26.6 C
Kollam
Monday 21st September, 2026 | 09:54:19 PM
Home News Local തെന്മല ഇക്കോടൂറിസം സമഗ്രമായി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

തെന്മല ഇക്കോടൂറിസം സമഗ്രമായി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

തെന്മല: തെന്മല ഇക്കോടൂറിസം കേന്ദ്രത്തിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിച്ച് സമഗ്ര വികസന പദ്ധതി തയ്യാറാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. തെന്മല ഇക്കോടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി. അജയപ്രസാദ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിലെത്തിയ മന്ത്രി അഡ്വഞ്ചർ സോൺ, തെന്മല ഡാം പരിസരം എന്നിവിടങ്ങൾ സന്ദർശിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ഇക്കോടൂറിസം കേന്ദ്രം നേരിടുന്ന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ പ്രവർത്തനം നിലച്ച ചിൽഡ്രൻസ് പാർക്ക്, ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ പുനരാരംഭിക്കും. മ്യൂസിക്കൽ ഫൗണ്ടന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് സഞ്ചാരികൾക്കായി തുറന്നുനൽകുന്നതിനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് 4.5 കോടി രൂപ അനുവദിച്ച് കെഐപിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉടൻ സഞ്ചാരികൾക്കായി തുറന്നുനൽകും. ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്സുകൾ സഞ്ചാരികൾക്ക് താമസിക്കാവുന്ന തരത്തിൽ നവീകരിക്കും. കാലാവധി കഴിഞ്ഞ ബോട്ടുകൾ നവീകരിക്കുന്നതിനും നടപടി സ്വീകരിക്കും.

ഇക്കോടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ ഡയറക്ടർ ബോർഡ് യോഗം ചേരും. ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുകയും വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. നിലവിലുള്ള പദ്ധതികൾ പുനരാരംഭിച്ച് പ്രവർത്തനം കാര്യക്ഷമമാക്കിയ ശേഷം വീണ്ടും തെന്മല സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തെന്മലയെ രാജ്യത്തെ തന്നെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനായി വിശദമായ വികസന പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

സി. അജയപ്രസാദ് എംഎൽഎ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശൻ, ജില്ലാ പഞ്ചായത്തംഗം റീന ഷാജഹാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽകുമാർ, ആരോമൽ തെന്മല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. മോഹനൻ, സുരേഷ്, നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, സഞ്ജൈഖാൻ, വിജയകുമാർ, നാസർഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഇക്കോടൂറിസം പ്രമോഷൻ സൊസൈറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here