Home Blog Page 273

പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍…നൂറോളം കേസുകൾ

കോഴിക്കോട്: പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാള്‍ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ച പതിനായിരം രൂപ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചത്. രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലില്‍ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളില്‍ പള്ളികളിലെ നേര്‍ച്ചപ്പെട്ടികളും, സ്‌കൂള്‍ ഓഫീസുകളും ഇയാള്‍ കവര്‍ച്ച നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലില്‍ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകള്‍ക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.

UAN ആക്റ്റിവേഷനിൽ മാറ്റങ്ങൾ വരുത്തി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് അംഗങ്ങൾക്കുള്ള UAN ആക്റ്റിവേഷനിൽ മാറ്റങ്ങൾ വരുത്തി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പോർട്ടൽ വഴിയുള്ള UAN ആക്റ്റിവേഷൻ പൂർണമായും നിർത്തിവെച്ച EPFO, ഇനിമുതൽ ഈ സേവനങ്ങൾ ‘ഉമാംഗ്’ മൊബൈൽ ആപ്പ് വഴി മാത്രമായിരിക്കുമെന്ന് അറിയിച്ചു. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി ഡാറ്റാബേസ് നവീകരിച്ചതിനെ തുടർന്നാണ് ഈ മാറ്റം.


ഉമാംഗ് ആപ്പ് വഴി UAN ആക്റ്റിവേറ്റ് ചെയ്യാനുള്ള വഴി:


Google Play Store അല്ലെങ്കിൽ Apple App Storeൽ നിന്ന് Umang ആപ്പ് ഡൗൺലോഡ് ചെയ്യുക.


ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുകയും 4 അക്ക M-PIN സെറ്റ് ചെയ്യുകയും വേണം.


ലോഗിൻ ചെയ്ത ശേഷം, സെർച്ച് ബാറിൽ “EPFO” എന്ന് ടൈപ്പ് ചെയ്ത്, “UAN Services Through Face Auth” വിഭാഗത്തിന് കീഴിലുള്ള “UAN Activation” തെരഞ്ഞെടുക്കുക.


നിങ്ങളുടെ UAN, ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം “Send OTP” ക്ലിക്ക് ചെയ്യുക.


OTP നൽകിക്കഴിയുമ്പോൾ സ്ക്രീനിൽ “Aadhaar Face RD app” ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.


ഇൻസ്റ്റാൾ ചെയ്ത ശേഷം ക്യാമറ ഓപ്പൺ ആയി ഫെയ്സ് സ്കാൻ ചെയ്യാം.


ഫെയ്സ് സ്കാൻ വിജയകരമായി പൂർത്തിയാകുമ്പോൾ സ്ക്രീനിൽ പച്ച വൃത്തം (Green Circle) തെളിയും.


നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് Submit നൽകുക.


UAN ആക്റ്റിവേറ്റ് ആകുകയും താത്കാലിക പാസ്‌വേഡ് SMS ആയി ലഭിക്കുകയും ചെയ്യും.


സ്റ്റാറ്റസ് പരിശോധിക്കാൻ


ഉമാംഗ് ആപ്പിൽ UAN Services Through Face Auth -> UAN allotment and activation എടുത്ത് UAN, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി OTP വെരിഫൈ ചെയ്യുക. വിജയകരമാണെങ്കിൽ “The UAN entered is already activated” എന്ന് സന്ദേശം കാണിക്കും.

കാലിലെ മസിൽ കയറ്റം; ആശ്വാസം നേടാൻ ചെയ്യേണ്ടത്

ഉറങ്ങുന്നതിനിടെ കാലിൽ മസിൽ കയറി വേദന അനുഭവപ്പെടുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ വേദന കാരണം രാത്രി ഉറക്കം പോലും നഷ്ടപ്പെടാം. മസിൽ കയറിയാൽ ചില ലളിതമായ മാർഗങ്ങളിലൂടെ വേദന കുറയ്ക്കാൻ ശ്രമിക്കാം.
മസിൽ കയറുമ്പോൾ കാൽ പതുക്കെ ചലിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സ്വയം കാൽ ചലിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കൈകൾ ഉപയോഗിച്ച് കാലും വിരലുകളും പതുക്കെ ചലിപ്പിക്കാം. വേദന കുറയുന്നതുവരെ ഇത് തുടരാം. ബാധിച്ച ഭാഗത്ത് നേരിയ രീതിയിൽ മസാജ് ചെയ്യുന്നതും ആശ്വാസം നൽകും.
കിടക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. ഉറങ്ങുമ്പോൾ കാലിന് ചെറിയ തലയിണയുടെ പിന്തുണ നൽകുന്നത് ചിലർക്ക് ആശ്വാസകരമാണ്. രാത്രി കിടക്കുമ്പോൾ വളരെ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും സൗകര്യപ്രദമാണ്.
ശരീരത്തിൽ ജലാംശം കുറയുന്നതും ചിലരിൽ മസിൽ കയറുന്നതിന് കാരണമാകാം. അതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. കാപ്പി, മദ്യം, അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും നല്ലതാണ്.
കിടക്കുന്നതിന് മുമ്പ് ലഘുവായ കാലുകളുടെ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുന്നത് കാലിലെ പേശികൾക്ക് ആശ്വാസം നൽകാനും രാത്രിയിലെ മസിൽ കയറ്റം കുറയ്ക്കാനും സഹായിച്ചേക്കാം.
എന്നാൽ മസിൽ കയറ്റം പതിവായി ഉണ്ടാകുകയോ, വേദന വളരെ ശക്തമായിരിക്കുകയോ, കാലിൽ വീക്കം, മരവിപ്പ്, ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സ്വയം ചികിത്സയിൽ മാത്രം ആശ്രയിക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദേശം തേടുന്നതാണ് ഉചിതം. ചില മരുന്നുകൾ, പേശികളുടെ അമിത ഉപയോഗം, ജലാംശക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ആവർത്തിച്ചുള്ള മസിൽ കയറ്റത്തിന് കാരണമാകാം.

സംസ്ഥാനത്ത്  എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി. കോഴിക്കോട്, കാസർഗോഡ്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് ജില്ലയിൽ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ഇന്ന് അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്. നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ളാസുകൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.

ക്ഷേമ പെൻഷൻ വിതരണം ; വിശദീകരണവുമായി സർക്കാർ

നേരിട്ടുള്ള ക്ഷേമ പെൻഷൻ വിതരണം ഒഴിവാക്കുന്നതിൽ വിശദീകരണമായി സർക്കാർ

സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ സർക്കാർ വിശദീകരണം

വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു

പോർട്ടലിൽ വിവരങ്ങൾ നൽകുന്നതിൽ പൊരുത്തക്കേടുകളുണ്ട്

അർഹതയില്ലാത്തവർ,ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നവർ എന്നിവരെ ഒഴിവാക്കാനാണ് നടപടി

കേന്ദ്ര സഹായം നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനാണ് ബാങ്ക് വഴി വിതരണമെന്നും വിശദീകരണം

അങ്കമാലിയിലെ സ്പിരിറ്റ് വേട്ട; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

അങ്കമാലിയിലെ സ്പിരിറ്റ് വേട്ടയിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. കർണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിക്കാൻ നിർദ്ദേശം നൽകിയ രാജേഷും പ്രദീപും ഉൾപ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്.

രാജേഷ്, പ്രദീപ് ,ബൈജു എന്നിവരെയാണ് ഇനി പിടികൂടാൻ ഉള്ളത്. കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് സ്പിരിറ്റ് എത്തിക്കാൻ നിർദ്ദേശം നൽകിയതും ഇതിനായി സാമ്പത്തികം ഇറക്കിയതും രാജേഷും പ്രദീപ് ആണ് . ബൈജുവാണ് അങ്കമാലി നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് കേന്ദ്രം വാടകയ്ക്ക് എടുത്തത് . ഇതിന്റെ മറവിൽ ആയിരുന്നു വ്യാജ മദ്യ നിർമ്മാണം . രാജേഷും പ്രദീപും മുൻപും സ്പിരിറ്റ് കേസുകളിൽ പ്രതികളാണ്.

39 കന്നാസുകളിൽ ആയിട്ടായിരുന്നു 1248 ലിറ്റർ സ്പിരിറ്റ് . സംഭവത്തിൽ ഇതുവരെ കൊല്ലം സ്വദേശി രതീഷ് , പറവൂർ സ്വദേശി സന്തോഷ് എന്നിവരാണ് എക്സൈസ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്കോഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി എക്സൈസ് സംഘത്തെ പിടികൂടിയത്. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കേരളത്തിലേക്ക് വ്യാജമദ്യം ഒഴുക്കുന്നതിനായാണ് സ്പിരിറ്റ് എത്തിച്ചത്. പിടിയിലായി രതീഷ് എംഡി എം എ ,കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്

പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്ത് ഒട്ടിച്ചിരിക്കുന്ന ചെറിയ സ്റ്റിക്കറുകള്‍ എന്തിനെന്ന് അറിയുമോ…?

പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്ത് ഒട്ടിച്ചിരിക്കുന്ന ചെറിയ സ്റ്റിക്കറുകൾ പലരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇവ വെറും വിലയോ ബ്രാൻഡോ കാണിക്കുന്നതിനുള്ളതല്ല. പിഎൽയു (PLU – Price Look-Up) കോഡ് എന്നറിയപ്പെടുന്ന ഈ നമ്പറുകൾ ഉൽപ്പന്നത്തെ തിരിച്ചറിയാൻ ലോകമെമ്പാടും ഉപയോഗിക്കുന്ന കോഡുകളാണ്. 1990-കളിലാണ് ഇത്തരം കോഡുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.

നിലവിൽ 1,400-ലധികം PLU കോഡുകളാണ് വിവിധ പഴങ്ങൾക്കും പച്ചക്കറികൾക്കുമായി ഉപയോഗിക്കുന്നത്. സാധാരണയായി സ്റ്റിക്കറിലുള്ളത് നാലോ അഞ്ചോ അക്കങ്ങളുള്ള നമ്പറായിരിക്കും. ഇതിലൂടെ ഉൽപ്പന്നത്തിന്റെ തരം തിരിച്ചറിയാൻ വ്യാപാരികൾക്കും വിതരണക്കാർക്കും സഹായമാകുന്നു.

എന്നാൽ ഈ കോഡുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചില അവകാശവാദങ്ങളിൽ തെറ്റിദ്ധാരണകളും ഉണ്ട്.

  • നാല് അക്കങ്ങളുള്ള PLU കോഡ്: പരമ്പരാഗത രീതിയിൽ കൃഷി ചെയ്ത ഉൽപ്പന്നങ്ങളെ സൂചിപ്പിക്കുന്ന കോഡാണ്.
  • ‘9’ എന്ന അക്കത്തിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള കോഡ്: ഓർഗാനിക് (ജൈവ) ഉൽപ്പന്നങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇന്ന് ഈ കോഡിംഗ് രീതി വ്യാപകമായി നിർബന്ധമായും ഉപയോഗിക്കുന്നില്ല.
  • ‘8’ എന്ന അക്കത്തിൽ തുടങ്ങുന്ന അഞ്ച് അക്കങ്ങളുള്ള കോഡ്: ജനിതകമാറ്റം വരുത്തിയ (GMO) ഉൽപ്പന്നങ്ങൾക്കായി ഒരിക്കൽ നീക്കിവെച്ചിരുന്ന ശ്രേണിയാണ്. എന്നാൽ ഇത് പ്രായോഗികമായി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടില്ല.

പ്രധാന കാര്യം: സ്റ്റിക്കറിലെ PLU കോഡിൽ നിന്ന് ഏത് കീടനാശിനിയാണ് ഉപയോഗിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. അതുപോലെ, സ്റ്റിക്കറിന്റെ നിറമോ കറുത്ത പാടുകളോ നോക്കി രാസകീടനാശിനി ഉപയോഗിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാനും കഴിയില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല.

അതിനാൽ, പഴങ്ങളിലോ പച്ചക്കറികളിലോ സ്റ്റിക്കർ ഉണ്ടെന്നത് ഉൽപ്പന്നത്തിന് പ്രശ്നമുണ്ടെന്നോ അമിതമായി രാസവസ്തുക്കൾ ഉപയോഗിച്ചെന്നോ അർഥമാക്കേണ്ടതില്ല. ഉൽപ്പന്നം തിരിച്ചറിയാനും വിതരണ-വിലനിർണയ സംവിധാനങ്ങൾക്കും സഹായിക്കുന്നതിനുള്ള അടയാളം മാത്രമാണ് ഈ സ്റ്റിക്കറുകൾ.

പഞ്ഞിപോലെ സോഫ്റ്റ് പുട്ട് വേണോ? ഈ നുറുങ്ങ് പരീക്ഷിക്കൂ

ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട പ്രഭാതവിഭവങ്ങളിൽ ഒന്നാണ് പുട്ട്. കേരളത്തിന് പുറത്തേക്കോ വിദേശത്തേക്കോ പോകുമ്പോൾ പോലും പുട്ടുപൊടി കൂടെ കരുതുന്ന മലയാളികൾ ഏറെയാണ്. എന്നാൽ വീട്ടിൽ പുട്ട് തയ്യാറാക്കുമ്പോൾ പലർക്കും നേരിടുന്ന പ്രധാന പ്രശ്നം പുട്ട് കട്ടിയാകുന്നതോ ഉണങ്ങിപ്പോകുന്നതോ ആണ്. ചെറിയൊരു നുറുങ്ങ് പ്രയോഗിച്ചാൽ പഞ്ഞിപോലെ മൃദുവായ പുട്ട് വീട്ടിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • പച്ചരി
  • ഉപ്പ്
  • ഉണക്ക കപ്പയുടെ പൊടി
  • ചെറുചൂടുള്ള വെള്ളം
  • തേങ്ങ ചിരകിയത്

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചരി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. തുടർന്ന് വെള്ളം വാർത്ത് അരി വെയിലത്ത് നന്നായി ഉണക്കണം. ഒട്ടും ജലാംശം അവശേഷിക്കാതെ ഉണങ്ങിയ അരി പൊടിച്ച് അരിപ്പയിൽ അരിച്ചെടുക്കുക.

ആവശ്യത്തിന് പുട്ടുപൊടി എടുത്ത് അതിലേക്ക് അൽപം ഉണക്ക കപ്പയുടെ പൊടി ചേർത്ത് ഒരു പാനിൽ ചെറുതായി ചൂടാക്കുക. ഈ നുറുങ്ങാണ് പുട്ടിന് കൂടുതൽ മൃദുത്വം നൽകുന്നത്.

പൊടി തണുത്ത ശേഷം ചെറുചൂടുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് പുട്ടിന് പാകത്തിൽ നനച്ചെടുക്കുക. തുടർന്ന് പുട്ടുകുറ്റിയിൽ തേങ്ങ ചിരകിയതും നനച്ച പൊടിയും മാറിമാറി നിറച്ച് ആവിയിൽ വേവിച്ചാൽ പഞ്ഞിപോലെ മൃദുവും സ്വാദിഷ്ടവുമായ പുട്ട് തയ്യാർ.

കുറിപ്പ്: മാവ് അമിതമായി നനയ്ക്കാതെയും ആവി കയറ്റുന്നതിന് മുമ്പ് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാവ് വിശ്രമിക്കാൻ അനുവദിച്ചാലും പുട്ടിന്റെ മൃദുത്വം വർധിക്കും.

1.7 കിലോ കഞ്ചാവ് കടത്തിയ കേസ്; സ്ത്രീയ്ക്ക് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും

കൊല്ലം: 1.700 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കേസില്‍ അഞ്ചല്‍ കരുകോണ്‍ സ്വദേശി ഷാഹിദയ്ക്ക് കൊല്ലം ജില്ലാ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2023 മെയ് 16-ന് പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. സുദേവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാഹിദയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അന്‍സാര്‍. എ., പ്രദീപ് കുമാര്‍ ബി., പ്രിവന്റീവ് ഓഫീസര്‍ അനീഷ് അര്‍ക്കജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപ. എന്‍.പി., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരിലാല്‍ എസ്., റോബി സി.എം. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ ഷാഹിദ 25-ലധികം കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. മുന്‍ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ലഹരിക്കടത്ത് തുടര്‍ന്നതിനിടെയാണ് വീണ്ടും എക്‌സൈസ് പിടിയിലായത്.
നിലവില്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണറായ റോബര്‍ട്ട് വി. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ എക്‌സൈസ് വകുപ്പിനുവേണ്ടി അഞ്ചല്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. പ്രദീപ് പ്രോസിക്യൂഷനെ സഹായിച്ചു.

മഴയില്‍ മയ്യത്തുംകര റോഡിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ കുടുംബം അധികൃതരുടെ ദയ കാത്തു നില്‍ക്കുന്നു

ശൂരനാട്.റോഡിലെ കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് പരുക്കേറ്റ് മരിച്ചയാളുടെ നിര്‍ധന കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ശൂരനാട് വടക്ക് പഞ്ചായത്തിൽ നടുവിലേ മുറി കോയിക്കൽ തുണ്ടിൽ ഗോപിനാഥൻ പിള്ള (57)യാണ് മരിച്ചത്. അരിനല്ലൂര്‍ ബാറിലെ സെക്യൂരിറ്റിയായിരുന്ന ഇദ്ദേഹം ജോലി കഴിഞ്ഞ് പോകുംവഴി 28 ആം തീയതി രാത്രി ശക്തമായ മഴയിൽ ചക്കുവള്ളി മയ്യത്തിങ്കര പള്ളിക്ക് സമീപം റോഡിലെ വെള്ളക്കെട്ടിലെ കുഴിയില്‍ ഇരുചക്രവാഹനം വീണ് പരിക്കുപറ്റുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു നാലാം തീയതി രാവിലെ ഇദ്ദേഹം മരിച്ചു.

രണ്ട് പെൺ മക്കളും.പ്രായമായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയം ആയിരുന്നു ഗോപിനാഥൻ പിള്ള. ഇദ്ദേഹത്തിൻറെ കുടുംബത്തിന് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ സിന്ധു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി