26.4 C
Kollam
Saturday 13th June, 2026 | 02:27:55 AM
Home Lifestyle Entertainment വീണ്ടും ഞെട്ടിക്കാന്‍ ജോര്‍ജുകുട്ടിയും കുടുംബവും…. ‘ദൃശ്യം 3’ ട്രെയിലര്‍ പുറത്ത്

വീണ്ടും ഞെട്ടിക്കാന്‍ ജോര്‍ജുകുട്ടിയും കുടുംബവും…. ‘ദൃശ്യം 3’ ട്രെയിലര്‍ പുറത്ത്

Advertisement

തിരുവനന്തപുരം: മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ‘ദൃശ്യം 3’ ലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും ഞെട്ടിക്കാന്‍ എത്തുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

മെയ് 21ന് രാവിലെ 8 മണിക്ക് ചിത്രത്തിന്റെ ആദ്യ ഷോകള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ ഔദ്യോഗിക അപ്‌ഡേറ്റുകള്‍ പുറത്തുവരും. വിദേശ വിപണികളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റുകളുടെ വിതരണവും പുരോഗമിക്കുകയാണ്.

ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലുണ്ടാകുന്ന പുതിയ പ്രതിസന്ധികളും അവയെ മറികടക്കാനുള്ള പോരാട്ടവുമാണ് മൂന്നാം ഭാഗത്തിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍,മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനില്‍ ജോണ്‍സണ്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിനായകാണ്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ‘ദൃശ്യം’ 2013ലാണ് റിലീസ് ചെയ്തത്. 75 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷന്‍. കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ രണ്ടാം ഭാഗവും ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ജോര്‍ജുകുട്ടിയും കുടുംബവും ഇത്തവണ എങ്ങനെ നിയമത്തെ നേരിടും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സസ്‌പെന്‍സും ഇമോഷനും ഒരുപോലെ നിറച്ച ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാണ്.

Advertisement