27.6 C
Kollam
Friday 21st August, 2026 | 10:04:04 PM
Home News Breaking News അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍,നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍,നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം:   ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ കവാടത്തില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്. വിഡി സതീശന്‍ ആരോപിച്ചു.

ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്‍കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.