Home Blog Page 320

ബെക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം…. നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തിന്റെ മതിലിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്കിലുണ്ടായിരുന്ന നാല് യുവാക്കളും മരിച്ചു. വ്യാഴാഴ്ച സാഹിബ് ദംഗ പ്രദേശത്താണ് സംഭവം. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

ഒരു ബൈക്കില്‍ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. അമിതവേഗതയിലെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതില്‍ തകര്‍ന്ന് യുവാക്കളുടെ മുകളില്‍ പതിച്ചാണ് മരണത്തിന് കാരണമായത്. സൗമെന്‍ ഹല്‍ദാര്‍, പ്രതാപ് പ്രമാണിക്, അജിത് ബിശ്വാസ്, സബൂജ് ബിശ്വാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്തുതന്നെ രണ്ടുപേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ ഒരു ബൈക്കില്‍ നാലുപേര്‍ യാത്ര ചെയ്തതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തല്‍.

കടമ്പാട്ടുകോണം-ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണം

ദേശീയപാത 744 കടമ്പാട്ടുകോണം – ഇടമണ്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി അടിയന്തിരമായി ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വില്ലേജുകളിലെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും, പുതിയ പദ്ധതിയ്ക്ക് അടിയന്തിരമായി അംഗീകാരം നല്‍കി ദേശീയപാത വികസനം ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ചട്ടം 377 പ്രകാരമാണ് വിഷയം ലോകസഭയില്‍ അവതരിപ്പിച്ചത്. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച വില്ലേജുകളുണ്ട്. എന്നാല്‍ ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടി അനന്തമായി നീണ്ടു പോകുന്നു. നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വില്ലേജുകളിലെ ഭൂടമകള്‍ക്ക് ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടത്തുന്നതിനോ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനോ കഴിയുന്നില്ല. ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണിത്. ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ജി.എസ്.ടി, റോയാലിറ്റി സംബന്ധിച്ച അന്നത്തെ സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിലുണ്ടായ കാലതാമസം മൂലം പദ്ധതി ഭാരത് മാലയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനം പുതിയ പദ്ധതിയിലുള്‍പ്പെടുത്തി അംഗീകാരം നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. അടിയന്തിരമായി പുതിയ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനും ദേശീയപാത വികസനം ത്വരിതപ്പെടുത്താനും സത്വര നടപടിയുണ്ടാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോകസഭില്‍ ആവശ്യപ്പെട്ടു.

വടകരയിൽ സിനിമാക്കഥയെ വെല്ലുന്ന വാഹന മോഷണം, ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കവർന്നു

കോഴിക്കോട്. വടകരയിൽ സിനിമാക്കഥയെ വെല്ലുന്ന വാഹന മോഷണം. ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കവർന്ന സംഘം, തെളിവുകൾ മായ്ക്കാൻ സിസിടിവിയും തകർത്താണ് കടന്നുകളഞ്ഞത്. വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്ന നിഗമനത്തിലാണ് പൊലീസ്.


വടകര മേമുണ്ടയിലെ മേപ്പത്തൂർ ഉസ്മാന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു മോഷണം. വീട്ടുകാർ വൈകിട്ട് ബന്ധുവീട്ടിലേക്ക് പോയിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ മോഷ്ടാക്കൾ
പൂട്ട് തകർത്ത് അകത്ത് കടന്നു. വീടിനകത്തെ ലോക്കർ കുത്തിത്തുറന്ന് വാഹനങ്ങളുടെ താക്കോൽ കൈക്കലാക്കി. ഗാരേജിലുണ്ടായിരുന്ന ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിഡ്സൺ ബൈക്കും ആക്സസ് സ്കൂട്ടറും കടത്തിക്കൊണ്ടുപോയി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കോഡ കാറും കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ സ്റ്റാർട്ടാകാഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ചു. മോഷണം പൂർത്തിയാക്കിയ ശേഷം തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്‌കും തകർത്തു

സംഭവസമയത്ത് വീട്ടുപറമ്പിലേക്ക് ഒരു ഇന്നോവ കാർ എത്തിയതായി ജോലിക്കാരൻ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ പരിചയക്കാരായിരിക്കുമെന്ന ധാരണയിൽ സംശയം തോന്നിയില്ല. എന്നാൽ ഇതേ വാഹനത്തിലാണ് മോഷണസംഘം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളുടെ സഞ്ചാരപാത കണ്ടെത്താനാണ് പൊലീസ് ശ്രമം.

ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പന, ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

കൊച്ചിയില്‍ ദമ്പതികളെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പന നടത്തിയ ആലപ്പുഴ സ്വദേശികള്‍ എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറില്‍ പിടിയില്‍. കാര്‍ത്തികപിള്ളി സ്വദേശി മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ മുറിയിലും വീട്ടിലുമായി ഒളിപ്പിച്ച നൂറ് ഗ്രാമിനടുത്ത് എംഡിഎംഎയും പിടികൂടി.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ മുഹമ്മദ് ഷാഫിയും സരിതയും. ദമ്പതികളെന്ന വ്യാജേന ഹോട്ടലുകളില്‍ മുറിയെടുത്തായിരുന്നു ലഹരിവില്‍പന. ആലപ്പുഴ സ്വദേശികളായ ഇരുവരും ഓര്‍ഡര്‍ മുന്‍കൂട്ടി സ്വീകരിച്ച് ബെംഗളൂരുവില്‍ പോയി എംഡിഎംഎ വാങ്ങും. തിരിച്ച് കൊച്ചിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചായിരുന്നു വിതരണം. തൃശ്ശൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ ലഹരി എത്തിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ

കഴിഞ്ഞ ദിവസം ഇരുവരും ബെംഗളൂരുവില്‍ പോയിവന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊച്ചിയിലുണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് സൗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ക്യൂൻസ് ഹോട്ടല്‍ ഇനില്‍ പരിശോധന നടത്തി. മുഹമ്മദ് ഷാഫിയാണ് മുറിയിലുണ്ടായിരുന്നത്. പരിശോധനയില്‍ 65 ഗ്രാം എംഡിഎംഎ മുറിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ സരിത മുറിയിലുണ്ടായിരുന്നില്ല. ഓര്‍ഡര്‍ പ്രകാരം ആലപ്പുഴയിലെ ഇടപാടുകാര്‍ക്ക് എംഡിഎംഎ വിതരണത്തിനായി പോയതായിരുന്നു സരിത. ഇതോടെ എക്‌സൈസ് സംഘം സരിതയ്ക്കായി വലവിരിച്ച് കാത്തിരുന്നു. രാത്രി പത്തരയോടെ മടങ്ങിവന്ന സരിതയെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് സരിത മൊഴി നല്‍കി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇരുപത്തിയെട്ട് ഗ്രാമിലേറെ എംഡിഎംഎയും കണ്ടെത്തി. ഒരു ഗ്രാം എംഡിഎംഎ നാലായിരം രൂപയ്ക്കാണ് ഇരുവരും വില്‍പന നടത്തിയിരുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ഫോണും പതിനേഴായിരത്തിലേറെ രൂപയും പിടികൂടി. ഇരുവരില്‍ നിന്നും എംഡിഎംഎ വാങ്ങിയവരും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്

മാധ്യമവിചാരണ,ദിലീപിന്‍റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം പൂർത്തിയാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം വൈകുന്നതിനെ കോടതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, നേരത്തെ നൽകിയ ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് സർക്കാർ വിശദീകരിക്കണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശിച്ചു.

വിചാരണക്കോടതിയിലെ രഹസ്യ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് ‘മീഡിയ ട്രയൽ’ നടക്കുകയാണെന്ന് ആരോപിച്ച് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് നടപടി. പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അഞ്ച് കേസുകളിൽ നാലിലും ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ ആരോപണം. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. കേസ് ഓഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കും.

പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെ സിപിഎം വിടുന്നില്ല, ഇനി കോടതി

കൊച്ചി.പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ. പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോൽപ്പിച്ചതെന്നും ടിഐ മധുസൂദനൻ ഹൈക്കോടതിയെ അറിയിച്ചു. രക്ഷസാക്ഷി ഫണ്ട് കള്ളൻ എന്ന തരത്തിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് ടിഐ മധുസൂദനൻ ആരോപിക്കുന്നത്. എന്നാൽ, ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും മധുസൂദനൻ പറയുന്നു. പ്രചാരണത്തിലെ പ്രസംഗങ്ങളിൽ കളങ്കിതനാണ് താൻ എന്ന് വരുത്തി, വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രചാരണമെന്നും ഹർ‍ജിയിൽ പറയുന്നു. ഹർജിയിൽ വി കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കുശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടിച്ചു

കോഴിക്കോട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ വയനാട് മേപ്പാടി സ്വദേശിനി അശ്വതി അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരി കൊണ്ടുവന്നതെന്നാണ് പൊലീസിന് യുവതി പോലീസിന് മൊഴി നൽകിയത്

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
രോഗിയുടെ കൂട്ടിരിപ്പുകാരിയായും ഹോം നഴ്സായും എത്തിയ വയനാട് മേപ്പാടി സ്വദേശിനിയും നിലവിൽ കാസർകോട് താമസക്കാരിയുമായ അശ്വതിയാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.28 ഗ്രാം ഹാഷിഷ് ഓയിൽ അശ്വതിയിൽ നിന്ന് പൊലീസ് കണ്ടെത്തി.രണ്ട് കുപ്പികളിലായാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ കൈവശം വെച്ചതെന്ന് അശ്വതി പൊലീസിനോട് മൊഴി നൽകി.
പിടിയിലായ അശ്വതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹാഷിഷ് ഓയിൽ എവിടെ നിന്നാണ് ലഭിച്ചത്, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ മെഡിക്കൽ കോളേജ് പൊലീസ് പ്രശോധിക്കുന്നുണ്ട്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) ജില്ലാ കളക്ടർ ജി പ്രിയങ്ക അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

കാസര്‍ഗോഡ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

വിളർച്ച മാറാൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

ഇരുമ്പിന്റെ കുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. ഓക്സിജനെ എല്ലാ കോശങ്ങളിലേക്കും ശരീരത്തിന്റെ എല്ലാ തലത്തിലേക്കും എത്തിക്കേണ്ട ദൗത്യം ഹീമോഗ്ലോബിന്റേതാണ്.

ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്

ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. ഓക്സിജനെ എല്ലാ കോശങ്ങളിലേക്കും ശരീരത്തിന്റെ എല്ലാ തലത്തിലേക്കും എത്തിക്കേണ്ട ദൗത്യം ഹീമോഗ്ലോബിന്റേതാണ്.

Also Read: ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും ബാധകം

ഇവയുടെ കുറവ് ഓക്സിജൻ കുറയുന്നതിലേക്കും അതുമൂലം തളർച്ച, ക്ഷീണം എന്നിവയിലേക്കും നയിക്കും. വിളർച്ച മാറാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഇലക്കറികളിൽ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിരിക്കുന്നു

ഇലക്കറികളിൽ ഇരുമ്പും ഫോളേറ്റും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അവ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചീര, ഉലുവയില എന്നിവയാണ് ഇതിനായുള്ള മികച്ചവ.

സാൽമൺ മത്സ്യം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുന്നു

സാൽമൺ മത്സ്യം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുന്ന ഹീം അയൺ (heme iron), വിറ്റാമിൻ ബി12, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.

ഓട്‌സ് പൊടി, ഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, ചുവന്ന അരി

ധാന്യങ്ങളിൽ ഫൈബർ, വിറ്റാമിൻ ബി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും അവ സഹായിക്കുന്നു. ഓട്‌സ് പൊടി, മുഴുഗോതമ്പ് കൊണ്ടുള്ള ബ്രെഡ്, ചുവന്ന അരി തുടങ്ങിയ ഭക്ഷണങ്ങളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

വെള്ളക്കടല, വൻപയർ, സോയാബീൻസ്, വെള്ള പയർ, ബ്ലാക്ക് ബീൻസ് എന്നിവ കഴിക്കുക

പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു. വെള്ളക്കടല, വൻപയർ, സോയാബീൻസ്, വെള്ള പയർ, ബ്ലാക്ക് ബീൻസ്, പിന്റോ ബീൻസ് അഥവാ രാജ്മ എന്നിവയാണ് സാധാരണ കഴിക്കുന്ന പയറുകൾ.

നട്സ് കഴിക്കുന്നത് ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

നട്സ് കഴിക്കുന്നത് ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും അവ മിതമായ അളവിൽ കഴിക്കണം. എള്ള്, മത്തങ്ങ വിത്തുകൾ, തണ്ണിമത്തൻ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, കശുവണ്ടി, ചണവിത്ത് എന്നിവയാണ് ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങൾ. ഇവ കഴിക്കുക

മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ധാരാളം നൈട്രേറ്റ് അടങ്ങിയ ബീറ്റ് റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും.

ശബരിമലയിലേക് മിൽമ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം.ശബരിമലയിലേക് മിൽമ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കും

മിൽമയിലെ നെയ്യ് മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.മിൽമയിലെ നെയ്യ് മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ നൽകിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

ഈ മണ്ഡലകാലത്തേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേതാണ് തീരുമാനം. ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിർമിക്കും. നെയ്യ് ശുദ്ധീകരിക്കാൻ ബോർഡിന് ശബരിമലയിൽ പ്ലാൻ്റുണ്ട്

മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിൽമ നെയ്യ് വേണ്ടെന്ന ബോർഡ് തീരുമാനം