Home Blog Page 319

കൊല്ലത്ത്  യുവാവിനെ സഹോദരങ്ങൾ ചേർന്ന് കുത്തി കൊന്നു

കൊല്ലം :കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പാൽ കുളങ്ങര സ്വദേശി ആനപ്പാപ്പാനായ രാജു എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ആയിരുന്നു സംഭവം. കടവൂർ സ്വദേശികളും സഹോദരങ്ങളുമായ സാം,മഹേഷ് എന്നിവർ ചേർന്ന് കുത്തി കൊല്ലുകയായിരുന്നു. ഇതിൽ ഒരാൾ പോലീസ് പിടിയിലായിട്ടുണ്ട്.

സർക്കാർ ഓഫീസുകളിലേക്കുള്ള അപേക്ഷ: ചുവപ്പോ പച്ചയോ മഷി ഉപയോഗിക്കരുതെന്നത് വെറും തെറ്റിദ്ധാരണ

തൃശൂർ: സർക്കാർ ഓഫീസുകളിലേക്ക് അപേക്ഷ എഴുതുമ്പോഴോ ഒപ്പിടുമ്പോഴോ ചുവപ്പോ പച്ചയോ നിറത്തിലുള്ള മഷി ഉപയോഗിക്കാൻ പാടില്ലെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
സർക്കാർ ഓഫീസുകളിലേക്ക് നൽകുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലും തയ്യാറാക്കാമെന്നും മഷിയുടെ നിറം സംബന്ധിച്ച് പ്രത്യേക നിയമമോ ചട്ടമോ നിലവിലില്ലെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അറിയിച്ചു.
മാള സ്വദേശിയായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപ്പീൽ അപേക്ഷയ്ക്ക് മറുപടിയായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ഓഫീസുകളിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലായിരിക്കണമെന്ന് നിർദേശിക്കുന്ന നിയമമോ ചട്ടമോ ഉണ്ടോയെന്നും, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ ലഭ്യമാക്കണമെന്നുമായിരുന്നു അപേക്ഷയിലെ ആവശ്യം.
ഇതിന് നൽകിയ മറുപടിയിൽ, അത്തരത്തിൽ യാതൊരു ചട്ടവും നിലവിലില്ലെന്നും പേനയിലെ മഷിയുടെ നിറത്തിന്റെ കാര്യത്തിൽ സാധാരണക്കാരും വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുപോലെയാണെന്നും വ്യക്തമാക്കുന്നു.

കാപ്പാ കേസ് പ്രതി സുഗതൻ്റെ അവധി അപേക്ഷയുമായി ഭരണപക്ഷം; എതിരിടാനുറച്ച് പ്രതിപക്ഷം, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന്

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന് അവധി നൽകണമെന്ന ഭരണപക്ഷത്തിന്റെ അപേക്ഷ ഇന്ന് നടക്കുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വലിയ തർക്കത്തിന് വഴിവെക്കും. അവധി അപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന സുഗതന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അവധി നൽകണമെന്നാണ് ഭരണപക്ഷം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനും ഇതുസംബന്ധിച്ച് കത്ത് നൽകാനും ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എസ്.പി. ദീപക് ആണ് ഈ വിഷയം കൗൺസിലിൽ അവതരിപ്പിക്കുക.

കോർപ്പറേഷൻ കൗൺസിലിൽ 101 അംഗങ്ങളാണുള്ളത്. അതിൽ ബിജെപിക്ക് 50 സീറ്റും, എൽഡിഎഫിന് 29 സീറ്റും, യുഡിഎഫിന് 20 സീറ്റുമാണുള്ളത്. സുഗതന് അവധി നൽകിയാൽ ഭരണപക്ഷത്തിന് ഒരു വോട്ട് കൂടുതൽ ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് അവർ.

എന്നാൽ സുഗതന് അവധി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. “അവധി” എന്നത് വെറും നാടകമാണെന്നും, ജയിലിൽ കഴിയുന്ന ഒരാൾക്ക് അവധി നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും പ്രതിപക്ഷ നേതാവ് ശബരിനാഥൻ പറഞ്ഞു.

സുഗതനെ കൗൺസിൽ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. കൗൺസിൽ സെക്രട്ടറിയേറ്റിൽ അവധി അപേക്ഷ സമർപ്പിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഒരാൾക്ക് കൗൺസിൽ അംഗത്വം തുടരാൻ കഴിയുമോ എന്ന നിയമപ്രശ്നവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട് അറിയാനാണ് ഭരണപക്ഷം കത്തയക്കുന്നത്.

ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയായാൽ ഇരുപക്ഷവും തമ്മിൽ രൂക്ഷമായ വാക്‌പോര് ഉണ്ടാകാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ ചില ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 31, 2026) അവധി പ്രഖ്യാപിച്ചിരിക്കുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലുമാണ് അവധി.

അങ്കണവാടികൾ,
സ്കൂളുകൾ,
പ്രൊഫഷണൽ കോളേജുകൾ,
ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ് .

കേരളം നടുങ്ങിയ മുത്തങ്ങ സമരം; പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം ഇന്ന് വിധി ; എം ഗീതാനന്ദൻ ഒന്നാം പ്രതി

വയനാട് : മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.

2001ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19ന് പൊലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കെട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.

സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതിചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു. സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പി മാർക്ക് ഉൾപ്പെടെ കേസിൽ സാക്ഷികൾ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പൊലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികൾ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന് 15 വർഷത്തിനുശേഷം 2018ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 | ജൂലൈ 31, വെള്ളി | 1201 കര്‍ക്കടകം 15, അവിട്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ മൂലം ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പിഎസ്‌സി നിയമന തട്ടിപ്പ്: അന്വേഷണം ഊർജ്ജിതം

എല്‍ഡിഎഫ് ഭരണകാലത്തെ പിഎസ് സി നിയമന തട്ടിപ്പുകളില്‍ പിഎസ് സി ചെയര്‍മാന്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആസൂത്രണ ബോര്‍ഡില്‍ ഉന്നത പദവിയില്‍ നിയമനം നേടിയ സിപിഎം നേതാവ് നാലു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നില്ല. ആറു ചോദ്യങ്ങളുടെ ഉത്തരം തെറ്റായിരുന്നു. പരീക്ഷ എഴുതിയ മറ്റുള്ളവര്‍ക്കു പൂജ്യം മാര്‍ക്കു നല്‍കിയാണ് നിയമനം നല്‍കിയതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവിധ തസ്തികകളില്‍ സിപിഎമ്മുകാരെ നിയമിക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

പശ്ചിമേഷ്യ: ഇന്ത്യൻ നാവികർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രം

പശ്ചിമേഷ്യയില്‍ ഇന്ത്യന്‍ നാവികരുടേയും കപ്പലുകളുടേയും സുരക്ഷ ഉറപ്പാക്കാന്‍ നടപടികളെടുക്കുമെന്നു കേന്ദ്രമന്ത്രിസഭ. നാവികര്‍ക്ക് വിവരങ്ങള്‍ കൈമാറാനും, അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. കീടനാശിനികളുടെ ലഭ്യത ഉറപ്പുവരുത്താനും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുണ്ട്.

പി എം ശ്രീ പദ്ധതി: വർഗീയ അജണ്ട നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

പി എം ശ്രീ പദ്ധതിയിലൂടെ ഒരു വര്‍ഗീയ അജണ്ടയും നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍. കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കൂ. എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഉപസമിതി രൂപീകരിക്കും

വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നുന്നതു സംബന്ധിച്ചു തീരുമാനിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിക്കും. രണ്ടാം ഭൂപരിഷ്‌കരണം, സ്വകാര്യ നിക്ഷേപം തുടങ്ങിയവയില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസം നീളുന്ന യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു.

ശബരിമലയിൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിക്കും

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരവണ നിര്‍മാണത്തിനായി ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. നെയ്യ് ശുദ്ധീകരിക്കാന്‍ ശബരിമലയില്‍ പ്ലാന്റ് ഉണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് മില്‍മയില്‍നിന്നു വാങ്ങിയ നെയ്യ് മറിച്ചുവിറ്റ് ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കവെയാണ് ബോര്‍ഡിന്റെ തീരുമാനം.

ക്ഷേമനിധി അംഗങ്ങൾക്ക് ഓണക്കാല ഉത്സവബത്ത വർദ്ധിപ്പിച്ചു

ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്ത.

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; സർക്കാർ റിപ്പോർട്ട് തള്ളി ഹൈക്കോടതി

അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയെ ജസ്റ്റിസ് ബദറുദ്ദിന്‍ വിമര്‍ശിച്ചു. ശ്രീജിത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനേയും ഒരുമിച്ച് കേട്ടത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണകേസില്‍ പ്രതികളുടെ 37.59 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120 സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 300 കോടി രൂപയില്‍ അധികം തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍.

സ്വർണവ്യാപാര സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്

സംസ്ഥാനത്തെ 37 സ്വര്‍ണവ്യാപാര സ്ഥാപനങ്ങളില്‍ ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ്- ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡ്. നികുതി വെട്ടിപ്പു കണ്ടെത്താനാണ് ഉച്ച മുതല്‍ വൈകുന്നേരംവരെ പരിശോധന നടത്തിയത്.

രക്ഷാപ്രവർത്തന കേസ് അട്ടിമറി: ഡിവൈഎസ്പിമാർക്കെതിരെ അന്വേഷണം

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്. കെ.പി.തോംസണ്‍, സുനില്‍രാജ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. രക്ഷാപ്രവര്‍ത്തന കേസ് അന്വേഷിച്ച മൂന്നു ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്.

മുഖ്യമന്ത്രിയെ വിമർശിച്ചതിന് കസ്റ്റഡിയിലെടുത്ത ഫോൺ തിരികെ നൽകി

പവര്‍കട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോണ്‍ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഫോണ്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി പൊലീസ്. സംഭവം വിവാദമായതോടെയാണ് ഫോണ്‍ തിരികെ നല്‍കി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു.

കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ യൂബർ ബഹിഷ്‌കരിക്കും

കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഇന്നു മുതല്‍ യൂബര്‍ സര്‍വീസുകള്‍ ബഹിഷ്‌കരിക്കും. നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിറകേ, ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.

പിഎം ശ്രീ കരാറിൽ നിന്ന് പിന്മാറാനാകില്ലെന്ന് അടൂർ പ്രകാശ്

പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍നിന്ന് പിന്‍മാറാനാകില്ലെന്നന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിഎം ശ്രീയില്‍ ഉല്‍പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. മന്ത്രിസഭ ഉപസമിതിയുടെ യോഗം ബുധനാഴ്ച നടക്കും.

പി എം ശ്രീ പദ്ധതി: സർക്കാരിനെതിരെ പി രാജീവ്

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് വീമ്പിളക്കിയവര്‍ അതു നടത്തിക്കാണിക്കണമെന്ന് മുന്‍ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്.

കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്ന് ബിനോയ് വിശ്വം

പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ബി ജെ പിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധം

ഡല്‍ഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതുമൂലം കൊച്ചി വിമാനത്താവളത്തില്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രി പത്തിനു പുറപ്പെടേണ്ടിയിരുന്ന വിമാനം പുലര്‍ച്ചെ രണ്ടിനേ പോകൂവെന്ന് രാത്രി 11 ന് അറിയിച്ചതാണ് പ്രകോപനത്തിനു കാരണം.

മെഡിക്കൽ കോളേജിൽ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സായ യുവതിയില്‍നിന്ന് 56 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. കാസര്‍കോട് സ്വദേശി അശ്വതിയാണ് പിടിയിലായത്. ജയിലിലുള്ള ഭര്‍ത്താവിന് എത്തിച്ചു കൊടുക്കാന്‍ കൈവശം വെച്ചതാണെന്നാണ് യുവതിയുടെ മൊഴി.

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: നഴ്സിങ് കോളേജ് ചെയർമാൻ പിടിയിൽ

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയര്‍മാന്‍ തമിഴ്നാട് പോലീസിന്റെ പിടിയില്‍. കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി പി.വി.ബിനു ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയുടെ അമ്മ തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.

പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

പാര്‍ലമെന്റിലെ തന്റെ ഓഫീസില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നീറ്റ് പ്രതിഷേധം: കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവ്

നീറ്റ് പരീക്ഷാക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ പിന്‍വലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജൂലൈ 29 വൈകുന്നേരം ആറുവരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സന്തോഷ് ഡി. വൈദ്യ വെളിപ്പെടുത്തി.

അമിത് ഷാ രാജി വയ്ക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തിന് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. വിദ്യാര്‍ഥികള്‍ക്കു നേരെ പെല്ലറ്റും, കണ്ണീര്‍ വാതകവും പ്രയോഗിച്ചതും, ലാത്തി ചാര്‍ജ് നടത്താന്‍ നിര്‍ദ്ദേശിച്ചതും അമിത്ഷായാണ്. പ്രധാനമന്ത്രി മോദി ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങണം. ആര്‍ എസ് ব্যায়ামവും സിലബസിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി ജെ പി നദ്ദയും ചെയര്‍മാന്‍ സി പി രാധാകൃഷ്ണനും ഖര്‍ഗെയുടെ പരാമര്‍ശങ്ങളെ എതിര്‍ത്തു. ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കി.

പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറാകണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ഡല്‍ഹിയില്‍നിന്ന് മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അഭിജീത് ദീപ്കെ പ്രധാനമന്ത്രിയെ പരിഹസിച്ചത്.

തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി

എഥനോള്‍ പെട്രോളിനെതിരെ ഡല്‍ഹിയില്‍ ഇന്നു പ്രതിഷേധം പ്രഖ്യാപിച്ച ടീം ഭാരത് എന്ന സംഘടനയുടെ നേതാവ് തെഹ്സീന്‍ പൂനെവാലയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. കേന്ദ്ര സര്‍ക്കാറിനെതിരെ സത്യം പറഞ്ഞതിനാണ് നടപടിയെന്ന് പൂനെവാല വിമര്‍ശിച്ചു.

ഭോജ്ശാല ദർഗയിൽ പ്രാർഥനയ്ക്ക് സുപ്രീംകോടതി അനുമതി

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദര്‍ഗയില്‍ മുസ്ലീം മതവിശ്വാസികള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്നുവരെ പ്രാര്‍ഥന നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ: രാജ്യസഭയിൽ തർക്കം

പരീക്ഷാ ചോര്‍ച്ച തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷന്‍സ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. 10 വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയില്‍, വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു.

ബാങ്ക് മാനേജരെ മർദിച്ചു: കയൽവിഴി അഴഗിരി അറസ്റ്റിൽ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരമകളും മുന്‍ ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.കെ. അഴഗിരിയുടെ മകളുമായ കയല്‍വിഴി അഴഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐ ബാങ്ക് മാനേജരെ മര്‍ദിച്ച കേസിലാണ് കയല്‍വിഴിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

റെയിൽവേയിൽ അധിക ലഗേജ് ഓൺലൈനായി ബുക്ക് ചെയ്യാം

റെയില്‍വേ സ്റ്റേഷനുകളില്‍ ക്യൂവില്‍ കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്ക് അധിക ലഗേജുകള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇതിനായുള്ള പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിന് ഇന്ത്യന്‍ റെയില്‍വേ തുടക്കമിട്ടു. വെബ്‌സൈറ്റ് വഴി ഇന്നു മുതല്‍ അധിക ലഗേജ് ബുക്ക് ചെയ്യാം.

അമേരിക്ക – ഇറാൻ സംഘർഷം കനക്കുന്നു

അമേരിക്ക – ഇറാന്‍ സംഘര്‍ഷം കനക്കുന്നു; മൂന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് ഇറാന്‍, റിയാദില്‍ സ്ഫോടനം നടന്നതായി ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഹോക്കി ഇന്ത്യയുടെ കാവി ജേഴ്സി: വിമർശനവുമായി പ്രിയങ്ക ഗാന്ധി

ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

കോമൺവെൽത്ത് ഗെയിംസ്: നീരജ് ചോപ്ര ഫൈനലിൽ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തി. പുരുഷന്മാരുടെ 110 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ലൗപ്രീത് സിങ്വെള്ളി മെഡല്‍ സ്വന്തമാക്കിയതാണ് ഇന്നലത്തെ ഇന്ത്യയുടെ മറ്റൊരു പ്രധാന നേട്ടം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം സീമ കാലീരാംന ഇന്നലെ വെങ്കല മെഡലും കരസ്ഥമാക്കി.

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യക്കെതിരെ കളിക്കും

ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണു മല്‍സരമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡെറേഷന്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും ഇത്. സെപ്റ്റംബര്‍ 25 ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള ബ്രസീലിന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുക.

വീഗാർഡ് വരുമാനത്തിൽ വർദ്ധനവ്

വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആദ്യ പാദത്തില്‍ വരുമാനം 23.5 ശതമാനം ഉയര്‍ന്ന് 1,810.65 കോടി രൂപയായി. ലാഭം മുന്‍വര്‍ഷത്തേക്കാള്‍ 76 ശതമാനം ഉയര്‍ന്ന് 130.25 കോടി രൂപയായി. കമ്പനിയുടെ വരുമാനത്തില്‍ 51 ശതമാനവും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരുമാനം 36.7 ശതമാനം ഉയര്‍ന്ന് 932.31 കോടിയായി. മറ്റ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ധിച്ച് 878.34 കോടി രൂപ. ഇലക്ട്രോണിക്‌സ് വിഭാഗത്തിന്റെ വരുമാനം 22.8 ശതമാനം ഉയര്‍ന്ന് 658.46 കോടി രൂപയായി. ഇലക്ട്രിക്കല്‍സ് വിഭാഗം 27.7 ശതമാനം വളര്‍ച്ചയോടെ 670.12 കോടി രൂപയുടെ വരുമാനം നേടി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 416.71 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. വീഗാര്‍ഡ് 2023ല്‍ ഏറ്റെടുത്ത കിച്ചണ്‍ അപ്ലൈയന്‍സസ് ബ്രാന്‍ഡായ സണ്‍ഫ്‌ലേമില്‍ നിന്നുള്ള വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 65.69 കോടി രൂപയായി.

ഗൂഗിൾ പേയിൽ പുതിയ ‘ആസ്ക് ഗൂഗിൾ പേ’ ഫീച്ചർ

ഗൂഗിള്‍ പേ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ജെമിനി എഐ അധിഷ്ഠിതമായ ‘ആസ്‌ക് ഗൂഗിള്‍ പേ’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഈ എഐ സംവിധാനം സഹായിക്കും. ഗൂഗിള്‍ പേ ആപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു എഐ അസിസ്റ്റന്റാണ് ഇത്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള ടിപ്പുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍, എസ്.ഐ.പി, സിബില്‍ സ്‌കോര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കള്‍ക്ക് ചോദിച്ചറിയാം. ഇത് ഉപയോഗിക്കുന്നതിനായി ആപ്പിലെ സെറ്റിങ്‌സില്‍ പോയി ‘പേഴ്‌സണലൈസേഷന്‍’ ഓപ്ഷന്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം ഹോം സ്‌ക്രീനിലെ ‘മണി’ ടാബിലെ ‘Ask a question’ എന്ന വിഭാഗത്തിലൂടെ എഐയുമായി സംസാരിച്ചു തുടങ്ങാം.

‘ജെന്റിൽമാൻ’ വീണ്ടും തിയറ്ററുകളിലേക്ക്

‘ജെന്റില്‍മാന്‍’ ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4കെ അള്‍ട്ര എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥ പറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘ജെന്റില്‍മാന്‍’. കെടി കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 1993-ല്‍ പുറത്തിറങ്ങിയ ‘ജെന്റില്‍മാന്‍’ സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക.

വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ സെൻസറിംഗ് പൂർത്തിയായി

വിസ്മയ മോഹന്‍ലാലിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റമായ തുടക്കം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ഓഗസ്റ്റ് 7 നാണ് ചിത്രത്തിന്റെ റിലീസ്. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമാണിത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ.

കിയ പുതിയ എസ് യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

കിയ പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ പലതവണ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ട സോറെന്റോ എസ് യുവിയാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യമോ പുതിയ കിയ സോറെന്റോ വിപണിയില്‍ എത്തിയേക്കും. ഈ മോഡലിന് ഏകദേശം 45 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ലെവല്‍ 2 അഡാസ് സ്യൂട്ട്, ഡ്യുവല്‍ 12.3 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ആന്റ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റിങ്, വലിയ അലോയ് വീലുകള്‍ എന്നിവയായിരിക്കും വാഹനത്തിന്റെ പുതിയ ഫീച്ചറുകളായി കമ്പനി അവതരിപ്പിക്കുക. ഹൈബ്രിഡ് രൂപത്തിലുള്ള 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഓപ്ഷണല്‍ എഡബ്ല്യൂഡി സിസ്റ്റവും സോറെന്റോയ്ക്ക് കരുത്തുപകരുമെന്നാണ് കരുതുന്നത്.

‘തരിശുഭൂമി പുനരുജ്ജീവനം’ പുസ്തക പരിചയം

കേരള സംസഥാന ജലസേചന വകുപ്പില്‍ നിന്ന് ചീഫ് എഞ്ചിനീയറായി റിട്ടയേര്‍ഡ് ചെയ്ത കോമളവല്ലിയമ്മയുടെ ഔദ്യോദിക അനുഭവങ്ങളുടെ സൃഷ്ടിയാണ് ഈ കൃതി. ആവശ്യത്തിന് കൃഷിയോ, കൃഷി ഭൂമിയോ ഇല്ലാതെ ആഹാരത്തിനു വേണ്ടി കേരളം അയല്‍ സംസ്ഥാനങ്ങളെ ആലംബമാക്കുക പതിവാക്കിയിട്ടു കുറെ വര്‍ഷങ്ങളായി. നമ്മുടെ കൈവശമുള്ള തരിശുഭൂമി പുനര്‍ ഉപയോഗിക്കുവാനുള്ള ഈ പുസ്തകത്തിലെ ആഹ്വാനം ഈ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്. ‘തരിശുഭൂമി പുനരുജ്ജീവനം’. ഡോ. കോമളവല്ലി അമ്മ. രചന ബുക്സ്. വില 342 രൂപ.

രാത്രി ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ

രാത്രി ഉറങ്ങുന്നതിന് മുന്‍പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെയും ഉറക്കത്തെയും നേരിട്ട് ബാധിക്കും. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണെങ്കിലും രാത്രിയില്‍ കഴിച്ചാല്‍ പ്രശ്നമുണ്ടാക്കുന്ന 5 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം. പോഷകങ്ങള്‍ ധാരാളമുണ്ടെങ്കിലും ചീര രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചീരയിലുള്ള ഫൈബറും അയണും ദഹിക്കാന്‍ പ്രയാസമാണ്. ഇത് വയറിന് ഭാരം കൂട്ടാനും ഉറക്കത്തില്‍ അസ്വസ്ഥതയുണ്ടാക്കാനും കാരണമാകും. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും, അത്താഴത്തിനൊപ്പമോ ഉറങ്ങുന്നതിന് മുന്‍പോ കഴിക്കുന്നത് അത്ര നല്ലതല്ല. പഴങ്ങളിലെ സ്വാഭാവിക മധുരം രാത്രിയില്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് ചിലരില്‍ വയറുവേദനയ്ക്കും ഉറക്കം നഷ്ടപ്പെടാനും കാരണമാകും. കുക്കുമ്പറും ബീറ്റ്റൂട്ടും ശരീരത്തിന് തണുപ്പ് നല്‍കുന്നവയാണ്. വൈകുന്നേരമോ രാത്രിയിലോ ഇവ കഴിക്കുന്നത് ശരീര താപനില കുറയ്ക്കുകയും ദഹനത്തെ ദുര്‍ബലമാക്കുകയും ചെയ്യും. മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ പ്രോട്ടീനും ഫൈബറും കൂടുതലാണ്. ഇവ രാത്രിയില്‍ പച്ചയ്ക്ക് കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഗ്യാസ്, വയറുവീര്‍പ്പ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. തൈര് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, പകല്‍ സമയത്ത് കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം. തൈരിന് തണുപ്പ് നല്‍കാനുള്ള കഴിവുണ്ട്. അതിനാല്‍ രാത്രിയില്‍ കഴിക്കുന്നത് ശരീരത്തില്‍ കഫം കൂടാനും ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ദഹനപ്രക്രിയ പതുക്കെയാകുന്നതുകൊണ്ട് തൈര് ശരിയായി ദഹിക്കാതെയും വരാം.

കെപിസിസി വിചാര്‍ വിഭാഗ് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

ശാസ്താംകോട്ട. കെപിസിസി വിചാര്‍ വിഭാഗ് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് ഒന്ന് ശനി രാവിലെ പത്തിന് ഭരണിക്കാവ് ഗ്‌ളോബല്‍ കൊമേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മല്‍സരം നടക്കും. ഒരു സ്‌കൂളില്‍നിന്നും മൂന്നുമുതല്‍ അഞ്ചുവരെ കുട്ടികള്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയല്‍ രേഖയുമായി എത്തണംമെന്ന് നിയോജകമണ്ഡലം ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു(ഫോണ്‍. 9446527174

ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും എം എൽ എയെയും ലൈവ് മോഡലാക്കി,ജിതേഷ്ജി യുടെ മിന്നൽ വേഗവര

ഭരണിക്കാവ് : ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് മിന്നൽ വേഗവരവിസ്മയം തീർക്കുന്ന അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി യുടെ വരയരങ്ങിൽ ലൈവ് സെലിബ്രിറ്റി മോഡലായത് ഇത്തവണ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം. ജോണും കുന്നത്തൂർ എം. എൽ. ഏ ഉല്ലാസ് കോവൂരുമായിരുന്നു.
സെക്കണ്ടുകൾ കൊണ്ടാണ് ഇരുവരുടെയും രേഖാചിത്രം അവരുടെ ജീവിതരേഖ പറഞ്ഞുകൊണ്ട് വരച്ചുതീർത്തത്. ചിത്രം വരയ്ക്കുമ്പോൾ ബി. ജി. എം ആയി ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയായ ഉല്ലാസ് കോവൂർ എം. എൽ. ഏ യുടെ നാടൻ പാട്ട് വായ്ത്താരി കൂടി വരയ്ക്ക് ‘പഞ്ചായി ‘ എത്തി.

ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വരയ്ക്കാൻ ആവശ്യപ്പെട്ട മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് എന്നിവരെ സ്പീഡ് ഡ്രോയിങ്ങിൽ അവതരിപ്പിച്ചു വരവേഗവിസ്മയം തീർത്തുകൊണ്ടായിരുന്നു കുന്നത്തൂർ എം. എൽ. ഏ ഉല്ലാസ് കോവൂർ ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ സംഘടി പ്പിച്ച എസ്. എസ് എൽ സി പ്ലസ് റ്റു അവാർഡ് ഫെസ്റ്റിന് ജിതേഷ്ജി വരയരങ്ങി ലൂടെയും പ്രചോദനാത്മകമായ സചിത്രപ്രഭാഷണത്തിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരെ സാക്ഷിയാക്കി
സമാരംഭം കുറിച്ചത്.
അഞ്ചരക്കോടിയിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ വേഗവരയിലൂടെ നേടിയ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് വേഗവരയിലെ ലോകറെക്കോർഡ് ജേതാവ് കൂടിയായ ഡോ. ജിതേഷ്ജി. 366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ അതിദ്രുതം ഉദ്ധരിക്കുന്ന സൂപ്പർ മെമ്മറൈസർ കൂടിയായ ഡോ.ജിതേഷ്ജി യ്ക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചിട്ടുമുണ്ട്.

ശൂരനാട് ഗവ.എച്ച്.എസ്.എസിൽ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട്

ശൂരനാട്:ശൂരനാട് ഗവ.എച്ച്.എസ്.എസിൽ 2024 -2026 അധ്യയന വർഷത്തെ സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരി അലക്സ്,ബിന്ദു ചങ്കൂരത്ത്,ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു അനിൽ,പിടിഎ പ്രസിഡൻ്റ് സി.പുഷ്പ കുമാർ,പോലീസ് സബ് ഇൻസ്പെക്ടർ ഗോപകുമാർ,
പ്രിൻസിപ്പൽ ഡോ.കെ.സന്ധ്യാകുമാരി,ഹെഡ്മാസ്റ്റർ കെ.കൃഷ്ണകുമാർ,എസ്പിസി കോഡിനേറ്റർമാരായ ശിവപ്രസാദ് കുറുപ്പ്,ഷൈലജ കുമാരി,സ്റ്റാഫ് സെക്രട്ടറി ആർ.ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

വിലകുറഞ്ഞ മദ്യം കലർത്തി ‘പ്രീമിയം’ ബ്രാൻഡുകൾ; തിരുവനന്തപുരത്ത് വ്യാജമദ്യ നിർമാണ കേന്ദ്രം പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് സംഘം കണ്ടെത്തി. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കർ ആണ് അറസ്റ്റിലായത്. വിലകുറഞ്ഞ മദ്യം വാങ്ങി പ്രമുഖ സ്കോച്ച് ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യം നിർമിച്ച് വിൽപ്പന നടത്തിയെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.

പ്രതിയിൽ നിന്ന് 14 ലിറ്റർ വ്യാജമദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബെവ്‌കോയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മദ്യം കലർത്തി ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജമദ്യം നിർമിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡാണ് പരിശോധന നടത്തി വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. നിർമിച്ച വ്യാജമദ്യം ബാറുകൾ വഴിയും വിതരണം ചെയ്തിട്ടുണ്ടാകാമെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യാജമദ്യം വിതരണം ചെയ്ത ശൃംഖലയെക്കുറിച്ചും പരിശോധിച്ചുവരികയാണെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.