ട്രെയിൻ ബുക്കിങ് പലപ്പോഴും സങ്കീർണമാക്കുന്നത് വെരിഫിക്കേഷന് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാപ്ചകളാണ്. കാപ്ച മനസിലാക്കാൻ കഴിയാതെ ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന പരാതകൾ വർധിച്ചതോടെ ഇത് ഒഴിവാക്കിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. ഇനി മുതൽ കാപ്ച നൽകാതെ എട്ട് ക്ലിക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രികന്റെ ആധാർ നമ്പർ നൽകിയുള്ള വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയതോടെയാണ് ഇനി മുതൽ കാപ്ച നൽകേണ്ട എന്ന തീരുമാനത്തിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കംപ്യൂട്ടർ പ്രോഗ്രാം അല്ല എന്ന് ഉറപ്പ് വരുത്താനാണ് കാപ്ച ടൈപ്പ് ചെയ്ത് നൽകാൻ ആവശ്യപ്പെട്ടിരുന്നത്.
ഐ.ആർ.ടി.സി സൈറ്റിൽ ഇന്ന മുതൽ ബുക്കിങ് ശേഷിവർധിപ്പിക്കുന്നതുൾപ്പെടെ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. നിലവിലെ സംവിധാനത്തിന് മിനിറ്റിൽ ഏകദേശം 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നത്. ഇത് മിനിറ്റിൽ 1.5 ലക്ഷമാക്കി ഉയർത്തുമെന്ന് അദ്ദേഹം അറിയിച്ചു. നലിവിൽ 4 ലക്ഷം ഇൻക്വയറികളാണ് സൈറ്റ് കൈകാര്യം ചെയ്യുന്നത് ഇതേ നാൽപ്പത് ലക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റ് ബുക്കിങ് തടസപ്പെടുന്നുവെന്ന് പരാതികൾ… കാപ്ച ഒഴിവാക്കി റെയിൽവേ മന്ത്രാലയം
വിയറ്റ്നാമിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ സംസ്കാര ചടങ്ങ് ഇന്ന്
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ.സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങൾ ഇന്നലെയാണ് നാട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നരയോടെ കൊട്ടാരക്കര മാർത്തോമ്മ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.
അപകടത്തിൽ രണ്ട് മലയാളികൾക്കും 10 തമിഴ്നാട് സ്വദേശികൾക്കും മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്. 32 ഇന്ത്യക്കാരും നാല് ജീവനക്കാരുമായി പോയ സ്പീഡ് ബോട്ട് ഫൂക്വോക് ദ്വീപിന് സമീപം മുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിയറ്റ്നാമിലെ ഫൂക്വോക്ക് ദ്വീപിന് സമീപമുള്ള ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിലും പ്രക്ഷുബ്ധമായ കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു.
മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന് എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺ; അന്വേഷണം തുടങ്ങി പോലീസ്
കോഴിക്കോട്: ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പല ഓഫറുകളും വ്യാപാരികൾ നൽകാറുണ്ട്. എന്നാൽ, മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന ‘ഓഫർ’ കിട്ടിയാലോ? എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണനാണ് ഈ വ്യാജ ’ഓഫർ’ കഴിഞ്ഞ ദിവസം കിട്ടിയത്. വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞാണ് വ്യാജൻ വിളിച്ചത്.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി.
ജൂലൈ ആറിനാണ് വാട്സ്ആപ്പ് കോൾ വന്നത്. രാജ്കുമാറാണെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞു. വിളിയിൽ സംശയം തോന്നിയ എം.എൽ.എ, വിവരങ്ങൾ ലഭിക്കാൻ പണം തരാമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെ, ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പി.യെ കാര്യങ്ങൾ അറിയിച്ചു. പാർട്ടി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് എം.പിയും എം.എൽ.എയും പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. തങ്ങൾ അങ്ങനെ വിളിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച സൈബർ സെല്ലിൽ പരാതി നൽകി. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പാസ്പോര്ട്ട് അല്ലെങ്കില് മറ്റെന്ത് ? പൗരത്വം തെളിയിക്കാൻ നല്കേണ്ട രേഖകള് ഏതെക്കെയെന്ന് അറിയൂ
ന്യൂ ഡെൽഹി: ഒരാള് ഇന്ത്യൻ പൗരനാണ് എന്ന് സർക്കാരിന് ബോധ്യം വരുന്നതോടെയാണ് പാസ്പോർട്ട് നല്കുന്നത്. എന്നാല് നിയമപരമായി കോടതിയില് പൗരത്വം ചോദ്യം ചെയ്യപ്പെട്ടാല്
പൗരത്വം നിർണ്ണയിക്കുന്ന രേഖയായി പാസ്പോർട്ട് മാത്രം നല്കിയാല് മതിയാകില്ല. ഇന്ത്യൻ ഭരണഘടനയുടെ 5 മുതല് 11 വരെയുളള അനുച്ഛേദങ്ങളും, 1955-ലെ പൗരത്വ നിയമവുമാണ് ഇന്ത്യയിലെ പൗരത്വം നിർവചിക്കുന്നത്. പൗരത്വം തെളിയിക്കുന്നതിനായി ഒരു പ്രത്യേക രേഖയെയും ഈ നിയമങ്ങളില് ചൂണ്ടിക്കാണിക്കുന്നില്ല. ഇന്ത്യയില് പൗരത്വം തെളിയിക്കാനായി ഒരു പ്രത്യേക രേഖയില്ല എന്നതാണ് വാസ്ഗ്തവം. രജിസ്ട്രേഷൻ വഴി പൗരത്വം നേടിയവക്ക് മാത്രമേ ഇത്തരത്തില് ഒരു ഔദ്യോഗിക പൗരത്വ സർട്ടിഫിക്കറ്റ് സർക്കാർ നല്കുന്നുള്ളൂ. അതായത് ജനനം കൊണ്ടോ, മാതാപിതാക്കള് വഴിയോ, ഇന്ത്യൻ പൗരത്വം നേടിയവർക്ക് ഇന്ത്യയില് ഒരു ഔദ്യോഗിക പൗരത്വ രേഖയില്ല എന്ന് സാരം. ജനന സർട്ടിഫിക്കറ്റാണ് പൗരത്വത്തിനായി പ്രധാനമായും പരിഗണിക്കുന്ന രേഖ. എന്നാല് ഇത് മാത്രം നല്കിയാല് പൗരത്വം അംഗീകരിക്കില്ല. ഏത് കാലയളവില് ജനിച്ചു എന്നതനുസരിച്ച് നല്കേണ്ട രേഖകള് മാറും. ഏത് രീതിയിലാണ് ഇന്ത്യൻ പൗരനാകുന്നത് എന്നതും മാനദണ്ഡമാണ്. മാതാപിതാളുടെ പൗരത്വ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എന്നിവ വിവിധ സാഹചര്യങ്ങളില് പരിഗണിക്കാറുണ്ട്.
ജനനം വഴിയോ മാതാപിതാക്കള് വഴിയോ ആണ് ഇന്ത്യയില് പ്രധാനമായും പൗരത്വം നേടാനാവുക. രെജിസ്ട്രേഷൻ വഴിയും, നാചുറലൈസേഷൻ വഴിയും, പുതിയ പ്രദേശങ്ങള് ഇന്ത്യയുടെ ഭാഗമാക്കുന്നതിലൂടെയും പൗരത്വം അനുവദിക്കും എങ്കിലും ഇത് എപ്പോഴും നടക്കുന്നതല്ല.1950 ജ്നുവരി 26-നും, 1987 ജുലൈ 1-നും ഇടയില് ജനിച്ചവർക്ക് പൗരത്വം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് മാത്രം മതി എന്നാണ് നിയമം. 1987 ജുലൈ 1-നും 2004 ഡിസംബർ 3-ന് ശേഷം ജനിച്ചവരാണെങ്കില് മാതാപിതാക്കള് രണ്ടുപേരും ഇന്ത്യക്കാരായിരിക്കണം. അല്ലെങ്കില് മാതാപിതാക്കളില് ഒരാള് ഇന്ത്യൻ പൗരനാവുകയും, രണ്ടാമത്തെയാള് നിയമവിരുദ്ധ കുടിയേറ്റക്കാരനല്ല എന്ന് ഉറപ്പാക്കുകയും വേണം.
മണ്ണഞ്ചേരിയിൽ ആറ് പേരെ കടിച്ച നായ്ക്ക് പേ വിഷബാധ
മണ്ണഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരനെയടക്കം ആറുപേരെ തെരുവ് നായ ആക്രമിച്ചു. നാട്ടുകാര് ചേര്ന്ന് പിടികൂടിയ നായയെ തിരുവല്ലയില് എത്തി പരിശോധിച്ചപ്പോള് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തി.
നായ പിന്നീട് ചത്തു.
മണ്ണഞ്ചേരി പഞ്ചായത്ത് 16, 17 വാര്ഡുകളിലെ ആളുകളെയാണ് പേപ്പട്ടി ഓടി നടന്ന് കടിച്ചത്.
പഞ്ചായത്തിലെ 16-ാം വാര്ഡ് കൂനംപുളിക്കല് സലേഷിന്റെ അഞ്ച് വയസുകാരന് മകന് ആരുഷ്, തയ്യില് വെളി സുനില്കുമാറിന്റെ മകന് കാളിദാസ് (17), കറുകത്തറ വെളി നിയാസിന്റെ മകന് യാസീന് (16), കൊച്ചുപറമ്പില് സിനുമോന് (42), തയ്യില് വെളി ശരത് (42) എന്നിവര്ക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. നേതാജി ജങ്ഷന് പടിഞ്ഞാറ് ഭാഗം കറുകത്തറ ക്ഷേത്രത്തിന് വടക്ക് ഭാഗത്താണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്ക്കുകയായിരുന്ന ആരുഷിനെയാണ് നായ ആദ്യം ആക്രമിച്ചത്. തുടര്ന്ന് മറ്റുള്ളവരെയും ആക്രമിച്ചു.
വളര്ത്ത് നായ്ക്കളെയടക്കം നായ ആക്രമിച്ചു. സംഭവമറിഞ്ഞ് വിവിധ ഭാഗങ്ങളില്നിന്ന് നാട്ടുകാര് സംഘടിച്ച് നായയെ പിടികൂടി തിരുവല്ലയില് എത്തിച്ച് ശ്രവപരിശോധന നടത്തിയതോടെ നായയ്ക്ക് പേയിളകിയതാണെന്ന് കണ്ടെത്തി. കടിയേറ്റവര് വിവിധ ആശുപത്രികളിലായി ചികിത്സതേടി.
മണിപൂരിലെ സേനാപതിയിൽ സൈനീക പോസ്റ്റ് ആക്രമിച്ചു, വാഹനങ്ങൾ കത്തിച്ചു
മണിപ്പൂർ:മണിപ്പൂരിലെ സേനാപതിയിൽ അസം റൈഫിൾസ് പോസ്റ്റിനു നേരെ അക്രമിസംഘം ആക്രമണം നടത്തി. നാഗാ ആർമി ക്യാമ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം ക്യാമ്പ് ആക്രമിക്കുകയും സൈനിക വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന കണ്ണീർവാതകം പ്രയോഗിക്കുകയും അക്രമികളെ തുരത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഒക്ലോങ് ഗ്രാമപരിധിയിൽ നാഗാ ആർമി ക്യാമ്പും അസം റൈഫിൾസും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വലിയൊരു ജനക്കൂട്ടം അസം റൈഫിൾസ് പോസ്റ്റിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. പ്രക്ഷോഭകാരികൾ സൈനിക ക്യാമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളും അസം റൈഫിൾസിന്റെ ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ മറിച്ചിടുകയും തകർക്കുകയും ചെയ്തു. ചില വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
നിയന്ത്രണ നടപടികൾ: മണിപ്പൂർ പോലീസും സിആർപിഎഫും (CRPF) അസം റൈഫിൾസുമായി ചേർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുകയും അക്രമികളെ പൂർണ്ണമായി പിരിച്ചുവിടുകയും ചെയ്തു.
നിലവിലെ സാഹചര്യം: സംഘർഷങ്ങളെ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. നിലവിൽ സ്ഥിതി സമാധാനപരമാണ്.
കവടിയാർ കൊട്ടാരത്തിലെ മോഷണം: വഴിമുട്ടി പോലീസ് അന്വേഷണം
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയതോടെ യാണ് അന്വേഷണം നിലച്ച മട്ടിലായത്. പൊലിസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നെന്ന വാർത്ത പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
അമൂല്യ രത്നങ്ങളടക്കം നഷ്ടമായി
അമൂല്യ രത്നങ്ങളടക്കമാണ് കവടിയാർ കൊട്ടാരത്തിൽ നിന്ന് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായതെന്നാണ് പരാതിയിൽ പറയുന്നത്.
അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നും വിവരിച്ചിട്ടുണ്ട്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരിച്ചിട്ടുള്ളത്.
കവടിയാർ കൊട്ടാരത്തില് നിന്ന് മോഷണം പോയ ആഭരണങ്ങള്
- ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ
- പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം
- കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം
4 .വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ
5 .വീതി കുറഞ്ഞ 2 സ്വർണ പിരിവള
- ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ
7 .പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും
8 .സ്വർണ്ണ കുഴി മിന്നു മാല
- എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും
9 .സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും
10 .റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള
- നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും
- ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ.
35 വയസ്സിന് ശേഷം ഗർഭധാരണം? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ; ഗൈനക്കോളജിസ്റ്റ് നിർദേശിക്കുന്നത്
ഏത് പ്രായത്തിലും മാതാപിതാക്കളാകാൻ ആളുകൾക്ക് താല്പര്യം തോന്നാം. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകളുടെ ഗർഭധാരണ കാലയളവിനെ ‘അഡ്വാൻസ്ഡ് മെറ്റേണൽ ഏജ്’ (Advanced Maternal Age) എന്നാണ് വിളിക്കുന്നത്. ഈ പ്രായത്തിൽ ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ചില സങ്കീർണ്ണതകൾക്കുള്ള സാധ്യത കൂടുതലാണ്.
ഗർഭം അലസൽ, കുഞ്ഞിനുള്ള ജനിതക വൈകല്യങ്ങൾ, ക്രോമസോം തകരാറുകൾ എന്നിവയ്ക്കൊപ്പം അമ്മയ്ക്ക് പ്രമേഹവും അമിത രക്തസമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നു. പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയുന്നതിനാൽ സ്ത്രീകളിൽ വന്ധ്യതാ സാധ്യത ക്രമേണ വർദ്ധിക്കുന്നു.
35 വയസ്സിന് ശേഷം, ഒരു ആർത്തവ ചക്രത്തിൽ ഗർഭധാരണത്തിനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെ മാത്രമാണ്. അതേസമയം ഗർഭം അലസാനുള്ള സാധ്യത 20 ശതമാനത്തോളവുമാണ്. എന്നിരുന്നാലും 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യകരമായ ഒരു ഗർഭധാരണം സാധ്യമല്ല എന്ന് ഇതിനർത്ഥമില്ല. കൃത്യമായ വൈദ്യസഹായം, ഗർഭധാരണത്തിന് മുൻപുള്ള പരിശോധനകൾ, കൃത്യമായ സ്ക്രീനിംഗുകൾ എന്നിവയിലൂടെ അപകടസാധ്യതകളും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങളും നേരത്തെ കണ്ടെത്താനും സുരക്ഷിതമായ ഗർഭധാരണം ആസൂത്രണം ചെയ്യാനും സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
- ഫെർട്ടിലിറ്റിയും ഒവേറിയൻ റിസർവും
സ്ത്രീകളിലെ അണ്ഡത്തിന്റെ ശേഖരം മനസ്സിലാക്കാൻ ഒവേറിയൻ റിസർവ് പരിശോധന സഹായിക്കും. ഇതിനായി AMH (Anti-Müllerian Hormone), FSH (Follicle-Stimulating Hormone) തുടങ്ങിയ ഹോർമോൺ പരിശോധനകളും അൾട്രാസൗണ്ട് വഴിയുള്ള ‘ആൻട്രൽ ഫോളിക്കിൾ കൗണ്ട്’ (AFC – Antral Follicle Count) പരിശോധനയുമാണ് നടത്തുന്നത്. ഗർഭധാരണം കൃത്യമായി ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.
- തൈറോയിഡും ഹോർമോൺ ആരോഗ്യവും
തൈറോയിഡ് ഹോർമോണുകളുടെ വ്യതിയാനം സ്ത്രീകളിൽ അണ്ഡോത്പാദനത്തെ ബാധിക്കുകയും ഗർഭധാരണത്തിന് തടസ്സമാവുകയും ചെയ്യുന്നു. ഇത് ചികിത്സിക്കാതിരുന്നാൽ ഗർഭം അലസാനുള്ള സാധ്യത വർദ്ധിക്കുകയും കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെ ബാധിക്കുകയും ചെയ്യാം. അതിനാൽ ഗർഭധാരണത്തിന് മുൻപ് TSH, T3, T4 എന്നിവ ഉൾപ്പെടുന്ന ഒരു തൈറോയിഡ് പ്രൊഫൈൽ പരിശോധന നടത്തുന്നത് നല്ലതാണ്. 30 വയസ്സിന് മുകളിലുള്ളവർ, ക്രമരഹിതമായ ആർത്തവമുള്ളവർ, മുൻപ് ഗർഭം അലസിയിട്ടുള്ളവർ, അമിത വണ്ണമുള്ളവർ എന്നിവർ ഈ പരിശോധന ഉറപ്പായും ചെയ്യണം.
- പ്രമേഹവും രക്തസമ്മർദ്ദവും
35 വയസ്സിന് ശേഷം ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദ്ദവും നിർബന്ധമായും പരിശോധിക്കണം. HbA1c, ഫാസ്റ്റിംഗ് ഗ്ലൂക്കോസ് പരിശോധനകളിലൂടെ പ്രമേഹമുണ്ടോ എന്ന് കണ്ടെത്താം. ഗർഭധാരണത്തിന് മുൻപ് ഇവ കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കിൽ, ഗർഭകാല പ്രമേഹം, ഗർഭകാലത്തെ ഉയർന്ന രക്തസമ്മർദ്ദം, അകാല പ്രസവം, കുഞ്ഞിന്റെ വളർച്ചക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം.
- പോഷകാഹാര കുറവുകൾ അറിയാനുള്ള പരിശോധന
ശരീരത്തിൽ ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും അളവ് അറിയാൻ ഫെറിറ്റിൻ (Ferritin), ഹീമോഗ്ലോബിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 പരിശോധനകൾ നടത്താം. പോഷകങ്ങളുടെ കുറവ് വിളർച്ചയ്ക്കും കുഞ്ഞിന്റെ വളർച്ചാ തടസ്സങ്ങൾക്കും കാരണമാകും.
- പ്രത്യുൽപാദന ആരോഗ്യം, അണുബാധകൾ, പ്രതിരോധശേഷി പരിശോധന
ഗർഭപാത്രത്തിലെ മുഴകൾ, അണ്ഡാശയത്തിലെ സിസ്റ്റുകൾ, എൻഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്താൻ പെൽവിക് പരിശോധനയും അൾട്രാസൗണ്ടും സഹായിക്കും. ഇത് കൂടാതെ റുബെല്ല, വാരിസെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധശേഷിയും, HIV, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ് തുടങ്ങിയ ലൈംഗികരോഗങ്ങൾ (STIs) വരാതിരിക്കാനുള്ള സ്ക്രീനിംഗും ഗർഭധാരണത്തിന് മുൻപ് നടത്തേണ്ടതുണ്ട്.
മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മലപുറത്ത് മൂന്ന് വയസ്സുകാരൻ മരിച്ചു
മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുട്ടി മിക്സ്ചർ കഴിക്കുന്നതിനിടയിൽ അതിലുണ്ടായിരുന്ന കടല അബദ്ധവശാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ശ്വാസതടസ്സം നേരിട്ട കുട്ടിയെ ബന്ധുക്കൾ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.




































