Home Blog Page 395

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്‍ക്കെതിരെ കേസെടുത്തു,662 പേരുടെ ലൈസന്‍സ് പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്‍ക്കെതിരെ കേസെടുത്തു. കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര്‍ – സ്റ്റേ എലൈവ്’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 662 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു.

ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലെ സ്‌പെഷ്യല്‍ ഡ്രൈവ് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനുമായാണ് പരിശോധന കര്‍ശനമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങള്‍ ഉണ്ടാക്കുന്നതിനും അപകടമരണങ്ങള്‍ക്കും ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇതിലുടെ എല്ലാ യാത്രക്കാര്‍ക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു.

സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാഫിക് സോണല്‍ പൊലീസ് സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക്ക് നോഡല്‍ ഓഫീസര്‍മാര്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’വാട്‌സ്ആപ്പ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.

മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിൽ; അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ ടെൻഡർ നടപടികളിലേക്ക് – കൊടിക്കുന്നിൽ സുരേഷ് എം.പി.

ശാസ്താംകോട്ട : ജനങ്ങളുടെ ദീർഘകാല ആവശ്യമായ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം (ROB) നിർമ്മാണ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. അവശേഷിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി താമസിയാതെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും, തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ നിർവഹണ ചുമതല സംസ്ഥാന സർക്കാർ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള (RBDCK)-ക്കാണ്. സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും 50:50 അനുപാതത്തിൽ ചെലവ് വഹിച്ചാണ് 49.94 കോടി രൂപയുടെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നത്.

പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) നേരത്തേ കിഫ്ബി അംഗീകരിച്ചിരുന്നു. തുടർന്ന് ദക്ഷിണ റെയിൽവേയുടെ നിർദേശപ്രകാരം ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ (IRC-2017) മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് (GAD) ഈ വർഷം ജൂൺ മാസത്തിൽ പുതുക്കി റെയിൽവേയ്ക്ക് സമർപ്പിച്ചു. ഇതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ പുതുക്കിയ GAD-ന് അംഗീകാരം നൽകുകയും, പദ്ധതിയുടെ തുടർനടപടികൾക്ക് വഴി തെളിയുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കെട്ടിടങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി കുന്നത്തൂർ എം.എൽ.എ., ദക്ഷിണ റെയിൽവേ, റവന്യൂ വകുപ്പ്, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക ഏകോപന യോഗം താമസിയാതെ വിളിച്ചുചേർക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. പ്രശ്നപരിഹാരത്തിന് ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി, ഭൂവുടമകൾക്കും കെട്ടിട ഉടമകൾക്കും അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്ത ശേഷമായിരിക്കും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമ്മാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളും ടെൻഡർ നടപടികളും അതിവേഗം മുന്നോട്ടുകൊണ്ടുപോകും.

റെയിൽവേ ഗേറ്റ് തുടർച്ചയായി അടയ്ക്കുന്നതുമൂലം മൈനാഗപ്പള്ളി മേഖലയിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും ദീർഘനേരത്തെ കാത്തിരിപ്പിനും ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലമെന്ന് എം.പി. പറഞ്ഞു. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കുന്നതിനായി റെയിൽവേയുമായും സംസ്ഥാന സർക്കാരുമായും ആർ.ബി.ഡി.സി.കെ.യുമായും ജനപ്രതിനിധികളുമായും നിരന്തരമായ ഏകോപനവും ഇടപെടലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് നിർമ്മാണത്തിലിരുന്ന മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: നിർമ്മാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട്‌ മുട്ടോളിയിലുണ്ടായ സംഭവത്തിൽ സിറാജ് എന്ന തൊഴിലാളിയാണ് മരിച്ചത്. ടാങ്കിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണെന്നാണ് വിവരം.

എട്ടടി വീതം നീളവും വ്യാസവുമുള്ള ടാങ്കിലാണ് തൊഴിലാളികൾ കുടുങ്ങിയത്. രണ്ടടി മാത്രം വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ടാങ്കിലേക്ക് ഇറങ്ങേണ്ടത്. ടാങ്കിനുള്ളിലുണ്ടായിരുന്ന നിർമ്മാണവസ്‌തുക്കൾ എടുക്കാനായി അകത്തേക്കിറങ്ങിയപ്പോൾ തൊഴിലാളിക്ക് ശ്വാസം കിട്ടാതെവരികയായിരുന്നു. ഇതുകണ്ട് തൊഴിലാളിയെ രക്ഷിക്കാനായി തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിശ്വനാഥനും ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് രണ്ട് പേരും അപകടത്തിൽപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് ഇവരെ ടാങ്കിൽനിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിർമ്മാണത്തൊഴിലാളിക്ക് ജീവൻ നഷ്ട്ടപ്പെടുകയായിരുന്നു.

ഡോക്ടറേറ്റ് നേടി

മുംബൈ ഐഐടി (IITB)യിൽ നിന്നും കാലാവസ്ഥാ ധനകാര്യ പഠനത്തിൽ ( Climate Finance Studies) ഡോക്ടറേറ്റ് നേടിയ ഡോ. നന്ദിനി സുരേഷ്. കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് പട്ടാഴിത്തറയിൽ കെ. പി.സുരേഷ് കുമാറിന്റെയും അഡ്വക്കേറ്റ് R. ബിന്ദുവിന്റെയും മകളും ബാംഗ്ലൂർ അസീം പ്രേംജി യൂണിവേഴ്സിറ്റി എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നന്ദു ശശിധരന്റെ ഭാര്യയുമാണ്.

കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ചുമതലയേറ്റു

ശാസ്താംകോട്ട: കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്ള ഐ.സി. എസ് ഉം മറ്റ് സഹഭാരവാഹികളും ഭരണിക്കാവ് പാർട്ടി ആഫീസിൽ കൂടിയ സമ്മേളനത്തിൽ വെച്ച് ചുമതലയേറ്റെടുത്തു. കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗം ആസിഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.


യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. അൻവർ ,വൈ. നജിം, എം.വൈ നിസാർ , റിജോറെജികല്ലട, അജ്മൽഷാ,ഗൗരി, അനസ്ഖാൻ ,അഭിഷേക്,മുഹമ്മദ് അസ് ലം , നൗഫൽ പോരുവഴി , പവിത്ര ജയദേവ് , ആൽബിൻ , അഫ്സൽ, ആര്യ, ജോബിൻ ജോൺ , അൽത്താഫ്, അജാസ് താജ് , നന്ദു, അമീൻ നാസർ, വിദ്യ, സജാദ് തുടങ്ങിയവർ പ്രസംഗിച്ചു

രാജഗിരി ജൂലിയസ് മന്ദിരത്തില്‍ യൂപ്രേസ്യനിര്യാതയായി

ശാസ്താംകോട്ട. രാജഗിരി ജൂലിയസ് മന്ദിരത്തില്‍ പരേതനായ എൽ. സോളമന്‍റെ ഭാര്യ യൂപ്രേസ്യ(84)
നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നുമണിക്ക് രാജഗിരി സെന്റ്. സെബാസ്റ്റ്യൻ ചർച്ചിൽ.
മക്കൾ. ജൂലിയസ് സോളമൻ(റിട്ട. ഹെഡ്മാസ്റ്റർ),ഹെലൻ സോളമൻ(KSFE കളക്ഷൻ ഏജന്റ്),എല്‍ഗ സോളമൻ
(റിട്ട. ഹെഡ്മിസ്ട്രസ്),ഫെമിന സോളമൻ(അധ്യാപിക,GHS, ശാസ്താംകോട്ട). ആഷ് ലി സോളമൻ.
മരുമക്കൾ.

ഷീന ജൂലിയസ്, (ഹെഡ്മിസ്ട്രസ്, സെന്റ് മിൽഡ്രസ് യുപിഎസ്, തൃക്കണ്ണാപുരം),അലി വിജയൻസിറിൽ
(റിട്ട. സി ഐ, ബി എസ് എഫ്), ബിനു ഡാനിയേൽ(റിട്ട.അധ്യാപകൻ), പരേതനായ സ്റ്റീഫൻ, പരേതയായ അനിത

    പിഎച്ച്ഡി നേടി

    ചെന്നൈ വേൽസ് സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡി. കരസ്ഥമാക്കിയ Prof. ജയകൃഷ്ണൻ. ആർ (ബസേലിയോസ്‌ മാത്യൂസ് എഞ്ചിനിയറിങ് കോളേജ്, ശാസ്താംകോട്ട )മൈനാഗപ്പള്ളി അജയാഭവനത്തിൽ പരേതരായ കെ. രവീന്ദ്രൻ പിള്ളയുടെയും എസ്.തുളസീഭായി അമ്മയുടെയും മകൻ ആണ്. ഭാര്യ: ശ്രീവിദ്യാദേവി.ഇ. മക്കൾ: മാനസ്സ് ജയേശ്വർ.J.S, സരയു ജാൻവി.J. S.

    ഇറാനിലെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി

    ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു.ഇറാനിലെ വിവിധ നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലേക്ക് ഇറാൻ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. അതേസമയം, ടെഹ്റാന്‍ സമീപം അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു.

    അതിനിടെ, ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നും ഇല്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ നിലവിൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം താറുമാറായതോടെ ആഗോള വ്യാപാരത്തിലും എണ്ണവിപണിയിലും ആശങ്ക ശക്തമായിരിക്കുകയാണ്.

    മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചു

    മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി.

    കഴിഞ്ഞ ജൂണ്‍മാസം അവസാനത്തോടെ മ്യാൻമറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ  സ്ഥിരീകരിക്കുന്നു. സാധാരണ ഗതിയിൽ മ്യാൻമറിലെ ബംഗ്ലാദേശിലെയു റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ മലേഷ്യയിലേക്കോ ഇന്‍ഡോനേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കിട്ടുന്ന ബോട്ടുകളിലായി യാത്ര ചെയ്യുന്ന പതിവുണ്ട്.  

    ഉല്ലാസ് കോവൂർ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം 28ന് ഭരണിക്കാവിൽ

    ശാസ്‌താംകോട്ട:കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ ഏർപ്പെടുത്തിയ ഈ വർഷത്തെ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ‘വിജയോത്സവം 26’ എന്ന പേരിൽ 28ന് വൈകിട്ട് 3ന് ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കും.ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ അവാർഡ് വിതരണം നിർവഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ അധ്യക്ഷത വഹിക്കും.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നിന്നും എസ്എസ്എൽസി,പ്ലസ് ടു (സ്റ്റേറ്റ്,സിബിഎസ്ഇ,ഐസിഎസ്ഇ) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് അവാർഡ് നൽകി ആദരിക്കുന്നത്.കൂടാതെ ബിരുദ/ബിരുദാനന്തര കോഴ്‌സുകൾക്ക് റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നതാണ്.

    കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സ്കൂളുകളിൽ നിന്നും എച്ച്.എസ്/എച്ച്എസ്എസ് വിദ്യാർത്ഥികളുടെ വിവരങ്ങൾ എംഎൽഎ ഓഫീസ് നേരിട്ട് ശേഖരിച്ചിട്ടുണ്ട്.എന്നാൽ നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയ കുട്ടികൾ പേര്.മാർക്ക് ലിസ്റ്റ് പകർപ്പ്,സ്കൂളിൻ്റെ പേര്,ഫോട്ടോ,ഫോൺ നമ്പർ എന്നിവ vijayolsavam26@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ,9847335073/ 9526800619 എന്ന വാട്സാപ്പ് നമ്പരിലോ ജൂലൈ 18ന് മുമ്പായി അയച്ചു തരേണ്ടതാണ്.ബിരുദ/ബിരുദാനന്തര കോഴ്‌സുകൾക്ക് റാങ്ക് നേടിയ വിദ്യാർത്ഥികളും ഇത്തരത്തിൽ വിവരങ്ങൾ നൽകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്:എബി പാപ്പച്ചൻ,ഫോൺ:9847335073/ 9526800619.