Home Blog Page 13

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പിഎസ് സഞ്ജീവ്. മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്ന വിശദീകരണത്തെ ചോദ്യം ചെയ്ത സഞ്ജീവ്, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം പറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

Also Read: അമേരിക്കയിൽ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിൽ തർക്കം രൂക്ഷം: പ്രസ് പൂളിൽ നിന്ന് സിഎൻഎൻ പുറത്ത്; നടപടി ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ

ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ഈ സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ യുഡിഎഫ് കേന്ദ്രങ്ങൾ ചോദ്യമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും സഞ്ജീവ് വിമർശിച്ചു.

സംസ്ഥാനത്തിൻ്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ ഈ അഴിമതിക്കാർ തയ്യാറായാലും യുഡിഎഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയോ ബജറ്റോ സെക്രട്ടറിയേറ്റോ ഒന്നും ഇല്ലാതെ സ്പോൺസർഷിപ്പിലൂടെ ഭരണം നടത്തുന്നതാണ് യുഡിഎഫ് ശൈലിയെന്നും, ഇതാണോ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഭരണ മാതൃകയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സഞ്ജീവ് ചോദിച്ചു.

അമേരിക്കയിൽ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിൽ തർക്കം രൂക്ഷം: പ്രസ് പൂളിൽ നിന്ന് സിഎൻഎൻ പുറത്ത്; നടപടി ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

Also Read: സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകന്‍

പതിവ് റൊട്ടേഷൻ അനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു. യു.എൻ. ജനറൽ അസംബ്ലിക്കായി ട്രംപ് ന്യൂയോർക്കിലേക്ക് പോകുമ്പോൾ പ്രസിഡന്റിനൊപ്പം യാത്ര ചെയ്ത് ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി ലഭ്യമാക്കേണ്ടതും സിഎൻഎൻ ആയിരുന്നു. എന്നാൽ ഞായറാഴ്ച രാത്രി വൈറ്റ് ഹൗസ് പുറത്തിറക്കിയ അടുത്ത ദിവസത്തെ മാധ്യമ ഷെഡ്യൂളിൽ പ്രധാന ടിവി പൂൾ നെറ്റ്‌വർക്കായി ആരെയും ഉൾപ്പെടുത്തിയിരുന്നില്ല.

ദീർഘകാലമായി എബിസി, സിബിഎസ്, സിഎൻഎൻ, എൻബിസി, ഫോക്‌സ് ന്യൂസ് എന്നീ അഞ്ച് പ്രമുഖ നെറ്റ്‌വർക്കുകൾ മാറിമാറിയാണ് വൈറ്റ് ഹൗസ് ടിവി പൂൾ ചുമതല വഹിക്കുന്നത്. പ്രസിഡന്റിന്റെ പരിപാടികൾ ചിത്രീകരിച്ച് തത്സമയ ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതാണ് പൂളിന്റെ പ്രധാന ചുമതല. സിഎൻഎൻ-നെ ഒഴിവാക്കിയതിനെതിരെ മറ്റ് നാല് നെറ്റ്‌വർക്കുകൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വ്യക്തമല്ല. അതേസമയം, നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഫസ്റ്റ് അമെൻ്റ്മെൻ്റ് അടിസ്ഥാനമാക്കിയുള്ള നിയമനടപടിക്ക് ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തർക്കം പുതിയ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകന്‍

ചെന്നൈ: മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചു. 2027-ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് നിയമനം. സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന് പകരമാണ് സഹീര്‍ എത്തുന്നത്.
2017 ല്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം സഹീര്‍ വിവിധ പരിശീലക, മെന്റര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സായും പിന്നീട് ഗ്ലോബല്‍ ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ തലവനായും പ്രവര്‍ത്തിച്ച അദ്ദേഹം 2025ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററുമായിരുന്നു.
കളിക്കാരനെന്ന നിലയില്‍ 100 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകള്‍ നേടിയ സഹീര്‍ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലുമായി 610 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
”ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണ്. ചെപ്പോക്കിലെ സൂപ്പര്‍ഫാന്‍സിന്റെ പിന്തുണ ഇതിനെ കൂടുതല്‍ സവിശേഷമാക്കുന്നു. ഈ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ്,” സഹീര്‍ പ്രതികരിച്ചു.
യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലെ സഹീര്‍ പരിചയവും ക്രിക്കറ്റിലെ അറിവും ചെന്നൈയ്ക്ക് ഗുണകരമാകുമെന്ന് ടീം ഉടമ റൂപ ഗുരുനാഥും മാനേജിംഗ് ഡയറക്ടര്‍ കെഎസ് വിശ്വനാഥനും വ്യക്തമാക്കി.

മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ ആഡംബര ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

മുംബൈ: മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ അമിതവേഗത്തിലെത്തിയ ആഡംബര ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിര്‍വശമുള്ള ലോട്ടസ് ജെട്ടിക്ക് സമീപമാണ് അപകടം. മറൈന്‍ ഡ്രൈവില്‍നിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കോസ്റ്റല്‍ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടര്‍ന്ന് ബാരിക്കേഡ് തകര്‍ത്ത് ഫ്‌ലൈഓവറില്‍നിന്ന് 75 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നുവെന്ന് കോസ്റ്റല്‍ റോഡ് കണ്‍ട്രോള്‍ റൂം അധികൃതര്‍ വ്യക്തമാക്കി.

അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികളെയും സമീപത്തെ നായര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഷനായ് ഗജ്ജല്‍ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാള്‍ (23) നായര്‍ ആശുപത്രിയിലെ ട്രോമ വാര്‍ഡില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാലുപേരും വിദ്യാര്‍ഥികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് വ്യക്തമാക്കാന്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സൗത്ത് മുംബൈയിലെ മറൈന്‍ ഡ്രൈവിനെ ബാന്ദ്ര-വര്‍ളി സീ ലിങ്കുമായി ബന്ധിപ്പിക്കുന്ന 10.58 കിലോമീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേയാണ് മുംബൈ കോസ്റ്റല്‍ റോഡ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നവി മുംബൈയിലെ വാശി പികെസി ആശുപത്രിക്ക് സമീപം അമിതവേഗത്തിലെത്തിയ എസ്യുവി ഇടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയര്‍ത്തിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ തെരുവ് നായ ആക്രമണം; 2 പേർക്ക് കടിയേറ്റു

ശാസ്താംകോട്ട:നൂറ് കണക്കിന് യാത്രക്കാർ പ്രതിദിനം എത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം വൈകിട്ട് ട്രെയിൻ ഇറങ്ങിയ ഒരു യാത്രക്കാരി അടക്കം 2 പേർക്ക് നായയുടെ കടിയേറ്റു.യാത്രക്കാരിയേയും പ്രദേശവാസിയായ യുവാവിനെയും സ്‌റ്റേഷന് മുന്നിൽ വച്ച് നായ ഓടിയെത്തി കടിക്കുകയായിരുന്നു.ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് തെരുവ് നായകളുടെ ഇടയിലൂടെ വേണം നടക്കാൻ.

പ്രവേശന കവാടം,ടിക്കറ്റ് കൗണ്ടർ,പ്ലാറ്റ്ഫോം,ഫുട് ഓവർ ബ്രിഡ്ജ്,പാർക്കിംഗ് ഏരിയാ ഉൾപ്പെടെ എല്ലായിടത്തും നായകൾ കൈയ്യടക്കിയിരിക്കുകയാണ്.ചില അവസരങ്ങളിൽ ആളുകൾ ഇരിക്കേണ്ട കസേരകളിൽപ്പോലും നായകൾ കയറി കിടക്കുന്നത് കാണാം.ഇത് കൂടാതെ റെയിൽവേ സ്‌റ്റേഷൻ്റെ സമീപത്തെ റോഡുകളും നായയുടെ വിഹാരകേന്ദ്രമാണ്.റെയിൽവേ സ്‌റ്റേഷനിലെ നായയുടെ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ സിറ്റി പാസഞ്ചേഴ്‌സ് അസോസിയേഷൻ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി മാത്രം ഉണ്ടായിട്ടില്ല.

മദ്രസ്സാഫെസ്റ്റിന്റ വിളംബരറാലി നടത്തി

പോരുവഴി. ലജ്നത്തുൽ മുഅല്ലിമീൻ പോരുവഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മദ്രസ്സാഫെസ്റ്റിന്റ ഭാഗമായി സിനിമാപ്പറമ്പിൽ നിന്നും പോരുവഴി ചിറയിൽ ജംഗ്ഷനിലേക്ക് നൂറ് കണക്കിന് വിദ്യാർത്ഥികളും, രക്ഷിതാക്കളും സംഘാടകസമിതിഭാരവാഹികളും പങ്കെടുത്ത വിളംബരറാലി നടത്തി.

മേഖലാ പ്രസിഡന്റ്‌ അയൂബ് മൗലവി, കെ കെ. റഷീദ് ബാഖവി,നിയാസ് റഷാദി,പോരുവഴി ഹനഫി ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, ചിറയിൽ ജുമാ മസ്ജിദ് പ്രസിഡന്റ്‌ അനീഷ് തുണ്ടിൽ, സെക്രട്ടറി ഷാജി തെങ്ങുംതറ, ജലീൽ പള്ളിയാടി,സജീർ മൗലവി അൽക്കാസ്മി, ഹുസൈൻ മൗലവി ചിറയിൽ അബ്ദുൽ ഖാദിർ മൗലവി, മുഹമ്മദ്‌ ഷാ മൗലവി, ഹബീബ് മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.ദഫ് മുട്ട്, അറവന മുട്ട് തുടങ്ങിയ കലാരൂപങ്ങൾ റാലിക്ക് മിഴുവേകി.

ശാസ്താംകോട്ട തടാക സംരക്ഷണ സമിതി മുൻ ചെയർമാൻ കെ കരുണാകരൻ പിള്ളയെ അനുസ്‌മരിച്ച് ക്വിസ്സ് മൽസരം

മാവേലിക്കര.ജീവിതം തന്നെ സമരമാണെന്ന മഹത് സന്ദേശത്തിലൂടെ സാമൂഹ്യ പരിസ്ഥിതി രംഗത്ത് അര നൂറ്റാണ്ട് കാലം പ്രവർത്തിച്ച ശാസ്താംകോട്ട തടാക സംരക്ഷണ സമിതി ജനറൽ കൺവീനറും ചെയർമാനുമായിരുന്ന കെ കരുണാകരൻ പിള്ളയുടെ മൂന്നാമത് ചരമ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ പരിസ്ഥിതി രംഗത്തെ സംഭാവനകളെ അനുസ്‌മരിച്ച് മാവേലിക്കര വിദ്യാധിരാജാ സെൻ്റ്ട്രൽ സ്‌കൂളിൽ സെപ്റ്റംബർ 19 ന് ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മൽസരം നടത്തി.


ക്വിസ് മത്സരത്തിന് തുടക്കം കുറിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സ്കൂൾ വൈസ് പ്രസിഡൻ്റ് ജയപ്രകാശ് വല്യത്താൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഭരണ സമിതി അംഗം അഡ്വ. അനിൽകുമാർ വിളയില്‍ കരുണാകരൻ പിള്ള സാറിനെ അനുസ്‌മരിച്ചു.
തടാക സംരക്ഷണ സമിതി ചെയർമാൻ എസ്. ബാബുജി മുഖ്യപ്രഭാഷകനയി .
രണ്ടു പതിറ്റാണ്ടുകാലം ഒരുമിച്ച് നിന്ന് ശാസ്താംകോട്ട തടാകത്തിന് വേണ്ടി നടത്തിയ നിരന്തര സമരങ്ങൾ അദ്ദേഹം അനുസ്‌മരിച്ചു. സത്യത്തിനും നീതിക്കും വേണ്ടി ആരുടേയും മുഖത്ത് നോക്കി, തനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഉറക്കെ പറയുന്ന ഒരു പോരാളിയായിരുന്നു അദ്ദേഹം.
കേരളത്തിലെ മറ്റേത് പരിസ്ഥിതി സമരങ്ങളുമായി നോക്കുമ്പോൾ ചരിത്രപരമായി തന്നെ വിജയം കണ്ട സമരമായിരുന്നു തടാകത്തിനായി കടന്നുപോയത്. ഇന്ന് , സ്റ്റേറ്റ് വെറ്റ് ലാൻഡ് കൺസർവേഷൻ ഏജൻസി ( സ്വാക്ക്) വിവിധ പദ്ധതികളിലൂടെ ഒട്ടേറെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണ്. സമിതിയുടെ പ്രധാന ആവശ്യമായ സ്റ്റാ ട്യൂട്ടറി അതോറിറ്റി ഉടൻ തന്നെ രൂപീകൃതമാകുമെന്നും പ്രത്രീക്ഷിക്കുന്നു.
ശ്വാസവായു പോലെ തന്നെ കുടിവെള്ളവും സകല ജീവജാലങ്ങളുടേയും നിലനിൽപിന് അനിവാര്യമെന്നും ലക്ഷങ്ങളുടെ കുടിവെള്ള സ്രോതസ്സായ ശസ്താംകോട്ട തടാകം നാളെത്തെ മക്കൾക്കായി കാത്തു വക്കേണ്ടതാണെന്നും സദാ അദ്ദേഹം നമ്മെ ഓർമ്മിച്ചു കൊണ്ടിരിക്കുന്നു.
ഇന്നത്തെ കാലാവസ്ഥയിലെ മാറ്റവും എൽനിനോ പ്രതിഭാസവും ആശങ്കാജനകമാണ്. പ്രകൃതിയെ സ്നേഹിക്കുക എന്നാൽ അമ്മയെ സ്നേഹിക്കുകയും അപരനെ സ്വന്തം എന്ന പോലെ സ്‌നേഹിക്കുകയും ചെച്ചുക എന്നതാണ്. ജാതി മത രാഷ്ട്രീയത്തിനപ്പുറം നല്ല മനുഷ്യരായി മാറുക എന്നതാണ് പ്രകൃതിയെയും പരിസ്ഥിതിയെയും ചേർത്ത് നിർത്തുന്നതിലൂടെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്നതാണ് സാർ തൻ്റെ ജീവതത്തിലൂടെ നൽകുന്ന സന്ദേശമെന്നും തൻ്റെ പ്രഭാഷണത്തിൽ ബാബുജി പറഞ്ഞു.
ക്വിസ് മൽസരത്തിൽ പ്രമുഖ മെൻ്ററും മജീഷ്യനുമായ ഡോ. ആനന്ദ് മേഴത്തൂർ ക്വിസ് മാസ്റ്ററായി. 18 സ്‌കൂളുകളിൽ നിന്നായി 29 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
ഒന്നാം സ്ഥാനം മദർ തേരേസാസ് എച്ച് എസ് എസ് മുഹമ്മ ,
രണ്ടാം സ്ഥാനം ജി എച്ച് എസ് എസ് ചേർത്തല സൗത്ത്, മൂന്നാം സ്ഥാനം ജി എച്ച് എസ് എസ് അമ്പലപ്പുഴ എന്നീ സ്കൂളുകൾ നേടി.
വിജയികൾക്ക് മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് കണ്ണൻ നായർ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

കനാലിലെ കാട് വെട്ടിത്തെളിക്കണമെങ്കിൽ പ്രദേശവാസികൾ കൃഷി നീക്കം ചെയ്യണമന്ന് കെഐപി അധികൃതർ

ശാസ്താംകോട്ട:കെ.ഐ.പി കനാലിൽ വളർന്ന് നിൽക്കുന്ന കാട് ഒഴിവാക്കാൻ പ്രദേശവാസികൾ പരാതി നൽകിയപ്പോൾ കനാൽ വശങ്ങളിലെ കൃഷി നീക്കം ചെയ്യാൻ നോട്ടീസ് നൽകി കെ.ഐ.പി അധികൃതർ.മൈനാഗപ്പള്ളിയിലാണ് വിചിത്ര നടപടി.മൈനാഗപ്പള്ളിയിലെ കനാൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വർഷങ്ങളായി കനാൽ നിറയെ കാട് കയറി കിടക്കുകയാണ്.ചില ഭാഗങ്ങളിൽ വലിയ മരങ്ങൾ തന്നെ വളർന്ന് നിൽപ്പുണ്ട്.കനാൽ കാട് കയറി കിടക്കുന്നത് മൂലം ഇഴജന്തുക്കളുടെ ശല്യവും മാലിന്യ നിക്ഷേപവും രൂക്ഷമാണ്.സമീപകാലത്ത് കനാലിനോട് ചേർന്നുള്ള ഏതാനും വീടുകളിൽ പാമ്പുകളെ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് അധികൃതർക്കും കെ.ഐ.പി അധികൃതർക്കും കാട് വെട്ടിത്തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിനൽകി.ഉടൻ തന്നെ കെ.ഐ.പി അധികൃതർ കനാലിൻ്റെ വശങ്ങളിൽ കൃഷി ചെയ്തിരിക്കുന്നവർക്ക് കൃഷി നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.കനാലിന് സമീപം താമസിക്കുന്ന ചിലർ വാഴ,മരച്ചീനി,ചേമ്പ് പോലുള്ള കൃഷികൾ നടത്താറുണ്ട്.ഇത് ഏതങ്കിലും തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാറില്ല.കൃഷി ചെയ്യുന്നത് മൂലം ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യമോ മാലിന്യ നിക്ഷേപമോ ഉണ്ടാകാറുമില്ലന്നും പ്രദേശവാസികൾ പറയുന്നു.കെ.ഐ.പി അധികൃതരുടെ നടപടിയൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കിഴക്കേ കല്ലടയിൽ കോൺഗ്രസിൻ്റെ കൊടിമരം തകർത്ത സംഭവം;20 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്സ്

ചിറ്റുമല:കിഴക്കേ കല്ലട മൂന്നു മുക്കിൽ കോൺഗ്രസിൻ്റെ കൊടിമരം തകർത്ത സംഭവത്തിൽ 20 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കിഴക്കേ കല്ലട പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മൂന്നു മുക്കിൽ കോൺഗ്രസിൻ്റെ കൊടിമരം അറുത്തെടുത്തത്.തുടർന്ന് അറുത്തുമാറ്റിയ കൊടിമരവുമായി പ്രകടനം നടത്തിയ പ്രവർത്തകർ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനു സമീപം വച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനോദ് വില്ല്യേത്തിനെയും ജനറൽ സെക്രട്ടറി പ്രദീപ് കുമാറും സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.ഉടൻ തന്നെ പോലീസ് ഇടപെട്ടതിനാലാണ് അനിഷ്‌ട സംഭവങ്ങൾ ഒഴിവായത്.ശാസ്‌താംകോട്ട കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യു നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരും തമ്മിൽ
സംഘർഷം ഉണ്ടായിരുന്നു.തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇരുഭാഗത്തെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.ഇതിൻ്റെ തുടർച്ചയെന്നോണമാണ് കിഴക്കേ കല്ലടയിലും അക്രമങ്ങൾ ഉണ്ടായത്.അതിനിടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കിഴക്കേ കല്ലടയിലെ കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിക്കുകയുണ്ടായി. അത് ചോദ്യം ചെയ്യുകയും,അതിനെതിരെ പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്ത മണ്ഡലം പ്രസിഡൻ്റിനെ ആക്രമിക്കാൻ ശ്രമിക്കുകയും,സ്കൂട്ടർ തകർക്കുകയും ചെയ്ത ഡിവൈഎഫ്ഐ -എസ്എഫ്ഐ പ്രവർത്തകരെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കിഴക്കേ കല്ലട,ചിറ്റുമല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ്‌ വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ ഷാജഹാൻ,കല്ലട വിജയൻ,ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള,സൈമൺ വർഗീസ്,നകുല രാജൻ,അനീഷ് പടപ്പക്കര,റിയാസ് പറമ്പിൽ,ഷിബു മൺട്രോ,ഗോപൻ,റിജോ,മണി വൃന്ദാവൻ,ഉമാദേവിയമ്മ,മായാദേവി, പാപ്പച്ചൻ,പ്രദീപ്‌,അഖിലേഷ്,ഷാജി മുട്ടം,സതീഷ്,വസന്ത,സിബി,ജയശ്രീ പിള്ള,ഷീന വിനോദ്,ഗീത,എന്നിവർ നേതൃത്വം നൽകി.