27.9 C
Kollam
Thursday 8th October, 2026 | 10:18:50 PM
Home News Breaking News കണ്ണീരോടെ പാറു… പാപ്പാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആനയെത്തി

കണ്ണീരോടെ പാറു… പാപ്പാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആനയെത്തി

മാങ്കാംകുഴി: പ്രിയപ്പെട്ട പാപ്പാന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വെണ്മണി പാറു എന്ന ആനയെത്തിയപ്പോള്‍ ചുറ്റുമുണ്ടായിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ആലപ്പുഴ മാങ്കാംകുഴിയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച കൃഷ്ണന്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങിലാണ് ആനയും പാപ്പാനും തമ്മിലുള്ള ആഴത്തിലുള്ള ആത്മബന്ധത്തിന് സാക്ഷിയായ വികാരനിര്‍ഭരമായ കാഴ്ച അരങ്ങേറിയത്.

28 വര്‍ഷത്തോളം പാറുവിനെ പരിപാലിച്ചിരുന്നത് കൃഷ്ണന്‍കുട്ടിയായിരുന്നു. പാപ്പാന്റെ ചേതനയറ്റ ശരീരത്തിന് മുന്നിലെത്തിയ പാറു ഏറെ നേരം അവിടെ നിന്നു. കണ്ണീരണിഞ്ഞ് തന്റെ പ്രിയപ്പെട്ട പാപ്പാന് വിടചൊല്ലുന്ന കാഴ്ച കണ്ടുനിന്നവര്‍ക്കും വികാരം അടക്കാനായില്ല.

ആനപരിപാലനം മാത്രമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ഏക ഉപജീവനമാര്‍ഗം. നീണ്ട 28 വര്‍ഷത്തെ സ്‌നേഹവും കരുതലും പങ്കിട്ട പാപ്പാനും ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി മാറി ഈ അന്ത്യയാത്രയിലെ നിമിഷം. മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു പാറുവിന്റെ ആ വിടവാങ്ങല്‍.