കരൂര്‍: തമിഴ്‌നാട്ടില്‍ ഭൂമിയുടെ പട്ടയം അനുവദിക്കാന്‍ കര്‍ഷകനോട് കൈക്കൂലിയായി വില്ലേജ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് പണവും സ്വര്‍ണവുമൊന്നുമല്ല, വീട്ടില്‍ പാകം ചെയ്ത നല്ല മീന്‍കറി. സംഭവം വിവാദമായതോടെ മീന്‍കറി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കരൂര്‍ കൃഷ്ണ നാരായണപുരം ദേവര്‍മല വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കാര്‍ത്തിക്കിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് കര്‍ഷകന്‍ ദേവര്‍മല വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. പട്ടയം അനുവദിച്ച് നല്‍കണമെങ്കില്‍ വീട്ടില്‍ പാകം ചെയ്ത മീന്‍കറി കൈക്കൂലിയായി നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. മീന്‍കറിയും ഊണും പാഴ്‌സലായി നല്‍കിയാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കാമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പരാതിയിലുണ്ട്.
ഉദ്യോഗസ്ഥനുമായുള്ള സംഭാഷണം കര്‍ഷകന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിലും കൗതുകമായി. പണവും സ്വര്‍ണവുമല്ല, മീന്‍കറിയല്ലേ ചോദിച്ചതെന്ന തരത്തിലുള്ള കമന്റുകളും വീട്ടില്‍ പാകം ചെയ്ത മീന്‍കറി കഴിക്കാനുള്ള കൊതിയായിരിക്കുമെന്ന പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
Home News Breaking News പട്ടയം നല്‍കാന്‍ കൈക്കൂലിയായി ചോദിച്ചത് മീന്‍കറി; വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍




























