Home Blog Page 127

ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് ജീപ്പിടിച്ച് അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട: ഏനാദിമംഗലം കുറുമ്പകരയിൽ ശ്രീകൃഷ്ണജയന്തി അനൗൺസ്മെന്റ് വാഹനം പിന്നോട്ടെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. പ്രദേശവാസിയായ 86 കാരൻ കൃഷ്ണൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

Also Read: വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു, ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10 ന് എത്തും

.അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒമ്പതു ദിവസം തുരങ്കത്തിൽ; ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ‘ഹരേ കൃഷ്ണ’ മന്ത്രം

കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒമ്പതു ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ദുരന്തമുഖത്ത് താൻ അനുഭവിച്ച ഭയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുമ്പോൾ സഞ്ജയ് സാഹ എന്ന മുപ്പതുകാരന്റെ ശബ്ദം ഇടറുകയായിരുന്നു. ഇരുണ്ട തുരങ്കത്തിനുള്ളിൽ കഴിഞ്ഞ ഒമ്പതു ദിവസവും തന്റെ ജീവൻ നിലനിർത്തിയത് ‘ഹരേ കൃഷ്ണ’ മന്ത്രമാണെന്ന് സാഹ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തന്നെ പുറംലോകത്തേക്ക് തിരിച്ചെത്താനായതും അദ്ദേഹം ദൈവാനുഗ്രഹമായാണ് കാണുന്നത്.

മധേഷ് പ്രവിശ്യയിലെ സപ്താരി ജില്ലക്കാരനായ സഞ്ജയ് സാഹ ത്രിശൂലി 3എ ജലവൈദ്യുത പദ്ധതിയിലെ ഫോർമാനാണ്. അപകടം നടക്കുമ്പോൾ കൺട്രോൾ റൂമിലായിരുന്നു ജോലി. അപകടത്തിന്റെ സൂചന ലഭിച്ചയുടൻ മറ്റുള്ളവരോട് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ സാഹ ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതമായി പുറത്തുകടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനിടെ അദ്ദേഹത്തിന് തുരങ്കത്തിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം നഷ്ടമായി. മറ്റുള്ളവരുടെ ജീവന് മുൻഗണന നൽകിയ സാഹ ഒടുവിൽ ആഴമേറിയ തുരങ്കത്തിനുള്ളിൽ ഒറ്റപ്പെടുകയായിരുന്നു.

കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്നയാളെന്ന നിലയിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് സാഹ പറഞ്ഞു. തുരങ്കത്തിനുള്ളിൽ കഴിഞ്ഞ ഒമ്പതു ദിവസവും ഒരിക്കൽപ്പോലും പ്രതീക്ഷ കൈവിട്ടില്ലെന്നും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

രക്ഷാപ്രവർത്തകർ എത്തുമോ എന്ന ആശങ്കയും ഇരുട്ടിനുള്ളിലെ ഏകാന്തതയും അതിജീവിക്കാൻ നിരന്തരം ‘ഹരേ കൃഷ്ണ’ മന്ത്രം ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു സാഹ. പുറംലോകവുമായി ബന്ധമില്ലാതെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലും മന്ത്രജപം മനസ്സിന് ധൈര്യം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ഒടുവിൽ രക്ഷാപ്രവർത്തകർ തുരങ്കത്തിനുള്ളിൽനിന്ന് സാഹയെ പുറത്തെടുത്തപ്പോൾ അത് അദ്ദേഹത്തിന് മാത്രമല്ല, രക്ഷാപ്രവർത്തകർക്കും ആശ്വാസത്തിന്റെ നിമിഷമായി. ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ അതിജീവനം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നും സഞ്ജയ് സാഹ പറഞ്ഞു.

സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുചക്ര വാഹന യാത്രികൻ രക്ഷപ്പെട്ടതായി പരാതി

ശാസ്‌താംകോട്ട:സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ ശേഷം ഇരുചക്ര വാഹന യാത്രികൻ വാഹനം നിർത്താതെ പോയതായി പരാതി.ഇഞ്ചക്കാട് സ്വദേശി നിയാസിനാണ് ഗുരുതരമായി പരിക്കേറ്റത്.പള്ളിശ്ശേരിക്കൽ വട്ടവിള ജംഗ്ഷന് സമീപം കഴിഞ്ഞ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

അമിത വേഗതയിൽ എത്തിയ സ്കൂട്ടർ നിയാസ് സഞ്ചരിച്ച വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു.റോഡിൽ മറിഞ്ഞു വീണ നിയാസിനെ രക്ഷിക്കാൻ ശ്രമിക്കാതെ സ്കൂട്ടർ യാത്രികൻ വാഹനം ഓടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു.സംഭവത്തിൽ പോലീസിൽ പരാതി നൽകി.

ഭരണിക്കാവ് ബസ് സ്റ്റാൻഡിലൂടെ നിയമം ലംഘിച്ച് അന്യവാഹനങ്ങൾ ചീറിപ്പായുന്നു;അപകടം അരികെ

ഭരണിക്കാവ്:ഭരണിക്കാവ് ബസ് സ്റ്റാൻഡിലൂടെ നിയമം ലംഘിച്ച് അന്യവാഹനങ്ങൾ ചീറിപ്പായുന്നത് അപകട ഭീഷണിയാകുന്നു.പുലർച്ചെ മുതൽ സജീവമാകുന്ന സ്‌റ്റാൻഡിലൂടെയാണ് തലങ്ങും വിലങ്ങും അന്യ വാഹനങ്ങൾ കടന്നുപോകുന്നത്.സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗങ്ങളിൽ അന്യവാഹനങ്ങൾ പ്രവേശിക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് നാലുചക്ര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തിരക്കേറിയ സ്റ്റാൻഡിലൂടെ സഞ്ചരിക്കുന്നത്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാക്കിടയിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ് എന്നതാണ് ഇവിടുത്തെ സ്ഥിതി.ജംഗ്ഷനിലെ ട്രാഫിക്കിൽ നിന്നും രക്ഷപ്പെടാനാണ് സ്റ്റാൻഡിലൂടെയുള്ള യാത്രയ്ക്ക് കാരണം.ചക്കുവള്ളിയിൽ നിന്നും കൊട്ടാരക്കര,അടൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും,ഇതേ ഭാഗത്തു നിന്നും ചക്കുവള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളുമാണ് ഇത്തരത്തിൽ സഞ്ചരിക്കുന്നത്.

സ്റ്റാൻഡിൽ നിന്നും കൊട്ടാരക്കര,അടൂർ ഭാഗത്തേക്കുള്ള വീതി കുറവായ റോഡിൽ ഗതാഗത തടസത്തിനും ഇത് കാരണമാകുന്നു.മുമ്പ് ഹോം ഗാർഡുകൾ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതിനാൽ അന്യ വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് വിരളമായിരുന്നു.അന്യ വാഹനങ്ങൾ സ്റ്റാൻഡിലൂടെ ചീറപ്പായുന്നത് തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് ഇനി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 യാത്രാവിമാനം പറത്തും

ന്യൂഡല്‍ഹി: നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് ഇനി യാത്രാവിമാനം പറത്തും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദന്‍ വര്‍ധമാന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്. എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക.

മാര്‍ച്ച് 31നാണ് അദ്ദേഹം വ്യോമസേന വിട്ടത്. 2019 ഫെബ്രുവരി 27നാണ് അദ്ദേഹം പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടത്. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് മറുപടിയായി പാകിസ്ഥാനിലെ ബാലകോട്ടിലെ ലക്ഷ്യങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിനന്ദന്‍ ഉള്‍പ്പെട്ട വ്യോമാക്രമണം നടന്നത്. അന്ന് അദ്ദേഹം വിങ് കമാന്‍ഡര്‍ ആയിരുന്നു. അന്ന് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടാണ് അഭിനന്ദന്‍ സൈനിക വ്യോമയാന ചരിത്രത്തില്‍ ഇടംനേടിയത്.

പാക് ആക്രമണത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത അഭിനന്ദന്‍ പരിക്കുകളോടെ പാകിസ്ഥാന്റെ പിടിയിലായി. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം മോചിതനായത്. വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്.

വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു, ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10 ന് എത്തും

ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി.

Also Read: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ട ,രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി

നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ചില ഭാഗങ്ങൾ മാറ്റാൻ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെൻഗ്വിൻ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.

ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ

ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ എന്ന പേരിൽ സോണിയ ഗാന്ധി എഴുതുന്ന പുസ്തകം ഇതിനകം വലിയ ചർച്ചയായി മാറിയിരുന്നു. തന്റെ ജീവിതത്തിലെ പല നിർണ്ണായക സംഭവങ്ങളും സോണിയ ഗാന്ധി ഇതിൽ കുറിച്ചിട്ടുണ്ട് എന്നാണ് സൂചന. പുസ്തകത്തിലെ ഒരു ഭാഗത്ത് പ്രസാധകരായ പെൻഗ്വിൻ മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും സോണിയ ഗാന്ധി ഇത് അംഗീകരിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതും വലിയ ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും കുറിച്ചുള്ള ചില ഭാഗങ്ങൾ നീക്കാനാണ് പെൻഗ്വിൻ ഹൗസ് പ്രസാധകർ ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് അടക്കം ആരോപിച്ചിരുന്നു.

ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നും അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു. 2015 ൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും ചേർന്ന് നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും മാറ്റം വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടു എന്നടക്കം പ്രചാരണം ഉണ്ടെങ്കിലും കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ പിന്നീട് പ്രതികരിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്‍റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തിൽ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മലയാളിയുടെ ‘ഫ്‌ലൈ91’ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

കൊച്ചി: മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘ഫ്‌ലൈ91’ വിമാനക്കമ്പനി 40 പുതിയ വിമാനങ്ങള്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 9400 കോടി മുടക്കിയാണ് കമ്പനി ഇത്രയും വിമാനങ്ങള്‍ ഒറ്റയടിയ്ക്ക് വാങ്ങുന്നത്. പുതിയ എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങള്‍ക്കുള്ള മെഗാ ഓര്‍ഡറാണ് കമ്പനി നല്‍കിയത് എന്നാണ് വിവരം. ഒരു പ്രാദേശിക എയര്‍ലൈന്‍ കമ്പനി ഇത്രയധികം എടിആര്‍ വിമാനങ്ങള്‍ക്ക് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കുന്നത് ലോകത്ത് ആദ്യമാണ്. ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസുകള്‍ സദ്ധ്യമാക്കുന്ന കമ്പനിയാണ് ഫ്‌ലൈ91.

കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോയാണ് കമ്പനിയുടെ ഉടമ. ഗോവ കേന്ദ്രമായി 2024ലാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. വ്യോമയാന രംഗത്ത് 30 വര്‍ഷത്തെ അനുഭവപരിചയമുള്ള ആളാണ് മനോജ് ചാക്കോ. ഗോവ, ഹൈദരാബാദ് എന്നിവയാണ് നിലവില്‍ ഫ്‌ലൈ91 ബേസുകള്‍. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏക വിമാനക്കമ്പനിയെന്ന സവിശേഷതയും ഫ്‌ലൈ91നുണ്ട്.

നിലവില്‍ 6 വിമാനങ്ങളാണുള്ളത് ഫ്‌ലൈ91ന് ഉള്ളത്. 40 പുതിയ വിമാനങ്ങളടക്കം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 60 വിമാനങ്ങളുള്ള കമ്പനിയായി വളരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 100 കോടി ഡോളറിന്റേതാണ് എടിആര്‍ കമ്പനിയുമായുള്ള ഡീല്‍. അടുത്ത വര്‍ഷം അവസാനത്തോടെ പുത്തന്‍ വിമാനങ്ങള്‍ ഓരോന്നായി എത്തിത്തുടങ്ങും. അതുവരെയുള്ള വിപുലീകരണത്തിനായി ഇതിനു പുറമേ 6 മുതല്‍ 8 വരെ വിമാനങ്ങള്‍ കൂടി ലീസിനെടുക്കാന്‍ പദ്ധതിയുണ്ട്. രാജ്യത്തെ ഒട്ടേറെ ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ കൊച്ചിക്കു പുറമേ കണ്ണൂരും പരിഗണനയിലുണ്ട്.

കമ്പനി തുടങ്ങി വെറും രണ്ടര വര്‍ഷത്തിനുള്ളിലാണ് നിര്‍ണായക വിപുലീകരണത്തിന് ഒരുങ്ങുന്നത്. ഇതിനകം 15,000 വിമാനസര്‍വീസുകള്‍ കമ്പനി നടത്തിക്കഴിഞ്ഞു. 6 വിമാനങ്ങള്‍ ഉപയോഗിച്ച് 12 നഗരങ്ങളിലേക്ക് പ്രതിവാരം 280 സര്‍വീസുകളാണ് നടത്തുന്നത്. കൊച്ചി- അഗത്തി ദ്വീപ് സര്‍വീസിനു പുറമേ ഹുബ്ബള്ളി, ബംഗളൂരു, രാജ്മുണ്ഡ്രി, വിജയവാഡ, ജല്‍ഗാവ്, പുനെ, സിന്ദുദുര്‍ഗ്, സോലാപുര്‍, ഹൈദരാബാദ് എന്നിവയടക്കം 12 നഗരങ്ങളെയാണ് നിലവില്‍ ബന്ധിപ്പിക്കുന്നത്. അടുത്ത ആഴ്ച തിരുപ്പതിയിലേക്കും സര്‍വീസ് ആരംഭിക്കും.

മെഗാ ഡീല്‍ ഒപ്പിടുന്നതിനായി എടിആര്‍ കമ്പനിയുടെ സിഇഒ നദാലി ടര്‍ണാഡ് ലോഡും ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ അലെക്‌സിസ് വിഡലും ഡല്‍ഹിയിലെത്തിയിരുന്നു. വ്യോമയാന മന്ത്രാലയത്തില്‍ നടന്ന ചടങ്ങിന് കേന്ദ്ര വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡുവും സാക്ഷ്യം വഹിച്ചു. 72 പേരെ വഹിക്കാവുന്ന എടിആര്‍ 72-600 മോഡല്‍ വിമാനങ്ങളാണ് ഫ്‌ലൈ91 ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണ്‍ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്.

നിയന്ത്രണരേഖയ്ക്ക് മുകളിലുള്ള വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന വിട്ട് കഴിഞ്ഞ ദിവസം ഫ്‌ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായി ചുമതലയേറ്റിരുന്നു. പിന്നാലെയാണ് കമ്പനി പുതിയ 40 വിമാനങ്ങള്‍ വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.

മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ട ,രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി

കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.

നൗഫലിന്റെ പക്കല്‍ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോയോളം എംഡിഎംഎ പിടിച്ചെടുക്കുന്നത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.

ഇന്നലെ പാലാരിവട്ടത്തു നിന്നും ലഹരിമരുന്നുമായി നൗഫലിന്റെ സുഹൃത്ത് പൊലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നൗഫലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹960 വർധിച്ചതോടെ വില ₹1,14,880 ആയി. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് ₹14,360 ആണ്. ഗ്രാമിന് ₹120യുടെ വർധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിപണിയിൽ വീണ്ടും വാങ്ങൽ താൽപര്യം ശക്തമായതാണ് ഇന്നത്തെ വില ഉയരാനുള്ള പ്രധാന കാരണം. ആഗോള വിപണിയിലെ സ്വർണവിലയിലെ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.

കൊല്ലത്ത് കുറ്റിക്കാട്ടിൽ മനുഷ്യന്റെ അസ്ഥികൂടം

പരവൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സമീപത്ത് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. നെടുങ്ങോലം ഒഴുകുപാറ പോറ്റുവിള തൂമ്പ് പമ്പ് ഹൗസിനു സമീപമാണ് ജീർണിച്ച് അസ്ഥികൾ മാത്രമായ മൃതദേഹം കണ്ടെത്തിയത്.


വ്യാഴം വൈകിട്ട് 6.30നാണ് ഇതുവഴിവന്ന സമീപവാസിയാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം പരവൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. സമീപത്തുള്ള മരത്തിൽ നിന്ന് കയറും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണ് കരുതുന്നത്.


രണ്ടുമാസം മുൻപ് ഇവിടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്ന് ചാത്തന്നൂർ പൊലീസെത്തി വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. കേസിൽ പ്രതിയായ യുവാവിന്റെ വാഹനമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് മാസമായി യുവാവിനെ കാണാതായിരുന്നു. ഈ യുവാവിന്റേതാണ് അസ്ഥികൂടമെന്ന് സംശയമുള്ളതായി നാട്ടുകാർ പറയുന്നു. ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.