബണിൽ എത്തിയതെന്നും ഇതിന് ബിജെപിയുമായോ ഇന്ത്യൻ സർക്കാരുമായോ യാതൊരു സാമ്പത്തിക ബന്ധവുമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം രാഷ്ട്രീയമായി വൈവിധ്യമുള്ളവരാണെന്നും അതിൽ കോൺഗ്രസിനെയും ബിജെപിയെയും മറ്റ് കക്ഷികളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും കത്തിൽ പറയുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിലൂടെയും വ്യക്തിപരമായ സാമ്പത്തിക റിസ്ക് എടുത്തുമാണ് ചാർട്ടർ വിമാന സർവീസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. രാഷ്ട്രീയമായ എതിർപ്പുകൾ പ്രകടിപ്പിക്കാൻ പ്രവാസികളെ ബലിയാടാക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. ചാർട്ടർ വിമാനത്തിന് ബിജെപി പണം നൽകിയിട്ടില്ലെന്ന് പരസ്യമായി സമ്മതിക്കുക, പെയ്ഡ് ക്രൗഡ് പരാമർശം പിൻവലിക്കുക, പ്രവാസി സമൂഹത്തോട് മാപ്പ് പറയുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘാടകർ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിനെയാണ് കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി അധിക്ഷേപിച്ചതെന്ന് പ്രവാസി നേതാക്കൾ കുറ്റപ്പെടുത്തി.




































