Home Blog Page 12

ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി : ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കൾ പകൽ 2.30ന് ദേശീയപാത 66ൽ തുരുത്തിപ്പുറം ചെറുപാലത്തിന്‌ സമീപമാണ് അപകടം.

കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോളാണ്‌ (31) മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ ജോലികഴിഞ്ഞ് സമീപത്തെ ബസ്‌ സ്‌റ്റോപ്പിൽനിന്നാണ് കൊടുങ്ങല്ലൂർ–പറവൂർ റൂട്ടിൽ ഓടുന്ന രോഹിണി കണ്ണൻ എന്ന ബസിൽ കയറിയത്. ബസിന്റെ വാതിലുകൾ അടച്ചിരുന്നില്ല.

ബസ് മുന്നോട്ടെടുത്ത് പാലം കയറിയിറങ്ങുന്നതിനിടെ വളവിൽ വെട്ടിച്ചപ്പോൾ തുറന്നുകിടന്ന മുൻവാതിലിലൂടെ യുവതി തെറിച്ചുവീഴുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെട്ടെന്നുള്ള വീഴ്ചയിൽ പാലത്തിന്റെ സംരക്ഷണഭിത്തിയിൽ തലയടിച്ച്‌ ഗുരുതര പരിക്കേറ്റെന്നാണ് നിഗമനം. മൃതദേഹം പറവൂർ താലൂക്കാശുപത്രിമോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വ പകൽ ഒന്നിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഏകമകൻ അഞ്ചുവയസ്സുകാരൻ ക്രിസ്‌-വിൻ. ബസ്‌ ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനു കുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു.

ലേബർ കോഡ് കേരളത്തിൽ അതേപടി നടപ്പാക്കാനുള്ള യു.ഡി.എഫ് നീക്കം തൊഴിലാളി വഞ്ചന: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പാസാക്കിയ കടുത്ത തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കേരളത്തിൽ അതേപടി നടപ്പിലാക്കാൻ ആവേശം കാണിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും നടപടി തികഞ്ഞ ഇരട്ടത്താപ്പും തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയുമാണെന്ന് മുൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലേബർ കോഡുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ ഉയർന്നപ്പോൾ തന്നെ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി വലിയ വിമർശനം അഴിച്ചുവിട്ടവരാണ് കോൺഗ്രസ് നേതാക്കൾ. അന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്ന കത്തെഴുതി രാഷ്ട്രീയ നാടകം കളിക്കുകയായിരുന്നു. “അതീവ രഹസ്യമായി ലേബർ കോഡിന് ചട്ടങ്ങൾ രൂപീകരിച്ച് മുന്നോട്ട് പോകുന്നത് ആരെ പേടിച്ചാണ്?” എന്നൊക്കെ ചോദിച്ച് ഒച്ചപ്പാടുണ്ടാക്കിയവർ, ഇന്ന് സ്വന്തം സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ബി.ജെ.പിയുടെ അതേ തൊഴിലാളി വിരുദ്ധ പാതയിൽ അതിവേഗം സഞ്ചരിക്കുകയാണ്.

കേന്ദ്ര നിയമത്തിലെ ജനവിരുദ്ധ വ്യവസ്ഥകളെ മറികടക്കാനും കേരളത്തിലെ തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനുമാണ് എൽ.ഡി.എഫ് സർക്കാർ നിരന്തരം ശ്രമിച്ചത്. ലേബർ കോഡിന്റെ ആഘാതം ആഴത്തിൽ പഠിച്ച് സംസ്ഥാനത്തിന് അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതിയെ നിയോഗിച്ചത്. എന്നാൽ തൊഴിലാളി സംരക്ഷണത്തിനായുള്ള ഈ നിർണ്ണായക സമിതി റിപ്പോർട്ട് നിലവിലെ യു.ഡി.എഫ് സർക്കാർ പൂർണ്ണമായും പൂഴ്ത്തിവെച്ചിരിക്കുകയാണ്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ കോഡ് നടപ്പിലാക്കാൻ അതിവേഗം പ്രാഥമിക രൂപരേഖ തയ്യാറാക്കി മുന്നോട്ട് പോകുന്നത് കേന്ദ്രത്തിലെ സംഘപരിവാർ ഭരണകൂടത്തെ പ്രീണിപ്പിക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല.

അന്ന് കോൺഗ്രസ് നേതാക്കൾ ഉയർത്തിയ ചോദ്യങ്ങൾ ഇന്ന് യു.ഡി.എഫിനോടും കെ.സി. വേണുഗോപാലിനോടും തിരിച്ചു ചോദിക്കുകയാണ്— തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ നിയമം നടപ്പിലാക്കാൻ യു.ഡി.എഫ് സർക്കാർ കാണിക്കുന്ന ഈ തിടുക്കം ആരെ തൃപ്തിപ്പെടുത്താനാണ്? മുൻപ് ഉന്നയിച്ച എതിർപ്പുകളൊക്കെ വെറും രാഷ്ട്രീയ പ്രഹസനമായിരുന്നോ എന്ന് കോൺഗ്രസ് നേതൃത്വം ജനങ്ങളോട് വ്യക്തമാക്കണമെന്നും മുൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു

ഉച്ചഭക്ഷണത്തിനിടെ വാക്കുതര്‍ക്കം; യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊടുവായൂര്‍: പാലക്കാട് കൊടുവായൂരില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. എത്തനൂര്‍ തെക്കേ വീട്ടില്‍ അനുപ്രിയ(31)യാണ് കൊല്ലപ്പെട്ടത്. അനുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മണികണ്ഠന്‍ അറസ്റ്റിലായി. ഇന്ന് പകല്‍ 3.30ന് പിട്ടുപീടികയിലെ വാടക വീട്ടിലാണ് സംഭവം. ഊണ് കഴിക്കാന്‍ മണികണ്ഠന്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മണികണ്ഠന്‍ ഷാള്‍ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തില്‍ മുറുക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചിറ്റൂര്‍ അഞ്ചാംമൈല്‍ അയാവുചള്ളയില്‍ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് അനുപ്രിയ. മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8), അനാമിക (6) എന്നിവരാണ് മക്കള്‍. അനില്‍കുമാറാണ് സഹോദരന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചിലിൽ മരിച്ച അഞ്ചു പേരുടേയും മൃതദേഹം സംസ്ക്കരിച്ചു, അപകടത്തിൽ കാണാതായ യുവതിക്കായി തിരച്ചിൽ നാളേയും തുടരും

മലപ്പുറം. പൂക്കോട്ടുംപാടത്തെ മലവെള്ളപ്പാച്ചിലിൽ മരിച്ച അഞ്ചു പേരുടേയും മൃതദേഹം സംസ്ക്കരിച്ചു. അപകടത്തിൽ കാണാതായ സജിതക്കായി തിരച്ചിൽ നാളേയും തുടരും. മുഖ്യമന്ത്രി വി.ഡി.സതീശൻ അപകടസ്ഥലവും സജിതയുടെ വീടും സന്ദർശിച്ചു. സംസ്ഥാനത്ത്
ജില്ലാ അടിസ്ഥാനത്തിൽ തന്നെ ദുരന്തനിവാരണം ശക്തിപെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലാണ് നാടിനെ നടുക്കിയ ദുരന്തമായി മാറിയത്. ഞായറാഴ്ച ദിവസമായതിനാൽ ടി കെ നഗറിൽ പതിവിലധികം തിരക്കുണ്ടായിരുന്നു. ശക്തമായ മഴ പോലും ഇല്ലാതിരുന്ന പ്രദേശത്തേക്ക് ഇരച്ചെത്തിയ മലവെള്ളം നിമിഷങ്ങൾ കൊണ്ടാണ് 5 ജീവനുകൾ കവർന്നത്.

കാണാതായ ടികെ നഗർ സ്വദേശിനി സജിതയുടെ വീടും അപകട സ്ഥലവും സന്ദർശിച്ച മുഖ്യമന്ത്രി
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ഡിസാസ്റ്റർ മാനേജ്മെൻ്റ് സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കമെന്നും മുഖ്യമന്ത്രി

ദുരന്തത്തിൽ കാണാതായ സജിതക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെയും തുടരും

കാടാമ്പുഴയിൽ വൻ ചന്ദനവേട്ട

മലപ്പുറം. കാടാമ്പുഴയിൽ വൻ ചന്ദനവേട്ട. നൂറ് കിലോയോളം വരുന്ന ചന്ദനമരക്കഷണങ്ങളുമായി രണ്ട് പേർ വനംവകുപ്പിന്റെ പിടിയിലായി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് മുറിച്ചു കടത്തുകയായിരുന്ന ചന്ദനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.


മലപ്പുറം ജില്ലയിലെ കാടാമ്പുഴ വെട്ടിച്ചിറയിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരക്കഷണങ്ങൾ വനംവകുപ്പ് പിടികൂടിയത്. സംഭവത്തിൽ മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽ സലാം എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്.
​വെട്ടിച്ചിറ കമ്പിവളപ്പിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നിരുന്ന ചന്ദനമരം വിലയ്ക്ക് വാങ്ങി മുറിച്ചെടുക്കുകയായിരുന്നു. എന്നാൽ ചന്ദനമരം മുറിക്കുന്നതിനോ കടത്തുന്നതിനോ വനംവകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ യാതൊരുവിധ അനുമതിയും ഇവർക്ക് ഉണ്ടായിരുന്നില്ല.
​മരം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ കരുവാരകുണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ തൊണ്ടിസഹിതം പിടികൂടിയത്.
സ്ഥലമുടമയ്ക്ക് ഈ ഇടപാടിലുള്ള പങ്ക് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ഇതിന് മുൻപും ഇവർ സമാനമായ രീതിയിൽ അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി .
​നിയമവിരുദ്ധമായി ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന വലിയൊരു മാഫിയ തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് വനംവകുപ്പ്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

തെന്മല ഇക്കോടൂറിസം സമഗ്രമായി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

തെന്മല: തെന്മല ഇക്കോടൂറിസം കേന്ദ്രത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിച്ച് സമഗ്ര വികസന പദ്ധതി തയ്യാറാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. തെന്മല ഇക്കോടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി. അജയപ്രസാദ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെത്തിയ മന്ത്രി അഡ്വഞ്ചർ സോൺ, തെന്മല ഡാം പരിസരം എന്നിവിടങ്ങൾ സന്ദർശിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ഇക്കോടൂറിസം കേന്ദ്രം നേരിടുന്ന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ പ്രവർത്തനം നിലച്ച ചിൽഡ്രൻസ് പാർക്ക്, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ പുനരാരംഭിക്കും. മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് സഞ്ചാരികൾക്കായി തുറന്നുനൽകുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് 4.5 കോടി രൂപ അനുവദിച്ച് കെഐപിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉടൻ സഞ്ചാരികൾക്കായി തുറന്നുനൽകും. ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്സുകൾ സഞ്ചാരികൾക്ക് താമസിക്കാവുന്ന തരത്തിൽ നവീകരിക്കും. കാലാവധി കഴിഞ്ഞ ബോട്ടുകൾ നവീകരിക്കുന്നതിനും നടപടി സ്വീകരിക്കും.

ഇക്കോടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ഡയറക്ടർ ബോർഡ് യോഗം ചേരും. ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുകയും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവിലുള്ള പദ്ധതികൾ പുനരാരംഭിച്ച് പ്രവർത്തനം കാര്യക്ഷമമാക്കിയ ശേഷം വീണ്ടും തെന്മല സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തെന്മലയെ രാജ്യത്തെ തന്നെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനായി വിശദമായ വികസന പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സി. അജയപ്രസാദ് എംഎൽഎ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശൻ, ജില്ലാ പഞ്ചായത്തംഗം റീന ഷാജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽകുമാർ, ആരോമൽ തെന്മല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. മോഹനൻ, സുരേഷ്, നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, സഞ്ജൈഖാൻ, വിജയകുമാർ, നാസർഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഇക്കോടൂറിസം പ്രമോഷൻ സൊസൈറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

അൽഷിമേഴ്സ് ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ

എല്ലാ വർഷവും സെപ്റ്റംബർ 21-ന് ‘ലോക അൽഷിമേഴ്സ് ദിനം’ (World Alzheimer’s Day) ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തുടങ്ങിയത്. അൽഷിമേഴ്സ് രോഗം എന്നത് ഓർമ്മശക്തി, ചിന്താശേഷി, ലളിതമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് എന്നിവയെ ക്രമേണ നശിപ്പിക്കുന്ന, ഒരു മസ്തിഷ്ക രോഗമാണ്.

Also Read: കേരള തീരത്ത് എൽസ 3 കപ്പൽ മുങ്ങിയ സംഭവം: കശുവണ്ടി ഇറക്കുമതിക്കാരുടെ നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ഡിമെൻഷ്യ കേസുകളിൽ 60% മുതൽ 80% വരെ ഇതിനാലാണ് ഉണ്ടാകുന്നത്. ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്.

കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു

തലച്ചോറിൽ അമിലോയിഡ് പ്ലാക്കുകൾ ന്യൂറോഫിബ്രില്ലറി ടാംഗിളുകൾ എന്നീ രൂപങ്ങളിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതോടെ ആരംഭിക്കുന്ന ഒരു ജൈവിക പ്രക്രിയയാണ് അൽഷിമേഴ്‌സ് രോഗം. ഇത് കാലക്രമേണ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകുന്നു.

ഡിമെൻഷ്യയ്ക്ക് ഏറ്റവും സാധാരണമായ കാരണം അൽഷിമേഴ്‌സ് രോഗമാണ്

അമേരിക്കയിൽ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏകദേശം 6.9 ദശലക്ഷം ആളുകൾ അൽഷിമേഴ്സ് രോഗം ബാധിച്ചവരാണ്. ഇവരിൽ 70 ശതമാനത്തിലധികം പേരും 75 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ഡിമെൻഷ്യ ബാധിതരിൽ 60 മുതൽ 70 ശതമാനം വരെ ആളുകൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമായേക്കാം

അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നുപോകുന്നത് ഉൾപ്പെടുന്നു. കാലക്രമേണ, ഈ രോഗം ഗുരുതരമായ ഓർമ്മശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ, തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നത് നിർജലീകരണം, പോഷകാഹാരക്കുറവ് അല്ലെങ്കിൽ അണുബാധ എന്നിവയ്ക്ക് കാരണമായേക്കാം. ഇത്തരം സങ്കീർണതകൾ മരണത്തിലേക്ക് നയിച്ചേക്കാം.

പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത്

പേരോ വാചകമോ പറയാനുള്ള ബുദ്ധിമുട്ട്, പുതിയ ആള്‍ക്കാരെ പരിചയപ്പെടുമ്പോള്‍ പേരുകള്‍ ഓര്‍ത്തുവയ്ക്കാനുള്ള ബുദ്ധിമുട്ട്, ജോലി സ്ഥലത്തും മറ്റും ജോലി ചെയ്തുതീര്‍ക്കാന്‍ നേരിടുന്ന വെല്ലുവിളികള്‍, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടടമാവുകയോ തെറ്റായസ്ഥലത്തു വയ്ക്കുകയോ ചെയ്യുന്നത് എന്നിവ അൽഷിമേഴ്സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്

മുതിർന്നവരിലും കാര്യങ്ങൾ കൃത്യമായി ഓർത്തുെവക്കാനും പ്ലാൻ ചെയ്യാനും ജോലി കൃത്യസമയത്ത് തീർക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതും മറവി രോ​ഗത്തിന്റെ ലക്ഷണമാണ്. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ വിവരങ്ങൾ ഓർത്തുെവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

പഠിച്ച സ്‌കൂളും കോളജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക

ഒരാളെക്കുറിച്ചുള്ള മുന്‍കാലവിവരങ്ങളോ സംഭവങ്ങളോ മറക്കുക, സ്വന്തം മേല്‍വിലാസമോ ഫോണ്‍നമ്പറോ മറന്നുപോവുക, പഠിച്ച സ്‌കൂളും കോളേജും ഏതാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരിക, വ്യക്തിത്വത്തിലും സ്വഭാവത്തിലുമുള്ള മാറ്റം, സംശയം വഞ്ചിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നിവയെല്ലാം മറവിരോ​ഗത്തിന്റെ ലക്ഷണങ്ങളാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും

അല്‍ഷിമേഴ്സിന്റെ അവസാന ഘട്ടമാകുന്നതോടെ രോഗികള്‍ക്ക് തങ്ങളുടെ ചുറ്റുപാടിനോട് പ്രതികരിക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നു. ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാനോ സ്വന്തം ചലനത്തെ നിയന്ത്രിക്കാനോ കഴിയാതാകും. പ്രായമാണ് ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യത ഘടകം. രോഗികളിൽ അൽഷിമേഴ്‌സ് രോഗനിർണയം നടത്തുന്ന വ്യക്തികളിൽ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ളവരാണ്.

വാക്കുകൾ ഉച്ചരിക്കുന്നതിലോ സംഭാഷണത്തിലോ ഉള്ള തെറ്റുകൾ

നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ ഉള്ള സങ്കീർണ്ണമായ ഒരു അവയവമാണ് മസ്തിഷ്കം. അൽഷിമേഴ്‌സ് രോഗബാധിതരിൽ ഈ മസ്തിഷ്ക കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഇത് രോഗികളുടെ തലച്ചോറിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.

കേരള തീരത്ത് എൽസ 3 കപ്പൽ മുങ്ങിയ സംഭവം: കശുവണ്ടി ഇറക്കുമതിക്കാരുടെ നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം.

Also Read: ബെർലിൻ സംസ്ഥാനത്ത് 36 വർഷത്തിന് ശേഷം അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി; ജർമ്മനിയിൽ തീവ്ര വലതുപാർട്ടികളുടെ മുന്നേറ്റം തുടരുന്നു

ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർ കക്ഷികളായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ സജി സുരേന്ദ്രനും, സാൻസ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജികളിലാണ് സുപ്രീംകോടതി തൽസ്ഥിതി ഉത്തരവ് കോടതി പുറത്തിറക്കിയത്.

കേസിൽ ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ വി ചിദംബരേഷ്, വി ജെ മാത്യു, അഭിഭാഷകരായ ജോയ് തട്ടിൽ ഇട്ടൂപ്പ്, അനു ഭുവനചന്ദ്രൻ എന്നിവർ ഹാജരായി.ഷിപ്പിംഗ് കമ്പനിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗൾ, പ്രശാന്ത് എസ് പ്രതാപ് എന്നിവർ ഹാജരായി.

എം എസ്‌ സി എൽസ 3 കപ്പൽ അപകടം

2025 മെയ് മാസത്തിലാണ് അറബിക്കടലിൽ എം എസ്‌ സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണു. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിലാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എം എസ്‌ സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചരിഞ്ഞത്. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടായിരുന്നതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 400 ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു.

ബെർലിൻ സംസ്ഥാനത്ത് 36 വർഷത്തിന് ശേഷം അധികാരം തിരികെ പിടിച്ച് ഇടതുപാർട്ടി; ജർമ്മനിയിൽ തീവ്ര വലതുപാർട്ടികളുടെ മുന്നേറ്റം തുടരുന്നു

ബെർലിൻ: ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്

ബെർലിനിൽ 25.7 ശതമാനം വോട്ടുകൾ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാൻസലർ മെർസിന്റെ പാർട്ടിയായ സി.ഡി.യു 18.8 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 1990-ൽ ജർമ്മനിയുടെ പുനരേകീകരണത്തിന് ശേഷം ഇതാദ്യമായാണ് തലസ്ഥാന നഗരത്തിൽ ഡി ലിങ്കെ ഒന്നാമതെത്തുന്നത്. മേയർ സ്ഥാനം ഉറപ്പിക്കാൻ ഇവർക്ക് മറ്റ് പാർട്ടികളുടെ പിന്തുണ കൂടി ആവശ്യമാണ്. ബെർലിനിൽ എ.എഫ്.ഡി (16.3%), ഗ്രീൻസ് (14.3%), എസ്.പി.ഡി (12.1%) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ട് വിഹിതം. കുടിയേറ്റ വിരുദ്ധ നിലപാടുകൾ ഉയർത്തുന്ന എ.എഫ്.ഡിക്ക് മറുപടിയായി “തങ്ങളുടെ നഗരത്തിൽ വെറുപ്പിന്മേൽ സ്നേഹവും നീതിയും വിജയം കണ്ടു” എന്ന് വിജയാഹ്ലാദത്തിൽ ഡി ലിങ്കെയുടെ സ്ഥാനാർത്ഥിയായ എലിഫ് എറാൾപ്പ് പ്രതികരിച്ചു.

അതേസമയം, മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയ സംസ്ഥാനത്ത് 38.2 ശതമാനം വോട്ട് നേടിയാണ് തീവ്രവലതുപക്ഷ പാർട്ടിയായ എ.എഫ്.ഡി വിജയം കൊയ്തത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ എ.എഫ്.ഡി നേടുന്ന രണ്ടാമത്തെ സംസ്ഥാന ഭരണവിജയമാണിത്. ഇവിടെ ഭരിച്ചിരുന്ന എസ്.പി.ഡി 35.5 ശതമാനം വോട്ടോടെ രണ്ടാമതായപ്പോൾ, ചാൻസലർ മെർസിന്റെ പാർട്ടി കേവലം 4.9 ശതമാനം വോട്ട് മാത്രം നേടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. സഭയിൽ പ്രവേശിക്കാൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് തികയ്ക്കാൻ പോലുമാകാതെ സി.ഡി.യു പുറത്തായി.

തെരഞ്ഞെടുപ്പ് ഫലത്തെ “ദുരന്തം” എന്നാണ് ചാൻസലർ ഫ്രീഡ്രിഷ് മെർസ് വിശേഷിപ്പിച്ചത്. എന്നാൽ കടുത്ത തിരിച്ചടികൾക്കിടയിലും പദവിയിൽ തുടരുമെന്നും രാജ്യത്ത് സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ക്ഷമയും മനോധൈര്യവും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫലം പുറത്തുവന്നതിന് പിന്നാലെ, പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ചാൻസലർ മെർസ് ഉടനടി രാജി വയ്ക്കണമെന്ന് എ.എഫ്.ഡി ദേശീയ സഹ-നേതാവ് ടിനോ ക്രൂപല്ല ആവശ്യപ്പെട്ടു. ജനപ്രിയ പരിഷ്കാരങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്ന് മെർസിന്റെ ജനപ്രീതി 14 ശതമാനമായി കൂപ്പുകുത്തിയിട്ടുണ്ട്. ഇതിന് പുറമെ രണ്ടാഴ്ച മുമ്പ് സാക്സണി-അൻഹാൾട്ടിലുണ്ടായ തിരിച്ചടിയും കൂടിയായപ്പോൾ ചാൻസലർ പദവിയിൽ നിന്ന് മെർസിനെ മാറ്റാൻ പാർട്ടിനുള്ളിൽ തന്നെ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ലക്ഷ്യമിടുന്ന എ.എഫ്.ഡിയുടെ മുന്നേറ്റങ്ങൾ ജർമ്മനിയിലും യൂറോപ്പിലൊട്ടാകെയും വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്.

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പിഎസ് സഞ്ജീവ്. മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്ന വിശദീകരണത്തെ ചോദ്യം ചെയ്ത സഞ്ജീവ്, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം പറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

Also Read: അമേരിക്കയിൽ മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിൽ തർക്കം രൂക്ഷം: പ്രസ് പൂളിൽ നിന്ന് സിഎൻഎൻ പുറത്ത്; നടപടി ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ

ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ ന്യായീകരിക്കാനാണ് കോൺഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് ഈ സ്പോൺസർഷിപ്പ് നൽകിയതെന്നും എന്തിനാണ് ഇത്തരമൊരു സൗജന്യം നൽകുന്നതെന്നുമുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ യുഡിഎഫ് കേന്ദ്രങ്ങൾ ചോദ്യമുന്നയിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും സഞ്ജീവ് വിമർശിച്ചു.

സംസ്ഥാനത്തിൻ്റെ ആസ്തികൾ വിറ്റുതുലയ്ക്കാൻ ഈ അഴിമതിക്കാർ തയ്യാറായാലും യുഡിഎഫ് സഖ്യകക്ഷികൾ അതിനെ ന്യായീകരിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയോ ബജറ്റോ സെക്രട്ടറിയേറ്റോ ഒന്നും ഇല്ലാതെ സ്പോൺസർഷിപ്പിലൂടെ ഭരണം നടത്തുന്നതാണ് യുഡിഎഫ് ശൈലിയെന്നും, ഇതാണോ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഭരണ മാതൃകയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സഞ്ജീവ് ചോദിച്ചു.