Home Blog Page 24

ശൂരനാട്ട് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് യുവാവ് രക്ഷപ്പെട്ടു

ശാസ്‌താംകോട്ട:രാസലഹരി വിപണനം സംബന്ധിച്ച് പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ യുവാവ് ആക്രമിച്ചു.ശൂരനാട് വടക്ക് തെക്കേമുറി ഫാത്തിമ മൻസിൽ അൽ ഫയാദിന് (28) എതിരെ ശൂരനാട് പോലീസ് കേസെടുത്തു.ഇയ്യാൾ ഒളിവിലാണ്.വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ ശാസ്‌താംകോട്ട എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥൻ ശൂരനാട് വടക്ക് ആനയടി ഐശ്വര്യയിൽ രാകേഷ് (46)ന് പരിക്കേറ്റു.ഇദ്ദേഹത്തിൻ്റെ യൂണിഫോം വലിച്ചു കീറുകയും കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ചെയ്തു.തടയാനെത്തിയ എക്‌സൈസ് ഇൻസ്പക്ടറെ ആക്രമിക്കുകയും വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.ശൂരനാട് എസ്.ഐ ജയൻ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

പരവൂര്‍: ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപം പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. പൂതക്കുളം, കലയ്‌ക്കോട് ഞാറോട്ട് കാവ് പുരയിടത്തില്‍ ഗോപി-സുലോചന ദമ്പതികളുടെ മകന്‍ ഷാജി (45)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30ഓടെ പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ ഒല്ലാല്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് കൂടി പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് അപടമുണ്ടായത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷാജി ജോലി കഴിഞ്ഞ് കലയ്‌ക്കോട് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് സംശയിക്കുന്നു. ഇരു സൈഡില്‍ നിന്നും ട്രെയിന്‍ വരുന്നത് അറിയാതെ ഒരു ട്രെയിന്‍ പോയതിനെ പിന്നാലെ പാളം മുറിച്ചു കടക്കുമ്പോള്‍ എതിര്‍ഭാഗത്ത് നിന്നും വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ പോലിസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വള്ളംകളി കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന സിബിഎല്‍ (ചാമ്പ്യന്‍സ് ബോട്ട് ലീഗ്) വള്ളംകളി കഴിഞ്ഞ് റെയില്‍വെ പാളത്തിലൂടെ മടങ്ങിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ ട്രെയിന്‍ തട്ടിമരിച്ചു. നാലു പേര്‍ രക്ഷപെട്ടു.
പല്ലന പാനൂര്‍ മുളക്കത്തറ പ്രകാശന്‍ (65), മഞ്ചാടിത്തറയില്‍ സുരേഷ് (49) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഏഴേമുക്കാലോടെ തീരദേശ റെയില്‍ പാതയില്‍ കരുവാറ്റയിലായിരുന്നു അപകടം.
വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡില്‍ വലിയ ഗതാഗത തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ആളുകള്‍ റെയില്‍വെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്നു. രണ്ട് പാതയിലൂടെയും ട്രെയിനുകള്‍ പരസ്പരം കടന്നുപോകുമ്പോഴായിരുന്നു സംഭവം. മൃതദേഹങ്ങള്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

പേൻ ശല്യം പൂർണ്ണമായി മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫലപ്രദമായ നാടൻ വഴികൾ

ടീ ട്രീ ഓയിൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ ഫലപ്രദമായി നശിപ്പിക്കാൻ ടീ ട്രീ ഓയിൽ സാധിക്കും. അൽപം ടീ ട്രീ ഓയിൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇത് പേന്‌ ശല്യം അകറ്റും.

ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക

പേൻ ശല്യം ഒഴിവാക്കാൻ മികച്ച വഴിയാണ് ബേബി ഓയിൽ. ഇതിനായി ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

കുറച്ച് തുള്ളി വിനാഗിരി തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റുകൾ വയ്ക്കുക

തലയിലെ പേനിനുള്ള പ്രതിവിധിയായി വിനാഗിരി ഉപയോ​ഗിക്കാവുന്നതാണ്. കുറച്ച് തുള്ളി വിനാഗിരി തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റുകൾ വയ്ക്കുക. ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ച പരിഹാരമാണ് തുളസി

പേന്‍ ശല്യം കുറയാന്‍ ഏറ്റവും മികച്ച പരിഹാരമാണ് തുളസി. ഇതിനായി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തുളസി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പനേരത്തിനുശേഷം കഴുകിക്കളയുക, പേന്‍ശല്യം നന്നായി കുറയും.

തലയിലെ പേനുകളെ നശിപ്പിക്കാൻ ആര്യവേപ്പ് ഫലപ്രദമാണ്

തലയിലെ പേനുകളെ നശിപ്പിക്കാൻ ആര്യവേപ്പ് ഫലപ്രദമാണ്. വേപ്പിലയുടെ നീര് തലയിൽ പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് ദിവസം ഇത് ചെയ്യാവുന്നതാണ്.

ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലിവ് ഓയിൽ പുരട്ടുക

തലയിലെ പേന്‍ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലിവ് ഓയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാംപു ഉപയോഗിച്ച് തല കഴുകാം.

വെളുത്തുള്ളി അല്ലികൾ എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക

കുറച്ച് വെളുത്തുള്ളി അല്ലികൾ എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് അല്പം നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം, ഈ മിശ്രിതം മുടിയുടെ വേരുകളിൽ പുരട്ടുക. ഇത് പേനിനെ അകറ്റും.

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍

ചൈനയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ മാതാപിതാക്കളെ കണ്ടെത്താൻ യുവാവ് നടത്തിയത് അവിശ്വസനീയമായ ഒരു സാഹസിക യാത്ര. ഷീ എന്ന് പേരുള്ള യുവാവ് ഒരു ട്രക്കിന്റെ ടയറിൽ മൂന്ന് മണിക്കൂറോളം കുത്തിയൊഴുകുന്ന പ്രളയവെള്ളത്തിലൂടെ നീന്തിയാണ് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്.

Also Read: ഹൂതികൾ റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു? ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് സംശയം; റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും

ഈ വാർത്തയുടെ കാരണം അറിഞ്ഞതോടെ നിരവധി പേരാണ് ഇദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ജൂലൈ ആറിനായിരുന്നു സംഭവം. തെക്കൻ ചൈനയിലെ ക്വിൻഷോ നഗരത്തിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കളുമായി ഷീക്ക് ബന്ധം നഷ്ടപ്പെട്ടു. കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ആശയവിനിമയ മാർഗങ്ങളെല്ലാം നിലച്ചതോടെയാണ് മകന്റെ നെഞ്ചിൽ തീയെരിഞ്ഞത്.

മാതാപിതാക്കളെ തേടി, ജീവൻ പണയം വച്ച്

മാതാപിതാക്കളുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക തോന്നിയതോടെയാണ് ഷീ ഈ കടുംകൈക്ക് മുതിർന്നത്. ഗ്രാമത്തിലേക്ക് എത്താൻ മറ്റ് വഴികളൊന്നും മുന്നിലില്ലാതിരുന്നതിനാൽ ഒരു ട്രക്ക് ടയര്‍ ട്യൂബിനെ ആശ്രയിച്ച് പ്രളയജലത്തിലൂടെ നീന്താൻ തീരുമാനിക്കുകയായിരുന്നു. ഇതല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഷീ പറയുന്നത്.

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഷീക്ക് ഗ്രാമത്തിൽ എത്താനായത്. മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള മകന്റെ ഈ സ്നേഹമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അക്ഷരാർത്ഥത്തിൽ ജീവൻ പണയം വച്ചായിരുന്നു ഈ യാത്ര. ഷീയുടെ ഈ പ്രവൃത്തിയുടെ കാരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. മാതാപിതാക്കളോടുള്ള സ്നേഹത്തിന് മുന്നിൽ ഒരു പ്രളയത്തിനും തടസ്സമാകാൻ കഴിയില്ലെന്ന് തെളിയിച്ച ഈ മകന്റെ കഥ ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

ഹൂതികൾ റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു? ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് സംശയം; റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു.

Also Read: സാമ്പത്തിക ക്രമക്കേട്; തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു

റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്. ഉയർന്നുപൊങ്ങിയ പുകപടലങ്ങളെക്കുറിച്ചോ രാത്രിയിൽ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ റോയിട്ടേഴ്സ് ആരാഞ്ഞ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലായതായി സൗദി അധികൃതർ സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് റിയാദിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടിരുന്നു. മുൻകരുതലിെൻറ ഭാഗമായി, തലസ്ഥാന നഗരിയിലും കിഴക്ക് ഭാഗത്തെ അൽ ഖർജിലും അപകട സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ് ഫോണുകൾ വഴി രാത്രിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് രാവിലെ എല്ലാ മേഖലകളും സുരക്ഷിതമാണെന്ന അറിയിപ്പ് വരികയും ചെയ്തു. റിയാദിലെ ഒലയ മേഖലയിലുണ്ടായിരുന്ന റോയിട്ടേഴ്സ് ലേഖകനും സുരക്ഷാ മുന്നറിയിപ്പ് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ശക്തമായ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.

സാമ്പത്തിക ക്രമക്കേട്; തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങി, പക്ഷേ പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സിഇഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതില്‍ ഉള്‍പ്പെടെ പരാതി ഉയർന്നിരുന്നു. തൊഴില്‍ വകുപ്പില്‍ ലേബർ കമ്മീഷണർ കഴിഞ്ഞാല്‍ ഉള്ള പദവിയാണ് അഡീഷണല്‍ ലേബർ കമ്മീഷണറുടേത്.

ആത്മഹത്യാ പ്രതിരോധം, അധ്യാപകർക്കായി ലീഗൽ സർവീസസിന്റെ പരിശീലന പരിപാടി

ശാസ്താംകോട്ട.കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുന്നത്തൂർ താലൂക്കിലെ എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള അധ്യാപകർക്കായി കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയൽ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ശാസ്താംകോട്ട എ ഇ ഒ അജിത.ജി.എസ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണും, മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജുമായ സഞ്ജു. ടി ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതകളും അസ്വാഭാവിക പെരുമാറ്റങ്ങളും മുൻകൂട്ടി കണ്ടറിയുവാൻ അധ്യാപകർക്ക് കഴിയണം, ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ജില്ലകളിലൊന്നായ കൊല്ലത്ത് ആത്മഹത്യയ്ക്കെതിരായ ശക്തമായ ബോധവൽക്കരണവും അവബോധവും ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ഉദയ് ശബരീശം സ്വാഗതവും പി.ചന്ദ്രഹാസൻ നന്ദിയും പറഞ്ഞു. ടൗൺ വാർഡ് അംഗം എസ്.ദിലീപ് കുമാർ, ബി ആർ സി കോഡിനേറ്റർ വേണുഗോപാലപിള്ള, എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോക്ടർ നീതു സുരേഷ് ബാബു, കുടുംബ കോടതി കൗൺസിലർ റിട്ട. പ്രൊഫസർ പി. വി സുവർണനി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.

ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ്യുതി വാങ്ങി, പക്ഷേ പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ തല്‍സമയ വിപണിിയല്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ഉപയോഗം.

Also Read: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം

അതേസമയം ഇന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. അതിനാൽ തന്നെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് കെ എസ് ഇ ബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും അറിയിപ്പ് നൽകിയിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

വൈദ്യുതി നിയന്ത്രണം തുടരും

ഇന്നലെ വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേ‌ഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു. ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം.

ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി. 78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു. ഒരു ദശലക്ഷം യൂണിറ്റിന്‍റെ എങ്കിലും വർധന കേന്ദ്രപൂളിലെ വിഹിതത്തിലും ഉണ്ടായി. അതേസമയം ഡയറക്ടർമാർ ഉൾപ്പെടെ പുറത്ത് പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാൻ ഉള്ള കരാർ എത്തിക്കാനായതായി ധാരണയില്ല. ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാർ ഇല്ലെന്ന് ജൂണില്‍ തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയിരുന്നില്ല. നിലവിലെ പ്രതിസന്ധിയും കാലാവസ്ഥ പ്രശ്നവും അന്നേ തിരിച്ചറിഞ്ഞതുമാണ്.

വരും മാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ ബസ് പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം. മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറില്‍ ആണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്ട് ഡിസംബറില്‍ തീർക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാർ വൈദ്യുതി ശേഖരിച്ച് വെക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെ എസ് ഇ ബി സറണ്ടർ ചെയ്യുകയാണന്ന് കമ്മീഷൻ നിരീക്ഷീച്ചിരുന്നു.

പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദ്ദനം,പരാതി

നിലമ്പൂർ. പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദ്ദനം. സിവിൽ പോലീസ് ഓഫീസർ ഷഫീഖ് മർദ്ദിച്ചെന്നാണ് മലപ്പുറം കാട്ടുമുണ്ട സ്വദേശി ഹർഷിദിൻ്റെ പരാതി. മർദ്ദനത്തിൽ പല്ല് ഇളകുകയും കൈക്ക് ചതവ് പറ്റുകയും ചെയ്തതിനെ തുടർന്ന് ഹർഷിദ് ആശുപത്രയിൽ ചികിത്സ തേടി.

ഹർഷിദും സഹോദരനും സഞ്ചരിച്ചിരുന്ന കാർ നിലമ്പൂരിൽ യാത്രക്കാരനെ തട്ടിയിരുന്നു. തുടർന്ന് പരിക്കേറ്റ ഹാരിസ് എന്നയാളും ഹർഷിദും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഹർഷിദിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനിൽ വച്ച് ഷഫീഖ് എന്ന ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചെന്നാണ് ഹർഷിദിൻ്റെ ആരോപണം.
മറ്റ് പോലീസുകാർ തടയാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മർദ്ദനം തുടർന്നു. മുഖത്തടിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേൽപ്പിച്ചു.മുഖത്ത് അടിച്ചതിൽ പല്ലിന് ഇളക്കം സംഭവിച്ചതായും ഹർഷിദ് പറഞ്ഞു.

മർദനം തടയാൻ ശ്രമിച്ച സഹോദരനെയും ഈ പോലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും പരാതിയുണ്ട്.സി സിടിവിയുള്ള സ്ഥലത്താണ് മർദ്ദനം നടന്നതെന്നും പരിശോധിച്ചാൽ പരാതി സത്യമാണെന്ന് വ്യക്തമാവുമെന്നും ഇദ്ദേഹം പറഞ്ഞു.

പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ മർദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പരാതി ഉയർന്ന സാഹചര്യത്തിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും സബ് ഇൻസ്പെക്ടർ ഇൻസ്പെക്‌ടർ പറഞ്ഞു.