Home Blog Page 406

ഗതാഗത നിയന്ത്രണം

അരമത്തുമഠം – ഓച്ചിറ റോഡില്‍ കല്യാണിശ്ശേരില്‍ ആയുര്‍വേദ ഹോസ്പിറ്റലിന് സമീപവും നയാര പെട്രോള്‍ പമ്പിന് സമീപവും ക്രോസ് ഡ്രെയിനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 20 വരെ ഈ പാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.
ജൂലൈ 15 മുതല്‍ 18 വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരിപ്രദേശം, അറബിക്കടലിലെ മധ്യ-വടക്ക്-തെക്ക്പടിഞ്ഞാറന്‍ സമുദ്രമേഖലകള്‍, സോമാലിയ, ഒമാന്‍ തീരങ്ങള്‍, തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന സമുദ്രമേഖലകള്‍, ഗുജറാത്ത് തീരം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നീണ്ടകര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം സെപ്റ്റംബര്‍ 30 നകം -മന്ത്രി ഷിബു ബേബി ജോണ്‍

നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം  സെപ്തംബര്‍ 30 നകം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനം. പ്രവൃത്തിപുരോഗതി വിലയിരുത്തുന്നതിനായി വനം-വന്യജീവി, നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി അറിയിച്ചത്. നിര്‍മ്മാണ പ്രവൃത്തികളില്‍ കാലതാമസവും ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി.
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡാണ് 28.24 കോടി രൂപ വിനിയോഗിച്ച് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിര്‍മ്മാണം നടത്തുന്നത്. സിവില്‍ പ്രവൃത്തികളുടെ 96 ശതമാനവും ലിഫ്റ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍, ഫയര്‍ ഫൈറ്റിംഗ്, എക്‌സ്ട്രാ ലോ വോള്‍ട്ടേജ് പ്രവൃത്തികളുടെ 85 ശതമാനവും, ഹീറ്റിംഗ്-വെന്റിലേഷന്‍-എയര്‍കണ്ടിഷനിംഗ് എന്നിവയുടെ 70 ശതമാനവും, മലിനജലസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന്റെ 95 ശതമാനവും ഫര്‍ണിച്ചര്‍ ലഭ്യമാക്കുന്നതിലെ 60 ശതമാനവും പൂര്‍ത്തിയായി.  ഇലക്ട്രിക്കല്‍ ജോലികള്‍ ഓഗ്സ്റ്റ് 31 ഓടെ പൂര്‍ത്തിയാക്കുമെന്ന് ഭവനനിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഭവനനിര്‍മാണ ബോര്‍ഡ്, കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധികളെ ഉള്‍പ്പെടുത്തി ആഴ്ചതോറും അവലോകനയോഗം ചേരും. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായിചേര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ പുരോഗതി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
7358 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ഇരുനിലകളുള്ള പുതിയ മെയിന്‍ ഹോസ്പിറ്റല്‍ ബ്ലോക്കില്‍ 113 കിടക്കകള്‍ ഉള്‍പ്പടെ അത്യാധുനിക ചികിത്സാസൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വിപുലമായ കാഷ്വാലിറ്റി, 400 പേര്‍ക്കിരിക്കാവുന്ന വെയ്റ്റിംഗ് ഏരിയ, ഫാര്‍മസി, ലാബ്, രണ്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, 16 ബെഡുകളുള്ള ഐ.സി.യു, 6 ബെഡുകളുള്ള നവജാതശിശു തീവ്രപരിചരണവിഭാഗം, ബ്ലഡ് ബാങ്ക്, ഡെലിവറി റൂമുകള്‍, ജനറല്‍-ഡെന്റല്‍ എക്‌സ്‌റേ യൂണിറ്റുകള്‍ എന്നിവയും സജ്ജീകരിക്കും.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, സര്‍ജറി, ഓര്‍ത്തോപീഡിക്, സൈക്യാട്രി തുടങ്ങിയ ഒ.പി കണ്‍സള്‍ട്ടിംഗ് റൂമുകളും സി.ടി സ്‌കാന്‍, യു.എസ്.ജി സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള മുറികളും തയാറാക്കി. ആശുപത്രിക്ക് അനുബന്ധമായി 485 ചതുരശ്ര മീറ്ററിലുള്ള കാന്റീന്‍-അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടവും 82 ചതുരശ്ര മീറ്ററിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചവറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ഡകത്തില്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.ആര്‍. ശ്രീഹരി, ഭവനനിര്‍മാണ ബോര്‍ഡ്-കേരള മെഡിക്കല്‍സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം നേതാക്കളുടെ ശൈലിയിലും പെരുമാറ്റത്തിലുമുണ്ടായ വീഴ്ച്ചയെന്ന് സി പി എം കണ്ടെത്തൽ

ന്യൂ ഡെൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സംബന്ധിച്ച സി പി എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുകൾ വിശദീകരിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സി പി എമ്മിന് വീഴ്ചകൾ സംഭവിച്ചതായും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സി സി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലും കടുത്ത പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും, ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കാനും സാധിക്കാതെ വന്നത് അടിമുടി തിരുത്തണമെന്നും പാർട്ടി തയ്യാറാക്കിയ രേഖ നിർദ്ദേശിക്കുന്നതായും ജനറൽ സെക്രട്ടറി വ്യക്തമാക്കി. സെപ്റ്റംബർ പകുതിയോടെ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തോൽവിയും നേതൃത്വത്തിന്റെ വീഴ്ചകളും വിശദമായി ചർച്ച ചെയ്യുമെന്നും, സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും എം എ ബേബി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നുവെന്നും, എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തിൽ സിപിഎം-സിപിഐ നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ല. ജില്ലാ സെക്രട്ടറി ആയി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും ബേബി വിവരിച്ചു. മാധ്യമ വാർത്തകൾ പോലെ അല്ല കാര്യങ്ങലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആയേക്കും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാകാൻ സാധ്യത. ഇക്കാര്യത്തിൽ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക.

യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നു…. കാരണം കോവിഡ് വാക്സിനോ…?

ന്യൂഡൽഹി: കോവിഡിന് ശേഷം യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്നതായിട്ടാണ് റിപ്പോർട്ട്‌. കോവിഡ്-19 വാക്സിനേഷനാണ് ഹൃദയാഘാതത്തിന് കാരണമെന്നും വ്യാപക ആക്ഷേപമുണ്ട്. എന്നാൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പഠനം വ്യക്തമാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻ.ഐ.ഇ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 തൃതീയതല ആശുപത്രികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇന്ത്യയിലെ 18-45 വയസ്സിനിടയിലുള്ള യുവാക്കളിൽ കോവിഡ്-19 വാക്സിനേഷനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രക്തം കട്ടപിടിക്കുന്ന അവസ്ഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ‘ഫാക്ടേഴ്സ് അസോസിയേറ്റഡ് വിത്ത് ത്രോംബോട്ടിക് ഇവന്റ് അമങ് യങ് അഡൾട്സ് ഇൻ ഇന്ത്യ, 2021-23: എ മൾട്ടി-സെൻട്രിക് ഹോസ്പിറ്റൽ ബെയ്‌സ്ഡ് മാച്ച്ഡ് കേസ്-കൺട്രോൾ സ്റ്റഡി’ എന്ന തലക്കെട്ടിൽ നടത്തിയ ഈ പഠനത്തിൽ, പുകവലി, നിലവിലുള്ള രോഗം, പാരമ്പര്യം, ഗുരുതരമായ കോവിഡ്-19 അണുബാധ തുടങ്ങിയവയും ജീവിതശൈലിയുമാണ് ത്രോംബോസിസിന് പ്രധാന കാരണമാകുന്നതെന്ന് കണ്ടെത്തി. (രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥയാണ് ‘ത്രോംബോട്ടിക് ഇവന്റ്’).

2023 മെയ് മാസത്തോടെ ഇന്ത്യയിലെ അർഹരായ 97 ശതമാനം ആളുകളും കോവിഡ്-19 വാക്സിൻ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 90 ശതമാനം പേർ രണ്ട് ഡോസുകളും സ്വീകരിച്ചു.

കോവിഡ്-19 വാക്സിനുകൾ ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം, ദീർഘകാല സങ്കീർണ്ണതകൾ എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് ഇന്ത്യയിലും വിദേശത്തും നടത്തിയ വിപുലമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പഠനത്തിന്റെ ഭാഗമായി 432 അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (ഹൃദയാഘാതം) കേസുകളും 767 ത്രോംബോട്ടിക് ഇവന്റ് കേസുകളും വിശകലനം ചെയ്തു. ഐ.സി.എം.ആർ-എൻ.ഐ.ഇ ഡയറക്ടർ ഡോ. മനോജ് മുർഹേക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പഠനം. വ്യാപകമായ SARS-CoV-2 വ്യാപന കാലയളവിൽ യുവാക്കളിൽ കോവിഡ്-19 വാക്സിനേഷൻ രക്തം കട്ടപിടിക്കലിന്റെ, പ്രത്യേകിച്ച് ഹൃദയാഘാതത്തിന്റെ സാധ്യത വർധിപ്പിക്കുന്നില്ലെന്നാണ് ഗവേഷകരുടെ നിഗമനം. യുവാക്കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയാഘാതത്തിന് നേരത്തെ ഉണ്ടായ ത്രോംബോട്ടിക് ഇവന്റുകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു;മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്

ശാസ്‌താംകോട്ട:മൈനാഗപ്പള്ളി കല്ലുകടവിന് സമീപം ബിഎംഡബ്യൂ കാർ മതിലിൽ ഇടിച്ചുകയറി പൂർണമായും തകർന്നു.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.കല്ലുകടവ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം.ശാസ്‌താംകോട്ട ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തു ആശുപത്രിലേക്ക് മാറ്റിയത്.പിന്നീട് വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതതടസം ഒഴിവാക്കി.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയസുദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ,സുജാതൻ,ഷാനവാസ്‌, ഹരിപ്രസാദ്,ശ്രീകുമാർ,ഹോംഗാർഡ് ഷാജി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സുഗതൻ ജയിലിൽ പുന: സത്യപ്രതിഞ്ജ ചെയ്തു, സംസ്ഥാന ചരിത്രത്തിൽ ആദ്യം


തൃശൂർ: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതി‌ജ്ഞ  വിയ്യൂർ ജയിലിൽ പുന: സത്യപ്രതിജ്ജചെയ്തു. ഈശ്വരനാമത്തിലാണ് സുഗതൻ സത്യവാചകം ചൊല്ലിയത്. ജയിൽ ലൈബ്രററി ഹാളിൽ നടന്ന ലളിതമായചടങ്ങിൽ മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് , കോർപ്പറേഷൻ സെക്രട്ടറി ജെമുഹമ്മദ് ഷാഫി, കൂടാതെ അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിഞ്ജ കഴിഞ്ഞ ഉടൻ തന്നെ സുഗതൻ ജയിലിനുള്ളിലേക്ക് മടങ്ങി.

തെരത്തെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യസംഭവമായി.



ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ട്കോണം വാർഡിലെ  കൗൺസിലറായ ആർ. സുഗതൻ.

പച്ചക്കറിയിലെ കീടനാശിനിയെ നീക്കം ചെയ്യാൻ ഇതാ ചില അടുക്കള ടിപ്പുകൾ

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, അവയുടെ പുറംതോലിൽ തളിക്കുന്ന കീടനാശിനികൾ നമ്മുടെ ശരീരത്തിന് ദോഷകരമായി ബാധിക്കാം. വിളവെടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പച്ചക്കറികളിലും പഴങ്ങളിലും മലിനീകരണം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പച്ചക്കറികൾ വെറുതെ പൈപ്പ് വെള്ളത്തിൽ കഴുകിയതുകൊണ്ട് മാത്രം ഈ കീടനാശിനികളെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ പാചകം ചെയ്യുന്നതിന് മുൻപ് ഇവ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. പച്ചക്കറികളിലെ കീടനാശിനികൾ പ്രകൃതിദത്തമായി നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യൂ.

  1. വെള്ളത്തിൽ നന്നായി കുതിർത്തു വയ്ക്കുക

പച്ചക്കറികൾ വൃത്തിയാക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണിത്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ ആദ്യം പൈപ്പ് വെള്ളത്തിൽ കാണിച്ച് മണ്ണും പൊടിയും കളയുക. അതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് 30 മിനിറ്റ് പച്ചക്കറികൾ അതിൽ മുക്കിവെയ്ക്കാം. ഇത് കീടനാശിനികളുടെ അംശവും പൊടിപടലങ്ങളെയും നീക്കാൻ സഹായിക്കും. ചീര, മല്ലിയില തുടങ്ങിയ ഇലക്കറികൾ വെള്ളത്തിൽ വെച്ച് കൈകൊണ്ട് നന്നായി ഇളക്കി കഴുകണം. അതിനുശേഷം വീണ്ടും ശുദ്ധമായ വെള്ളത്തിൽ ഒന്നുകൂടി കഴുകിയെടുക്കുക.

  1. വിനാഗിരി ചേർത്ത വെള്ളം

പച്ചക്കറികളുടെ പുറമെയുള്ള കീടനാശിനികളെ ഇല്ലാതാക്കാൻ വിനാഗിരിക്ക് കഴിയും. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി ചേർക്കാം. അതുകഴിഞ്ഞ് പച്ചക്കറികൾ അതിൽ മുക്കിവെയ്ക്കാം. ശേഷം പതുക്കെ കൈകൊണ്ട് തിരുമ്മി ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിയെടുത്താൽ മതി.

  1. ഉപ്പുവെള്ളം

കീടനാശിനികളെ വേർപെടുത്താൻ ഉപ്പുവെള്ളത്തിന് പ്രത്യേക കഴിവുണ്ട്. വെള്ളത്തിൽ ഉപ്പ് കലർത്തിയതിന് ശേഷം അതിലേക്ക് പച്ചക്കറികൾ മുക്കിവെക്കണം. അതിനുശേഷം കൈകൊണ്ട് പതുക്കെ ഉരസി നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

  1. തൊലി കളയാം

പല പച്ചക്കറികളിലും കീടനാശിനികൾ അടിഞ്ഞുകൂടുന്നത് അവയുടെ പുറംതോലിലാണ്. ക്യാരറ്റ്, വെള്ളരിക്ക, ചുരയ്ക്ക, ആപ്പിൾ എന്നിവയുടെ തൊലി ചെത്തിക്കളയുന്നത് കീടനാശിനികൾ ഉള്ളിൽച്ചെല്ലുന്നത് വലിയൊരു പരിധി വരെ തടയും.

  1. ബേക്കിംഗ് സോഡ ഉപയോഗിക്കാം

കീടനാശിനികളിലെ കടുത്ത രാസവസ്തുക്കളെ തകർക്കാൻ ബേക്കിംഗ് സോഡാ സഹായിക്കും. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർക്കാം. ശേഷം പച്ചക്കറികൾ ഇതിൽ മുക്കിവെയ്ക്കാം. അതുകഴിഞ്ഞ് നന്നായി തിരുമ്മി നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി.

മുതലപ്പൊഴിയിൽ ജീവൻ പണയം വെക്കുന്നവർക്ക് കൂലിയില്ല

ആറ്റിങ്ങല്‍. മുതലപ്പൊഴിയിൽ ജീവൻ പണയം വെക്കുന്നവർക്ക് കൂലിയില്ല; നാല് മാസമായി ശമ്പളമില്ലാതെ ലൈഫ് ഗാർഡുമാർ.മുതലപ്പൊഴിയിലെ ലൈഫ് ഗാർഡുകൾക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ല.വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കീഴിൽ മുതലപ്പൊഴിയിൽ ഉൾപ്പെടെ 45 ഓളം ലൈഫ് ഗാർഡുകളാണുള്ളത്

അതീവ അപകടസാധ്യതയുള്ള മുതലപ്പൊഴിയിൽ വിഴിഞ്ഞം , പൂന്തുറ, അഞ്ചുതെങ്ങ് മേഖലകളിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. മാസത്തിൽ 27 ഷിഫ്റ്റുകളിൽ ഇവർ ജോലി ചെയ്യുന്നു.

മാസം 21,000 രൂപയാണ് ശമ്പളം. ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു

അപകടകരമായ ജോലിയിൽ ഏർപ്പെട്ടിട്ടും ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ സർക്കാർ ഒരുക്കിയിട്ടില്ല. ഫിഷറീസ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും, ഉറപ്പ് ലഭിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല

പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും, പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്