കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ നിന്ന് ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും നിരന്തരം രൂക്ഷ വിമര്‍ശനം ഏറ്റതിന് പിന്നാലെയാണ് നടപടി.
അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീര്‍ കല്ലന്‍ സര്‍വീസില്‍ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഡിവൈഎസ്പി ഗുരുതരവീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും എന്തുകൊണ്ട് സംരക്ഷിക്കുന്നെന്നും ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിധിന്‍രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനുമുകളില്‍നിന്ന് വീണുമരിച്ചത്. ഒന്നാം പ്രതി ഡോ. റാം അന്നുമുതല്‍ ഒളിവിലായിരുന്നു. തെലങ്കാന സ്വദേശിയായ ഇയാള്‍ക്ക് അവിടെ കോണ്‍ഗ്രസ് ബന്ധം ഉള്ളതിനാല്‍ അറസ്റ്റും നീണ്ടു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും അന്നുതന്നെ ജാമ്യംകിട്ടുന്ന അവസ്ഥയും പൊലീസ് സൃഷ്ടിച്ചു. ഇതിനെതിരെയും കോടതി രൂക്ഷ വിമര്‍ശം നടത്തിയതിനാല്‍, അന്വേഷണച്ചുമതലയുള്ള എസ്പിയെ മാത്രം മാറ്റി സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്.




























