30.1 C
Kollam
Friday 9th October, 2026 | 01:35:00 PM
Home News Breaking News ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീളുന്നു; പി ജെ ജോസഫ് കടുത്ത അതൃപ്തിയിൽ

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനും അതൃപ്‌തി. വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ട്. എന്നാൽ ജോസഫിൻറെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല.

Also Read: ‘ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും’; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. തോമസ് ഉണ്ണിയാടൻ കലാപക്കൊടി ഉയർത്തുമ്പോൾ പി ജെ ജോസഫിനു ക്യാബിനറ്റ് പദവി നൽകിയാൽ പാർട്ടിക്കുള്ളിൽ പ്രതിസന്ധി ആകുമോ എന്ന് കേരള കോൺഗ്രസിലും ആശങ്കയുണ്ട്.

മുൻ മന്ത്രി ഡോ. എം കെ മുനീറിനെ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ കോൺഗ്രസ് നേതൃത്വവും ഇതേ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. എന്നാൽ വിവിധ ബോർഡ് അധ്യക്ഷ നിയമനങ്ങൾ വൈകുകയാണ്.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിസഭാ തീരുമാനം വന്നിട്ടില്ലെന്നും എം കെ മുനീർ ഇന്നലെ പ്രതികരിച്ചിരുന്നു. അങ്ങനെ ഒരു ഉത്തരവ് വന്നാൽ മാത്രമേ തനിക്ക് പറയാൻ കഴിയൂ. ഭരണ പരിഷ്കരണ കമ്മീഷൻ ആലങ്കാരിക പദവി അല്ല. ആരെയെങ്കിലും ഉൾപ്പെടുത്താൻ ഉള്ള പദവി അല്ല. വാഗ്ദാനങ്ങളുടെ മുകളിൽ ജീവിച്ച വ്യക്തി അല്ല താൻ. പാർട്ടി പറഞ്ഞാൽ എന്തും ഉൾക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും എം കെ മുനീർ പറഞ്ഞു.