ചെറുപുഴ: പണം കവര്‍ന്ന ശേഷം എടിഎം, പാന്‍, ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പഴ്സ് തിരികെ നല്‍കി കള്ളന്‍. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സാണ് മോഷ്ടാവ് പണം എടുത്തശേഷം ചെറുപുഴയിലെ പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചത്. പഴ്സിലുണ്ടായിരുന്ന 1,500 രൂപ മാത്രമാണ് നഷ്ടപ്പെട്ടത്.
വെല്‍ഡിങ് തൊഴിലാളിയായ രാജീവന്‍ പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് ബസില്‍വച്ച് പഴ്സ് നഷ്ടപ്പെട്ടത്. ബസില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലഭിക്കാതിരുന്നതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. മൂന്ന് എടിഎം കാര്‍ഡുകള്‍, പാന്‍, ആധാര്‍ കാര്‍ഡുകള്‍, ചികിത്സാ രേഖകള്‍ എന്നിവയായിരുന്നു പഴ്സിലുണ്ടായിരുന്നത്.
പയ്യന്നൂരില്‍ മോഷണം നടന്നെങ്കിലും 25 കിലോമീറ്റര്‍ അകലെ ചെറുപുഴയിലെത്തിയാണ് കള്ളന്‍ പഴ്സ് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിച്ചത്. പഴ്സ് ലഭിച്ച പോസ്റ്റുമാന്‍ പോസ്റ്റ്മാസ്റ്ററെ ഏല്‍പ്പിച്ചു. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍നിന്ന് രാജീവനെ വിവരമറിയിച്ചു. ജോലിത്തിരക്കായതിനാല്‍ തിങ്കളാഴ്ച എത്തി പഴ്സ് കൈപ്പറ്റാമെന്ന് രാജീവന്‍ അറിയിച്ചു.




























