Home Blog Page 404

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ അടിച്ചു കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് കുറ്റിച്ചൽ കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന തുമ്പികൈ കൊണ്ട് അടിച്ച് കൊന്നു. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (28 ) നാണ് ദാരുണാന്ത്യം. രാവിലെ 8.30 ഓടെ നെയ്യാർഡാം റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം.

കാലിന് സുഖമില്ലാത്ത മനു എന്ന ആന പാപ്പാനെ അടിച്ച് വീഴ്ത്തി ചവിട്ടി വെള്ളത്തിൽ താഴ്ത്തിയത്.മറ്റ് പാപ്പാൻമാർ ബഹളം വെച്ചെങ്കിലും ആന പിൻമാറിയില്ല. കൂടുതൽ പാപ്പാൻന്മാരെത്തി ആനയെ മാറ്റിയശേഷം പാപ്പാനെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്ത് ആര്യനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. ഇതോടെ ശബരിമലസ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രധാനപ്രതി സഹിതം മിക്കവരും പുറത്തായിരിക്കയാണ്.

എസ്‌ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ നിയമ പരമായ അര്‍ഹതയുണ്ടായിരുന്നു.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍ റിമാന്‍ഡിലായി 43-ാം ദിവസം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കി.

പ്രതിപക്ഷം തെരുവ് ചട്ടമ്പികളെ പോലെ പെരുമാറിയെന്ന് ഇടത് മുന്നണി കൺവീനർ, സതീശൻ സഭയില്‍ പറഞ്ഞത് നുണ ; പ്രതിഷേധിച്ച്‌ ഭരണപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയില്‍ തെരുവ് ചട്ടമ്പികളെ പോലെ പെരുമാറിയെന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ എംഎല്‍എ. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുരാവിലെ സഭ പിരിഞ്ഞതിനുശേഷം ഭരണപക്ഷ എംഎല്‍എമാർ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പോസ്റ്ററുകളും ചിത്രങ്ങളുമായാണ് എംഎല്‍എമാർ പ്രതിഷേധിച്ചത്. ഇതിനിടിയലാണ് രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘കേരളത്തിലെ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ടൊരു വേദിയാണ് നിയമസഭ. എത്രയോ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്ന സ്ഥലത്ത് യുഡിഎഫ് വളരെ പ്രതിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ഒരു പ്രശ്നവും ചർച്ച ചെയ്യാൻ അവർ തയ്യാറല്ല. സഭാന്തരീക്ഷം അലങ്കോലമാക്കി തെരുവ് ചട്ടമ്പികളെ പോലെ അവർ പെരുമാറുകയാണ്. സ്പീക്കർക്കുനേരെയുണ്ടായ കടന്നാക്രമണങ്ങള്‍ ജനങ്ങള്‍ക്കുമുൻപില്‍ ചർച്ചയാകുകയാണ്.

ശബരിമല സ്വർണക്കൊള്ളയില്‍ സർക്കാർ ഹൈക്കോടതിയുടെ നിലപാട് അംഗീകരിച്ചാണ് തുടരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളെ ഹൈക്കോടതിയാണ് നിയോഗിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. അവരുടെ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി പ്രകടിപ്പിച്ചതാണ്. എന്നാല്‍ ഹൈക്കോടതിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ സമീപനാണ് ഇപ്പോള്‍ യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. അതാണ് നിയമസഭയില്‍ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

നിയമസഭ ശരിയായി നടപ്പിലാക്കാൻ അവർ സമ്മതിക്കുന്നില്ല. പ്രതിപക്ഷനേതാവ് ആവർത്തിച്ചാവർത്തിച്ച്‌ നുണ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. യാഥാർത്ഥ്യത്തിന് വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന്റെ നേതൃത്വം പ്രതിപക്ഷനേതാവ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ജനങ്ങള്‍ തള്ളിക്കളയും. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടമാകില്ലെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്’- അദ്ദേഹം പറഞ്ഞു.

കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസ്; ഓൺലൈനായി അപേക്ഷിക്കാം

ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റിസിന്റെ 30 ഒഴിവ്. ഒരു വർഷ പരിശീലനം. മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, വിഭാഗം, യോഗ്യത:

∙ഗ്രാജ്വേറ്റ് അപ്രന്റിസ്: ബിടെക് സിവിൽ/ കെമിക്കൽ/ മെക്കാനിക്കൽ.

∙നോൺ എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്: ബികോം.

∙ടെക്നിഷ്യൻ അപ്രന്റിസ്: സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.

∙ട്രേഡ് അപ്രന്റിസ് (എൽഎസിപി): ബിഎസ്‌സി (കെമിസ്ട്രി/ ഫിസിക്സ്).

∙ട്രേഡ് എക്സിക്യൂട്ടീവ് (എച്ച്ആർ): എംബിഎ/പിജി ഇൻ എച്ച്ആർ/ പിഎം ആൻഡ് ഐആർ

∙ട്രേഡ് അപ്രന്റിസ് (പ്ലംബർ, ഫിറ്റർ, വെൽഡർ, എംഎംവി, ഇലക്ട്രിഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

∙പ്രായം: 18-25. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

www.irel.co.in

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍,ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിനും ജോലി പോയി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടു. കൂട്ടപ്പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ഇഷാന്‍ തരൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹ്യമാധ്യമത്തിലൂടെയായിരുന്നു വിഷയം പങ്കുവച്ചത്. ‘ഒരു മോശം ദിവസം’ എന്ന കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാന്‍ തരൂര്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

”ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത്, പ്രത്യേകിച്ച് വാഷിങ്ടന്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ദുഖിക്കുന്നു. 12 വര്‍ഷത്തോളം എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നു അവര്‍. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കണക്കാക്കുന്നു.” എന്നാണ് ഇഷാന്റെ എക്‌സ് പോസ്റ്റിന്റെ ഉള്ളടക്കം.

2017 ജനുവരിയിലാണ് ‘വേള്‍ഡ് വ്യൂ’ എന്ന കോളം ആരംഭിച്ചത്. ലോകത്തെ കുറിച്ചും അതില്‍ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും ആയിരുന്നു ലേഖനങ്ങളുടെ ഉള്ളടക്കം. തനിക്ക് പിന്തുണ നല്‍കിയിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് താന്‍ കടപ്പെട്ടിരിക്കുന്നു എന്നും ഇഷാന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വാഷിങ്ടണ്‍ പോസ്റ്റ് കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 300-ലധികം പത്രപ്രവര്‍ത്തകരും ബിസിനസ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിന് പുറമെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മയും പട്ടികയിലുണ്ട്.

നിപ

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ല, ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം

സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ ഭീഷണിപ്പെടുത്താനോ സമ്മര്‍ദത്തിലാക്കാനോ ഉപയോഗിച്ചാല്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധങ്ങള്‍ ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വ്യക്തമാക്കി. പരാതിക്കാരിയുമായി ബന്ധം ഉഭയ സമ്മതത്തോട് കൂടിയായിരുന്നു എന്നും, ലൈംഗിക അതിക്രമം എന്ന പരാതി നില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം തള്ളിയ കോടതി വീഡിയോ പുറത്തുവന്നാല്‍ തനിക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ച് എല്ലാക്കാലത്തും യുവതിക്ക് ഭയമുണ്ടായിരുന്നെന്നും അതിനാല്‍ ലൈംഗികബന്ധം പൂര്‍ണമനസ്സോടെയുള്ള സമ്മതമായി കാണാനാകില്ലെന്നും വിലയിരുത്തി.

വിദേശത്തായിരുന്ന പ്രതി വിവാഹിതയായ സ്ത്രീയുമായി ബന്ധം മുതലെടുത്ത് വീഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. 2023 അവസാനത്തോടെ പ്രതി ഡല്‍ഹിയില്‍ എത്തിയപ്പോള്‍, ഈ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ചൂഷണം ചെയ്തെന്നാണ് പരാതി. പ്രതിയില്‍ നിന്ന് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. പിന്നീട് ഈ വീഡിയോകള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നും പരാതിയില്‍ പറയുന്നു.

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു അപകടം. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനായ അഭിജിത്ത് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നതു സമീപവാസിയാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ സ്വീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്ര വിജയം നേടി അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ മേയര്‍ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു.

നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്താണ് ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കല്‍, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്.

മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഫെബ്രുവരി 9 ന് കേരള എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും, യാത്ര സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്നും മേയര്‍ വി വി രാജേഷ്  പറഞ്ഞു. ഫെബ്രുവരി 13 നാണ് അത്താഴവിരുന്ന്. അന്നു രാത്രി തന്നെ കൗണ്‍സിലര്‍മാര്‍ തിരിച്ച് പുറപ്പെടും.

ട്രെയിന് കൂടുതല്‍ സമയം സ്റ്റോപ്പുള്ള സ്റ്റേഷനുകളില്‍ അതത് സംസ്ഥാന യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയത്തിന് പിന്നാലെ, അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പ്രധാനമന്ത്രി നേരിട്ട് കത്തെഴുതിയിരുന്നു. വിജയത്തെ ‘യുഗത്തിന്റെ തുടക്കം’ എന്നും ‘സുവര്‍ണ്ണ ലിപികളില്‍ എഴുതിയ നാഴികക്കല്ല്’ എന്നും വിശേഷിപ്പിച്ചിരുന്നു.

101 അംഗ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. ഒരു സ്വതന്ത്ര കൗണ്‍സിലറുടെ കൂടി പിന്തുണയോടെയാണ് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു കോര്‍പ്പറേഷനില്‍ ബിജെപി അധികാരം നേടിയത്. നാലു ദശാബ്ദം ഭരണത്തിലിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്കും, ഇത്തവണ അധികാരം നേടാമെന്ന് പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

മുൻ മാവേലിക്കര എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: മുൻ മാവേലിക്കര എംഎൽയും കോൺഗ്രസ് നേതാവും ആയിരുന്ന എം മുരളി അന്തരിച്ചു.71 വയസായിരുന്നു
ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന മുരളി മാവേലിക്കര മണ്ഡലത്തെ1991 മുതൽ 2011 വരെ  നിയമസഭയിൽ പ്രതിനിധീകരിച്ചു.
കഴിഞ്ഞ തെരത്തെടുപ്പിൽ ചെങ്ങന്നൂരിൽ സജി ചെറിയാനോട് പരാജയപ്പെട്ടു .കെ എസ് യു മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്നു എം മുരളി.മൃതദേഹം ഇപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പനീർ കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

പനീർ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറയ്ക്കുന്ന തോന്നൽ നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.
സസ്യാഹാര പ്രിയരുടെ ഭക്ഷണക്രമത്തിൽ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീർ. പാലിൽ നിന്നുണ്ടാക്കുന്ന ഉപോത്പന്നമായ പനീറിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, മറ്റ് ചീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ആരോഗ്യകരമായ ഭക്ഷണമാണ്.

പനീർ കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൂടുതൽ നേരം വയറു നിറയ്ക്കുന്ന തോന്നൽ നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.

പേശികളുടെ വളർച്ചയ്ക്കും നന്നാക്കലിനും അത്യാവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ പനീറിൽ അടങ്ങിയിട്ടുണ്ട്. ബോഡി ബിൽഡർമാർക്കും അത്‌ലറ്റുകൾക്കും ഇത് ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പനീറിൽ ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ഇത് സഹായിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് അത്യാവശ്യമായ കാൽസ്യത്തിന്റെയും ഫോസ്ഫറസിന്റെയും സമ്പന്നമായ ഉറവിടമാണ് പനീർ. കാൽസ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.

പനീറിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ജലദോഷം, പനി, അണുബാധ തുടങ്ങിയ സാധാരണ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, പനീറിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

പനീർ വിറ്റാമിൻ ബി 12 ന്റെ സമ്പന്നമായ ഉറവിടമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

പനീറിൽ ട്രിപ്റ്റോഫാൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലൂടെയും, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിലൂടെയും മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സെറോടോണിൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.