Home Blog Page 32

മദ്യലഹരിയിൽ അയൽവാസിയെ അരിവാളിന് വെട്ടിയ യുവതി അറസ്റ്റിൽ

കണ്ണൂർ. ആറളംഫാമിൽ മദ്യലഹരിയിൽ അയൽവാസിയെ അരിവാളിന് വെട്ടിയ യുവതി അറസ്റ്റിൽ. ആറളം ഫാം സ്വദേശി 29കാരി കവിതയാണ് അറസ്റ്റിലായത്.
ബന്ധുവായ സനൂപിനെയാണ് കവിത അരിവാളിന് വെട്ടിയത്.

മദ്യപിച്ച് ബഹളം വച്ചത് സനൂപ് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇതിന്റെ വൈരാഗ്യത്തിലാണ് സനൂപിനെ കവിത അരിവാളിന് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ സനൂപിനെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ആറളം പൊലീസ് കേസെടുത്തു

ഓച്ചിറയിൽസൂര്യാഘാതം ഏറ്റു കറവപ്പശു ചത്തു

ഓച്ചിറ: സൂര്യാഘാതം ഏറ്റു കറവപ്പശു ചത്തു , ഓച്ചിറ പ്രയാർ സൗത്ത് ദാറുൽ സലാമിൽ
ജവാദിന്റെ കറവ പശുവാണ് ചത്തത്.
അടുത്ത സമയത്ത് 92000 രൂപ മുടക്കി വാങ്ങിയ എച്ച്.എഫ് ഇനത്തിൽ പെട്ട 15 ലിറ്റർ പാൽ കിട്ടുന്ന പശു ആയിരുന്നു.
അടുത്തുള്ള വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടർ വന്നു വേണ്ട ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഈ പശുവിന്റെ മരണം നവകർഷകനായ ഉടമസ്ഥന്റെ ജീവിതത്തെ സാരമായി ബാധിച്ചു.

സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കൊച്ചി. പാലാരിവട്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വര്‍ണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പിടിയിലായ ആറുപേരില്‍ രണ്ടുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടെയുള്ള സംഘമാണ് വാടകവീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവര്‍ച്ച നടത്തിയത്.

പാലാരിവട്ടം സംസ്‌കാര ജങ്ഷനു സമീപമുള്ള വാടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസം, ബംഗാള്‍ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ ഏഴു പേര്‍ താമസിച്ചിരുന്ന വീട്ടില്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി വാതിലുകള്‍ അകത്തുനിന്നും പൂട്ടിയതായി എഫ്ഐആറില്‍ പറയുന്നു

വാളും കത്തിയും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമെ തൊഴിലാളികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചു. അസം സ്വദേശിയുടെ ഫോണില്‍ നിന്ന് 12,000 രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് അക്രമികള്‍ അയപ്പിച്ചു. ഇതിനു പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കമ്മലും കവരുകയായിരുന്നെന്നും എഫ്ഐആറില്‍ പറയുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈല്‍ ഫോണുകള്‍, 1.20 ലക്ഷം രൂപ, പഴ്സ്, എടിഎം കാര്‍ഡുകള്‍, ഐഡി കാര്‍ഡുകള്‍, 1,20,000 രൂപ വിലയുള്ള 1 പവന്‍ സ്വര്‍ണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വര്‍ണക്കമ്മല്‍, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉള്‍പ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് അക്രമികള്‍ തട്ടിയെടുത്തത്.

ഈ സമൂഹത്തില്‍ ജീവിക്കേണ്ടേ?,സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍

കൊച്ചി. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സീഫ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. . സംവിധായകന്‍ തനിക്കെതിരെ മോശമായതും തെറ്റായതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമത്തിലെ സംവിധായകന്റെ പോസ്റ്റുകള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ജു വാരിയരെ ഇനി അപകീര്‍ത്തിപ്പെടുത്തരുതെന്നാണ് കോടതിയുടെ താല്‍ക്കാലിക ഉത്തരവെന്ന് അവരുടെ അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. ഓരോ ദിവസവും നിരവധി ആരോപണങ്ങളാണ് മഞ്ജു വാര്യര്‍ക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിക്കുന്നത്. നിരന്തരം ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ്. സനല്‍കുമാര്‍ ശശിധരനെ മാത്രമല്ല, നിരവധി ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. നമുക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ടേ? എല്ലാവര്‍ക്കും അറിയാവുന്ന ബഹുമാന്യയായ വ്യക്തിയാണ് മഞ്ജു വാര്യര്‍. ഓരോരുത്തരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ആയിരം തവണ വാര്‍ത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്ജു വാര്യര്‍ക്കില്ലെന്നും ശാന്തി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്.

‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സര്‍ക്കാര്‍ ഇതേപ്പറ്റി അന്വേഷിക്കാന്‍ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസില്‍ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്‌നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാന്‍ ഉന്നയിച്ചിട്ടുള്ളത്.ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാന്‍ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാന്‍ പോരാടുന്നത് വലിയൊരു മാഫിയയ്‌ക്കെതിരെയാണ്. ദയവായി ആളുകള്‍ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക,’ സനല്‍ കുമാര്‍ പറഞ്ഞു.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെഎം ഷാജി

കണ്ണൂര്‍: ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെഎം ഷാജി. കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് കാര്‍ ഉടമയുടെ വീട്ടില്‍ തിരിച്ചെത്തിച്ചത്.

സര്‍ക്കാര്‍ അനുവദിച്ച വാഹനം സര്‍വീസിന് നല്‍കിയപ്പോഴാണ് സ്വകാര്യവാഹനം ഉപയോഗിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. സര്‍ക്കാര്‍ വാഹനം സര്‍വീസ് കഴിഞ്ഞതോടെ സ്വകാര്യവാഹനം ഒഴിവാക്കി. സ്വകാര്യവാഹനം ഉപയോഗിച്ചപ്പോള്‍ ഇന്ധനചാര്‍ജ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും കെ.എം ഷാജിയുടെ ഓഫീസ് അറിയിച്ചു. സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ചിരുന്നു.

മന്ത്രിക്ക് നല്‍കിയ ഔദ്യോഗിക കാര്‍ ഒഴിവാക്കിയാണ് മന്ത്രി ആഡംബരക്കാറില്‍ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഗള്‍ഫില്‍ ബിസിനസ് നടത്തുന്നയാളാണ് കാറിന്റെ ഉടമയായ യാക്കൂബ്. ഷാജിയുമായി നേരത്തെ തന്നെ സൗഹൃദം ഉണ്ടെന്നും തന്റെ അടുത്ത സുഹൃത്താണെന്ന് യാക്കൂബ് പറഞ്ഞു.

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി; വയോധികയില്‍ നിന്ന് 4000 രൂപ തട്ടി

കൊല്ലം: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികയായ ലോട്ടറി വില്‍പ്പനക്കാരിയില്‍ നിന്ന് 4000 രൂപ തട്ടിയെടുത്തു. മയ്യനാട് ധവളക്കുഴിയില്‍ വയലില്‍ വീട്ടില്‍ അമ്പിളിയെയാണ് അപരിചിതനായ യുവാവ് കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നിമുക്കിനും മധ്യേ വലിയതോട്ടക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തന്റെ കൈവശമുണ്ടെന്നും ടിക്കറ്റ് എടുത്ത ശേഷം ബാക്കി പണവും ലോട്ടറിയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് അമ്പിളിയെ സമീപിച്ചത്. ടിക്കറ്റ് പരിശോധിച്ച ശേഷം അമ്പിളി 4000 രൂപ യുവാവിന് നല്‍കി. തുടര്‍ന്ന് അമ്പിളിയുടെ കൈയില്‍നിന്ന് 100 രൂപയുടെ ലോട്ടറി ടിക്കറ്റും ഇയാള്‍ വാങ്ങി.
വൈകുന്നേരം ലോട്ടറി ടിക്കറ്റ് മാറ്റുന്നതിനായി കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്നതായി അമ്പിളി മനസ്സിലാക്കിയത്. ടിക്കറ്റിലെ ‘0’ എന്ന അക്കങ്ങള്‍ തിരുത്തി ‘9’ ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കും കുടുംബത്തിന്റെ ഉപജീവനത്തിനുമായാണ് അമ്പിളി കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ലോട്ടറി വില്‍ക്കുന്നത്. സംഭവത്തില്‍ അമ്പിളിയുടെ പരാതിയില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

കൊല്ലം: രണ്ട് പോക്‌സോ കേസുകളും മൂന്ന് ആക്രമണക്കേസുകളും ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവ് വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പള്ളിത്തോട്ടം ഗലീലിയോ നഗര്‍ 107ല്‍ ഫിജോയ് അറസ്റ്റിലായത്. പള്ളിത്തോട്ടം പോലീസാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പോലീസ് കേസെടുത്തതറിഞ്ഞ് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതിയെ ഫിഷര്‍മാന്‍ കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഫിജോയ് നേരത്തെയും പോക്‌സോ, ആക്രമണക്കേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, പള്ളിത്തോട്ടം എസ്എച്ച്ഒ പ്രതിഭ, എസ്.ഐമാരായ നിരഞ്ജന, സുനില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ക്യാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം: ഡോ. വി.പി.ഗംഗാധരന്‍

കൊട്ടാരക്കര: ലക്ഷണങ്ങള്‍ കണ്ടാല്‍ ഭയപ്പെടാതെ കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തണമെന്നും തുടക്കത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ് ക്യാന്‍സറെന്നും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. പോഷകാഹാരശീലം രോഗസാധ്യത 30 ശതമാനം വരെ കുറയ്ക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുആര്‍ഐ യുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കരിക്കം കിപ്‌സില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്‍മാന്‍ കെ.ഒ.രാജുക്കുട്ടി, പ്രൊഫ. ജോണ്‍ കുരാക്കാര്‍, ജോര്‍ജ് പണിക്കര്‍, ഷിബി ജോണ്‍സന്‍, സൂസന്‍ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്‍റെ  ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന്  മുൻ ഗവർണ്ണർറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ പി എസ് ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

മാതാ അമൃതാനന്ദമയി മഠത്തിന്‍റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ  നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി,  സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്.  ഭാരതീയ തത്ത്വചിന്തയിലും ആദ്ധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരൻ പിള്ള.  ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആദ്ധ്യാത്മികതയുടെ കാതൽ എന്ന വീക്ഷണം അദ്ദേഹത്തിന്‍റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാം എന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.  നിയമ-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും  ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ- വൈജ്ഞാനിക മേഖലകളില്‍ അഡ്വ ശ്രീധരന്‍പിള്ള നടത്തിയ ഇടപെടലുകള്‍ ഏറെ പ്രസംശനീയമാണ്.   കവിത, പ്രബന്ധങ്ങൾ, നിയമവിഷയങ്ങൾ, യാത്ര വിവരണങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ആദ്ധ്യാത്മിക ദാര്‍ശിനിക കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ  സമൂഹത്തിന്‍റെ സമസ്ത മേഖലകളെയും പരാമര്‍ശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അഡ്വ. ശ്രീധരന്‍പിള്ള

പണം എടുത്തു, പഴ്സ് തിരികെ നല്‍കി മോഷ്ടാവ്

ചെറുപുഴ: പണം കവര്‍ന്ന ശേഷം എടിഎം, പാന്‍, ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പഴ്സ് തിരികെ നല്‍കി കള്ളന്‍. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സാണ് മോഷ്ടാവ് പണം എടുത്തശേഷം ചെറുപുഴയിലെ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചത്. പഴ്സിലുണ്ടായിരുന്ന 1,500 രൂപ മാത്രമാണ് നഷ്ടപ്പെട്ടത്.
വെല്‍ഡിങ് തൊഴിലാളിയായ രാജീവന്‍ പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ബസില്‍വച്ച് പഴ്സ് നഷ്ടപ്പെട്ടത്. ബസില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലഭിക്കാതിരുന്നതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് എടിഎം കാര്‍ഡുകള്‍, പാന്‍, ആധാര്‍ കാര്‍ഡുകള്‍, ചികിത്സാ രേഖകള്‍ എന്നിവയായിരുന്നു പഴ്സിലുണ്ടായിരുന്നത്.
പയ്യന്നൂരില്‍ മോഷണം നടന്നെങ്കിലും 25 കിലോമീറ്റര്‍ അകലെ ചെറുപുഴയിലെത്തിയാണ് കള്ളന്‍ പഴ്സ് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചത്. പഴ്സ് ലഭിച്ച പോസ്റ്റുമാന്‍ പോസ്റ്റ്മാസ്റ്ററെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍നിന്ന് രാജീവനെ വിവരമറിയിച്ചു. ജോലിത്തിരക്കായതിനാല്‍ തിങ്കളാഴ്ച എത്തി പഴ്സ് കൈപ്പറ്റാമെന്ന് രാജീവന്‍ അറിയിച്ചു.