Home Blog Page 185

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി, സ്ത്രീകളുടെ സൗജന്യബസ് യാത്ര വിപുലീകരിക്കല്‍ എന്നിവയാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്.

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതാണ് ഒരു പദ്ധതി. 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിക്കുമെന്നും വിജയ് അറിയിച്ചു.

തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിച്ചതാണ് മറ്റൊന്ന്. നേരത്തെ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരുന്നു സൗജന്യയാത്ര. ഇനിമുതല്‍ എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും വിജയ് അറിയിച്ചു. സ്ത്രീകള്‍ക്ക് സൗജന്യബസ് യാത്ര ലഭിക്കുന്നതിന് വരുമാന പരിധിയോ യാത്രകളുടെ എണ്ണമോ പോലുള്ള യാതൊരു നിബന്ധനയും ഉണ്ടാകില്ലെന്നും വിജയ് വ്യക്തമാക്കി.

കൂടാതെ വിവാദമായ പരാന്ദൂര്‍ വിമാനത്താവളം പദ്ധതി വിജയ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ചെന്നൈയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള പരാന്ദൂരില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരെയുള്ള സമരക്കാര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് പരാന്ദൂര്‍ പദ്ധതി ഉപേക്ഷിച്ചതായി വിജയ് അറിയിച്ചത്.

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ

തിരുവനന്തപുരം. സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.

കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വര്‍ദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറില്‍ നിന്നുള്ള വിറ്റു വരവ് മാത്രം 81 ലക്ഷം രൂപയാണ്. സപ്ലൈകോ വില്പനശാലകളും ഫെയറുകളും (ഉത്രാട ദിനം -ഓഗസ്റ്റ് 25) തുറന്നു പ്രവര്‍ത്തിക്കും.

വെള്ളാപ്പള്ളി നടത്തിയത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന,ഷംസീറിനെതിരായ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കെ കെ രാഗേഷ്

കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. വെള്ളാപ്പള്ളി നടത്തിയത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവനയാണ്. ഉള്ളിലുള്ള വര്‍ഗീയത തികട്ടി പുറത്ത് വരുന്നതാണ്. വെള്ളാപ്പള്ളി ന്യൂനപക്ഷ വിരുദ്ധ, മലപ്പുറം വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നുള്ള നിലയില്‍ സിപിഎം മാത്രമാണ് പ്രതികരിച്ചതെന്നും രാഗേഷ് പറഞ്ഞു.

മലപ്പുറം ജില്ല എന്ന് പറഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ജില്ലയല്ല, എല്ലാ പാര്‍ട്ടിക്കാരും ഉള്ള ജില്ലയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു നേതാവ് പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ ഞങ്ങള്‍ പ്രതികരിച്ചു. പക്ഷേ ഞങ്ങള്‍ പ്രതികരിച്ചത് അത്ര ശക്തിയില്‍ പോരാ, കുറെക്കൂടി ശക്തമായി പ്രതികരിക്കണമായിരുന്നു എന്നുള്ളതാണ് പാര്‍ട്ടിയുടെ നിലപാട്.

വെള്ളാപ്പള്ളി നടേശന്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത് ഉചിതമല്ല, അതിനോട് യോജിപ്പില്ല എന്ന നിലയിലാണ് സിപിഎം നിലപാട് സ്വീകരിച്ചത്. പക്ഷെ അങ്ങനെ നിലപാട് സ്വീകരിച്ച ഞങ്ങള്‍ക്കെതിരായി വീണ്ടും വീണ്ടും ആക്രമണം വന്നു. എന്നാല്‍ ഒരു നിലപാടും സ്വീകരിക്കാത്തവര്‍ക്കെതിരായിട്ട് ഒരു വിമര്‍ശനവും ഉണ്ടായില്ല. ഒരു വിയോജിപ്പാണ് സിപിഎം പറയുന്നത് എന്ന് വെള്ളാപ്പള്ളി നടേശന് മനസ്സിലാവണ്ടേ? അദ്ദേഹം തുടര്‍ച്ചയായി ഇത്തരം പ്രസ്താവനയുമായി മുന്നോട്ടേക്ക് പോവുകയാണ്.

കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഈ കാര്യത്തില്‍ ഷംസീര്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ പ്രതികരിച്ചത്. അതിന്റെ പേരിലാണ് ഷംസീറിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. സിപിഎം കടുത്ത നിലപാട് സ്വീകരിക്കാതിരിക്കാന്‍ കാരണം വെള്ളാപ്പള്ളിയെ സംഘപരിവാറിന്റെ കയ്യില്‍ കൊടുക്കാതിരിക്കാനാണ്. എന്നാല്‍ വെള്ളാപ്പള്ളിക്ക് അക്കാര്യം മനസ്സിലായിട്ടില്ലെന്നും രാഗേഷ് പറഞ്ഞു.

നിതിൻ രാജിന്റെ മരണം, പ്രതിയായ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച, DYSP സുധീർ കല്ലന്സസ്‌പെൻഷൻ

കണ്ണൂർ. അഞ്ചരക്കണ്ടി കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം പ്രതിയായ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ച DYSP സുധീർ കല്ലന് സസ്‌പെൻഷൻ.ഹൈക്കോടതി വിമർശനങ്ങൾക്ക് പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെയുളള അറസ്റ്റ് നടപടി പ്രതിക്ക് ജാമ്യം നേടാനുള്ള വഴിയായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതിയുടെ തുടർച്ചയായ കടുത്ത ഇടപെടലുകളെയും ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമർശനങ്ങളെയും തുടർന്നാണ് ഒടുവിൽ ഡിവൈഎസ്പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്.DYSP സുധീർ കല്ലന്ന സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന് തന്നെ ചീത്തപേരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ നിരത്തി സുധീർ കല്ലനയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സർക്കാരിന്റെ വീഴ്ചയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ ഗുരുതരമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കി. ഇത് പ്രതിയെ രക്ഷിക്കാൻ പൊലീസ് മനപൂർവം വരുത്തിയ വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ എസ്പിയെ വിളിച്ചു വരുത്തിയ കോടതി റാമിനെ അറസ്റ്റ് ചെയുമ്പോൾ എന്ത് കൊണ്ടാണ് സുപ്രീം കോടതി മാർഗ നിർദേശം ലംഘിക്കപ്പെട്ടതെന്നു ചോദിച്ചു. അറസ്റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയെന്നായിരുന്നു സുധീർ കല്ലനയുടെ മറുപടി. എന്നാൽ ഈ മറുപടികളൊന്നും തൃപ്തികരം അല്ലാതെ വന്നതോടെയാണ് ഹൈക്കോടതി നടപടിക്ക് ശുപാർശ ചെയ്തത് .

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് പ്രതിരോധത്തിലാക്കിയിരുന്നു . അധികാരത്തിന് വന്നതിന് പിന്നാലെ വിഷയത്തിൽ ഉടനടി തീരുമാനമെടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഗുരുതരമായ വീഴ്ചയിൽ വകുപ്പിനും ചെറുതല്ലാത്ത ക്ഷീണം ഉണ്ടാക്കിയത്തിന് പിന്നാലെയാണ് നടപടി. അന്ന് അറസ്റ്റിനൊപ്പം ഉണ്ടായിരുന്ന കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട് .

ടിപ്പർ ലോറിക്കടിയിലേയ്ക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ. പാട്ടുരായ്ക്കൽ ദേവമാതാ സ്കൂളിലെ സമീപത്തായിരുന്നു സംഭവം.യുവാവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.ഇതര സംസ്ഥാനക്കാരനായ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി .ഉച്ചതിരിഞ്ഞ് നാലരയോടെ ആയിരുന്നു സംഭവം

ഓണത്തിരക്കിൽ കുരുങ്ങി മറിഞ്ഞ് ഭരണിക്കാവ്

ശാസ്‌താംകോട്ട:രണ്ട് ദേശീയ പാതകൾ സംഗമിക്കുന്ന ഭരണിക്കാവ് ടൗണിൽ ഓണത്തിരക്ക് അനിയന്ത്രിതമായതോടെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു.ഭരണിക്കാവ് വഴി യാത്ര ചെയ്യുന്നവർ അരമണിക്കൂറിലധികം ഗതാഗത കുരുക്കിൽപ്പെടുന്നു.കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിൽ ഓണമെത്തിയതോടെ രാപകൽ വ്യത്യാസമില്ലാതെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ശാസ്താംകോട്ട,
കടപുഴ,അടൂർ,ചക്കുവള്ളി, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നുളള റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജംഗ്ഷനിലാണ്.ഇതിനൊപ്പം കൊല്ലം – തേനി ദേശീയപാത കടന്നുപോകുന്ന പ്രധാന ടൗണും വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാത അവസാനിക്കുന്നതും ഭരണിക്കാവ് ടൗണിലാണ്.മണിക്കൂറുകളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽ നിന്ന് ഇവിടെ എത്തി ചേരുന്നത്.കഴിഞ്ഞ ഒരാഴ്ചയായി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളാറുണ്ട്.രോഗികളുമായി എത്തുന്ന
ആംബുലൻസ്,അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പോകുന്ന ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.വാഹനയാത്രികരെക്കാളും കൂടുതലായി വലയുന്നത് കാൽനട യാത്രികരാണ്.അപകടം മുന്നിൽ കണ്ടുകൊണ്ടാണ് യാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്.കുരുക്കിൽ നിന്നും മുന്നോട്ടെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ ടൗൺ എങ്കിലും അമിത വേഗതയിലാണ് ചീറിപ്പായുന്നത്.സിഗ്നൽ സംവിധാനങ്ങളും സ്വകാര്യ ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗതകുരുക്ക് അഴിയാ കുരുക്കായി മാറുകയാണ്.ടൗണിൽ ബസുകൾ നിർത്തുന്നില്ല എന്നതാണ് ഏക ആശ്വാസം.ജംഗ്ഷനിൽ റോഡിൻ്റെ ഇരുവശത്തുമുള്ള അനധീകൃത പാർക്കിംഗും ഗതാഗത കുരുക്കിന് കാരണമാകുന്നു.സിനിമാപറമ്പ് ഭാഗത്തു നിന്നും ഭരണിക്കാവിലേക്ക് എത്തുന്ന ബസുകൾക്ക് സ്റ്റാൻ്റിൽ കയറാൻ കഴിയാത്ത വിധത്തിലുള്ള തിരക്കായതിനാൽ മിക്ക ബസുകളും ജംഗ്ഷനിലേക്ക് തന്നെ പോകുന്നതും കുരുക്ക് വർദ്ധിപ്പിക്കുന്നു.ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് പരിചയം കുറഞ്ഞ
ഹോംഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും അഴിയാകുരുക്കായി മാറുന്നു.നിലവിൽ പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ട്.ഉത്രാട ദിനത്തിൽ ഗതാഗത കുരുക്ക് നാലിരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കരടികള്‍ ഇറങ്ങി ,കേരള ലൈബ്രറിയുടെ 59 വാർഷികവും ഓണാഘോഷ പരിപാടികളും കളറായി

കോവൂർ. ദി കേരള ലൈബ്രറിയുടെ 59 വാർഷികവും ഓണാഘോഷ പരിപാടികളും രണ്ട് ദിവസത്തെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 22 ന് 6 pm ന് ആദി ശാസ്താംകോട്ട അവതരിപ്പിച്ച നാടൻ പാട്ടും തുടർന്ന് തിരുവാതിരകളി മത്സരവും സംഘടിപ്പിച്ചു.

ശിവപാർവ്വതി മൈനാഗപ്പള്ളി ടീം ഒന്നാം സ്ഥാനവും, ഓംകാരം കോവൂർ ടീം രണ്ടാം സ്ഥാനവും നേടി.ആഗസ്റ്റ് 23 രാവിലെ 11 മണിക്ക് തേവലക്കര ബഥന്യ ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിസി കോശി വൈദ്യൻ ഓണ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് K. R വിനായക് സ്കൂൾ ഓഫ് മാജിക്കിന്റെ മാജിക് ഷോയും സംഘടിപ്പിച്ചു.വൈകിട്ട് നാലുമണിക്ക് ഗ്രന്ഥശാല നഗറിൽ കയർപിരി മത്സരവും ഓലമെടച്ചിൽ മത്സരവും സംഘടിപ്പിച്ചു. തുടർന്ന് കോവൂർ “നിള നൂപുര’നൃത്ത വിദ്യാലയം ലഹരിക്കെതിരെയുള്ള നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു .വൈകിട്ട് ആറുമണിക്ക് കരടി കളി മത്സരം സംഘടിപ്പിച്ചു. മത്സരം മുൻ എംഎൽഎ ശ്രീ. കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.

മുഖ്യ അതിഥിയായി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറും, ആശംസകൾ അറിയിച്ചു കൊണ്ട് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്രജനി സുനിൽ,വാർഡ് മെമ്പർ എബി പാപ്പച്ചൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം കെ പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി എസ് അനിൽകുമാർ സ്വാഗതം ആശംസിക്കുകയും,പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ ശ്രീ ബി രാധാകൃഷ്ണൻ നന്ദി അറിയിക്കുകയും ചെയ്തു. മികച്ച ടീമായി മിത്രം നാട്ടുകൂട്ടം പന്മനയും, മികച്ച പാട്ടുപാടിയ ടീമായി ജവഹർ ലൈബ്രറി അരിനല്ലൂരും, മികച്ച വേഷമിട്ട ടീമായി .കളങ്ങര രാഘവൻ നയിച്ച ടീമിനെയും തിരഞ്ഞെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

11 വർഷത്തെ ദാമ്പത്യത്തിന് വിരാമം; ജീവയുമായുള്ള വേർപിരിയൽ സ്ഥിരീകരിച്ച് അപർണ തോമസ്

കൊച്ചി: അവതാരകയും മോഡലുമായ അപർണ തോമസ്, ജീവ ജോസഫുമായുള്ള 11 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചു. തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി ജീവ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് അപർണയും നിലപാട് വ്യക്തമാക്കിയത്. ‘ഇതോടെ, ഈ ഒരു അധ്യായം അവസാനിക്കുകയാണ്’ എന്ന തലക്കെട്ടിലാണ് അപർണയുടെ കുറിപ്പ്.

തന്നിൽനിന്ന് കാര്യങ്ങൾ അറിയാൻ പലരും കാത്തിരിക്കുകയാണെന്ന് അറിയാമെന്നും അതുകൊണ്ടാണ് നേരിട്ട് പ്രതികരിക്കുന്നതെന്നും അപർണ പറഞ്ഞു. വിവാഹബന്ധം അവസാനിച്ചെന്നും ഇത് തുടരാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി. ഇരുവർക്കും എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും തനിക്കുവേണ്ടി ഈ തീരുമാനം എടുക്കേണ്ടിവന്നതാണെന്നും അപർണ പറഞ്ഞു.

നിലവിൽ താൻ ഏറെ സമാധാനത്തിലും സന്തോഷത്തിലുമാണെന്നും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും അപർണ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ എല്ലാ കാര്യങ്ങളും തുറന്നുപറയാനോ താൽപര്യമില്ലെന്നും ചില കാര്യങ്ങൾ തികച്ചും വ്യക്തിപരമാണെന്നും അവർ വ്യക്തമാക്കി. മുന്നോട്ടുപോകാനും സമാധാനത്തോടെ ജീവിക്കാനുമാണ് ആഗ്രഹമെന്നും അപർണ പറഞ്ഞു.

വേർപിരിയലിന്റെ കാരണങ്ങൾ വ്യക്തിപരമാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും ആരാധകരോട് അഭ്യർഥിച്ചു.

2015 ഓഗസ്റ്റ് 24-നായിരുന്നു ജീവയുടെയും അപർണയുടെയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ തന്നെ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരിലും സോഷ്യൽ മീഡിയയിലും വലിയ പ്രതികരണത്തിനിടയാക്കി. നിരവധി പേരാണ് ഇരുവരുടെയും കുറിപ്പുകൾക്ക് താഴെ ആശംസകളും പിന്തുണയും രേഖപ്പെടുത്തിയത്.

നിതിന്‍ രാജിന്റെ മരണം: ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ നിന്ന് ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും നിരന്തരം രൂക്ഷ വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് നടപടി.
അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ സര്‍വീസില്‍ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഡിവൈഎസ്പി ഗുരുതരവീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ട് സംരക്ഷിക്കുന്നെന്നും ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിധിന്‍രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനുമുകളില്‍നിന്ന് വീണുമരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നുമുതല്‍ ഒളിവിലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാള്‍ക്ക് അവിടെ കോണ്‍ഗ്രസ് ബന്ധം ഉള്ളതിനാല്‍ അറസ്റ്റും നീണ്ടു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും അന്നുതന്നെ ജാമ്യംകിട്ടുന്ന അവസ്ഥയും പൊലീസ് സൃഷ്ടിച്ചു. ഇതിനെതിരെയും കോടതി രൂക്ഷ വിമര്‍ശം നടത്തിയതിനാല്‍, അന്വേഷണച്ചുമതലയുള്ള എസ്പിയെ മാത്രം മാറ്റി സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്.

കണ്ണീരോടെ പാറു… പാപ്പാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആനയെത്തി

മാങ്കാംകുഴി: പ്രിയപ്പെട്ട പാപ്പാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വെണ്മണി പാറു എന്ന ആനയെത്തിയപ്പോള്‍ ചുറ്റുമുണ്ടായിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ആലപ്പുഴ മാങ്കാംകുഴിയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച കൃഷ്ണന്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങിലാണ് ആനയും പാപ്പാനും തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധത്തിന് സാക്ഷിയായ വികാരനിര്‍ഭരമായ കാഴ്ച അരങ്ങേറിയത്.

28 വര്‍ഷത്തോളം പാറുവിനെ പരിപാലിച്ചിരുന്നത് കൃഷ്ണന്‍കുട്ടിയായിരുന്നു. പാപ്പാന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലെത്തിയ പാറു ഏറെ നേരം അവിടെ നിന്നു. കണ്ണീരണിഞ്ഞ് തന്റെ പ്രിയപ്പെട്ട പാപ്പാന് വിടചൊല്ലുന്ന കാഴ്ച കണ്ടുനിന്നവര്‍ക്കും വികാരം അടക്കാനായില്ല.

ആനപരിപാലനം മാത്രമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ഏക ഉപജീവനമാര്‍ഗം. നീണ്ട 28 വര്‍ഷത്തെ സ്‌നേഹവും കരുതലും പങ്കിട്ട പാപ്പാനും ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി മാറി ഈ അന്ത്യയാത്രയിലെ നിമിഷം. മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു പാറുവിന്റെ ആ വിടവാങ്ങല്‍.