Home Blog Page 405

ബഹിരാകാശ നിലയത്തിലേക്ക് പറന്ന് മലയാളി…അഭിമാനമായി ഡോ. അനില്‍ മേനോന്‍

ന്യൂയോർക്ക്/ബൈക്കനൂർ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിലേക്ക് യുഎസ് സ്‌പേസ് ഫോഴ്‌സ് കേണൽ ഡോ. അനിൽ മേനോൻ യാത്ര തിരിച്ചു. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.17ന് റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹവും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.

റഷ്യയുടെ സോയൂസ്-2.1എ റോക്കറ്റാണ് സോയൂസ് എംഎസ്-29 പേടകത്തെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് ഡോ. അനിൽ മേനോനൊപ്പം ദൗത്യത്തിലുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ, ജീവശാസ്ത്ര-വൈദ്യശാസ്ത്ര പഠനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് സംഘം നടത്തുക. വിവിധ രാജ്യങ്ങളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ദൗത്യത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ വംശജയായ എലിസബത്തിന്റെയും മകനാണ് ഡോ. അനിൽ മേനോൻ. അമേരിക്കയിൽ ജനിച്ച അദ്ദേഹം വൈദ്യശാസ്ത്രരംഗത്തും വ്യോമസേനയിലും ഒരുപോലെ മികവ് തെളിയിച്ച ശേഷമാണ് ബഹിരാകാശ ഗവേഷണരംഗത്തേക്ക് എത്തിയത്.

യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ‘ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം’ ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചു. ഹിമാലയൻ റെസ്‌ക്യൂ അസോസിയേഷനോടൊപ്പം ചേർന്ന് എവറസ്റ്റ് കീഴടക്കുന്ന പർവതാരോഹികൾക്ക് വൈദ്യസഹായം നൽകുന്ന സംഘത്തിലും അംഗമായിരുന്നു. റോട്ടറി അംബാസഡോറിയൽ സ്‌കോളറായിരിക്കെ ഒരു വർഷം ഇന്ത്യയിൽ ചെലവഴിച്ച അദ്ദേഹം പോളിയോ പ്രതിരോധ കുത്തിവയ്പ് പദ്ധതികളിലും സജീവമായി പങ്കെടുത്തു.

2014-ലാണ് ഫ്ലൈറ്റ് സർജനായി നാസയിൽ ചേർന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകുന്ന സംഘത്തിലെ പ്രധാന അംഗമായിരുന്നു. 2018-ൽ സ്‌പേസ് എക്‌സിൽ ചേർന്ന അദ്ദേഹം കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി പ്രവർത്തിച്ചു.

2021 ഡിസംബറിൽ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അനിൽ മേനോൻ രണ്ട് വർഷത്തെ കഠിന പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലൂടെ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനനിമിഷമാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്.

പിന്തുടര്‍ന്ന് ശല്യം; നടുറോഡില്‍ യുവതിയെ പിടിച്ചുനിര്‍ത്തിയ ടി വി കെ നേതാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയില്‍ ടി വി കെ നേതാവിനെതിരെ വിവാഹിതയായ യുവതി ലൈംഗികാതിക്രമ പരാതി നല്‍കി. മൂന്ന് മാസമായി ശല്യം ചെയ്യുകയും പിന്നീട് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് പാർട്ടി നേതാവായ രമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുളിത്തലൈ സ്വദേശിനിയായ 25-കാരി നല്‍കിയ പരാതിയില്‍, ക്രിഷ്‌ണരായപുരം ഈസ്റ്റ് യൂണിയൻ സെക്രട്ടറി രമേഷ് താൻ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ സ്ഥിരമായി എത്തി അശ്ലീല പരാമർശങ്ങളും ആംഗ്യങ്ങളും നടത്തുകയും വീട്ടിലേക്ക് പോകുന്ന വഴിയില്‍ പിന്തുടരുകയും ചെയ്തിരുന്നതായി ആരോപിക്കുന്നു.

തുടർച്ചയായ ശല്യത്തെ തുടർന്ന് ഭർത്താവ് കഴിഞ്ഞ രണ്ട് മാസമായി ദിവസവും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നതായും യുവതി പറഞ്ഞു.

സംഭവദിവസം ഭർത്താവിന് എത്താൻ കഴിയാതിരുന്നതിനാല്‍ സഹോദരിയാണ് ജോലിസ്ഥലത്ത് എത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടുറോഡില്‍ വെച്ച്‌ രമേഷ് വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി.

യുവതി ഉടൻ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രമേഷിനെ മർദിച്ചതോടെയാണ് സംഭവം വഷളായത്. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ രമേഷ് നിലവില്‍ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

അമിത വേഗം, ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; സംഭവം കൊല്ലത്ത്

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിനിക്ക് ഗുരുതരപരിക്ക്. എ.എം.എസ് എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയായ ചടയമംഗലം പോരേടം സ്വദേശിനി ദേവികക്കാണ് ഗുരുതരമായ് പരിക്കേറ്റത്. ഇന്ന് രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചായിരുന്നു അപകടം. ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസ്സിന് പകരമായി രണ്ടുദിവസമായി എഎം.എസ് ബസ് ആയിരുന്നു ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. അമിത വേഗത്തിലായിരുന്നു ബസ്.

പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിയ്ക്ക് കാര്യമായ പരിക്കുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിടുണ്ട്. ബസ്സിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ; വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് പൊലീസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (Look Out Circular) പുറത്തിറക്കാൻ പൊലീസ് നടപടി തുടങ്ങി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയ ശേഷം നിഹാദ് ഒളിവിലായതായി അന്വേഷണസംഘം അറിയിച്ചു.

പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ നേരത്തെ നീക്കം ചെയ്തിരുന്നു. അതേസമയം, കേസിൽ നിഹാദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അവരുടെ നഗ്നദൃശ്യങ്ങൾ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നിഹാദും സുഹൃത്തുക്കളും പരസ്പര ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളും നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിട്ടുണ്ട്. ഈ പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഓണച്ചന്തയ്ക്ക് സപ്ലൈകോയ്ക്ക് 253 കോടി; വിപണി ഇടപെടലിന് സർക്കാർ സഹായം

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ. ഓണവിപണി നടത്തിപ്പിനായി 200 കോടി രൂപയും, അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തുന്നതിനായി 53 കോടി രൂപയും അനുവദിച്ചതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ അഭ്യർഥന പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അനുവദിച്ച തുക വിനിയോഗിച്ച ശേഷവും അധിക ഫണ്ട് ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് വിപണിയിൽ ഫലപ്രദമായി ഇടപെട്ട് അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സബ്സിഡി നിരക്കിൽ കൂടുതൽ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങൾ സപ്ലൈകോ മുഖേന പൂർത്തിയാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി നടപ്പാക്കുന്ന മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്നാണ് തുക അനുവദിക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ ചരിത്രത്തിൽ ഓണവിപണിക്കായി ഇത്രയും വലിയ തുക ഒറ്റത്തവണ അനുവദിക്കുന്നത് ആദ്യമാണെന്നും മന്ത്രി അനൂപ് ജേക്കബ് അവകാശപ്പെട്ടു. ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പുവരുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെട്രോയിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ? ഇനി 2,500 രൂപ വരെ പിഴ

ചെന്നൈ: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോ പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലം ഇനി വിലപിടിപ്പുള്ളതാകും. സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന യാത്രക്കാരിൽ നിന്ന് 2,500 രൂപ വരെ പിഴ ഈടാക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) പ്രഖ്യാപിച്ചു.

ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും സംഗീതം കേൾക്കുന്നതിനും വീഡിയോകൾ കാണുന്നതിനും നിർബന്ധമായും ഇയർഫോൺ അല്ലെങ്കിൽ ഹെഡ്ഫോൺ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്പീക്കർ ഓണാക്കി പാട്ടോ വീഡിയോയോ പ്ലേ ചെയ്യുന്നതും, ലൗഡ് സ്പീക്കറിൽ ഫോൺ സംഭാഷണം നടത്തുന്നതും, മറ്റുള്ളവരുടെ യാത്രാസുഖം തകർക്കുന്ന തരത്തിൽ അമിത ശബ്ദമുണ്ടാക്കുന്നതും ഇനി ശിക്ഷാർഹമായ കുറ്റമായിരിക്കും.

മുൻപ് ഇത്തരം നിയമലംഘനങ്ങൾക്ക് പരമാവധി 500 രൂപ പിഴയായിരുന്നു ഈടാക്കിയിരുന്നത്. പുതിയ ഉത്തരവോടെ ഇത് 2,500 രൂപയായി ഉയർത്തി. നിയമം ലംഘിക്കുന്നവരെ മെട്രോ ട്രെയിനിൽ നിന്നോ സ്റ്റേഷൻ പരിസരത്ത് നിന്നോ പുറത്താക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരവും നൽകിയിട്ടുണ്ട്.

ശബ്ദമലിനീകരണം നിയന്ത്രിക്കുക, യാത്രക്കാർക്ക് ശാന്തവും സൗഹൃദപരവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കുക, പൊതുയാത്രാ മര്യാദകൾ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. “ഹെഡ്ഫോൺ ഉപയോഗിക്കുക, സഹയാത്രികരെ ബഹുമാനിക്കുക” എന്ന സന്ദേശത്തോടെയാണ് ചെന്നൈ മെട്രോ എക്‌സ് പ്ലാറ്റ്ഫോമിലൂടെ യാത്രക്കാരെ ബോധവത്കരിച്ചത്.

പുതിയ ചട്ടപ്രകാരം ഹെഡ്ഫോൺ ഇല്ലാതെ സംഗീതമോ വീഡിയോയോ പ്ലേ ചെയ്യുക, മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിൽ ഉപയോഗിക്കുക, ഉച്ചത്തിൽ ഫോൺ സംസാരിക്കുക, സഹയാത്രികർക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന തരത്തിൽ ശബ്ദമുണ്ടാക്കുക തുടങ്ങിയ പ്രവൃത്തികൾക്കെല്ലാം പിഴ ചുമത്താനാകും. മറ്റുള്ളവരുടെ യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഏത് പെരുമാറ്റവും നടപടിക്ക് വിധേയമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്തിടെ മെട്രോ ശൃംഖലയിലുടനീളം യാത്രാ മര്യാദകൾ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. ട്രെയിനിൽ കയറുന്നതിന് മുമ്പ് ഇറങ്ങുന്നവർക്ക് വഴിയൊരുക്കുക, വാതിലുകൾ തടസ്സപ്പെടുത്താതിരിക്കുക, പ്ലാറ്റ്ഫോമിലെ മഞ്ഞരേഖയ്ക്ക് പിന്നിൽ നിൽക്കുക, എസ്‌കലേറ്ററുകളിൽ ഇടതുവശത്ത് നിൽക്കുകയും വലതുവശം നടക്കാൻ ആഗ്രഹിക്കുന്നവർക്ക് വിട്ടുകൊടുക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കാമ്പയിന്റെ ഭാഗമായിരുന്നു.

മെട്രോ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ അച്ചടക്കമുള്ള യാത്രാസംസ്കാരം വളർത്തുന്നതിനും എല്ലാ യാത്രക്കാർക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുമാണ് കർശന നടപടികൾ നടപ്പാക്കിയതെന്ന് ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.

മുഖം ഉള്‍പ്പെടുത്താതെ ശരീരം മാത്രം പകർത്തി; വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം:കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഞാനൊന്നും അറിയുന്നില്ല. അവിടെയിരിക്കുന്ന ഒരാള്‍ ഫോട്ടോ എടുത്തു. അയാള്‍ ആരാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇയാള്‍ക്കടുത്ത് നില്‍ക്കുന്നയാള്‍ കാണുന്നത് എന്റെ ബോഡി സൂം ചെയ്യുന്നതാണ്. മുഖം സൂം ചെയ്യുന്നില്ല. അപ്പോള്‍ത്തന്നെ അടുത്തുനിന്നയാള്‍ പറഞ്ഞ് അത് മാറ്റി. ഇതോടെ കുഴപ്പമില്ലെന്ന് കരുതി. പക്ഷേ അയാള്‍ പോസ്റ്റുചെയ്തതില്‍ ബോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. വലിയ വിഷയമായതോടെ അയാള്‍ അത് ഡിലീറ്റ് ചെയ്തു. എങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തുവച്ച്‌ ബന്ധപ്പെട്ട മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാനത്തെ മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.പബ്ലിക് പ്ളെയിസില്‍ എന്റെ ബോഡിയുടെ പടം എടുക്കാൻ ശ്രമിച്ചവർ സ്കൂളിലെ കുഞ്ഞുങ്ങളോട് എങ്ങനെയായിരിക്കും ‘- ബിന്ദുകൃഷ്ണ ചോദിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടരുകയാണെന്നും അവ തടയാൻ വനിതാ ശിശുക്ഷേമസമിതി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. സീറോ ടോളറൻസ് നയമാണ് വകുപ്പ് സ്വീകരിക്കുന്നത്. സേഫ് വുമണ്‍, സേഫ് ഫാമിലി നയം നടപ്പിലാക്കും. ഒറ്റപ്പെട്ട സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവിടെയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദാപ്പള്ളിയിൽ കരാറുകാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയറെ അഴിമതി വിരുദ്ധ ബ്യൂറോ പിടികൂടി. പെദ്ദാപ്പള്ളി മുനിസിപ്പൽ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയറായ കല്ലേപ്പള്ളി സതീഷ് കുമാർ (33) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടിൽ തുടർന്ന് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 32.31 ലക്ഷം രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. പെദ്ദാപ്പള്ളി ടൗണിലെയും തെനുഗുവാഡയിലെയും ഹൈന്ദവ ശ്മശാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന്റെ അന്തിമ ബില്ലായ 12,28,748 രൂപ പാസാക്കുന്നതിനായാണ് സതീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്.

ഈ ബിൽ തുടർനടപടികൾക്കായി ഹൈദരാബാദിലെ തെലങ്കാന അർബൻ ഫിനാൻസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനിലേക്ക് (TUFIDC) അയക്കേണ്ട ചുമതല ഇയാൾക്കായിരുന്നു. കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസിബിയുടെ കരിംനഗർ യൂണിറ്റ് കെണിയൊരുക്കിയാണ് പ്രതിയെ സ്വന്തം വസതിയിൽ വെച്ച് കൈക്കൂലിപ്പണവുമായി പിടികൂടിയത്.

തുടർന്ന് നടത്തിയ വിശദമായ റെയ്ഡിലാണ് രേഖകളില്ലാത്ത 32,31,900 രൂപ കൂടി വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തതായും കരിംനഗർ കോടതിയിൽ ഹാജരാക്കുമെന്നും എസിബി അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കിയില്ല…. സ്വന്തം വീടിന് തീയിട്ട് 25-കാരന്‍

കണ്ണൂര്‍ സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തതായണ് വിവരം. പലപ്പോഴും അമ്മയില്‍ നിന്നും അഭിഷേക് പണം വാങ്ങിയിരുന്നുവെന്നും മകന്‍ ലഹരിക്ക് അടിമയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പിതാവ് പറഞ്ഞു. ഒരു മുറിയ്ക്കാണ് അഭിഷേക് തീയിട്ടത്. പിന്നീട് മറ്റ് മുറികളിലേക്ക് തീ പടരുകയായിരുന്നു. പ്രധാനമുറി പൂര്‍ണമായും കത്തിനശിച്ചു. അഭിഷേകിന്റെ കുടുംബത്തിന് നേരെയുള്ള തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് അനുജനടക്കം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

വീടിന് തീയിട്ട ശേഷം അഭിഷേക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

ഗതാഗത നിയന്ത്രണം

അരമത്തുമഠം – ഓച്ചിറ റോഡില്‍ കല്യാണിശ്ശേരില്‍ ആയുര്‍വേദ ഹോസ്പിറ്റലിന് സമീപവും നയാര പെട്രോള്‍ പമ്പിന് സമീപവും ക്രോസ് ഡ്രെയിനേജ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 20 വരെ ഈ പാതയില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.