26.6 C
Kollam
Monday 21st September, 2026 | 09:56:33 PM
Home News Kerala കാടാമ്പുഴയിൽ വൻ ചന്ദനവേട്ട

കാടാമ്പുഴയിൽ വൻ ചന്ദനവേട്ട

മലപ്പുറം. കാടാമ്പുഴയിൽ വൻ ചന്ദനവേട്ട. നൂറ് കിലോയോളം വരുന്ന ചന്ദനമരക്കഷണങ്ങളുമായി രണ്ട് പേർ വനംവകുപ്പിന്റെ പിടിയിലായി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്ന് മുറിച്ചു കടത്തുകയായിരുന്ന ചന്ദനമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.


മലപ്പുറം ജില്ലയിലെ കാടാമ്പുഴ വെട്ടിച്ചിറയിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരക്കഷണങ്ങൾ വനംവകുപ്പ് പിടികൂടിയത്. സംഭവത്തിൽ മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽ സലാം എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്.
​വെട്ടിച്ചിറ കമ്പിവളപ്പിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നിരുന്ന ചന്ദനമരം വിലയ്ക്ക് വാങ്ങി മുറിച്ചെടുക്കുകയായിരുന്നു. എന്നാൽ ചന്ദനമരം മുറിക്കുന്നതിനോ കടത്തുന്നതിനോ വനംവകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ യാതൊരുവിധ അനുമതിയും ഇവർക്ക് ഉണ്ടായിരുന്നില്ല.
​മരം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ കരുവാരകുണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ തൊണ്ടിസഹിതം പിടികൂടിയത്.
സ്ഥലമുടമയ്ക്ക് ഈ ഇടപാടിലുള്ള പങ്ക് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്. ഇതിന് മുൻപും ഇവർ സമാനമായ രീതിയിൽ അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി .
​നിയമവിരുദ്ധമായി ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന വലിയൊരു മാഫിയ തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് വനംവകുപ്പ്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here