27.6 C
Kollam
Friday 11th September, 2026 | 10:04:35 PM
Home News Local ഓണത്തിരക്കിൽ കുരുങ്ങി മറിഞ്ഞ് ഭരണിക്കാവ്

ഓണത്തിരക്കിൽ കുരുങ്ങി മറിഞ്ഞ് ഭരണിക്കാവ്

ശാസ്‌താംകോട്ട:രണ്ട് ദേശീയ പാതകൾ സംഗമിക്കുന്ന ഭരണിക്കാവ് ടൗണിൽ ഓണത്തിരക്ക് അനിയന്ത്രിതമായതോടെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു.ഭരണിക്കാവ് വഴി യാത്ര ചെയ്യുന്നവർ അരമണിക്കൂറിലധികം ഗതാഗത കുരുക്കിൽപ്പെടുന്നു.കുന്നത്തൂർ താലൂക്കിന്റെ സിരാകേന്ദ്രമായ ഭരണിക്കാവിൽ ഓണമെത്തിയതോടെ രാപകൽ വ്യത്യാസമില്ലാതെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ശാസ്താംകോട്ട,
കടപുഴ,അടൂർ,ചക്കുവള്ളി, കൊട്ടാരക്കര ഭാഗങ്ങളിൽ നിന്നുളള റോഡുകൾ സംഗമിക്കുന്നത് ഭരണിക്കാവ് ജംഗ്ഷനിലാണ്.ഇതിനൊപ്പം കൊല്ലം – തേനി ദേശീയപാത കടന്നുപോകുന്ന പ്രധാന ടൗണും വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാത അവസാനിക്കുന്നതും ഭരണിക്കാവ് ടൗണിലാണ്.മണിക്കൂറുകളിൽ നൂറ് കണക്കിന് വാഹനങ്ങളാണ് പല ദിക്കുകളിൽ നിന്ന് ഇവിടെ എത്തി ചേരുന്നത്.കഴിഞ്ഞ ഒരാഴ്ചയായി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളാറുണ്ട്.രോഗികളുമായി എത്തുന്ന
ആംബുലൻസ്,അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പോകുന്ന ഫയർഫോഴ്സ് പോലുള്ള വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.വാഹനയാത്രികരെക്കാളും കൂടുതലായി വലയുന്നത് കാൽനട യാത്രികരാണ്.അപകടം മുന്നിൽ കണ്ടുകൊണ്ടാണ് യാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത്.കുരുക്കിൽ നിന്നും മുന്നോട്ടെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ ടൗൺ എങ്കിലും അമിത വേഗതയിലാണ് ചീറിപ്പായുന്നത്.സിഗ്നൽ സംവിധാനങ്ങളും സ്വകാര്യ ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗതകുരുക്ക് അഴിയാ കുരുക്കായി മാറുകയാണ്.ടൗണിൽ ബസുകൾ നിർത്തുന്നില്ല എന്നതാണ് ഏക ആശ്വാസം.ജംഗ്ഷനിൽ റോഡിൻ്റെ ഇരുവശത്തുമുള്ള അനധീകൃത പാർക്കിംഗും ഗതാഗത കുരുക്കിന് കാരണമാകുന്നു.സിനിമാപറമ്പ് ഭാഗത്തു നിന്നും ഭരണിക്കാവിലേക്ക് എത്തുന്ന ബസുകൾക്ക് സ്റ്റാൻ്റിൽ കയറാൻ കഴിയാത്ത വിധത്തിലുള്ള തിരക്കായതിനാൽ മിക്ക ബസുകളും ജംഗ്ഷനിലേക്ക് തന്നെ പോകുന്നതും കുരുക്ക് വർദ്ധിപ്പിക്കുന്നു.ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിൽ നിന്ന് പരിചയം കുറഞ്ഞ
ഹോംഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും അഴിയാകുരുക്കായി മാറുന്നു.നിലവിൽ പോലീസുകാരെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുണ്ട്.ഉത്രാട ദിനത്തിൽ ഗതാഗത കുരുക്ക് നാലിരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.