കൊല്ലം: രണ്ട് പോക്‌സോ കേസുകളും മൂന്ന് ആക്രമണക്കേസുകളും ഉള്‍പ്പെടെ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവ് വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പള്ളിത്തോട്ടം ഗലീലിയോ നഗര്‍ 107ല്‍ ഫിജോയ് അറസ്റ്റിലായത്. പള്ളിത്തോട്ടം പോലീസാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പോലീസ് കേസെടുത്തതറിഞ്ഞ് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതിയെ ഫിഷര്‍മാന്‍ കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഫിജോയ് നേരത്തെയും പോക്‌സോ, ആക്രമണക്കേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, പള്ളിത്തോട്ടം എസ്എച്ച്ഒ പ്രതിഭ, എസ്.ഐമാരായ നിരഞ്ജന, സുനില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




























