Home Blog Page 396

999 രൂപയ്ക്ക് സിസിടിവി ക്യാമറ ഓര്‍ഡര്‍ ചെയ്തു…. കിട്ടിയതാകട്ടെ മണ്ണ്

കുണ്ടറ: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വഞ്ചിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് വെള്ളിമണ്‍ സ്വദേശി മോഹനന്‍പിള്ള. യൂട്യൂബില്‍ കണ്ട പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത സിസിടിവി ക്യാമറയ്ക്ക് പകരം അദ്ദേഹത്തിന് ലഭിച്ചത് മണ്ണ് നിറഞ്ഞ പാഴ്‌സല്‍. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാറുള്ള മോഹനന്‍പിള്ളയ്ക്ക് ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
999 രൂപ മുടക്കി ഓര്‍ഡര്‍ ചെയ്ത സാധനം അഞ്ച് ദിവസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് താന്‍ വലിയൊരു ചതിയില്‍ അകപ്പെട്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ആകാംക്ഷയോടെ പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് നിറയെ മണ്ണാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പാഴ്‌സല്‍ എത്തിച്ച ഡെലിവറി ബോയിയെ അദ്ദേഹം ബന്ധപ്പെട്ടെങ്കിലും, തനിക്ക് ഇതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു മറുപടി. എങ്കിലും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ ആവശ്യമായ ‘ഫ്രം അഡ്രസ്സ്’ നല്‍കാന്‍ ഡെലിവറി ബോയ് തയ്യാറായിട്ടുണ്ട്. കുണ്ടറ പോലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി.

നൂറാം വയസ്സിൽ നിര്യാതയായി

തേവലക്കര: തേവലക്കര മാധവം വീട്ടിൽ (ഓലയ്ക്കാട്ടുവിള ചരുവിൽ) പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സുമതി (100) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:പരേതയായ രത്നമ്മ,തങ്കമണി,ഇന്ദിര,ഡോ.വിജയൻ,പ്രസന്ന.മരുമക്കൾ:പരേതനായ ശശിധരൻ,ഭരതൻ,പരേതനായ ശാർങ്‌ധരൻ,ബിന്ദുലത, രാജേന്ദ്രൻ.സഞ്ചയനം:20ന് രാവിലെ ഏഴിന്.

ശാസ്താംകോട്ട ഹിൽടോപ്പ് ലയൺസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ജ്യോതിനാഥന്‍ എ. ,സുനില്‍കുമാര്‍ കെ., അജയകുമാര്‍ ബി

ശാസ്താംകോട്ട: ശാസ്താംകോട്ട ഹിൽടോപ്പ് ലയൺസ് ക്ലബ്ബിന്റെ 2026–27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജ്യോതിനാഥൻ എ. പ്രസിഡന്റായും, സുനിൽകുമാർ കെ. സെക്രട്ടറിയായും, അജയകുമാർ ബി. ട്രഷററായും, ശ്രീജിത്ത് ആർ. പിള്ള അഡ്മിനിസ്ട്രേറ്ററായും സ്ഥാനമേറ്റു.

ഇലഞ്ഞിവേലി പ്ലാസയിലെ ലയൺസ് ഹാളിൽ നടന്ന സ്ഥാനാരോഹണ സമ്മേളനം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ വൈസ് ചെയർപേഴ്സൺ പി.എം.ജെ.എഫ്. ജെയിംസ് ജോബ് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചെയർമാൻ എം.ജെ.എഫ്. ലയൺ ജി. പ്രഭാകരക്കുറുപ്പ് ലയൺ കേരള ശശികുമാറിന് വൃക്ഷത്തൈ കൈമാറി. റിലീവിംഗ് ഹംഗർ പ്രോജക്റ്റിനായുള്ള ധനസഹായം ലയൺ ശ്രീജിത്ത് ആർ. പിള്ളയിൽ നിന്ന് സോൺ ചെയർമാൻ ലയൺ ജി. മധുസൂദനൻ ഏറ്റുവാങ്ങി.

പ്രസിഡന്റ് ജ്യോതിനാഥൻ എ. ചൈൽഡ്ഹുഡ് കാൻസർ ചികിത്സയ്ക്കും വൃദ്ധസദനത്തിനുമായി ധനസഹായം വിതരണം ചെയ്തു. കൂടാതെ, അഞ്ച് ലക്ഷം രൂപയുടെ വിവിധ സേവന പദ്ധതികൾക്ക് സമ്മേളനത്തിൽ തുടക്കമായി.

S S LC പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആദിത്യൻ ജെ.ആർ., ഭവാനി ശ്രീജിത്ത്, ദേവദത്ത് ബി. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജി. സോമരാജൻ പിള്ള, കെ. ഹരികുമാർ, രാജേഷ് കണ്ണങ്കര, ബാബു മംഗലത്ത്, സുരേഷ് കുമാർ ബി., സാബു ജി., വിദ്യാധരൻ പിള്ള, രാജേന്ദ്രൻ പിള്ള എന്നിവർ ആശംസകൾ നേർന്നു. കേരള ശശികുമാർ, രാജേഷ് ഡി.ആർ., കെ. മധുസൂദനൻ പിള്ള, ഡോ. മുഹമ്മദ് നാസ്, ഡോ. സനൽ ഭാസ്കർ, റിയാസ് ആർ., ജി. ഗോപാലകൃഷ്ണപിള്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ക്ലബ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി

സ : കൃഷ്ണൻ കുട്ടിപിള്ള അനുസ്മരണം നടത്തി

ശാസ്താംകോട്ട.സി.പി.ഐ നേതാവും , സഹകാരിയും, അദ്ധ്യാപകനുമായിരുന്ന ആർ. കൃഷ്ണൻകുട്ടിപിള്ളയുടെ പതിനാലാം ചരമ വാർഷിക ദിനം സി.പി. ഐ .ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സി.പി.ഐ സംസ്ഥാനകമ്മിറ്റി അംഗം കെ. ശിവശങ്കരപിള്ള അനുസ്‌മരണ പ്രഭാഷണം നടത്തി. ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് അംഗം ബി. വിജയമ്മ ടീച്ചർ,ശാസ്തംകോട്ട ഗ്രാമ പഞ്ചായത്ത് അംഗം കൃഷ്ണലേഖ V.R ബാബു, നൗഷാദ്. കെ.മുരളീധരൻ പിള്ള, സമദ് ,y.സോളമൻ തുടങ്ങിയവർ പങ്കെടുത്തു

കാസർകോട് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കാസർകോട്: കാസർകോട് തീരത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടലിൽ ഒഴുകി നെല്ലിക്കുന്ന് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം മുൻപ് എവിടെയോ വെച്ച് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും ഉണ്ടായിരുന്ന വിചിത്രമായ മുറിവുകൾ മുൻപ് പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തതിൻറേതാണെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി. നെല്ലിക്കുന്ന് ബീച്ചിൽ മത്സ്യത്തൊഴിലാളികളാണ് തലയില്ലാത്ത നിലയിലുള്ള ഈ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കാസർകോട് കോസ്റ്റൽ പൊലീസിനെയും ടൗൺ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വലിയ മുറിവുകൾ കൊലപാതക ശ്രമത്തിനിടെയോ മറ്റോ ഉണ്ടായതാണെന്ന രീതിയിൽ ആദ്യം മുതലേ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കാസർകോട് പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിശദമായ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. മൃതദേഹം മുൻപ് കീറിമുറിച്ച് പരിശോധിച്ചതാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. എന്നാൽ ഈ പോസ്റ്റ്‌മോർട്ടം കേരളത്തിലെ ഏതെങ്കിലും ആശുപത്രിയിൽ വെച്ച് നടന്നതായിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന പ്രാഥമിക സൂചന. കർണ്ണാടകയോ ഗോവയയോ പോലുള്ള മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളിൽ നിന്നും കടൽക്ഷോഭത്തിൽപ്പെട്ട് ഒലിച്ചു വന്നതാകാമെന്നാണ് കരുതുന്നത്.

പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ചന്ദ്രന്‍ പാലിയേക്കര മേല്‍പ്പാലത്തിനടിയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ആക്രി പെറുക്കി വിറ്റാണ് ഇയാള്‍ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതേ മേഖലയില്‍ ആക്രി കച്ചവടം നടത്തുന്ന പ്രതി പ്രഭാകരന്‍ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പമായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. സംഭവദിവസം ആക്രി വിറ്റു കിട്ടിയ പണവുമായി ഇരുവരും പാലിയേക്കരയിലെ കള്ളുഷാപ്പിലെത്തി മദ്യപിക്കുകയും, തുടര്‍ന്ന് ബിവറേജസില്‍ നിന്ന് വീണ്ടും മദ്യം വാങ്ങി മേല്‍പ്പാലത്തിനടിയിലിരുന്ന് കുടിക്കുകയും ചെയ്തു.

മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, ഇതിനിടെ ചന്ദ്രന്‍ പ്രഭാകരന്റെ അമ്മയെ അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ കടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചന്ദ്രനെ കരിങ്കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് തലയ്ക്ക് എറിഞ്ഞും അടിച്ചും പ്രഭാകരന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കുട്ടനെല്ലൂര്‍ ഭാഗത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ധര്‍മ്മപുരിയില്‍ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, മറ്റൊരാളെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ് പ്രഭാകരനെന്ന് പൊലീസ് വ്യക്തമാക്കി

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിവ് നേരിട്ടു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലും പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയുമാണ് സ്വര്‍ണവില. രാജ്യാന്തരവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറില്‍ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാന്‍ ഇടയാക്കിയത്.


വിവിധ കാരറ്റുകളിലെ നിരക്ക്


18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം.
സ്വർണത്തിലെ ഈ മാറ്റങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ: യുവതലമുറ കാലത്തിനൊത്ത് മാറുന്നു, നേട്ടവും ഉണ്ടാക്കുന്നു
ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാന്‍ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വില കുതിച്ചുയര്‍ന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തുടര്‍ന്ന് ജൂലൈ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ 1,07,600 രൂപ നിലവാരത്തില്‍ തുടര്‍ന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.

പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരമല്ല ,സിപിഐ ആണെന്ന് സി പി എം

കൊല്ലം.പരാജയത്തിന്റെ കാരണം ഭരണവിരുദ്ധ വികാരമല്ല ,സിപിഐ ആണെന്ന് സി പി എം കൊല്ലം ജില്ലാ നേതൃയോഗം.സിപിഐ ദുർബലമായതും വിഭാഗീയത ശക്തമായതുമാണ് പരാജയത്തിൻ്റെ കാരണമായെന്നും സി പി ഐ എം വിലയിരുത്തൽ.അതേസമയം
തെരഞ്ഞെടുപ്പിന് ശേഷം കൊല്ലത്ത് ഇടതുമുന്നണി യോഗം ചേർന്നിട്ടില്ല.

കൊല്ലം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിൻ്റെ കാരണം സിപിഐ ആണെന്നാണ് സിപിഐ എമ്മിൻ്റെ പുതിയ കണ്ടെത്തൽ. 9 നിയമസഭ മണ്ഡലങ്ങളിലെയും തോൽവിക്ക് പ്രധാന കാരണം സിപിഐ മാത്രമാണ്. സിപിഐ ജില്ലയിൽ ദുർബലമായി പോയതും, സിപിഐയ്ക്ക് ഉള്ളിൽ വിഭാഗീയത ശക്തമായതും, എല്ലാം പരാജയത്തിൻ്റെ കാരണങ്ങളായി സി പി ഐ എം നിരീക്ഷിക്കുന്നു. കുണ്ടറയിലും, ചടയമംഗലത്തെയും തോൽവിയ്ക്ക് കാരണമായതും സിപിഐയിലെ നേതാക്കളുടെ പ്രശ്‌നങ്ങളാണെന്നും സിപിഐഎം വിലയിരുത്തുന്നു.


ചുരുക്കത്തിൽ പറഞ്ഞാൽ ജില്ലയിലെ ഇടതുമുന്നണിയ്ക്ക് ഏറ്റ തോൽവിയ്ക്ക് പ്രധാന കാരണക്കാർ സിപിഐ മാത്രമെന്ന് വിശദീകരിക്കുകയാണ് സിപിഐ എം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സിപിഐഎം ജില്ലാ നേതൃത്വം യോഗത്തിലാണ് ഈ വിചിത്ര വിലയിരുത്തലെന്നതാണ് ഏറെ ശ്രദ്ധേയം. കുന്നത്തൂരും, ചവറയിലും , കരുനാഗപ്പള്ളിയിലും ചില സംഘടനപരമായ പോരായ്മകൾ തങ്ങൾക്ക് ഉണ്ടായെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ ഉള്ളത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിലും കൊല്ലത്തെ സിപിഐയ്ക്ക് വിമർശനമുണ്ട്. മുന്നണി ഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യതയെന്ന് സി പി ഐ എം നേതൃയോഗത്തിൽ നിർദ്ദേശം ഉയർന്നു. പക്ഷേ ജില്ലയിൽ ഇടതുമുന്നണി യോഗം കൊല്ലത്ത് ചേർന്നത് തെരഞ്ഞെടുപ്പിന് മുൻപ് മാത്രമാണെന്ന് സി പി ഐ നേതാക്കൾ ഓർമ്മപ്പെടുത്തുന്നു. സിപിഐഎം വിമർശനങ്ങളിൽ സിപിഐയുടെ പ്രതികരണം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.

ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം, മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്,കെഎസ് യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് സതീശന്‍

തിരുവനന്തപുരം.ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം. മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ്. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയിൽ നിന്നാണ് നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ

പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിന്. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. ലോയേഴ്സ് കോൺഗ്രസിൻ്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ല. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തും

ഗവ. പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ്. സർക്കാർ അഭിഭാഷക നിയമനത്തിലെ പരാതി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാനെത്തിയ KSU സംസ്ഥാന അധ്യക്ഷന് ഇതുവരെ സമയം അനുവദിച്ചില്ല. ഇന്നലെ മുതൽ മുഖ്യമന്ത്രിയുടെ സമയം ചോദിക്കുകയാണ് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. അതിനിടെ KSU തന്നോട് ഒരു പരാതിയും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണ്. ഇക്കഴിഞ്ഞ പത്താം തീയതി KSU മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.തിരുവനന്തപുരം ലോ കോളേജ് മുൻ യൂണിയൻ ഭാരവാഹികളും പരാതി നൽകി. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ല എന്നും ലോ കോളേജ് കെഎസ്‌യു യൂണിയൻ അല്ല സർക്കാർ അഭിഭാഷകരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു

തൃശൂ6ര്‍.ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; രണ്ട് വയോധികർക്ക് പരിക്കേറ്റു.67 വയസ്സുള്ള അംബിക, 76 വയസ്സുള്ള കുട്ടപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം.

ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.