കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ 38 വയസ്സുള്ള എലിസബത്താണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് പനി ബാധിതയായി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോഗം കലശലായതോടെ എലിസബത്തിനെ തിങ്കളാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ചികിത്സക്കിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് എലിസബത്ത് മരിച്ചത്. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ്നടപടികൾപൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പനിയ്ക്ക് പിന്നാലെ അണുബാധയായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും, കൊല്ലത്ത് ലഹരിയുപയോഗിച്ച് യുവാവ് കയറിയത് അഷ്ടമുടിക്കായലിലേക്കുള്ള തുരങ്കത്തിൽ
കൊല്ലം: വെള്ളം ഒഴുക്കാൻ നിർമിച്ച തുരങ്കത്തിൽ കയറി ലഹരിയ്ക്കടിമയായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിലിൽ നിന്ന് അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ് കഴിഞ്ഞ ദിവസം ഇയാൾ കയറിപ്പറ്റിയത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവാവ് തുരങ്കത്തിൽ കയറിയതെന്നാണ് വിവരം.
തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് ആരോ തുരങ്കത്തിലുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. യുവാവ് പാട്ടുപാടുകയും ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഭയന്നു. പിന്നീടാണ് തുരങ്കത്തിൽ ആരോ ഉണ്ടെന്ന് മനസിലാക്കിയത്. നാട്ടുകാർ ചേർന്ന് ഇയാള രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതോടെ ആളുകൾ പിന്മാറി.
ഒടുവിൽ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവും പൊലീസ് കണ്ടെത്തി. ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലായിരുന്നുവെന്നാണ് വിവരം. തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച ശേഷം യുവാവിനെ ആദ്യം ഡീ അഡിക്ഷൻ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി.
മുഖ്യമന്ത്രിയുടെ ഇടപെടൽ, ഇത്രയും തുക ഒന്നിച്ച് അനുവദിക്കുന്നത് ആദ്യമെന്ന് മന്ത്രി; സപ്ലൈകോയ്ക്ക് സർക്കാർ വക 200 കോടി, ഓണവിപണി ഉഷറാകും
തിരുവനന്തപുരം: ഓണം അടുത്തതോടെ വിപണി വില പിടിച്ചുനിർത്താൻ ഇടപെടലുമായി സർക്കാർ. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റ്ർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
പൂപ്പലും പൊടിയും തട്ടി ചൂട് തീരുമാനം എടുക്കൂ, സർക്കാരിന്റെ വൈകലിൽ പ്രതികരിച്ച് ജിന്റോ ജോൺ; ‘അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം’
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ‘സൂപ്പർ ഡിജിപി’യും കള്ളന് കഞ്ഞിവെച്ച ആളുമായിരുന്നു അജിത് കുമാറെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ച ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തെ കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, നീതിബോധമുള്ള സാധാരണ ജനങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടികൾ വൈകുന്നത് നീതിബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച പൊലീസുകാരെ രക്ഷിച്ചെടുക്കാൻ റിപ്പോർട്ടുകൾ തിരുത്തിച്ചതുൾപ്പെടെയുള്ള ഗുരുതര പൗരാവകാശ ലംഘനങ്ങളാണ് അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതിരുകവിഞ്ഞ രാജഭക്തി തെളിയിക്കാനും തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, പൂരം കലക്കൽ, തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കളമൊരുക്കൽ, അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണക്കടത്ത്, മാമി തിരോധാനം, ശബരിമലയിലെ അനധികൃത ട്രാക്ടർ യാത്ര തുടങ്ങിയ നിരവധി വിവാദങ്ങളിൽ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന് ഇനി ഒരുതരത്തിലുള്ള പ്രിവിലേജും സംരക്ഷണവും ഈ സർക്കാരിൽ നിന്ന് ലഭിക്കരുത്.
ഡിജിപിയുടെ ഓഫീസിൽ മൂന്നാഴ്ചയായി കെട്ടിക്കിടക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം അടിയന്തരമായി കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളണം. ‘ഓപ്പറേഷൻ തൂഫാൻ’ വഴി മാതൃകാപരമായ നിലപാടുകൾ സ്വീകരിച്ചതുപോലെ, പൊലീസിലെ ക്രിമിനൽ സിൻഡിക്കേറ്റിന്റെ തലവനായ അജിത് കുമാറിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണം. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന, റിപ്പോർട്ട് തിരുത്തിക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇനിയും വൈകുന്നത് സാധാരണ ജനങ്ങളിൽ സംശയമുണ്ടാക്കുമെന്നും ജിന്റോ ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്നറിയാം; കേരളം നടുങ്ങിയ നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് സൂചിപ്പിച്ച കോടതിയോട് തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ വെല്ലുവിളി.
ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നായിരുന്നു ചെന്താമരയുടെ മറുപടി. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കിൽ തൂക്കിക്കൊന്നോളു എന്നും വെല്ലുവിളിച്ചു. ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ച് കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്ന് കോടതിയെ നോക്കി പരിഹസിക്കുകയും ചെയ്തു. എൻറെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസിലാകുo. എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രതിയുടെ വെല്ലുവിളി. ഇതെല്ലാം കേട്ട് ചെന്താമര കൊന്ന സുധാകരന്റെയും സജിതയുടെയും പെൺമക്കൾ കോടതി മുറിയിൽ ഉണ്ടായിരുന്നു.
കേസിന്റെ നാള്വഴികള്
ജനുവരി 27 ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിക്കായി രണ്ടു ദിനം നീണ്ട തിരച്ചിൽ- രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേ൪ന്ന മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേ൪ന്നായിരുന്നു തിരച്ചിൽ
28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ഫെബ്രുവരി 5- സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ്
ഫെബ്രുവരി 18- പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി, 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദായത്. 2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്.
മാ൪ച്ച് 3- കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
മാർച്ച് 25 കുറ്റപത്രം സമ൪പ്പിച്ചു
480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഉള്പ്പെട്ടിരുന്നു. ഫെബ്രു 23 മുതൽ മെയ് 6 വരെ വിചാരണ നടന്നു. 132 സാക്ഷികളിൽ 4 പേര് കൂറുമാറുകയും ചെയ്തിരുന്നു.
കേരളത്തിനും അഭിമാനം… ഡോ.അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി
മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഡോ.അനിൽ മോനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രണ്ട് മണിക്കാണ് നിലയത്തിലേക്ക് പ്രവേശിച്ചത്.
രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അൽപ്പസമയം നീണ്ടു. ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ്-29 പേടകത്തില് ചൊവ്വാഴ്ച രാത്രി 8.17നാണ് യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശ യാത്രികരായ റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും സംഘത്തിന്റെ മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
ഫ്രാൻസിനെ പൂട്ടി സ്പെയിൻ,സ്വപ്ന ഫെെനലിൽ
ഫിഫ ലോകകപ്പ് സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ തകര്ത്ത് സ്പെയിൻ ഫൈനലില്. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് യൂറോ ചാന്പ്യൻമാരുടെ ജയം. പെനൽറ്റിയിലൂടെ മിക്കേൽ ഒയർസബാൽ ആദ്യപകുതിയിൽതന്നെ ഫ്രഞ്ച് വീര്യം കെടുത്തി. ഇടവേളയ്ക്കുശേഷം പ്രതിരോധക്കാരൻ പെഡ്രോ പോറോ സ്പാനിഷ് ജയം പൂർത്തിയാക്കി. 2010നുശേഷം ആദ്യമായാണ് സ്പെയിൻ ഫൈനൽ കളിക്കുന്നത്. ചരിത്രത്തിലെ രണ്ടാം ഫൈനൽ കൂടിയാണ് മുൻ ചാന്പ്യൻമാർക്ക്.
കളിയുടെ ഇരുപത്തിരണ്ടാം മിനിറ്റിൽ സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് മിക്കൽ ഒയാർസബാലാണ് സ്പെയിനിന് ആദ്യം ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ അമ്പത്തിയെട്ടാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ രണ്ടാം ഗോളും നേടി.
മറുഭാഗത്ത് കിലിയൻ എംബപെയുടെ നേതൃത്വത്തിൽ ഫ്രാൻസ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പെയിനിന്റെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല് ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഫ്രഞ്ച് ഡിഫൻസിലെ പിഴവുകളും സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിന്റെ മികച്ച സേവുകളും ഫ്രാൻസിന് തിരിച്ചടിയായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രണ്ടാമത്തെ പകുതിയില് രണ്ടാം ഗോളും വഴങ്ങിയതോടെ ഫ്രഞ്ച് താരങ്ങള് തകര്ന്ന നിലയിലായിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല.
പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 15, ബുധൻ | മിഥുനം 31, പൂയ്യം
ഫുട്ബോൾ ലോകകപ്പ്: സ്പെയിൻ ഫൈനലിൽ
ലോകകപ്പിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തകർത്ത് സ്പെയിൻ ഫൈനലിൽ. ഡാളസിൽ നടന്ന പോരാട്ടത്തിൽ മികേൽ ഒയർസബാൽ, പെഡ്രോ പൊറോ എന്നിവരാണ് സ്പെയിനിനുവേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മൈക്കൽ ഒയാർസബാൽ സ്പെയിനിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ പെഡ്രോ പൊറോ ലീഡ് ഇരട്ടിയാക്കി.
ഹോർമുസ് കടലിടുക്കിൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ എണ്ണ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എംടി അൽ ബഹിയ, എംടി മൊംബാസ എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു.
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ്
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയിൽ 70.73 കോടിയുടെ വിറ്റവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. റിട്ടേണുകൾ കൃത്യ സമയത്ത് സമർപ്പിക്കാത്ത 38 ബാർ ഹോട്ടലുകളിലായിരുന്നു പരിശോധന.
മഹാപ്രളയം: ശബ്ദരേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
2018-ലുണ്ടായ മഹാപ്രളയം മനുഷ്യ നിർമിതമാണെന്ന മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദ രേഖയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
ഒറ്റപ്പാലിന്റെ കൊച്ചുമകൻ അനിൽ മേനോനെയും വഹിച്ചുകൊണ്ടുള്ള സൊയൂസ് എം എസ് 29 വിജയകരമായി വിക്ഷേപിച്ചു. സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. എട്ട് മാസത്തെ ദൗത്യത്തിന് ശേഷമായിരിക്കും മടക്കം.
കടബാധ്യത: പ്രതിപക്ഷത്തിന്റെ ബദൽ ധവളപത്രം
യുഡിഎഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു.
സ്ഥാനാർത്ഥി നിർണ്ണയം: പിഴവുകൾ സമ്മതിച്ച് സിപിഎം
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചാരണത്തിലും വീഴ്ചകൾ സംഭവിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. അടിമുടി തിരുത്തലുകൾ ആവശ്യമാണെന്നും പാർട്ടി രേഖ നിർദ്ദേശിക്കുന്നു.
സ്വകാര്യവത്കരണം: മുഖ്യമന്ത്രിയുടെ മറുപടി
താൻ സ്വകാര്യവത്കരണത്തിനായി വന്നയാളാണെന്ന പ്രചാരണത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. പരമ്പരാഗത ശൈലിയിൽ മാറ്റം വരുത്തുമ്പോൾ ചിലർക്ക് അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
അഭിമന്യു കൊലക്കേസ്: വിചാരണ തുടരും
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ നിർത്തിവക്കണമെന്ന പ്രതികളുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി.
യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി മമ്മു അറസ്റ്റിൽ
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ നിഹാദിന്റെ (തൊപ്പി) കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്കെതിരായ പോരാട്ടം: വിജയിയെ കാണുമെന്ന് രമേശ് ചെന്നിത്തല
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കണ്ണൂർ സർവകലാശാല: ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം വിവാദത്തിൽ
കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനസംഘടിപ്പിച്ചത് ചട്ടവിരുദ്ധമായാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം.
കോറോ ഹെൽത്ത്: പിരിച്ചുവിട്ട ജീവനക്കാർക്ക് പുനർനിയമനം
കേരളത്തിലെ ഓഫീസുകൾ പൂട്ടി ജീവനക്കാരെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ ജീവനക്കാർക്ക് മറ്റ് കമ്പനികളിൽ പുനർനിയമനം നൽകാൻ ധാരണയായി.
കൊച്ചിയിൽ ഭക്ഷ്യവിഷബാധ
കൊച്ചി കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
ബസ് സമരം പിൻവലിച്ചു
ബസ് വ്യവസായം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചതിനെ തുടർന്ന് സ്വകാര്യ ബസുടമകളുടെ സംഘടന സെക്രട്ടറിയേറ്റ് മാർച്ച് മാറ്റിവെച്ചു.
ബ്രഹ്മപുരം പ്ലാന്റ്: പുതിയ കരാർ വേണമെന്ന് കോർപ്പറേഷൻ
ബ്രഹ്മപുരത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം പുനരാരംഭിക്കാൻ പുതിയ കരാർ ഒപ്പിടണമെന്ന് കൊച്ചി കോർപ്പറേഷൻ.
ഓപ്പറേഷൻ തൂഫാൻ: പെരുമ്പാവൂരിന് പ്രത്യേക പോലീസ് സേന
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പ്രത്യേക പോലീസ് സേനയെ നിയോഗിക്കാൻ ആഭ്യന്തര മന്ത്രിയുടെ തീരുമാനം.
ആഗോള അയ്യപ്പ സംഗമം: സിപിഎം വിമർശനം
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാർ തലത്തിൽ പാടില്ലായിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.
ജി സുധാകരന്റെ മറുപടി
ജി സുധാകരന്റെ നാവിലിൽ ആണി അടിക്കണമെന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി.
പാതയോരങ്ങളിലെ കേബിളുകൾ: കർശന നിയന്ത്രണം
പാതയോരങ്ങളിൽ സുരക്ഷാ ഭീഷണിയാകുന്ന കേബിളുകൾ നീക്കം ചെയ്യുന്നതിനായി മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനം.
കശുവണ്ടി കോർപ്പറേഷൻ അഴിമതി: കെ. ബിജുവിന്റെ മാപ്പപേക്ഷ
കോടതിയെ അവഹേളിച്ചെന്ന കേസിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ മാപ്പപേക്ഷ സമർപ്പിച്ചു.
പരീക്ഷയിൽ കോപ്പിയടി: താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ
മട്ടന്നൂർ പോളി ടെക്നിക് കോളജിൽ പരീക്ഷാഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കെഎസ്ഇബി താത്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ഇന്ത്യ-യുകെ വ്യാപാര കരാർ
ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിലായി. ഇതിന്റെ ഭാഗമായി ആദ്യ കയറ്റുമതി തിരുവനന്തപുരത്ത് നിന്നും ഫ്ലാഗ് ഓഫ് ചെയ്തു.
അമല മെഡിക്കൽ കോളേജിന് എ പ്ലസ് ഗ്രേഡ്
കേരള ആരോഗ്യ സർവകലാശാലയുടെ ക്വാളിറ്റി അഷ്വറൻസ് സിസ്റ്റം വിലയിരുത്തലിൽ അമല മെഡിക്കൽ കോളേജ് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങൾ: സുപ്രീം കോടതി മാർഗനിർദേശം
ലൈംഗിക കുറ്റകൃത്യ കേസുകളിൽ അപകീർത്തികരമായ പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയുടെ പുതിയ നിർദ്ദേശം.
കർണാടകയിൽ കോടതിയിൽ കൂടോത്രം
കോടതിയിൽ ജഡ്ജിയുടെ കസേരയിൽ കടുക് വിതറി കൂടോത്രം ചെയ്ത സ്ത്രീ അറസ്റ്റിൽ.
ബെംഗളൂരുവിൽ ഹോട്ടലുകളുടെ സമയം നീട്ടി
ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി.
പ്രശാന്ത് കിഷോറിന്റെ ആസ്തി വിവരങ്ങൾ
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രശാന്ത് കിഷോർ തന്റേയും ഭാര്യയുടേയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്തി.
ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം
പാക്കിസ്ഥാനിലെ ബലൂച്ച് മേഖലയിൽ പുതിയ ഭരണ സംവിധാനം രൂപീകരിച്ചതായും ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായതായും അവകാശപ്പെട്ട് പ്രസ്താവന.
ട്രംപിന്റെ നിലപാട് മാറ്റം
ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറി.
കുവൈറ്റിൽ മിസൈൽ ആക്രമണം
കുവൈറ്റിലെ ഇറാന്റെ മിസൈൽ ആക്രമണം വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായി കുവൈറ്റ് സൈന്യം അറിയിച്ചു.
ഇറാൻ പാർലമെന്റ് അംഗങ്ങളുടെ പ്രസ്താവന
അമേരിക്കയുമായുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ എംപിമാർ.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടപടി
അഴിമതി ആരോപണത്തെ തുടർന്ന് മുതിർന്ന ഭരണകക്ഷി നേതാവ് മാ സിങ്റൂയിയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി.
ഇറാഖിൽ സ്വർണ്ണ വേട്ട
മുൻ ഡെപ്യൂട്ടി എണ്ണമന്ത്രിയുടെ വസതിയിൽ നിന്നും 375 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ജയം.
ഇന്ത്യ-യുകെ കരാർ: വിപണിയിൽ മാറ്റങ്ങൾ
സാമ്പത്തിക വ്യാപാര കരാറിലൂടെ യുകെയിൽ നിന്നുള്ള വിസ്കി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയുന്നു.
ബിഎസ്എൻഎൽ മികച്ച പ്രകടനം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ബിഎസ്എൻഎൽ വരുമാനത്തിൽ പത്ത് ശതമാനം വർധന കൈവരിച്ചു.
ചലച്ചിത്ര വാർത്തകൾ
മോഹൻലാൽ നായകനാകുന്ന ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കൂടാതെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ ‘മഹാകാളി’യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ.
പുതിയ വാഹനം
റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റർ മോഡലിന്റെ അഡ്വഞ്ചർ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.
പുസ്തക പരിചയം
ശശീന്ദ്രൻ കെ.സി. ചാല രചിച്ച ‘രാമനില്ലാത്ത ലോകം’ എന്ന കഥാസമാഹാരം പുറത്തിറങ്ങി.
ആരോഗ്യ വാർത്ത
ചെവിയിലെ കായം കളയാൻ കോട്ടൺ ബഡ്സുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം… ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതിക്രമം… ഉടമയുടെ മൂന്ന് പല്ലുകൾ നഷ്ടമായി
തൃശൂർ: വടക്കാഞ്ചേരിയിൽ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം. വടക്കാഞ്ചേരി മിണാലൂർ സെലക്ട് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഘർഷത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ചോദ്യം ചെയ്യാനെത്തിയവർക്കും പരിക്കേറ്റു.
വൈകിട്ട് അഞ്ചോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്കൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ലെന്ന് പറഞ്ഞാണ് ബഹളത്തിന് തുടക്കമിട്ടത്. തർക്കം പരിഹരിക്കാനെത്തിയ ഉടമയുടെ ഇടപെടലിന് പിന്നാലെ താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘവുമായി തിരിച്ചെത്തി മർദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പരാതിപ്പെട്ടു.
ക്രിക്കറ്റ് ബാറ്റ്, മരക്കഷ്ണങ്ങൾ ഉൾപ്പെടെയുള്ളവയുമായെത്തിയ യുവാക്കൾ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ആക്രമണത്തിനിടെ ഹോട്ടൽ ഉടമ മുജീബിന്റെ മൂന്ന് പല്ലുകൾ നഷ്ടമായി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വടക്കാഞ്ചേരി പൊലീസ് പറഞ്ഞു.
സ്പീക്കറില് ഉച്ചത്തില് പാട്ടുവെച്ചതിന് തമിഴ്നാട് സ്വദേശികളെ കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ച പ്രതികള് പിടിയില്
തിരുവനന്തപുരം: വര്ക്കല പാപനാശത്ത് തമിഴ്നാട് സ്വദേശികളെ കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ച പ്രതികള് പിടിയില്. കുറയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി കൂട്ടുപ്രതികളായ 17 വയസ്സുള്ള രണ്ട് കുട്ടികള് എന്നിവരാണ് അറസ്റ്റിലായത്.
നോര്ത്ത് ക്ലിപ്പ് നടപ്പാതയില് തഞ്ചാവൂര് സ്വദേശി സുദര്ശന് (19)ന് ആണ് തിങ്കളാഴ്ച രാത്രി 11 മണിക്ക് കുത്തേറ്റത്. സ്പീക്കറില് ഉച്ചത്തില് പാട്ടുവെച്ചതാണ് പ്രകോപന കാരണം. വാക്കേറ്റത്തിനൊടുവില് പ്രതികള് 19 കാരനെ കുത്തുകയായിരുന്നു. 17 വയസ്സുകാര്ക്കെതിരെ ജുവനെയില് നടപടികള് സ്വീകരിച്ചിട്ടുണ്ട്.




































